വി.ഡി.സതീശൻ
കൊച്ചി: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ പ്രചാരണത്തില്‍ യുഡിഎഫിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. വീഡിയോ പ്രചരിപ്പിച്ചവരെ അല്ല പിടിക്കേണ്ടത്. വീഡിയോ സാമൂഹിക മാധ്യമത്തില്‍ ആദ്യം അപ് ലോഡ് ചെയ്തവരെ ആണ് പിടികൂടേണ്ടത്. അപ്പോള്‍ വാദി പ്രതിയാകുമെന്നും സതീശന് പറഞ്ഞു.
തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ വൈകാരികമായ ഒരു വിഷയം ഉണ്ടാക്കാന്‍ വേണ്ടി മനഃപൂര്‍വ്വം സൃഷ്ടിച്ചെടുത്ത ഒരു സംഭവമാണിത്. ഒരു യുഡിഎഫുകാരനും ഇതില്‍ പങ്കില്ല. ആ രീതിയിലേക്ക് തങ്ങള്‍ പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കുടുംബവും എത്രയോ തവണ അപമാനിക്കപ്പെട്ടു. വനിതാ മാധ്യമപ്രവര്‍ത്തരെ അപമാനിച്ചു. സിപിഎം സൈബര്‍ സംഘങ്ങള്‍ നടത്തിയ ആക്രമണങ്ങളില്‍ എന്തെങ്കിലും നടപടി എടുത്തിട്ടുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
'തനിക്കെതിരെയും അപവാദങ്ങള്‍ പ്രചാരണങ്ങള്‍ സിപിഎം നടത്തിയിട്ടുണ്ട്. ഞാന്‍ ഇതുവരെ ജീവിതത്തില്‍ കാണാത്ത സ്ത്രീയെ കൊണ്ടുവന്നു അപവാദം പ്രചരിപ്പിച്ചു. ഇതില്‍ അറസ്റ്റിലായ ആളെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ട് ജാമ്യത്തില്‍ വിട്ടു. എന്ത് നീതിയാണിത്' - സതീശന് ചോദിച്ചു.
ഇത്തരത്തില്‍ അപവാദ പ്രചാരണം നടത്തി തങ്ങള്‍ക്ക് ഒന്നുംനേടേണ്ട കാര്യമില്ല. അല്ലാതെ തന്നെ തൃക്കാക്കരയില്‍ നല്ല ഭൂരിപക്ഷത്തോടെ യുഡിഎഫ് ജയിക്കും.സിപിഎം സ്ഥനാര്ഥിക്ക് മാത്രമല്ല കുടുംബം. ഞങ്ങള്‍ക്കും കുടുംബം ഉണ്ടെന്ന് ഓര്‍ക്കണം. ജോ ജോസഫിനെതിരായ വീഡിയോ പ്രചരിപ്പിച്ചവരെ ന്യായീകരിക്കുന്നില്ല. ഒരു വീഡിയോ ലഭിച്ചാല്‍ സ്വാഭാവികമായി ചിലരൊക്കെ ഇത് പ്രചരിപ്പിച്ച് കാണും. വീഡിയോ എത്തിച്ച ആളെയാണ് പിടികൂടേണ്ടത്. അപ്പോള്‍ കാണാമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..