വി.ഡി സതീശൻ:https://www.facebook.com/photo/?fbid=4306264982765767&set=a.530663388425925
കൊച്ചി: തൃക്കാക്കരയിലെ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് കോണ്‍ഗ്രസില്‍ കൂടുതല്‍ സ്വീകാര്യത വരുന്നത് മറ്റു ഗ്രൂപ്പ് നേതാക്കളെ അങ്കലാപ്പിലാക്കുന്നു. കോണ്‍ഗ്രസിനെ ഒന്നിപ്പിച്ചുനിര്‍ത്തി നേടിയ വിജയത്തില്‍ സതീശന്റെ നേതൃപാടവം പ്രധാനഘടകമായിരുന്നു. എല്ലാ നേതാക്കളുമായി ആശയവിനിമയം നടത്താനും സതീശന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇതോടെയാണ് എ., ഐ. വിഭാഗങ്ങളിലുള്ള മുതിര്‍ന്ന നേതാക്കള്‍തന്നെ സതീശന്‍പക്ഷത്തേക്കു മാറുന്നതിനുള്ള ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയത്.
തൃക്കാക്കര വിജയത്തിന്റെ പശ്ചാത്തലത്തില്‍ എ ഗ്രൂപ്പിലാണ് കൂടുതല്‍ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. എ ഗ്രൂപ്പിലെ മുതിര്‍ന്നനേതാവും യു.ഡി.എഫ്. ജില്ലാ ചെയര്‍മാനുമായ ഡോമിനിക് പ്രസന്റേഷനെതിരേ എ വിഭാഗത്തിലെ പ്രധാനനേതാവായ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അബ്ദുള്‍ മുത്തലിബ് പ്രസിഡന്റിന് പരാതി നല്‍കിയിട്ടുണ്ട്. ഇത് ചേരിമാറ്റത്തിനുള്ള മുന്നൊരുക്കമായാണ് കാണുന്നത്. മുത്തലിബിനെ അനുകൂലിക്കുന്ന എ വിഭാഗം നേതാക്കളുമുണ്ട്.
തൃക്കാക്കരയില്‍ വി.ഡി. സതീശനും കെ. സുധാകരനും കെ.സി. വേണുഗോപാലും ചേര്‍ന്ന അച്ചുതണ്ട് ഏകപക്ഷീയമായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയായിരുന്നുവെന്ന ആക്ഷേപം എ വിഭാഗം നേതാക്കള്‍ നേരത്തേത്തന്നെ പങ്കുവെച്ചിട്ടുള്ളതാണ്. അതിന്റെ തുടര്‍ച്ചയായാണ് ഡോമിനിക് പ്രസന്റേഷന്റെ ഭാഗത്തുനിന്ന് സ്ഥാനാര്‍ഥിനിര്‍ണയത്തിനെതിരേ പ്രതികരണമുണ്ടായത്.
എ വിഭാഗം നേതാക്കളുടെ മനസ്സിലിരിപ്പ് ഡോമിനിക് പുറത്തുപറയുകമാത്രമാണ് ചെയ്തതെന്നാണ് നേതാക്കള്‍ സ്വന്തം ഗ്രൂപ്പുകാരോടു പറയുന്നത്. അതിനെ വലിയ കുറ്റമായിക്കണ്ട് എ വിഭാഗത്തിലെ ഒരു പ്രധാനനേതാവുതന്നെ രംഗത്തുവന്നത് ഗ്രൂപ്പില്‍ വിള്ളലുണ്ടാക്കാനുള്ള സതീശന്‍ വിഭാഗത്തിന്റെ നീക്കമാണെന്ന് വ്യാഖ്യാനിക്കുന്നുണ്ട്. ഐ വിഭാഗത്തിലെ കെ.സി. വേണുഗോപാല്‍ പക്ഷവും കെ. സുധാകരന്‍ വിഭാഗവും സതീശന്റെ അനുയായികളുമായി ഒന്നിച്ചുപോകാമെന്ന നിലപാടിലാണ്. എന്നാല്‍, രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവര്‍ അതൃപ്തരാണ്.
കെണിയില്‍ വീഴില്ലെന്ന് സതീശന്‍
തിരുവനന്തപുരം: ലീഡര്‍, ക്യാപ്റ്റന്‍ വിളികള്‍ കോണ്‍ഗ്രസിനെ നന്നാക്കാനുള്ളതല്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. താന്‍ ലീഡറല്ല, ലീഡര്‍ കെ. കരുണാകരന്‍മാത്രമാണ്. ആ വിളികളുടെ കെണിയില്‍ വീഴില്ലെന്നും സതീശന്‍ പറഞ്ഞു.
തൃക്കാക്കരയിലെ വിജയത്തെത്തുടര്‍ന്ന് വി.ഡി. സതീശനെ പുതിയ ലീഡറായും ക്യാപ്റ്റനായും ഉയര്‍ത്തിക്കാട്ടി ചില കോണുകളില്‍നിന്ന് പ്രചാരണമുണ്ടായി. ഇത് മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ അസ്വാരസ്യമുണ്ടാക്കുകയും പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയും ചെയ്തിരുന്നു. വിജയത്തിന്റെ തിളക്കംകെടുത്തുന്ന നിലയിലേക്ക് വിവാദങ്ങളുണ്ടാകുന്നത് വിപരീതഫലം സൃഷ്ടിക്കുമെന്നതിനാലാണ് സതീശന്റെ വിശദീകരണം.
തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിലാണ് പ്രതിപക്ഷനേതാവിന്റെ അഭിപ്രായപ്രകടനം. കൂട്ടായ നേതൃത്വമാണ് തൃക്കാക്കരയിലെ വിജയത്തിനുപിന്നില്‍. തന്റെമാത്രം ചിത്രംവെച്ചുള്ള ബോര്‍ഡുകള്‍ നീക്കംചെയ്യണം. പാര്‍ട്ടിയില്‍ വളര്‍ന്നുവരുന്ന രണ്ടാംനിരയെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ പ്രോത്സാഹിപ്പിക്കുമെന്നും സതീശന്‍ പറഞ്ഞു.
കളങ്കിതരെ മാറ്റിനിര്‍ത്തണം: സോണിയയോട് സുധീരന്‍
തിരുവനന്തപുരം: അഴിമതിക്കാര്‍ക്കും കളങ്കിതര്‍ക്കും കോണ്‍ഗ്രസില്‍ ഒരു പദവിയും നല്‍കരുതെന്ന് മുതിര്‍ന്നനേതാവ് വി.എം. സുധീരന്‍ പാര്‍ട്ടിയധ്യക്ഷ സോണിയാഗാന്ധിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. ജനകീയപ്രശ്‌നങ്ങളില്‍ ഓരോതലത്തിലുമുള്‍പ്പെട്ട നേതാക്കള്‍ ഇടപെടുന്ന തരത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനരീതി മാറണം.
തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി കൂറും വിജയസാധ്യതയും പരിഗണിച്ചേ സീറ്റ് നല്‍കാവൂ. ചിന്തന്‍ ശിബിരത്തിന് മുന്നോടിയായാണ് സുധീരന്‍ സോണിയാഗാന്ധിക്ക് കത്തയച്ചത്. നിര്‍ദേശങ്ങള്‍ മുതിര്‍ന്നനേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്ന മറുപടി സോണിയസുധീരനെ അറിയിച്ചു.
ഉദാരീകരണ സാമ്പത്തികനയം തിരുത്തണം. തീവ്രഹിന്ദുത്വനിലപാട് ബി.ജെ.പി. മുന്നോട്ടുവെക്കുമ്പോള്‍ അതിനെ മൃദുഹിന്ദുത്വനിലപാടുകൊണ്ടാണ് കോണ്‍ഗ്രസ് പ്രതിരോധിക്കാന്‍ ശ്രമിച്ചതെന്ന പ്രതീതി ശക്തമാണെന്നും സുധീരന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
Content Highlights: V.D Satheeshan Congress Thrikkakkara byelection
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..