'അപ്പ ഞങ്ങള്‍ക്ക് നേടിത്തന്നത് അതാണ്, പ്രചാരണത്തിനിറങ്ങുമ്പോളാണത് മനസ്സിലാകുന്നത്'


ടി.ജെ.ശ്രീജിത്ത്

' എത്രവോട്ട് കിട്ടും, ഭൂരിപക്ഷം എത്രയുണ്ടാകും എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കെല്ലാം അതൊക്കെ ആഴത്തില്‍ രാഷ്ട്രീയമറിയുന്നവര്‍ക്കേ പറയാനാകൂ'

ഉമാ തോമസും മക്കളായ വി​േവക്, വിഷ്ണു, മരുമകൾ ബിന്ദു എന്നിവർ മഹാരാജാസ് കോളേജിലെ പിരിയൻ ഗോവണിയിൽ, 2019ൽ തൃക്കാക്കര നിയമസഭാ മണ്ഡലത്തിൽ ജയിച്ച പി.ടി. തോമസ് ഭാര്യ ഉമയ്ക്ക് മധുരം നൽകുന്നു

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രധാന മുന്നണി സ്ഥാനാർഥികളുടെ വീട്ടുകാർ തിരഞ്ഞെടുപ്പു വിശേഷങ്ങൾ പങ്കുവെക്കുന്നു...

കൊച്ചി: 'തിരഞ്ഞെടുപ്പാണ്, എല്ലാവരെയും നോക്കി ചിരിക്കണം... ചിരിച്ച് വര്‍ത്തമാനം പറയണം... ഇതൊക്കെ അറിയാം. പക്ഷേ, പ്രചാരണത്തിനിറങ്ങുമ്പോഴൊക്കെ അപ്പ മനസ്സില്‍വന്നു നിറയും. അപ്പോള്‍ ചിരിയല്ല സങ്കടമാണ് വരിക. സങ്കടങ്ങള്‍ മാറ്റിവെച്ച് ചിരിക്കാനാണിപ്പോള്‍ ശ്രമിക്കുന്നത്. എന്നാലും ബുദ്ധിമുട്ടാണ്, പക്ഷേ...' പി.ടി. തോമസിന്റെ മൂത്തമകന്‍ ഡോ. വിഷ്ണു തോമസ്, അമ്മ ഉമയ്ക്കുവേണ്ടി പ്രചാരണത്തിനിറങ്ങുന്നതിന്റെ വര്‍ത്തമാനങ്ങളിലേക്ക് കടന്നു.

തൃക്കാക്കര മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഉമാ തോമസിനുവേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമല്ല, മക്കളും മരുമകളും ബന്ധുക്കളും വിശ്രമമില്ലാത്ത ഓട്ടത്തിലാണ്. തൊടുപുഴ അല്‍ അസര്‍ ഡെന്റല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസറായ മൂത്തമകന്‍ ഡോ. വിഷ്ണു തോമസും തൃശ്ശൂര്‍ ഗവ. ലോ കോളേജില്‍ നിയമവിദ്യാര്‍ഥിയായ ഇളയമകന്‍ വിവേക് തോമസും പ്രചാരണരംഗത്ത് സജീവമാണ്. ഒപ്പം ആലുവ മഴുവഞ്ചേരി സ്‌പെഷ്യാലിറ്റി ഡെന്റല്‍ ക്ലിനിക്കില്‍ ഡോക്ടറായ മരുമകള്‍ ബിന്ദു അബി തമ്പാനും. ഒരു വീട് ഒന്നടങ്കം പ്രചാരണത്തിനിറങ്ങുന്ന കാഴ്ച. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉമാ തോമസിന്റെ ചിത്രംപതിച്ച വിശറികള്‍ ഒരു വാനില്‍ കെട്ടുകെട്ടായി തിങ്കളാഴ്ച ഉച്ചയോടെ വന്നു. അത് എടുത്തുവെയ്ക്കാനെത്തിയതെല്ലാം ബന്ധുക്കള്‍. അവരും ഈ കുടുംബത്തിനൊപ്പം കൂടുന്നു... ഉറക്കമില്ലാത്തതിന്റെ ക്ഷീണം എല്ലാവരുടെയും കണ്ണുകളിലുണ്ട്.

സ്ഥാനാര്‍ഥിയായ അമ്മ

'അപ്പയുള്ള സമയത്ത് അമ്മയെയും ഞങ്ങളെയുമെല്ലാം രാവിലെ യോഗ ചെയ്യാന്‍ നിര്‍ബന്ധിക്കുമായിരുന്നു.

ഞങ്ങള്‍ പറയും ജിമ്മാണ് നല്ലതെന്ന്. അപ്പ സമ്മതിക്കില്ല, യോഗയാണ് നല്ലതെന്ന് അപ്പ വാശിയോടെ പറയും. അമ്മ പിന്നെ എന്തെങ്കിലുമൊക്കെ ചെയ്തൂന്ന് വരുത്തും. പിന്നെ വീട്ടിലെ പണികളെല്ലാമായി മാറും. രാവിലെ അപ്പയെ പറഞ്ഞുവിട്ടിട്ടേ അമ്മ ഓഫീസില്‍ പോകാറുണ്ടായിരുന്നുള്ളൂ. ഒമ്പതരയാകുമ്പോള്‍ ജോലിക്കുപോകും. സന്ധ്യയ്ക്ക് 7.30 ആകുമ്പോള്‍ തിരിച്ചെത്തും.

അപ്പ എത്ര തിരക്കിലാണെങ്കിലും അമ്മയെ കൊണ്ടുവിടും. വൈകീട്ട് അമ്മയെ വിളിക്കാന്‍ വണ്ടി പോയാല്‍ തിരിച്ചുവരാന്‍ ചിലപ്പോ വൈകും. അപ്പയ്ക്ക് ആ സമയത്ത് എന്തെങ്കിലും പരിപാടിയുണ്ടെങ്കില്‍ അതിന് നേരം വൈകാതിരിക്കാന്‍ പ്രവര്‍ത്തകരുടെ ആരുടെയെങ്കിലും സ്‌കൂട്ടറിന് പിന്നില്‍ക്കയറി പോകും.

സ്ഥാനാര്‍ഥിയായപ്പോള്‍ ആറര-ഏഴു മണിയാകുമ്പോള്‍ അമ്മ ഇറങ്ങും. അമ്മ സമയത്തിന് ഇറങ്ങുന്നുണ്ടോ എന്നറിയാന്‍ പ്രവര്‍ത്തകരുടെ ഫോണ്‍കോളുകള്‍ മുഴുന്‍ ഞങ്ങള്‍ക്കാണ് വരാറുള്ളത്. പോകേണ്ട സ്ഥലങ്ങളും സമയവുമെല്ലാം രാവിലെതന്നെ അവര്‍ വിളിച്ചുപറയും. തിരിച്ചെത്തുമ്പോള്‍ രാത്രി 10 മണിയെങ്കിലും കഴിയും.' -വിഷ്ണു പറയുന്നു. 'ചെറിയകാര്യങ്ങള്‍ക്കുവരെ അമ്മ നേരത്തേ സപ്പോര്‍ട്ട് ചെയ്യുമായിരുന്നു. സ്ഥാനാര്‍ഥിയായപ്പോള്‍ കുറേക്കൂടി ഉത്തരവാദിത്വം ഞങ്ങളിലേക്ക് വന്നു. ആ ഒരു ചെറിയ വ്യത്യാസമേയുള്ളു. നമ്മള്‍ എങ്ങനെയാണോ അങ്ങനെതന്നെയാണിപ്പോഴും.' വിവേക് കുറേക്കൂടി ഗൗരവത്തോടെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നു.

അപ്പയ്ക്കൊപ്പവും അമ്മയ്ക്കൊപ്പവും

പി.ടി. തോമസിനായും മക്കള്‍ പ്രചാരണത്തിനിറങ്ങിയിരുന്നു. 'തൊടുപുഴയിലെയും തൃക്കാക്കരയിലെയും തിരഞ്ഞെടുപ്പുകളില്‍ അപ്പയോടൊപ്പം ഞങ്ങള്‍ ഇറങ്ങിയിട്ടുണ്ട്..' വിഷ്ണു പറയുന്നു. മൂന്നു പതിറ്റാണ്ടിലേറെയായി ഇവര്‍ ഇവിടെ താമസിക്കുന്നു. സ്‌ക്വാഡ് വര്‍ക്കിന് ഇറങ്ങിയുള്ള പരിചയം പി.ടി. തോമസ് സ്ഥാനാര്‍ഥിയായ കാലംമുതലുണ്ട്. 'അമ്മയ്‌ക്കൊപ്പം ഇറങ്ങാനുള്ളത് ഒരു തീരുമാനമായിട്ടൊന്നും ഉണ്ടായതല്ല, അതൊരു ശീലത്തിന്റെ ഭാഗമായി വന്നതാണ്..' വിഷ്ണുവും വിവേകും ഒരുപോലെ പറഞ്ഞു. 'ഇങ്ങനെയൊരു സന്ദര്‍ഭം ജീവിതത്തില്‍ ഉണ്ടാകുമെന്ന് കരുതിയിട്ടില്ല. ഇപ്പോഴും വിശ്വസിക്കാന്‍ ബുദ്ധിമുട്ടുകയാണ്.' വിവേക് പറയുന്നു. 'പാര്‍ട്ടി ചുമതലയേല്‍പ്പിച്ചത് ആത്മാര്‍ഥമായി ചെയ്യാന്‍ പറ്റുമെന്ന് ഉറപ്പുള്ളതുകൊണ്ടാണല്ലോ തിരഞ്ഞെടുപ്പുരംഗത്തേക്ക് ഇറങ്ങിയത്. കഠിനാധ്വാനം ഒരുപാട് വേണം. അതാണ് ഒരുമിച്ചിറങ്ങിയത്.' വിവേക് കുറേക്കൂടി ഗൗരവത്തിലാണ്.

മക്കളുടെ ടിപ്പുകള്‍

തിരഞ്ഞെടുപ്പിന്റെ തിരക്കില്‍ വീര്‍പ്പുമുട്ടുന്ന വീടാണെങ്കിലും ആര്‍ക്കുമാര്‍ക്കും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് സമയമില്ല. വീടുകള്‍ കയറിയുള്ള പ്രചാരണത്തിരക്കിലാണ് മക്കള്‍. അമ്മയ്ക്ക് മുന്നേ മക്കള്‍ ഓരോ സ്ഥലത്തും എത്തും. അവിടെയുള്ളവര്‍ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് ഓര്‍ത്തുവെയ്ക്കും. നേരത്തേ മനസ്സിലാക്കിയ പ്രശ്‌നങ്ങള്‍ പറഞ്ഞുകൊടുക്കും. ഭക്ഷണം കഴിക്കാനിരിക്കുമ്പോഴൊക്കെയായിരിക്കും ഇത്തരം കാര്യങ്ങള്‍ പറയുക. 'എല്ലാം നല്ലത് കേട്ടാല്‍ നമുക്ക് മെച്ചപ്പെടാനുള്ള സാധ്യത കുറവാണ്. നമ്മളോട് അത്രമാത്രം അടുപ്പമുള്ളവര്‍ മാത്രമേ നമ്മുടെ കുറവുകള്‍ പറഞ്ഞുതരൂ.' വിവേക് പറയുന്നു.

വോട്ടുകണക്ക്

എത്രവോട്ട് കിട്ടും, ഭൂരിപക്ഷം എത്രയുണ്ടാകും എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കെല്ലാം അതൊക്കെ ആഴത്തില്‍ രാഷ്ട്രീയമറിയുന്നവര്‍ക്കേ പറയാനാകൂ എന്നാണ് മക്കളുടെ മറുപടി. പ്രചാരണത്തിനിറങ്ങുന്നു എന്നല്ലാതെ അത്തരം കണക്കുകൂട്ടലുകള്‍ക്ക് പിന്നാലെയൊന്നും ഇവര്‍ പോകാറില്ല. അപ്പയ്‌ക്കൊപ്പമെന്നപോലെ അമ്മയ്‌ക്കൊപ്പവും ഈ മക്കള്‍...


അപ്പയുടെ സ്വത്ത്

പണംകൊടുത്ത് നേടാനാകാത്ത പലതുമുണ്ടെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമ്പോഴാണ് മനസ്സിലാവുന്നത്. പി.ടി.യുടെ മകനാണെന്ന് പറയുമ്പോള്‍ കിട്ടുന്ന സ്‌നേഹം അത്രയേറെയാണ്. ആളുകളുടെ മുഖം തെളിയുന്നതും വാത്സല്യത്തോടെ നോക്കുന്നതും കാണുമ്പോള്‍ കണ്ണുനിറയും. അപ്പ ഞങ്ങള്‍ക്ക് നേടിത്തന്നത് അതാണ്.

Content Highlights: uma thomas-pt thomas family

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


kevin ford

2 min

ഒരു ലീവ് പോലും എടുക്കാതെ 27 വര്‍ഷം ജോലി;അച്ഛന്റെ ജീവിതം പങ്കുവെച്ച് മകള്‍ നേടിയത് രണ്ടു കോടി രൂപ

Jul 5, 2022

Most Commented