പ്രതീകാത്മക ചിത്രം | ഫോട്ടോ - മാതൃഭൂമി ആർക്കൈവ്സ്
കൊച്ചി: തൃക്കാക്കരയിലെ ഒരുമാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ക്ക് ഞായറാഴ്ച വൈകുന്നേരത്തോടെ പരിസമാപ്തിയാകും. ആവേശം അലതല്ലുന്ന കൊട്ടിക്കലാശത്തിനാണ് മുന്നണികള്‍ തയ്യാറെടുപ്പ് നടത്തിയിട്ടുള്ളത്. ഞായറാഴ്ച ആറുമണി കഴിഞ്ഞാല്‍ തൃക്കാക്കരയില്‍ പുറമേനിന്നുവന്ന് ക്യാമ്പ് ചെയ്തിരിക്കുന്ന നേതാക്കളെല്ലാം മണ്ഡലം വിടണം. ഇത് തിരഞ്ഞെടുപ്പ് ഓഫീസര്‍ ഉറപ്പുവരുത്തും. ആരെങ്കിലും തങ്ങുന്നുണ്ടോ എന്ന് പോലീസ് പരിശോധിക്കും. രാഷ്ട്രീയപ്രവര്‍ത്തകര്‍ തങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഹോട്ടലുകളില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കും. മണ്ഡലത്തിലേക്കു വരുന്ന വാഹനങ്ങള്‍ പോലീസ് പരിശോധിക്കും.
മുഖ്യമന്ത്രി പിണറായി വിജയന് വെള്ളിയാഴ്ച പൊതുയോഗങ്ങളില്‍ പങ്കെടുത്തശേഷം തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തുനിന്ന് പിന്‍വാങ്ങി. മന്ത്രിമാരുടെ സംഘം ശനിയാഴ്ചയും മണ്ഡലത്തില്‍ത്തന്നെ ഉണ്ടായിരുന്നു.
യു.ഡി.എഫ്. ക്യാമ്പില്‍ വെള്ളിയാഴ്ചയുണ്ടായിരുന്ന എ.കെ.ആന്റണി മടങ്ങി. മറ്റു മുതിര്‍ന്ന നേതാക്കളെല്ലാം മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുകയാണ്. ശനിയാഴ്ച പ്രചാരണത്തിനായി ജിഗ്നേഷ് മേവാനിയെ കെ.പി.സി.സി. രംഗത്തിറക്കി.
എന്‍.ഡി.എ. ക്യാമ്പിലേക്ക് കേന്ദ്രമന്ത്രി വി. മുരളീധരനും സുരേഷ് ഗോപിയും ശനിയാഴ്ച എത്തി. വിവിധ സ്ഥലങ്ങളിലെ യോഗങ്ങളില്‍ അവര്‍ പങ്കെടുത്തു.
പ്രചാരണം തീരുന്ന ഞായറാഴ്ച പ്രവര്‍ത്തകര്‍ക്ക് വലിയ തിരക്കാണ്. സ്ലിപ്പുകള്‍ നല്‍കാനും അവസാനവട്ട അഭ്യര്‍ഥനകള്‍ വീട്ടിലെത്തിക്കാനുമെല്ലാം കിട്ടുന്ന ദിവസംകൂടിയാണിത്. ഉച്ചവരെ വീടുകയറാനാണ് മുന്നണികള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഉച്ചയ്ക്കുശേഷം കലാശക്കൊട്ടിനായി മാറ്റിവെച്ചിരിക്കുകയാണ്.
യു.ഡി.എഫ്. സ്ഥാനാര്‍ഥി ഉമാ തോമസ് കാക്കനാട് എന്‍.ജി.ഒ. ക്വാര്ട്ടേഴ്സിനടുത്തുനിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ പാലാരിവട്ടം ജങ്ഷനില്‍ കൊട്ടിക്കലാശം നടത്തും. എല്‍.ഡി.എഫ്. അതത് ലോക്കല്‍ കമ്മിറ്റികള്‍ക്കു കീഴില്‍ സമാപനം ആഘോഷമാക്കും. സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന്റെ പര്യടനം ഞായറാഴ്ച രാവിലെ കാക്കനാട് ഓപ്പണ്‍ സ്റ്റേജില്‍നിന്ന് തുടങ്ങി പാലാരിവട്ടത്ത് സമാപിക്കും.
എന്‍.ഡി.എ. സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന്റെ പര്യടനം കാക്കനാടുനിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ തുടങ്ങും. പി.സി. ജോര്‍ജ് സ്ഥാനാര്‍ഥിക്കൊപ്പമുണ്ടാവും. നാലുമണിയോടെ പാലാരിവട്ടം ജങ്ഷനില്‍ സമാപിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..