തൃക്കാക്കരയിലെ യുഡിഎഫ് പ്രവർത്തകരുടെ ആഹ്ളാദം | ഫോട്ടോ: ടി.കെ പ്രദീപ് കുമാർ
തൃക്കാക്കരയില്‍ സിപിഎമ്മിന്റെ എല്ലാ തന്ത്രങ്ങളും തകര്‍ന്നടിഞ്ഞതിന്റെ ബാക്കിപത്രമാണ് തിരഞ്ഞെടുപ്പ് ഫലം. സില്‍വര്‍ലൈന്‍ ഉള്‍പ്പെടെ നടത്താനിരിക്കുന്നതും നടത്തിയതുമായ വികസനപ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞത് സിപിഎമ്മിന് ഗുണം ചെയ്തില്ല, കെ-റെയില്‍ വിരുദ്ധ വികാരത്തിനൊപ്പം ന്യൂനപക്ഷ പാര്‍ട്ടികളുടെ വോട്ടുറപ്പിക്കാന്‍ സാധിക്കാത്തതും തിരിച്ചടിയായെന്നാണ് പൊതുവിലയിരുത്തല്‍.
പാളം തൊടാതെ കെ-റെയില്‍
സില്‍വര്‍ ലൈന്‍ ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ പറഞ്ഞാണ് എല്‍ഡിഎഫ് പ്രചാരണരംഗത്ത് സജീവമായത്. എന്നാല്‍ വികസനവാദം അത്രകണ്ട് ഏറ്റില്ലെന്ന് വേണം കാണാന്‍. കെ-റെയില്‍ വിഷയത്തില്‍ സര്‍ക്കാരിന് വീണ്ടുവിചാരം വേണമെന്നും കൂടുതല്‍ ജനാഭിപ്രായം ആരായാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കൂടിയാണ് ജനവിധി സൂചന നല്‍കുന്നത്. അല്ലാത്തപക്ഷം തൃക്കാക്കര പരാജയത്തിന്റെ അലയൊലികള്‍ ഭാവിയിലും ആവര്‍ത്തിച്ചേക്കാം.
തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുവരെ കെ-റെയില്‍ കല്ലിടലുമായി ബന്ധപ്പെട്ട് കേരളത്തിലങ്ങോളമിങ്ങോളം വലിയ പ്രതിഷേധങ്ങളാണുണ്ടായത്. മെട്രോ സിറ്റിയിലെ മണ്ഡലമായ തൃക്കാക്കര വികസന കാഴ്ചപ്പാടിനൊപ്പം നില്‍ക്കുമെന്നായിരുന്നു ഇടതുക്യാമ്പിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ കണക്കുകൂട്ടലുകളൊന്നും നിലംതൊട്ടില്ല. എല്‍ഡിഎഫിന്റെ പദ്ധതിയെ തന്നെ പ്രധാന ആയുധമാക്കി യുഡിഎഫ് വലിയ പ്രചാരണം നടത്തി. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന, കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ബാധ്യത നല്‍കുന്ന പദ്ധതിയാണ് കെ-റെയില്‍ എന്ന് ആവര്‍ത്തിച്ച് പറഞ്ഞാണ് യുഡിഎഫ് പ്രചരണം നടത്തിയത്. കെ-റെയില്‍ വേണ്ട എന്ന് തൃക്കാക്കരയിലെ പ്രബുദ്ധരായ ജനങ്ങള്‍ വിധിയെഴുതിയെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ യുഡിഎഫ് നേതാക്കള്‍ പ്രതികരിച്ചത്. ജനവിധിയെ മാനിച്ച് സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു.
നിര്‍ണായകം ട്വന്റി ട്വന്റി, വോട്ട് കുറഞ്ഞ് ബിജെപിയും
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി തൃക്കാക്കരയില്‍ നേടിയത് പത്ത് ശതമാനം വോട്ടുകളാണ്. ഉപതിരഞ്ഞെടുപ്പ് ആവുമ്പോഴേക്കും ഈ വോട്ട് ശതമാനം കൂടുമെന്ന് തന്നെയാണ് കിഴക്കമ്പലത്ത് ട്വന്റി ട്വന്റി സംഘടിപ്പിച്ച ജനസംഗമം പരിപാടി സൂചന നല്‍കിയത്. ഇക്കുറി ട്വന്റി ട്വന്റി ആം ആദ്മി സംഖ്യം സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് ആദ്യഘട്ടത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും പിന്നീട് സ്ഥാനാര്‍ഥിയെ നിര്‍ത്താത്ത സാഹചര്യം ഉണ്ടായി. ഇത് യുഡിഎഫിന് ഗുണം ചെയ്തിട്ടുണ്ടെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ബിജെപിയുടെ വോട്ട് വിഹിതത്തിലും കുറവുണ്ടായിട്ടുണ്ട്. ഇതും യുഡിഎഫിലേക്ക് പോയിട്ടുണ്ടെന്നാണ് ഇടതുക്യാമ്പിന്റെ വിലയിരുത്തല്‍.
അശ്ലീല വീഡിയോ വിവാദം, സഹതാപം..
തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടേതെന്ന പേരില്‍ വന്ന വീഡിയോ വിവാദം അവസാന ദിവസം വരെ ചര്‍ച്ചയാക്കാന്‍ എല്‍ഡിഎഫ് ശ്രമിച്ചിരുന്നു. വ്യാജ വീഡിയോ വിവാദം വോട്ടിനെ അനുകൂലമായി സ്വാധീനിക്കുമെന്ന് കരുതിയിരുന്നുവെന്ന് നേതാക്കളടക്കം രഹസ്യമായി സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഈ സഹതാപവും വോട്ടായി മാറിയില്ല. വ്യാജവീഡിയോ നിര്‍മിച്ചയാളെ വോട്ടെടുപ്പ് ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
യുഡിഎഫിന് വലിയ സ്വാധീനമുള്ള മണ്ഡലമാണ് തൃക്കാക്കര. പിടി തോമസിന്റെ സ്വന്തം മണ്ഡലം. രണ്ടാംവട്ട വിജയവും ഉറപ്പിച്ചതിന്റെ ആത്മവിശ്വാസത്തില്‍ എല്‍ഡിഎഫും സിപിഎമ്മും അമിത പ്രാധാന്യം തൃക്കാക്കര തിരഞ്ഞെടുപ്പിന് നല്‍കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ മണ്ഡലത്തില്‍ തമ്പടിച്ച് പ്രചാരണം നടത്തി. ഡോര്‍ ടു ഡോര്‍ ക്യാംപയിനുകള്‍ ഏകോപിപ്പിച്ചു. എങ്ങനെയെങ്കിലും മണ്ഡലം പിടിച്ച് നൂറ് തികയ്ക്കാമെന്നായിരുന്നു എല്‍ഡിഎഫ് മോഹം. അമിത പ്രതീക്ഷ തിരഞ്ഞെടുപ്പിന്റെ ആഘാതവും വര്‍ധിപ്പിച്ചു.
Content Highlights: Thrikkakkara By election result UDF LDF
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..