തൃക്കാക്കര ആര്‍ക്ക്; അമിത ആത്മവിശ്വാസത്തോടെ യുഡിഎഫ് തുടങ്ങി; മുഖ്യമന്ത്രി ഇറങ്ങിയതോടെ കളി മാറി


കെ. പത്മജന്‍

തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ദൃശ്യങ്ങൾ |ഫോട്ടോ:മാതൃഭൂമി

സുനാമി ആഞ്ഞടിച്ച കടപ്പുറംപോലെയാണ് തൃക്കാക്കര ഇപ്പോള്‍. ഒരുമാസത്തോളം കേരളത്തിലെ നേതാക്കളെല്ലാംവന്ന് ഉഴുതുമറിച്ചതാണിവിടെ. പ്രത്യക്ഷത്തില്‍ ഒരു രാഷ്ട്രീയ മാറ്റവും ഉണ്ടാക്കാത്ത ഉപതിരഞ്ഞെടുപ്പായിട്ടും കേരള രാഷ്ട്രീയചരിത്രത്തിലെത്തന്നെ വാശിയേറിയ മത്സരങ്ങളിലൊന്നായി തൃക്കാക്കര മാറി. അതിന് പ്രധാന കാരണക്കാരന്‍ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. തന്റെ രണ്ടാമൂഴം ഒരുവര്‍ഷം പിന്നിടുമ്പോള്‍ അതിന് ജനകീയ പിന്തുണയുണ്ടെന്ന് വരുത്തേണ്ടത് അദ്ദേഹം ഒരു ബാധ്യതയായി ഏറ്റെടുത്തു.

ഉമാതോമസിന്റെ സ്ഥാനാര്‍ഥിത്വം ആദ്യംതന്നെ പ്രഖ്യാപിച്ച്, ഉറച്ച മണ്ഡലത്തില്‍ അമിത ആത്മവിശ്വാസത്തോടെ തുടങ്ങിയ യു.ഡി.എഫിന് മറുചേരി അക്രമോത്സുകരായപ്പോള്‍ അടവുമാറ്റാതെ പറ്റില്ലെന്നായി. പിന്നെ കണ്ടത് തീപാറുന്ന പോരാട്ടമാണ്. രണ്ടുമുന്നണികള്‍ക്കിടയില്‍ സ്വന്തം ഇടംകണ്ടെത്താന്‍ മുതിര്‍ന്ന നേതാവ് എ.എന്‍. രാധാകൃഷ്ണനെ ഇറക്കി എന്‍.ഡി.എ. കൂടി കളം നിറഞ്ഞതോടെ കൂട്ടപ്പൊരിച്ചിലായി.

കത്തിപ്പടര്‍ന്നത് രാഷ്ട്രീയമോ വിവാദങ്ങളോ

വികസനം ചര്‍ച്ചചെയ്യാനാണ് എല്ലാവരുംകൂടി തൃക്കാക്കരയിലേക്ക് വന്നത്. എന്നാല്‍, തുടക്കംമുതലേ പ്രചാരണം മറ്റൊരുവഴിക്കാണ് പോയത്. പ്രവര്‍ത്തകരില്‍ വന്ന ചില ആശയക്കുഴപ്പങ്ങളെ അതിജീവിച്ചുകൊണ്ടാണ് സി.പി.എം. സ്ഥാനാര്‍ഥിപ്രഖ്യാപനം നടത്തിയത്. ഹൃദ്രോഗവിദഗ്ധനായ ഡോ. ജോ ജോസഫിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടതായിരുന്നു അടുത്ത വിവാദം. പിന്നെയങ്ങോട്ട് നേതാക്കളുടെ ഓരോ വാക്കും വിവാദമാവുന്നതാണ് കണ്ടത്. കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഇരുഭാഗത്തെയും നേതാക്കള്‍ ദിവസവും പലകുറി മാധ്യമങ്ങളെ കാണുന്ന സ്ഥിതിയായി. ഏറ്റവും ഒടുവില്‍ സ്ഥാനാര്‍ഥിയ്‌ക്കെതിരേ അശ്ലീലവീഡിയോ പ്രചാരണവും അറസ്റ്റും വന്നു. അതിന്റെ പേരില്‍ നേതാക്കള്‍ തമ്മില്‍ വാക്പയറ്റ് തുടരുമ്പോള്‍, പ്രകോപനപ്രസംഗങ്ങളുടെ വിവാദത്തേരിലേറി പി.സി. ജോര്‍ജും എന്‍.ഡി.എ.ചേരിയില്‍ പോര്‍മുഖത്തേക്കെത്തി.

നിയമസഭാ തിരഞ്ഞെടുപ്പ്
2011വോട്ട്ശതമാനം
യുഡിഎഫ്65,85755.88%
എല്‍ഡിഎഫ്43,44836.87%
എന്‍ഡിഎ59355.04%
2016
യുഡിഎഫ്62,26845.42%
എല്‍ഡിഎഫ്49,45536.55%
എന്‍ഡിഎ21,24710.66%
2021
യുഡിഎഫ്5,983943.82%
എല്‍ഡിഎഫ്45,51033.32%
എന്‍ഡിഎ15,48311.34%
കെ-റെയില്‍ പാളത്തില്‍

തിരഞ്ഞെടുപ്പിന്റെ ഏറ്റവും പ്രധാന അജന്‍ഡ കെ-റെയില്‍ ആയിരിക്കുമെന്ന് മുന്നണിനേതാക്കള്‍ ആദ്യമേതന്നെ പറഞ്ഞിരുന്നു. ഇടതുമുന്നണി തിരഞ്ഞെടുപ്പു കണ്‍വെന്‍ഷനില്‍ സില്‍വര്‍ ലൈന്‍ നടപ്പാക്കിയിരിക്കുമെന്ന് മുഖ്യമന്ത്രി ഉറച്ച ശബ്ദത്തില്‍ത്തന്നെയാണ് പറഞ്ഞത്. ഒരു കാരണവശാലും സമ്മതിക്കില്ലെന്ന് പ്രതിപക്ഷവും ആവര്‍ത്തിച്ചു. അതിന് ബദലായി പണ്ട് തങ്ങള്‍ പ്രഖ്യാപിച്ചിരുന്ന സബര്‍ബന്‍ റെയില്‍ ഉമ്മന്‍ചാണ്ടി തുടച്ചുമിനുക്കി വീണ്ടും അവതരിപ്പിച്ചു. ആ പദ്ധതി ഉപേക്ഷിച്ചതിന് മുഖ്യമന്ത്രിയുടെ മറുപടിയും ആവശ്യപ്പെട്ടു. അപ്പോഴേക്കും ഫൈനല്‍ വിസില്‍ വന്നു. ഇനി എല്ലാം ജനങ്ങളുടെ കൈയിലാണ്.

വലിയ ആത്മവിശ്വാസത്തിലാണ് സി.പി.എമ്മും ഇടതുമുന്നണിയും. തങ്ങളുടെ പ്രവര്‍ത്തനം അത്രമേല്‍ ജനങ്ങളെ സ്വാധീനിച്ചെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ഇളക്കിമറിക്കലിനപ്പുറം വോട്ടുകണക്ക് ഒക്കുമോ എന്നാണ് അറിയേണ്ടത്. പതിന്നാലായിരത്തിലധികം വോട്ടിന്റെ അന്തരം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ട്. പതിന്നാലായിരത്തോളംവരുന്ന ട്വന്റി ട്വന്റി, ആം ആദ് മി വോട്ടുകളില്‍ അമിതമായ പ്രതീക്ഷ നേതാക്കള്‍ക്കില്ല. അത്രയും വോട്ടുമറിച്ച് കോട്ട തകര്‍ക്കാനുള്ള പ്രഹരശേഷി പ്രചാരണങ്ങള്‍ക്കുണ്ടായിരുന്നോ എന്ന് കാത്തിരുന്നുകാണണം.

ആകെ വോട്ട്1,96,805
പുതിയ വോട്ട്3633
പുരുഷന്‍95,274
സ്ത്രീകള്‍1,01,530
ഭിന്നലിംഗം1
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അടിത്തറയില്‍നിന്ന് ട്വന്റി ട്വന്റി വോട്ടുകളും ചേര്‍ത്തുകൊണ്ടാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടല്‍. കോട്ടയ്ക്ക് ഒരുവിള്ളലുണ്ടാവില്ലെന്നുമാത്രമല്ല, ജനവിധി വരുന്നതോടെ അടിത്തറ കൂടുതല്‍ ശക്തമാകുമെന്നും യു.ഡി.എഫ്. വിലയിരുത്തുന്നു. അതേസമയം, ട്വന്റി ട്വന്റിയുടെ പതിന്നാലായിരത്തോളം വോട്ടുകളില്‍ സിംഹഭാഗവും എന്‍.ഡി.എ.യും അവകാശപ്പെടുന്നുണ്ട്. കഴിഞ്ഞ മൂന്നു നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പരിശോധിക്കുമ്പോള്‍ യു.ഡി.എഫിന്റെ വോട്ടിങ് ശതമാനം തൃക്കാക്കരയില്‍ കുറഞ്ഞുവരുന്നതായാണ് കാണുന്നത്. 2011-ല്‍ അമ്പത്താറുശതമാനവും 2016-ല്‍ 45.42 ശതമാനവും 2021-ല്‍ 43.82 ശതമാനവുമായിരുന്നു യു.ഡി.എഫ്. വോട്ട് ശതമാനം. എന്നാല്‍, ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുപ്പത്തിരണ്ടായിരത്തോളം വോട്ടിന്റെ മുന്നേറ്റം തൃക്കാക്കരയില്‍ ഉണ്ടാക്കാനും യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. ക്യാമ്പ്.

Content Highlights: thrikkakara who will win-ldf-udf-bjp

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented