വി.ഡി.സതീശൻ, കെ.സുധാകരൻ, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ
ഒരു ഉപതിരഞ്ഞെടുപ്പിനപ്പുറത്തേക്ക് തൃക്കാക്കര കോണ്‍ഗ്രസ് നേതൃത്വത്തിന് ഒരു പരീക്ഷണശാലയായിരുന്നു. പരമ്പരാഗത ഗ്രൂപ്പ് സമവാക്യങ്ങളെ തകിടം മറിച്ചുകൊണ്ട് നേതൃത്വത്തിലെത്തിയ കെ.സുധാകരന്‍-വി.ഡി.സതീശന്‍ കൂട്ടുകെട്ടിന്റെ ആദ്യ കടമ്പ. ഉറച്ച മണ്ഡലത്തില്‍ മറിച്ചൊരു ഫലമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇരുവര്‍ക്കും തങ്ങളുടെ സ്ഥാനങ്ങള്‍ നിലനിര്‍ത്താന്‍ ഏറെ പണിപ്പെടുമായിരുന്നു.
നേതൃമാറ്റത്തിന്റെ ഫലം പ്രകടമാക്കുന്ന തരത്തില്‍ പതിറ്റാണ്ടുകളായി പിന്തുടര്‍ന്ന് പോന്നിരുന്ന ഒരു രീതിയില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് കോണ്‍ഗ്രസ് ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഒരു വാര്‍ഡില്‍ പോലും തര്‍ക്കമില്ലാതെ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ കഴിയാതിരുന്ന കോണ്‍ഗ്രസാണ് തൃക്കാക്കരയില്‍ ഏറ്റവും ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചാണ് പ്രചാരണങ്ങളിലേക്ക് കടന്നത് എന്നത് എടുത്ത് പറയേണ്ടതാണ്. പി.ടിയുടെ വിയോഗത്തെ തുടര്‍ന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ആദ്യ പരിഗണനയിലുണ്ടായിരുന്ന ഉമാ തോമസിന് തന്നെ നറുക്ക് വീണെങ്കിലും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഏകോപനവും പതിവിന് വിപരീതമായുള്ള പ്രവര്‍ത്തനങ്ങളും ശ്രദ്ധേയം.
തുടര്‍ച്ചയായി രണ്ടു തവണ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടതിന്റെ ആഘാതത്തില്‍ കഴിയുന്ന പാര്‍ട്ടിക്ക് ഒരു പുത്തുനണര്‍വ്വ് തന്നെയാണ് തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഫലം. ഒപ്പം കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റേയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റേയും രാഷ്ട്രീയ നേട്ടവും. പ്രത്യക്ഷത്തില്‍ കേരള രാഷ്ട്രീയത്തില്‍ തൃക്കാക്കരയിലെ ഫലം ഒരു മാറ്റവും ഉണ്ടാക്കില്ലെങ്കിലും വരാനിരിക്കുന്ന മാറ്റങ്ങള്‍ക്ക് ചില സൂചനകള്‍കൂടി നല്‍കുന്നുണ്ട് ഇത്.
മുമ്പൊരു നേതാവും നേരിട്ടിട്ടില്ലാത്ത എതിര്‍പ്പുകളും ആക്ഷേപങ്ങളുമാണ് കെ.സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കടന്നുവരുമ്പോള്‍ സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടായത്. സുധാകരന്റെ വരവ്
സിപിഎമ്മിനെ എത്രമാത്രം വിറളിപ്പിടിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞറിയിക്കുന്നതായിരുന്നു ഈ ആക്ഷേപങ്ങള്‍.
പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കാനുള്ള കഴിവും അടിക്ക് തിരിച്ചടിയെന്ന സുധാകരന്റെ ശൈലിയും തന്നെയാണ് സിപിഎമ്മിനെ എന്നും ചൊടിപ്പിച്ചിട്ടുള്ളത്. പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ പാര്‍ട്ടിയില്‍ നടപ്പാക്കികൊണ്ടിരിക്കുന്ന മിനി കേഡര്‍ സംവിധാനത്തിന്റെ ഗുണം പ്രതിഫലിക്കുന്നതാണ് തൃക്കാക്കരയിലെ വിജയവും പ്രവര്‍ത്തനങ്ങളും. സിപിഎം ഭയപ്പെട്ടതും ഇതാണ്.
തൃക്കാക്കരയില്‍ കരുത്ത് കാട്ടി
അസുഖം കാരണം തൃക്കാക്കരയില്‍ പ്രചാരണങ്ങളില്‍ സജീവമായി ഇറങ്ങാന്‍ സാധിക്കാതിരുന്ന സുധാകരന്റെ അഭാവം നികത്തിയത് വി.ഡി.സതീശനാണ്. മുഖ്യമന്ത്രിയും മന്ത്രിസഭയും ഒന്നടങ്കം ക്യാമ്പ് ചെയ്ത് ഇളക്കിമറിച്ച തൃക്കാക്കരയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടാന്‍ യുഡിഎഫിനായിട്ടുണ്ടെങ്കില്‍ അതില്‍ സുപ്രധാന പങ്കുവഹിച്ചത് വി.ഡി.സതീശനാണെന്ന കാര്യത്തില്‍ എതിരാളികള്‍ക്ക് പോലും സംശയമുണ്ടാകില്ല.
സൗമ്യമുഖമായിരുന്ന വി.ഡി.സതീശന്‍ പ്രതിപക്ഷ സ്ഥാനത്തേക്ക് എത്തിയപ്പോള്‍ സുധാകരനോട് കാണിച്ച സമീപനത്തില്‍ നിന്ന് വ്യത്യസ്തമായിരുന്നു സിപിഎമ്മിന്റെ പ്രതികരണം. എന്നാല്‍ പ്രവര്‍ത്തകരെ ഊര്‍ജ്ജംകൊള്ളിക്കാന്‍ സൗമ്യതവിട്ട് സുധാകരശൈലിയിലേക്ക് സതീശനും അധികംവൈകാതെ എത്തി. തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ചും പ്രതിരോധിച്ചും സതീശന്‍ തന്റെ ശൈലീമാറ്റം പ്രകടമാക്കി.
പ്രവര്‍ത്തകരേക്കാള്‍ കൂടുതല്‍ നേതാക്കളുള്ള പാര്‍ട്ടിയെന്നാണ് കോണ്‍ഗ്രസിനെ കുറിച്ച് എതിരാളികള്‍ പരിഹസിക്കാറുള്ളത്. ഇത് ശരിവെക്കുന്നതായിരുന്നു കോണ്‍ഗ്രസിന്റൈ മുന്‍കാല പ്രവര്‍ത്തനങ്ങള്‍. അതില്‍ നിന്ന് വ്യത്യസ്തമായ ഒരു പ്രവര്‍ത്തനമാണ് തൃക്കാക്കരയില്‍ കണ്ടത്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഓരോ വോട്ടുകളും ഉറപ്പിക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും ഒരുപോലെ പ്രയത്‌നിച്ചതിന്റെ ഫലം അവര്‍ കാണുകയും ചെയ്തു.
പാര്‍ട്ടിക്കുള്ളില്‍ ശക്തരായി
കോണ്‍ഗ്രസില്‍ ദീര്‍ഘനാളായി നിലനിന്നിരുന്ന ഉമ്മന്‍ ചാണ്ടി-ചെന്നിത്തല അധികാരകേന്ദ്രങ്ങളെ മാറ്റിനിര്‍ത്തി പാര്‍ട്ടിയെ മുന്നോട്ട് നയിക്കുക എന്നതായിരുന്നു സിപിഎം എതിര്‍പ്പുകളേക്കാള്‍സതീശന്‍-സുധാകരന്‍ കൂട്ടുക്കെട്ട് നേരിട്ട പ്രധാനവെല്ലുവിളി. തുടര്‍ച്ചയായ രണ്ട് തിരഞ്ഞെടുപ്പുകള്‍ തോറ്റ് ശിഥിലമായികൊണ്ടിരിക്കുന്ന പാര്‍ട്ടിക്ക് പ്രതീക്ഷകള്‍ നല്‍കുന്നതിനും സ്വന്തം നിലനില്‍പ്പിനും തൃക്കാക്കരയില്‍ വിജയം അനിവാര്യമായിരുന്നു ഇരുവര്‍ക്കും.
മൂന്ന് പതിറ്റാണ്ട് കാലം കോണ്‍ഗ്രസിലെ അധികാര കേന്ദ്രങ്ങളായിരുന്ന ഉമ്മന്‍ചാണ്ടി-ചെന്നിത്തല ഗ്രൂപ്പുകളുടെ ബാരിക്കേഡ് പൊളിച്ചാണ് സുധാകരനും സതീശനും തലപ്പത്തേക്കെത്തിയത്. തലമുതിര്‍ന്ന നേതാക്കളുടെ ആശീര്‍വാദങ്ങളൊന്നും ഇരുവര്‍ക്കും ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസിനെ മിനി കേഡര്‍ പാര്‍ട്ടി ആക്കുക എന്ന ലക്ഷ്യത്തിലേക്ക് കടക്കുന്നതിനുള്ള നടപടികളിലേക്ക് നീങ്ങിയപ്പോള്‍ഗ്രൂപ്പ് നേതാക്കളില്‍ പലരും സിപിഎമ്മിലേക്ക് ചേക്കേറി. തഴയപ്പെട്ട പലരും പരിതപിച്ചു. മുതിര്‍ന്ന നേതാവ് കെ.വി.തോമസ് സിപിഎം വേദിയിലെത്തി ഇടതുസ്ഥാനാര്‍ഥിക്കായി വോട്ടഭ്യര്‍ത്ഥിച്ചു. പലവിധത്തിലുള്ള എതിര്‍പ്പുകള്‍ക്കിടയിലാണ് തൃക്കാക്കരയിലെ രാഷ്ട്രീയ വിജയം.
റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ തൃക്കാക്കര നിലനിര്‍ത്തി ആദ്യ ആദ്യ കടമ്പ കടന്നതോടെസതീശനും സുധാകരനും പാര്‍ട്ടിയില്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചിരിക്കുകയാണ്. പാര്‍ട്ടിയെ മിനി കേഡറാക്കി മാറ്റുന്ന നടപടികള്‍ക്ക് ഇനി വേഗത കൂടും.
യുവാക്കളെ ഒപ്പം നിര്‍ത്താനായി
വി.ഡി.സതീശന്റേയും കെ.സുധാകരന്റേയും വരവോടെ മുതിര്‍ന്ന നേതാക്കളില്‍ പലര്‍ക്കും അമര്‍ഷമുണ്ടായെങ്കിലും യുവാക്കളുടെ പൂര്‍ണ്ണ പിന്തുണയാണ് ഇവരുവര്‍ക്കും കരുത്തേകിയത്. ശിഥിലമായി കൊണ്ടിരിക്കുന്ന പാര്‍ട്ടിയെ നയിക്കാന്‍ പുതിയ നേതൃത്വം വേണമെന്ന കാര്യത്തില്‍ യുവനേതാക്കള്‍ക്ക് ഏകാഭിപ്രായമായിരുന്നു. എ, ഐ ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചിരുന്ന പല യുവ എംഎല്‍എമാരും സുധാകരനും സതീശനും പിന്തുണനല്‍കി. തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഈ യുവ കരുത്ത് കോണ്‍ഗ്രസ് വിജയത്തില്‍ നിര്‍ണായകമായി എന്നുംപറയാം. നേതാക്കളെ ഏകോപിപ്പിച്ച് പ്രചാരണത്തിനിറക്കാനും സതീശന് സാധിച്ചു. ഒപ്പം ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ള മുതിര്‍ന്ന നേതാക്കളേയും പിണക്കങ്ങളില്ലാതെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമാക്കാനും കഴിഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..