തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് എൽഡിഎഫ് കൺവെൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയനും കെ.വി.തോമസും സ്ഥാനാർഥി ജോ ജോസഫും (ഫയൽ)|ഫോട്ടോ:വി.കെ.അജി
തിരുവനന്തപുരം: തൃക്കാക്കരയില്‍ ഇടതുപക്ഷത്തിന്റെ അടിത്തറ തകര്‍ന്നിട്ടില്ലെന്ന വിശദീകരണത്തിനിടയിലും കണക്കുകൂട്ടല്‍ പിഴച്ചതിന്റെ ആഘാതത്തിലാണ് സി.പി.എം.
മണ്ഡലം രൂപവത്കരിച്ചതിനുശേഷം 2011 മുതലുള്ള തിരഞ്ഞെടുപ്പില്‍ നേടാറുള്ള ശരാശരിവോട്ടുകള് ഇത്തവണയും ഇടതുമുന്നണി ഉറപ്പാക്കിയിട്ടുണ്ട്. പക്ഷേ, മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും പാര്‍ട്ടിനേതാക്കളും മണ്ഡലത്തില്‍ ക്യാമ്പുചെയ്ത് നടത്തിയ പ്രചാരണം തരിമ്പുപോലും വോട്ടര്‍മാരെ സ്വാധീനിച്ചില്ലെന്നതാണ് ഫലം പാര്‍ട്ടിക്കേല്‍പ്പിച്ച ആഘാതം.
'ക്യാപ്റ്റന്‍ ഇറങ്ങുമ്പോള്‍ കളിമാറും' എന്ന് ടാഗ് ലൈനോടെ സാമൂഹികമാധ്യമങ്ങളില്‍ സസ്പെന്‍സ് നല്‍കിയാണ് മുഖ്യമന്ത്രി പിണറായി വിജയന് പ്രചരണത്തിനിറങ്ങിയത്. മുഖ്യമന്ത്രിയുടെ വി.വി.ഐ.പി. സുരക്ഷയുടെ കാഠിന്യം കുറച്ചും മന്ത്രിമാരെല്ലാം വീട്ടുമുറ്റത്ത് വിനയാന്വിതരായെത്തിയും കളംനിറഞ്ഞു. സി.പി.എം. സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് ഓരോ മേഖലയുടെ ചുമതല നല്കി. മുഖ്യമന്ത്രിയും പാര്‍ട്ടിസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യോഗങ്ങള്‍ വിളിച്ച് പ്രവര്‍ത്തനം വിലയിരുത്തി.
സീറ്റ് 100 എണ്ണം തികയ്ക്കുകയെന്ന ഒറ്റലക്ഷ്യം മാത്രമല്ല ഉണ്ടായിരുന്നത്. യു.ഡി.എഫിന്റെ കോട്ടയായ തൃക്കാക്കര കീഴടക്കിയാല്‍ എല്‍.ഡി.എഫ്. രാഷ്ട്രീയ എതിരാളികളില്ലാത്ത മുന്നണിയാകും. ലോക്സഭാതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കവുമാകും.
തൃക്കാക്കരമണ്ഡലം രൂപവത്കരിച്ചതിനുശേഷം നടക്കുന്ന നാലാമത്തെ തിരഞ്ഞെടുപ്പാണിത്. 2011-ല്‍ 43,448, 2016-ല്‍ 49,555, 2021-ല്‍ 45,510 എന്നിങ്ങനെയാണ് എല്‍.ഡി.എഫ്. നേടിയ വോട്ട്. ഇത്തവണ 47,754 വോട്ടാണ് ജോ ജോസഫ് പിടിച്ചത്. സര്‍ക്കാര്‍പ്രതിനിധികളും പാര്‍ട്ടിനേതാക്കളും ഒരുങ്ങിയിറങ്ങിയിട്ടും ആരുമത്സരിച്ചാലും ലഭിക്കുന്ന ശരാശരിവോട്ടിനപ്പുറം കടക്കാത്തതിന്റെ കാരണമാണ് സി.പി.എം. ഇനി കണ്ടെത്താന്‍ ശ്രമിക്കുന്നത്.
പി.ടി. തോമസ് മത്സരിച്ച 2021-ല്‍ എല്‍.ഡി.എഫിന് വോട്ടുകുറഞ്ഞതിന്റെ കാരണം രണ്ടുനേതാക്കളില്‍ ചുമത്തി സി.പി.എം. നടപടിയെടുത്തിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിസെക്രട്ടറിയും മുഖ്യമന്ത്രിയുമാണ് പടനയിച്ചത്. ഫലംവന്നപ്പോള്‍ പി.ടി. നേടിയ 14,329 വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫ്. 25,016 ആക്കി. വോട്ടാകട്ടെ 59,839-ല്‍നിന്ന് 72,770-ലേക്ക് ഉയര്‍ന്നു.
ആശ്വാസം വോട്ടുകൂടിയത്
കൊച്ചി: കനത്ത തോല്‍വിയിലും കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് അല്പം കൂടിയതിന്റെ ആശ്വാസത്തിലാണ് സി.പി.എം. എന്നാല്‍, 2016-ലെ വോട്ട് കിട്ടിയതുമില്ല.
2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എം.ഇ. ഹസൈനാര്‍ സ്ഥാനാര്‍ഥിയായിരുന്നപ്പോള്‍ 43,448 വോട്ടായിരുന്നു ഇടതുമുന്നണിക്ക് തൃക്കാക്കരയില്‍ ലഭിച്ചത്. 2016-ല്‍ ഡോ. സെബാസ്റ്റ്യന്‍ പോളിന് 49,455 വോട്ടുകിട്ടി. 2021-ല്‍ ഡോ. ജെ. ജേക്കബ് സ്ഥാനാര്‍ഥിയായപ്പോള്‍ വോട്ടു കുറഞ്ഞ്, 45,510 ആയി. ഇക്കുറി 47,754 വോട്ടുകിട്ടിയപ്പോള്‍ 2244 വോട്ടുകൂടി. വോട്ടുകൂടിയകാര്യം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് നേട്ടമായി പറയുകയും ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..