ഉമ തോമസ് | ഫോട്ടോ: ശ്രീജിത്ത് പി. രാജ്/മാതൃഭൂമി
തിരിച്ചൊന്നു ചിന്തിക്കാം. തൃക്കാക്കരയിലെ ജനവിധി മറിച്ചായിരുന്നെങ്കിലോ? സി.പി.എം. സ്ഥാനാര്‍ത്ഥി ജോ ജോസഫ് അട്ടിമറി വിജയം നേടുന്നു. സംസ്ഥാന ഭരണത്തില്‍ ഹാട്രിക് തികയ്ക്കാനുള്ള തിരഞ്ഞെടുപ്പാവും 2026-ലേത്. പിണറായിയുടെ അപ്രമാദിത്വം എതിരാളികളില്ലാതെ വിജയക്കൊടിയേന്തും. സില്‍വര്‍ ലൈനല്ല, ചിലപ്പോള്‍ ഗോള്‍ഡന്‍ ലൈന്‍ തന്നെ കേരളത്തിലൂടെ കുതിച്ചുപായും. അപ്പോള്‍ കോണ്‍ഗ്രസോ?
രാജ്യത്ത് അങ്ങോളമിങ്ങോളം ദിനംപ്രതി എന്ന കണക്കില്‍ നേതാക്കള്‍ കൊഴിഞ്ഞുപോവുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കേരളത്തിലും അതിന്റെ തനിയാവര്‍ത്തനം നടക്കും. ഇനിയങ്ങോട്ട് പ്രതീക്ഷ വേണ്ട എന്ന കച്ചിത്തുരുമ്പില്‍ കോണ്‍ഗ്രസുകാര്‍ പല പാര്‍ട്ടികളിലായി ചിന്നിച്ചിതറും. കെ.വി. തോമസിന് പിന്‍ഗാമികളായി സി.പി.എം. അംഗത്വത്തിനായി എ.കെ.ജി. സെന്ററിലേക്ക് മുറിയാത്ത വരി നീണ്ടുപോവും. ആഗ്രഹിക്കുന്ന ചില മുഖങ്ങളെങ്കിലും ബി.ജെ.പിയുടെ കൊട്ടയിലും വീഴും. വേണമെങ്കില്‍ ഒരിക്കല്‍ക്കൂടി ഇടതുപക്ഷം അധികാരക്കസേര സ്വന്തമാക്കുന്നത് അവരങ്ങ് സഹിക്കും. ആ അഞ്ചു വര്‍ഷം കഴിഞ്ഞാല്‍പിന്നെ കോണ്‍ഗ്രസ് പഴയ പി.എസ്.പിയെ പോലെ ബോര്‍ഡ് മാത്രം.
തോല്‍വിയൊന്നും ഒരു വലിയ പ്രശ്നമുള്ള കാര്യങ്ങളല്ല, ഞങ്ങള്‍ക്കിത് ശീലമുള്ള കാര്യങ്ങളാണ് എന്നു ബി.ജെ.പിയെക്കൊണ്ട് പറയിപ്പിച്ചു തൃക്കാക്കരക്കാര്‍. കെട്ടിവച്ച കാശും പോയി, ഉള്ളവോട്ടു കുറഞ്ഞുംപോയി. കേരളത്തിലെങ്കിലും നാണക്കേടില്‍നിന്ന് വലിയ നാണക്കേടിലേക്കാണ് ബി.ജെ.പിയുടെ പോക്ക്. മറ്റു പല സംസ്ഥാനങ്ങളിലും നടത്തിയതുപോലെ വന്‍തോതില്‍ റിക്രൂട്ട്മെന്റ് നടത്തേണ്ടിവരും. വിജയന് തോമസോ അബ്ദുള്ളക്കുട്ടിയോ ഒന്നും അതിനു മതിയാവില്ല.
ആനയും അമ്പാരിയുമായി ഇറങ്ങിയിട്ട് ഒടുവില്‍ തലയില്‍ മുണ്ടിട്ടു മുങ്ങേണ്ട അവസ്ഥയായി സി.പി.എമ്മിന്. 100 തികഞ്ഞില്ലെന്ന ജാള്യം മാത്രം. അതിലപ്പുറം വലിയ നിരാശയ്ക്കൊന്നും സി.പി.എമ്മിനകത്ത് വകുപ്പില്ല. ക്യാപ്റ്റന്‍ തല്ക്കാലം ക്യാപ്റ്റനായിത്തന്നെ തുടരും.
തൃക്കാക്കരയില്‍ എന്താവും ഒരു ജിവന്മരണ പോരാട്ടത്തിന് കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചിരിക്കുക?
ഉത്തരം സിംപിളാണ്. നിലനില്പിന്റെ ജീവന്മരണ പോരാട്ടം. ഉറച്ച കോട്ട പൊളിയാതെ കാക്കുകയല്ല, കൂടുതല്‍ ഉറപ്പോടെ വിള്ളലുകള്‍ അടക്കുകയാണ് അവര്‍ ചെയ്തത്.
കോണ്‍ഗ്രസ് ഇതെങ്ങനെ നേടിയെടുത്തു?
കോണ്‍ഗ്രസിനകത്തെ ചിട്ടവട്ടങ്ങള്‍ ആകെ മാറി. മുമ്പ് കരുണാകരനും ആന്റണിയും. അതു കഴിഞ്ഞപ്പോള്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും. ജനകീയ നേതാക്കളായ ഒന്നോ രണ്ടോ മൂന്നോ പേരില്‍ പ്രചാരണം കേന്ദ്രീകരിക്കുന്നതാണ് പൊതുവെ യു.ഡി.എഫില്‍ കാലങ്ങളായി കണ്ടുവരുന്നത്. ബൂത്തുതല ജോലികള്‍ ദുര്‍ബലം. തൃക്കാക്കരയില്‍ ആ രീതിയുടെ പൊളിച്ചെഴുത്താണ് കണ്ടത്. അവിടെ വി.ഡി. സതീശന് അവരുടെ മുന്നണിപ്പോരാളിയായി. ഡി.സി.സി. അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് ആങ്കറായി. ബൂത്ത് പ്രസിഡന്റുമാരെ ചലിപ്പിക്കുന്നതില്‍ ഏകോപനം വന്നു.
അതു മാത്രമായിരുന്നില്ല. താഴേത്തട്ടിലാണ് മാറ്റം ഊര്ജ്ജപ്രവാഹമായത്. അവിടെ യുവനിരയാണ് കളത്തിലിറങ്ങി കളിച്ചതും വോട്ടുറപ്പിക്കാന്‍ മത്സരിച്ചതും. കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നത് തിരിച്ചറിഞ്ഞ്, ഗ്രൂപ്പിന്റെ കണ്ണികള്‍ പൊട്ടിച്ച് സതീശനെ വാഴിക്കുന്നതില്‍ ഒരുമിച്ച അതേ ടീം. വിഷ്ണുനാഥും സിദ്ദീഖും ഷാഫിയും റോജിയും മഹേഷും തുടങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍ വരെ നീളുന്ന സംഘം. 'ഉമ്മന്‍ ചാണ്ടി-ചെന്നിത്തല-ഹസന് എന്ന 'ടീം സീനിയേഴ്സി'ല്‍നിന്ന് പുതിയ 'ടീം യുവനിര'യിലേക്കുള്ള കടന്നുവരവിന്റെ തുടക്കം. ഒരാളെ മുന്നില്‍നിര്‍ത്തി വോട്ടു പിടിക്കാമെന്നതില്നിന്ന് ടീം വര്‍ക്കിന്റെ മെറിറ്റിലേക്ക് ചുവടുമാറ്റം. ഗ്രൂപ്പ് മാനേജര്‍മാര്‍ക്കും റോള്‍ കുറഞ്ഞു. കയത്തില്‍ മുങ്ങുമ്പോള്‍ ഗ്രൂപ്പ് നോക്കാനാകുമോ കൈപിടിക്കാന്‍....!
സി.പി.എമ്മില്‍നിന്ന് പഠിച്ച പാഠങ്ങളിലാണ് കോണ്‍ഗ്രസ് ഈ തിരഞ്ഞെടുപ്പിന്റെ പ്രചാരണം വാര്‍ത്തെടുത്തത്. കെ. സുധാകരന്റെ സെമി കേഡറിലേക്ക് മാറുന്നതിന്റെ സൂചനകളും അവിടെ കാണാം. സംഘടന ഇല്ലാതാവുന്നു എന്ന തിരിച്ചറിവാണ് അവരെ ഉണര്‍ത്തിയത്. നേതാക്കള്‍ മാത്രമായി ചുരുങ്ങിക്കൊണ്ടിരുന്ന പാര്‍ട്ടി, പ്രവര്‍ത്തകരെ ആശ്രയിച്ച് താഴേത്തട്ടിലുള്ള നേതാക്കളെ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് മെഷീന് ഓടിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥി റെഡി. കൊച്ചി സീറ്റിന് ക്ലെയിമുണ്ടെന്ന് പറയാന്‍ ഒരു മടിയും കാട്ടാത്ത ഡൊമനിക്കിനെ മെരുക്കിയതോടെ അപശ്രുതിയുടെ സാധ്യത മങ്ങി. ഇതൊന്നും കോണ്‍ഗ്രസില്‍ പതിവുള്ളതല്ല. അതിന്റെ ഉത്തരമാണ് കാല്‍ലക്ഷത്തിന്റെ ഭൂരിപക്ഷം.
മറുവശത്ത് കോണ്‍ഗ്രസിന് പഠിക്കുകയായിരുന്നു സി.പി.എം. പാര്ട്ടിക്കാരനെക്കാളും പാര്‍ട്ടിക്കാരല്ലാത്തവരെ വച്ച് കളി ജയിക്കാനുള്ള വളഞ്ഞ വഴി. സഭയുടെ സ്ഥാപനത്തില്‍, അതും ഒരു വൈദികന്റെ സാന്നിധ്യത്തില്‍ സ്ഥാനാര്‍ഥിയെ അവതരിപ്പിക്കല്‍. ബിഷപ്പുമാരും സമുദായനേതാക്കളും പറയുന്നവര്‍ക്ക് ടിക്കറ്റ് കൊടുത്തു ശീലിച്ച കോണ്‍ഗ്രസ് പാരമ്പര്യം കേരളം എത്ര കണ്ടതാണ്. അവിടെയാണ് ജോ ജോസഫിന്റെ ഹൃദയപക്ഷമാണ് ഇടതുപക്ഷം എന്ന മാസ് എന്‍ട്രി. സി.പി.എം. ഇന്നോളം ഇങ്ങനെ ഒരു സ്ഥാനാര്‍ഥി അവതരണം നടത്തിയിട്ടുണ്ടാവില്ല. ഡോക്ടറോ ഡോക്ടറെ കണ്ടുപിടിച്ചവരോ ഒന്നോര്‍ത്തു കാണില്ല. കര്‍ദിനാള്‍ ആശീര്‍വദിച്ചാല്‍ എറണാകുളം-അങ്കമാലി അതിരൂപത പിണങ്ങുമെന്ന്. അതിരൂപതയെ ഇണക്കിയാല്‍ കര്‍ദിനാള്‍ തെറ്റുമെന്ന്.
വോട്ട് ബാങ്ക് വിപുലീകരിക്കല്‍ ദീര്‍ഘകാല ലക്ഷ്യത്തിനുള്ള വിത്താണ്. കുറച്ചുകാലമായി സി.പി.എം. അത് വിജയകരമായി പരീക്ഷിച്ച് വിജയിക്കുന്നു. പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ കൈപ്പിടിയിലെത്തിയത് ക്രിസ്ത്യന്‍ വോട്ടുബാങ്കിലേക്ക് കടന്നുകയറിയാണ്. ജോസ് കെ. മാണി വഴി കോട്ടയത്തും ബഹുദൂരം മുന്നേറി. അതിന്റെ പുതിയ വേര്‍ഷനായിരുന്നു തൃക്കാക്കരയിലേത്. കര്‍ദിനാളിനെയും രൂപതയെയും കയ്യിലെടുത്താല്‍ മതിയെന്നേ അവിവേകമാണ് നയിച്ചത്. അപ്പുറത്ത് വലിയ രണ്ട് കമ്യൂണിറ്റികള്‍ നോക്കില്ക്കുന്നത് കാണാനായില്ല.
ആലപ്പുഴയിലെ വിദ്വേഷവിഷത്തിന് അപ്പോള്‍ത്തന്നെ പ്രതിമരുന്ന് കൊടുക്കണമായിരുന്നു. അതു നീണ്ടുപോയത് എതിരാളികള്‍ക്ക് ആയുധമായി. പി.സി. ജോര്‍ജിനെ ഇപ്പോഴങ്ങ് ശരിപ്പെടുത്തുമെന്ന ആവേശം ഉപ്പുവെച്ച കലമായി. ക്രിസ്താനികള്‍ കീശയിലായെന്നാണ് സി.പി.എമ്മും ബി.ജെ.പിയും കരുതിയത്. മത്സ്യത്തിന്റെ വയറില്‍ മൂന്നു രാത്രിയും മൂന്നു പകലും കഴിഞ്ഞ ജോനാ പക്ഷെ, തീരത്തണഞ്ഞത് രണ്ട് കൂട്ടരും കണ്ടില്ല.
തൃക്കാക്കര മിനികേരളമാണെന്നാണ് സി.പി.എം. നേതാക്കള്‍ പറഞ്ഞത്. നഗരകേന്ദ്രീകൃതം. കച്ചവടം. വ്യവസായം. സ്മാര്‍ട് സിറ്റി. എല്ലാം ഉണ്ട്. ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഇതൊന്നും അല്ലാത്തവരുമുണ്ട്. എല്ലാ സമുദായക്കാരും സമുദായം ഇല്ലാത്തവരുടയും മണ്ഡലം. അങ്ങനെയുള്ള ഒരു മണ്ഡലത്തില്‍ ഒരു വോട്ടുബാങ്കിനെ മാത്രം ലക്ഷ്യമിട്ടാല്‍ മറ്റൊരു വോട്ടുബാങ്കില്‍ വിള്ളല്‍ വീഴും. മത-ജാതിസമവാക്യങ്ങള്‍ എതിരാവും. സി.പി.എമ്മും ബി.ജെ.പിയും നീട്ടിക്കൊടുത്ത കയറിന്റെ മറുവശത്താണ് പക്ഷെ ആളു കൂടിയത്. ന്യൂനപക്ഷവും ഭൂരിപക്ഷവും യുഡിഎഫിലേക്ക് ചാഞ്ഞു.
'ഇതാ വികസനം... വികസനം... എന്നു പറഞ്ഞ് വികസനവിരോധികള്‍' എന്ന മുദ്രാവാക്യം ഇടതുപക്ഷത്തിനെതിരെ പ്രയോഗിച്ചത് യു.ഡി.എഫ്. ഇന്ന് വികസനത്തിന്റെ വക്താക്കളാണ് സി.പി.എമ്മും ഇടതുപക്ഷവും. ഇന്നലെ പരിസ്ഥിതി സംരക്ഷണിക്കണം എന്ന് പറഞ്ഞതിന് ഇടുക്കിയില്‍നിന്ന് പി.ടി. തോമസിനെ മലയിറക്കിവിട്ട അതേ കോണ്‍ഗ്രസ് ഇന്ന് പരിസ്ഥിതിയെക്കുറിച്ച് ഓര്‍മ്മിപ്പിച്ച് കെ.റെയില്‍ ആഘാതത്തെക്കുറിച്ച് പ്രസംഗിക്കുന്നു. പി.ടി. വികാരം മുന്‍നിര്‍ത്തി നിലപാടിന്റെ രാഷ്ട്രീയം പറയുന്നു. നിലപാടിന്റെ രാഷ്ട്രീയവും മാറുകയാണ്.
ഉമ ജയിച്ചു, ജോ തോറ്റു. തന്റെ സ്വാധീനം എത്രയാണ് എന്നളക്കാന്‍ പറ്റിയത് കെ.വി തോമസിന് മാത്രം. അവിടെയും ചെറിയൊരു വശപ്പിശകുണ്ട്. ഇന്നലെ കോണ്‍ഗ്രസുകാര്‍ കെ.വി. തോമസിന്റെ വീടിനു മുമ്പില്‍ തിരുത നിരത്തുമ്പോള്‍ അവര്‍ ഒരു കാര്യം അരക്കിട്ടുറപ്പിക്കുകയായിരുന്നു. കെ.വി. തോമസ് തിരുത പൊതിഞ്ഞു കൊണ്ടുപോയിട്ടുണ്ട്. അത് ഡല്‍ഹിയില്‍ സോണിയ ഗാന്ധിയുടെ തീന്മേശയില് മൊരിഞ്ഞിട്ടും കറിയായിട്ടും എത്തിയിട്ടുണ്ട്. അങ്ങനെയാണ് ഇക്കണ്ട സ്ഥാനമാനങ്ങളെല്ലാം സ്വന്തമാക്കിയതെന്ന്. ഇവര്‍ ആരുടെ പല്ലിനിടയിലാണ് കുത്തുന്നത്....! കെ റെയില്‍ വന്നാലും ഇല്ലെങ്കിലും പി.സി ജോര്‍ജ് ചേരി ഇനിയും മാറിയാലും ഇല്ലെങ്കിലും കേരളം മതനിരപേക്ഷമാണ് എന്ന പാഠം എല്ലാവര്‍ക്കുമായി തൃക്കാക്കരക്കാര്‍ പറയുന്നുണ്ട്.
ഇനി പറയാന്‍ പോകുന്നത് എല്ലാ പാര്‍ട്ടികള്‍ക്കും പാര്‍ട്ടിക്കാര്‍ക്കും ഉള്ള മുന്നറിയിപ്പാണ്. ദയവായി നിങ്ങള്‍ വോട്ടേഴ്സ് ലിസ്റ്റിലെ പേരു നോക്കി മതവും ജാതിയും തിട്ടപ്പെടുത്തി ആ വീടുകളിലേക്ക് അതേ മത-ജാതിക്കാരെ ഇനിയെങ്കിലും വിടരുത്. മുമ്പ് അരുവിക്കര, നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് കാലത്ത് നാടാര്‍ വോട്ടുറപ്പിക്കാന്‍ അതേ സമുദായത്തിലുള്ളവരെ ആ മേഖലകളില്‍ ചുമതല കൊടുത്തുള്ള പരീക്ഷണം നടന്നിരുന്നു. തൃക്കാക്കരയില്‍ എത്തുമ്പോള്‍ അത് കുറച്ചുകൂടി താഴേത്തട്ടിലേക്ക് എത്തി ഒരോ വോട്ടറോടും ആരാവണം വോട്ട് ചോദിക്കേണ്ടത് എന്നുവരെ നിശ്ചയിച്ച് നിയോഗിക്കുന്ന രീതി. നിങ്ങളുടെ പരീക്ഷണവേദിയായ തൃക്കാക്കര നിങ്ങളെ പാഠം പഠിപ്പിച്ചിരിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..