തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കടവന്ത്ര സെയ്ന്റ് ജോസഫ് യു.പി. സ്കൂളിൽ വോട്ട് ചെയ്യാനെത്തിയവരുടെ തിരക്ക്
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മഴ ചതിച്ചില്ലെങ്കിലും പോളിങ് ഉയര്‍ന്നില്ല. മഴ മാറിനില്‍ക്കുകയും രാവിലെ ബൂത്തുകളില്‍ വലിയ തിരക്ക് അനുഭവപ്പെടുകയും ചെയ്തതോടെ പോളിങ് 75-ന് മുകളില്പോയേക്കുമെന്ന് നേതാക്കള്‍ പ്രതീക്ഷിച്ചിരുന്നു.
വൈകുന്നേരത്തോടെ മഴ പെയ്തേക്കുമെന്നു കരുതി പ്രായമായവരുടെയും മറ്റും വോട്ടുകള്‍ ഉച്ചയ്ക്ക് മുമ്പുതന്നെ ചെയ്യിക്കാന്‍ പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിച്ചു. ഉച്ചയ്ക്ക് ഒരുമണിയോടെ 45 ശതമാനത്തോളം പോളിങ് ഉയര്‍ന്നു. മൂന്നുമണിയായപ്പോള്‍ അത് 55 ശതമാനമായി. എന്നാല്‍, പിന്നീടുള്ള മണിക്കൂറുകളില്‍ പോളിങ് മന്ദഗതിയിലാണ് നീങ്ങിയത്.
തിരഞ്ഞെടുപ്പുദിവസവും വിവാദം കത്തിനിന്നു. ഇടതുസ്ഥാനാര്‍ഥി ജോ ജോസഫിനെതിരേ വ്യാജ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്ത ആളെ കോയമ്പത്തൂരില്‍നിന്ന് അറസ്റ്റ് ചെയ്തതായ വാര്‍ത്ത പോലീസ് രാവിലെ പുറത്തുവിട്ടു. പ്രതി മുസ്ലിം ലീഗ് പ്രവര്‍ത്തകനാണെന്ന് പ്രചരണമുണ്ടായതോടെ യു.ഡി.എഫി.നെതിരേ ആരോപണവുമായി എല്‍.ഡി.എഫ്. രംഗത്തുവന്നു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് മാപ്പുപറയണമെന്ന് മന്ത്രി പി. രാജീവും സി.പി.എം. നേതാവ് എം. സ്വരാജും ആവശ്യപ്പെട്ടു. തത്കാലത്തെ നേട്ടത്തിനായി പ്രതിപക്ഷനേതാവ് രാഷ്ട്രീയത്തെ മലീമസമാക്കുന്നതിന് കൂട്ടുനില്‍ക്കരുതെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജനും പറഞ്ഞു.
എന്നാല്‍, മലപ്പുറത്തെ മുസ്ലിംലീഗ് നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ പ്രതിയെക്കുറിച്ച് അറിയില്ലെന്നും വ്യാജപ്രചരണമാണ് നടക്കുന്നതെന്നും വി.ഡി. സതീശന് പ്രതികരിച്ചു. അറസ്റ്റിലായ ആള്‍ക്ക് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാമും പ്രതികരിച്ചു.
വൈകുന്നേരമായപ്പോള്‍ കള്ളവോട്ടിനെച്ചൊല്ലിയായി തര്‍ക്കം. കള്ളവോട്ടുചെയ്യാനെത്തിയ ഒരാളെ കോണ്‍ഗ്രസ്-ബി.ജെ.പി. ഏജന്റുമാരുടെ പരാതിയില്‍ പോലീസ് അറസ്റ്റുചെയ്തു. ഇടപ്പള്ളിയില്‍ കാനഡയില്‍ താമസിക്കുന്ന ആളുടെ വോട്ട് കള്ളവോട്ടുചെയ്തതിനെതിരേ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഉമാ തോമസ് പ്രിസൈഡിങ് ഓഫീസര്‍ക്ക് പരാതി നല്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..