
.
ഇ.പി.യും കെ.എസും തമ്മിലുള്ള അഭിമാനപ്പോരാട്ടത്തിനുള്ള അരങ്ങൊരുങ്ങിയിരിക്കയാണ് തൃക്കാക്കരയിൽ. പുതിയ പദവിയിൽ രണ്ടുപേരുടെയും കന്നിയങ്കം. ഇടതുമുന്നണി കൺവീനർ എന്നനിലയിൽ ഇ.പി. ജയരാജനും കെ.പി.സി.സി. പ്രസിഡന്റായശേഷം കെ. സുധാകരനും ആദ്യമായി നേതൃത്വം നൽകുന്ന തിരഞ്ഞെടുപ്പാണ് തൃക്കാക്കരയിൽ നടക്കുന്നത്. രണ്ടുപേർക്കും ജയിച്ചേ മതിയാവൂ...
ഉമയിൽ ഉറപ്പിച്ച യു.ഡി.എഫ്.
തൃക്കാക്കര യു.ഡി.എഫിന്റെ ഉറച്ച മണ്ഡലമാണ് അവിടെ വലിയ ഭൂരിപക്ഷത്തോടെയുള്ള ജയത്തിനപ്പുറം മറ്റൊന്നിനെക്കുറിച്ചും സുധാകരന് ചിന്തിക്കാനാവില്ല. കൈവിട്ടുപോയാൽ കെ.പി.സി.സി. പ്രസിഡന്റ് എന്നനിലയിൽ അദ്ദേഹത്തിന്റെ നിലനിൽപ്പുതന്നെ പാർട്ടിയിൽ ചോദ്യംചെയ്യപ്പെടും. കെ-റെയിലാണ് തിരഞ്ഞെടുപ്പിലെ മുഖ്യചർച്ചാവിഷയം. ജനം സർക്കാരിനൊപ്പമെന്ന് തെളിയിക്കാൻ ഇടതുപക്ഷത്തിന് ജയിച്ചുകയറണം. ഭൂരിപക്ഷത്തെക്കുറിച്ചൊന്നും ജയരാജൻ ആശങ്കപ്പെടുന്നില്ല. വൻഭൂരിപക്ഷം എന്ന് അദ്ദേഹം മനക്കോട്ട കെട്ടുന്നുണ്ടെങ്കിലും എങ്ങനെയും നിയമസഭയിൽ സെഞ്ചുറി തികയ്ക്കുകയാണ് ലക്ഷ്യം.
പി.ടി. തോമസിന്റെ ദേഹവിയോഗംമൂലം വന്ന തിരഞ്ഞെടുപ്പ് പി.ടി.യെത്തന്നെ മുന്നിൽനിർത്തിയാൽ പ്രശ്നങ്ങളില്ലാതെ നിലനിർത്താൻ കഴിയുമെന്നാണ് കോൺഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നത്. അതിനുള്ള എളുപ്പവഴി പി.ടി.യുടെ പത്നി ഉമ തോമസിനെ ഗോദയിലിറക്കുകതന്നെയാണ്. പാർട്ടിയിൽ വലിയ ചർച്ചകൾക്കൊന്നും ഇടനൽകാതെ അത് തീരുമാനിച്ചതും നേട്ടമായി. തിരഞ്ഞെടുപ്പുപ്രഖ്യാപിച്ചാൽ 24 മണിക്കൂറിനുള്ളിൽ സ്ഥാനാർഥി എന്ന പ്രഖ്യാപനം പാലിക്കാൻ കഴിഞ്ഞതിന്റെ അഭിമാനത്തിലാണ് കെ. സുധാകരൻ. യു.ഡി.എഫ്.വോട്ടിന്റെ പിൻബലവും സഹതാപതരംഗവും ഒന്നിക്കുമ്പോൾ അനായാസവിജയം സ്വപ്നംകാണുകയാണ് കോൺഗ്രസ്
ഇടതുഹൃദയവുമായി ഡോക്ടർ
സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഇതുവരെ കാണാത്ത നീക്കങ്ങളുണ്ടായത് സി.പി.എമ്മിനെ ആദ്യമൊന്ന് ചൊടിപ്പിച്ചു. മാധ്യമങ്ങൾ നിശ്ചയിച്ച സ്ഥാനാർഥിയെ അണികളുമങ്ങ് ഏറ്റെടുത്തെന്നാണ് നേതാക്കൾ പറയുന്നത്. പാർട്ടി ജില്ലാകമ്മിറ്റി അംഗമായ കെ.എസ്. അരുൺകുമാറിന്റെ പേര് ചാനലിൽ പ്രഖ്യാപിച്ചതുകേട്ട് ചുവരിൽ എഴുതിയവർ ഇപ്പോൾ കുടുങ്ങിയിരിക്കയാണ്. കാര്യങ്ങൾ നേതൃത്വം വിചാരിച്ചപോലെ നടന്നില്ലെങ്കിൽ ചുവരെഴുതാനിറങ്ങിയവരും സമാധാനം പറയേണ്ടിവരും. ഇക്കുറിയും തൃക്കാക്കരയിലേക്ക് സ്ഥാനാർഥിയായി സ്വകാര്യാശുപത്രിയിൽനിന്നുള്ള ഒരു ഡോക്ടറെയാണ് സി.പി.എം. കണ്ടെത്തിയിരിക്കുന്നത്. ഹൃദ്രോഗവിദഗ്ധൻ ഡോ. ജോ ജോസഫ് കളത്തിലിറങ്ങിക്കഴിഞ്ഞപ്പോൾ സി.പി.എമ്മിന്റെ ആത്മവിശ്വാസമുയർന്നിട്ടുണ്ട്. സ്ഥാനാർഥി വിചാരിച്ചതുപോലല്ല, നല്ല രാഷ്ട്രീയകാഴ്ചപ്പാടുള്ള ആളാണെന്നാണ് നേതാക്കൾ പറയുന്നത്.
എൻ.ഡി.എ.യ്ക്ക് എ.എൻ. വരുമോ?
മൂന്നുപേരുടെ പട്ടിക കേന്ദ്രത്തിലേക്കയച്ച് പ്രഖ്യാപനത്തിനായി കാത്തിരിക്കയാണ് ബി.ജെ.പി. മുതിർന്ന നേതാവും പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമായ എ.എൻ. രാധാകൃഷ്ണനെ പട്ടികയിൽനിന്ന് തിരഞ്ഞെടുക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. എൻ.ഡി.എ.യുടെ വോട്ടിങ് ശതമാനം കൂട്ടേണ്ടത് ബി.ജെ.പി.യുടെയും ഉത്തരവാദിത്വമാണ്. ട്വന്റി 20, ആംആദ്മി കൂട്ടുകെട്ടും കളത്തിലിറങ്ങാൻ പോകുന്നുണ്ട്. ബി.ജെ.പി.യുടെ പ്രകടനം അവരെക്കാൾ മോശമായാൽ നാണക്കേടാവും. മറ്റുരണ്ട് മുന്നണികളും ഇറങ്ങിയ സാഹചര്യത്തിൽ എൻ.ഡി.എ.യ്ക്ക് ഇനി സമയംകളയാനില്ല.
ആപ്പും ട്വന്റി 20യും
ആംആദ്മി പാർട്ടിയുമായുള്ള കൂട്ടുകെട്ടിൽ വലിയ നേട്ടമുണ്ടാക്കാനാണ് ട്വന്റി 20 ലക്ഷ്യമിടുന്നത്. അത് തൃക്കാക്കരയിലെ തിരഞ്ഞെടുപ്പിൽമാത്രം ഒതുങ്ങിനിൽക്കില്ല. തിരഞ്ഞെടുപ്പുകഴിഞ്ഞാൽ കൂട്ടുകെട്ട് ബാന്ധവത്തിലേക്കും ലയനത്തിലേക്കും എത്തിക്കൂടായ്കയില്ല. തദ്ദേശപാർട്ടിയായ ട്വന്റി 20ക്ക് ലോട്ടറിയടിച്ചതുപോലെ ദേശീയപാർട്ടിയായി മാറാനാവും. ട്വന്റി ട്വന്റിയുടെ ബലത്തിൽ ആംആദ്മിക്കും കേരളത്തിൽ വേരുപിടിക്കാൻ സാധിക്കും. തൃക്കാക്കരയിൽ െപാതുസമ്മതനായ സ്ഥാനാർഥിയെയാണ് ഇരുവരും ചേർന്ന് അവതരിപ്പിക്കാൻ പോകുന്നത്.
മണ്ഡലചരിത്രം
ദീർഘകാലത്തെ രാഷ്ട്രീയപാരമ്പര്യമൊന്നും തൃക്കാക്കര മണ്ഡലത്തിന് പറയാനില്ല. മണ്ഡലം രൂപവത്കരിച്ചശേഷം നടന്നത് മൂന്നുതിരഞ്ഞെടുപ്പുകൾ. മൂന്നിലും യു.ഡി.എഫിന് ജയം. 2011-ൽ ബെന്നി ബഹനാൻ 22,406 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇവിടെനിന്ന് എം.എൽ.എ.യായി. പിന്നെ നടന്ന രണ്ട് തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം ഇത്രയും ഉയർന്നില്ല. 2016-ൽ 11,996 വോട്ടിനും 2021-ൽ 14,329 വോട്ടിനും പി.ടി. തോമസ് ജയിച്ചു. 2014-ൽനടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 17,314 വോട്ടിനും 2019-ൽ 31,777 വോട്ടിനും തൃക്കാക്കരയിൽ മുന്നേറാൻ യു.ഡി.എഫിന് കഴിഞ്ഞു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുറച്ചുകൂടി വലിയ വിജയം പി.ടി. തോമസ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, 13,897 വോട്ടുകൾ ട്വന്റി 20 പിടിച്ചപ്പോൾ അതിൽ കൂടുതലും പോയത് യു.ഡി.എഫിന്റെ പെട്ടിയിൽനിന്നാണെന്ന് പി.ടി. തിരിച്ചറിഞ്ഞു. സി.പി.എമ്മിന്റെ ബി. ടീമായിരുന്നു ട്വന്റി 20യെന്ന് അദ്ദേഹം പരസ്യമായി കുറ്റപ്പെടുത്തി. എന്നാൽ, ചിത്രംമാറി. ട്വന്റി 20ക്ക് ഇപ്പോൾ ഏറ്റവും കലി ഇടതുസർക്കാരിനോടാണ്. സർക്കാരുമായി പരസ്യമായ ഏറ്റുമുട്ടലിലാണ് അവർ. അത് കാര്യങ്ങൾ തങ്ങൾക്കനുകൂലമാക്കുമെന്ന് യു.ഡി.എഫ്. പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ, ട്വന്റി 20യെയും ആം ആദ്മിയെയും വെറും കടലാസുപുലികളായിട്ടാണ് ഇടതുപക്ഷം കാണുന്നത്. നിലനിൽപ്പിനുവേണ്ടി മുന്നണികൾ സർവശക്തിയും സംഭരിക്കുമ്പോൾ തൃക്കാക്കര തിളച്ചുമറിയുമെന്ന് ഉറപ്പായിരിക്കയാണ്.
തൃക്കാക്കര മണ്ഡലം 2021 തിരഞ്ഞെടുപ്പുഫലം
ആകെ വോട്ട് 1,84,113
പോൾ ചെയ്തത് 1,36,570
പോളിങ് ശതമാനം 70.36%
യു.ഡി.എഫ്. ഭൂരിപക്ഷം 14,329
കക്ഷിനില 2021
സ്ഥാനാർഥി (മുന്നണി) വോട്ട് ശതമാനം
പി.ടി. തോമസ് (യു.ഡി.എഫ്.) 59,839 43.82%
ഡോ. ജെ. ജേക്കബ് (എൽ.ഡി.എഫ്.) 45,510 33.32%
എസ്. സജി (എൻ.ഡി.എ.) 15,483 11.34%
ഡോ. ടെറി തോമസ് (ട്വന്റി 20) 13,897 10.18%
പി.എം. ഷിബു (ബി.എസ്.പി.) 331 0.24%
റിയാസ് യൂസഫ് (സ്വത.) 298 0.22%
കൃഷ്ണപ്രസാദ് (ഡി.എസ്.ജെ.പി.) 181 0.13%
ജിനു (സ്വത.) 143 0.10%
ബിനോജ് (സ്വത.) 134 0.9%
സുബിൻ (സ്വത) 59 0.04%
നോട്ട 695 0.51%
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..