പി.എം.എ.സലാം
കൊച്ചി: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ അപ് ലോഡ് ചെയ്തതിന് അറസ്റ്റിലായ അബ്ദുള്‍ ലത്തീഫിന് മുസ്ലിം ലീഗുമായി ഒരുതരത്തിലുള്ള ബന്ധവുമില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. പ്രതിക്ക് ലീഗുമായി ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ സിപിഎമ്മിനെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോയമ്പത്തൂരില്‍വെച്ച് പിടിയിലായ കോട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ ലത്തീഫ് ലീഗ് അനുഭാവിയാണെന്ന് പോലീസ് പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പിഎംഎ സലാം.
'ആസൂത്രിതമായ നാടകമാണ് ഇതിന് പിന്നില്‍ നടന്നത്. മലപ്പുറത്ത്കാരനായത് കൊണ്ടും പേര് ലത്തീഫായതിനാലും പ്രതി ലീഗാകട്ടെ എന്ന് സിപിഎം തീരുമാനിച്ചു. എന്ത് തെളിവാണ് ഇങ്ങനെ പറയുന്നവരുടെ പക്കലുള്ളത്. ഇത്തരമൊരു ആരോപണം ഉന്നയിക്കുമ്പോള്‍ പ്രതി ലീഗാണെന്ന് തെളിയിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള തെളിവുണ്ടാകുക എന്നത് സാമാന്യ മര്യാദയാണ്. പിടിയിലായ അബ്ദുള്‍ ലത്തീഫിന് മുസ്ലിംലീഗുമായോ അതിന്റെ പോഷക സംഘടനകളുമായോ യാതൊരു ബന്ധവുമില്ലെന്ന് വളരെ വ്യക്തമായും ഉറപ്പിച്ചും തറപ്പിച്ചും ഞങ്ങള്‍ക്ക് പറയാന്‍ സാധിക്കും. ഇയാള്‍ മുസ്ലിംലീഗിന്റെ ഒരുപരിപാടിക്ക് പോലും ഇതുവരെ പങ്കെടുത്തിട്ടില്ല' സലാം പറഞ്ഞു.
തൃക്കാക്കരയില്‍ പരാജയഭീതിയിലായ മാര്‍ക്സിസ്റ്റ് പാര്‍ട്ടി എല്ലാ നാണംകെട്ട കളികളും കളിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ അവസാനത്തെ കളിയാണിത്. പോളിങ് നടക്കുന്ന അന്ന് രാവിലെ ഇത്തരമൊരു ആരോപണവുമായി വന്നാല്‍ അങ്ങനെയെങ്കിലും രക്ഷപ്പെടാമെന്നാണ് അവര്‍ കരുതുന്നത്. ഒരു മുഖ്യമന്ത്രിയും മന്ത്രിസഭയും ഒരു മാസത്തോളം തമ്പടിച്ച് പ്രവര്‍ത്തിച്ചിട്ട് പരാജയപ്പെടുക എന്ന് പറഞ്ഞാല്‍ അവര്‍ക്ക് ആത്മഹത്യാപരമാണ്. അതില്‍ നിന്ന് രക്ഷനേടാന്‍ എന്തുകളിയും കളിക്കും. അതിന് പോലീസിനെ ദുരുപയോഗപ്പെടുത്തി. ഇന്ന് അഞ്ചുമണി കഴിയുന്നത് വരെയുള്ള പച്ചക്കള്ളം സൃഷ്ടിക്കുകയാണ്. ഇത്രയും തരംതാഴ്ന്ന നിലയിലേക്ക് മാര്‍ക്സിസ്റ്റ് പാര്‍ട്ടി പോകാനായിടയായ കാരണം പരിശോധിക്കണമെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..