.jpg?$p=bbdbd83&f=16x10&w=856&q=0.8)
തൃക്കാക്കരയിലെ ഇടതു സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്ന പത്രസമ്മേളനത്തിൽ സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ തിരഞ്ഞെടുപ്പ് പോസ്റ്റർ തന്റെ മൊബൈൽഫോണിൽ കാണിക്കുന്ന എം. സ്വരാജ്. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ, മന്ത്രി പി. രാജീവ് എന്നിവർ സമീപം
കൊച്ചി: ഒടുവില്‍ ഇടതു പ്രവര്‍ത്തകരെ ഞെട്ടിച്ച് നാടകീയമായി സ്ഥാനാര്‍ഥിപ്രഖ്യാപനം വന്നു. ഒട്ടും പ്രതീക്ഷിക്കാതെ സ്ഥാനാര്‍ഥിയായി വന്ന ഡോ. ജോ ജോസഫിനെ ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന് അവതരിപ്പിച്ചത്, പാര്‍ട്ടിയുടെ ഏറ്റവും അടുത്ത ആളായി.
പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗമായ കെ.എസ്. അരുണ്‍കുമാറാണ് സ്ഥാനാര്‍ഥിയെന്ന് കരുതി മണ്ഡലത്തിന്റെ പലഭാഗങ്ങളിലും സി.പി.എം. പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ പേരില്‍ ബുധനാഴ്ച ചുവരെഴുത്ത് നടത്തിയിരുന്നു. നേതൃത്വത്തില്‍ നിന്നുള്ള അറിയിപ്പിനെത്തുടര്‍ന്ന് രാത്രിയോടെ അതെല്ലാം മായ്ക്കുകയും ചെയ്തു. സ്ഥാനാര്‍ഥി മാറുമെന്ന് അതോടെ ഉറപ്പായി.
സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ശക്തമാണെന്നും കോണ്‍ഗ്രസില്‍നിന്ന് അപ്രതീക്ഷിതമായ സ്ഥാനാര്‍ഥി എത്തുമെന്നും സഭയുടെ ആളായിരിക്കും സ്ഥാനാര്‍ഥിയെന്നും പ്രചാരണങ്ങളുണ്ടായി.
സ്ഥാനാര്‍ഥി ആരെന്ന് പ്രവര്‍ത്തകര്‍ നേതാക്കളോട് തിരക്കിയെങ്കിലും ആര്‍ക്കും ഒരു നിശ്ചയവുമുണ്ടായിരുന്നില്ല. വ്യാഴാഴ്ച രാവിലെ ഇടതുമുന്നണി ജില്ലായോഗം നടന്നെങ്കിലും അവിടെയും സ്ഥാനാര്‍ഥി ആരെന്നു പറഞ്ഞില്ല. സ്ഥാനാര്‍ഥിയെ അംഗീകരിക്കാന്‍ പതിവായി ചെയ്യുന്നതുപോലെ ജില്ലാ സെക്രട്ടേറിയറ്റ്- ജില്ലാ കമ്മിറ്റി യോഗങ്ങളും നടന്നില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച സ്ഥാനാര്‍ഥിയെ ജില്ലയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ചര്‍ച്ചചെയ്ത് പ്രഖ്യാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സ്ഥാനാര്‍ഥി, പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കണമെന്ന ജില്ലാ നേതൃത്വത്തിന്റെ നേരത്തേയുള്ള ആവശ്യം മാത്രമാണ് പരിഗണിക്കപ്പെട്ടത്. ജില്ലയില്‍ ചര്‍ച്ചയില്‍ വന്ന പേരുകളിലേക്ക് നേതൃത്വം കടക്കുകപോലും ചെയ്തില്ല.
മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിലുള്ള അന്വേഷണമാണ് സ്ഥാനാര്ഥിയിലേക്ക്് എത്തിയത്. പേര് പുറത്തുപോകാതിരിക്കാന്‍ ജില്ലയിലെ നേതാക്കളില്‍നിന്നെല്ലാം മറച്ചുപിടിച്ച് അത് പ്രഖ്യാപനംവരെ നീട്ടിക്കൊണ്ടുപോയി. ഒടുവില്‍ മൂന്നുമണിക്ക് ശേഷം ലെനിന് സെന്ററില്‍ പത്രസമ്മേളനത്തിനുള്ള പ്രഖ്യാപനം വന്നു.
ഞങ്ങളുടെ രഹസ്യം നിങ്ങള്‍ക്ക് പിടിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞാണ് ഇ.പി. ജയരാജന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. സ്വതന്ത്രസ്ഥാനാര്ഥിയായല്ല, പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് ജോ മത്സരിക്കുകയെന്നും ഇ.പി. പറഞ്ഞു. സ്ഥാനാര്ഥിപ്രഖ്യാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകര്‍ക്കുണ്ടായ ആശയക്കുഴപ്പങ്ങള്‍ക്കെല്ലാം കാരണക്കാര്‍ മാധ്യമങ്ങളാണെന്നും കുറ്റപ്പെടുത്തലുണ്ടായി.
സ്ഥാനാര്ഥിപ്രഖ്യാപനശേഷം മന്ത്രി രാജീവും സി.പി.എം. ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനും സ്ഥാനാര്‍ഥിയെ നേരില്‍ക്കാണാനായി ലിസി ആശുപത്രിയിലേക്ക് പോയി. അവിടെ സ്ഥാനാര്ഥിക്കൊപ്പമിരുന്ന് പത്രസമ്മേളനം നടത്തി.
ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. റോണി മാത്യു എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ചു. സ്ഥാനാര്‍ഥിയെ മാധ്യമങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചശേഷം തികഞ്ഞ ആത്മവിശ്വാസത്തിലാണ് നേതാക്കള്‍ മടങ്ങിയത്.
സഭയുടെ സ്ഥാനാര്‍ഥിയല്ല, സി.പി.എം. അംഗം -ഡോ. ജോ ജോസഫ്
താന്‍ സഭയുടെ സ്ഥാനാര്‍ഥിയല്ലെന്നും സി.പി.എമ്മിന്റെ മെഡിക്കല്‍ ഫ്രാക്ഷന് അംഗമാണെന്നും ഇടതുസ്ഥാനാര്‍ഥി ഡോ. ജോ ജോസഫ്. എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. പ്രസ്ഥാനങ്ങളില്‍ അംഗമായിരുന്നിട്ടില്ലെങ്കിലും ചെറുപ്പംമുതല്‍ താന്‍ ഇടതുപക്ഷ അനുഭാവിയായിരുന്നെന്ന് ഡോ. ജോ ജോസഫ് പറഞ്ഞു. ഇടതുപക്ഷമാണ് ശരിപക്ഷമെന്ന് ചെറുപ്പത്തില്‍ത്തന്നെ പിതാവിലൂടെ തിരിച്ചറിഞ്ഞിരുന്നു.
എറണാകുളത്ത് വന്നശേഷം പാര്‍ട്ടിയുടെ എല്ലാ പരിപാടികളിലും സജീവമായി പങ്കെടുക്കാറുണ്ട്. കോവിഡ് കാലത്ത് പാര്‍ട്ടിക്കൊപ്പംനിന്ന് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ തൃക്കാക്കര മണ്ഡലത്തില്‍ പലയിടത്തും പ്രസംഗിക്കാന്‍ പോയിരുന്നു.
താന്‍ സമുദായത്തിന്റെ നോമിനിയാണെന്നുപറയുന്നത് വെറും ആരോപണംമാത്രമാണ്. സ്ഥാനാര്‍ഥിത്വത്തില്‍ സഭ ഇടപെട്ടിട്ടില്ലെന്ന് നൂറുശതമാനവും ഉറപ്പിച്ചുപറയാം. സഭയുടെ സ്ഥാപനത്തില്‍ പത്തുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന ആള്‍മാത്രമാണ് താന്‍. അതുകൊണ്ട് സഭാസ്ഥാനാര്‍ഥിയെന്ന് പറയാന്പറ്റില്ല. തൃക്കാക്കരയില്‍ എല്ലാ സമുദായക്കാരുടെയും വോട്ടഭ്യര്‍ഥിക്കും.
സില്‍വര്‍ലൈന്‍ പദ്ധതി തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുന്നത് നല്ലതാണ്. സാമൂഹിക-ആരോഗ്യ മേഖലകളിലെല്ലാം അമേരിക്കയ്ക്കും അപ്പുറം സ്കാന്ഡിനേവിയന് രാജ്യങ്ങളോടാണ് കേരളത്തെ താരതമ്യംചെയ്യാന്‍ സാധിക്കുന്നത്. എന്നാല്‍, അടിസ്ഥാനസൗകര്യ വികസനത്തിന്റെ കാര്യത്തില്‍ നമ്മള് പിന്നിലാണ്. അടിസ്ഥാനസൗകര്യ വികസനത്തിനായി കെ-റെയില്‍ വരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സേവന പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍
ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനൊപ്പം ഒട്ടേറെ ഹൃദയമാറ്റ ശസ്ത്രക്രിയകളില്‍ പങ്കാളിയായിട്ടുണ്ട് ഡോ. ജോ ജോസഫ്. ഹാര്‍ട്ട് ഫൗണ്ടേഷന് ട്രസ്റ്റിയായി പ്രവര്‍ത്തിക്കുന്നു. പ്രളയകാലത്ത് സേവനപ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തുണ്ടായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസ്. ബിരുദവും കട്ടക്ക് എസ്.സി.ബി. മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ജനറല്‍ മെഡിസിനില്‍ എം.ഡിയും ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് കാര്‍ഡിയോളജിയില്‍ ഡി.എമ്മും നേടി. ആനുകാലികളങ്ങളില് ആരോഗ്യ സംബന്ധമായ വിഷയങ്ങളില്‍ എഴുതാറുണ്ട്. 'ഹൃദയപൂര്‍വം ഡോക്ടര്‍' എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ്.
പൂഞ്ഞാര്‍ കളപ്പുരയ്ക്കല്‍ കുടുംബാംഗമാണ്. പരേതരായ കെ.വി. ജോസഫിന്റെയും ഏലിക്കുട്ടിയുടെയും മകന്. ഭാര്യ ഡോ. ദയാ പസ്കല്‍ (സൈക്യാട്രിസ്റ്റ്, തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രം) മക്കള്‍: ജവാന് ലിസ് ജോ, ജിയന്ന ജോ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..