പി.ടി.തോമസിന്റെ ചിതാഭസ്മം അടക്കംചെയ്ത ഉപ്പുതോട് സെന്റ് ജോസഫ്സ് പള്ളിയിലെ കുടുംബക്കല്ലറയിൽ പ്രാർഥിക്കവേ, ഉമാ തോമസ് വിതുമ്പുന്നു
ചെറുതോണി: പി.ടി.യുടെ ചിതാഭസ്മം അടക്കംചെയ്ത കല്ലറയ്ക്കുമുന്നില്‍ ൈകകൂപ്പി നിന്നപ്പോള്‍ ഉമയുടെ കണ്ണുകള്‍ നിറഞ്ഞു. അദ്ദേഹം ഉറങ്ങുന്ന മണ്ണില്‍ തൊട്ടുപ്രാര്‍ഥിച്ച് തൃക്കാക്കരയിലെ നിയുക്ത കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ അവര്‍ പ്രചാരണവും തുടങ്ങി.
ഇടുക്കിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, കെട്ടിവെക്കുന്നതിനുള്ള പണം സ്ഥാനാര്‍ഥിക്ക് നല്‍കി. ഉമാ തോമസ് ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്കാണ് ഉപ്പുതോട്ടിലെത്തിയത്. ആദ്യം പി.ടി.തോമസിന്റെ പുതിയാപറമ്പില്‍ വീട്ടില്‍ വന്നു. മക്കളായ ഡോ. വിഷ്ണു തോമസ്, വിവേക് തോമസ്, മരുമകള്‍ ഡോ.ബിന്ദു വിഷ്ണു എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു.
രാവിലെ ആറരയ്ക്ക് ഉപ്പുതോട് സെന്റ് ജോസഫ്സ് പള്ളിയിലെ കുര്‍ബാനയില്‍ പങ്കെടുത്തു. തുടര്‍ന്ന് പള്ളിസെമിത്തേരിയില്‍ പി.ടി.യുടെ ചിതാഭസ്മം അടക്കംചെയ്ത കല്ലറയിലേക്ക് പ്രാര്‍ഥിക്കാനെത്തി. പി.ടി.യുടെ ഓര്‍മകളില്‍ ഉമയും മക്കളും കുടുംബാംഗങ്ങളും പാര്‍ട്ടിപ്രവര്‍ത്തകരും വിതുമ്പി.
ഇതിനുശേഷം ഉപ്പുതോട്ടില്‍നിന്ന് പ്രചാരണം തുടങ്ങി. നാട്ടുകാരോട് കുശലം പറഞ്ഞും ആശീര്‍വാദം തേടിയും അവര്‍ക്കൊപ്പം ചായ കുടിച്ചും പ്രചാരണത്തിരക്കിലേക്ക്. പി.ടി.യുടെ സഹോദരന്‍ പി.ടി.ജോര്‍ജും അടുത്ത ബന്ധുക്കളും പള്ളിയിലും സെമിത്തേരിയിലുമുള്ള പ്രാര്‍ഥനയില്‍ പങ്കെടുത്തു. ഡീന്‍ കുര്യാക്കോസ് എം.പി., ഡി.സി.സി. പ്രസിഡന്റ് സി.പി.മാത്യു, കെ.പി.സി.സി. അംഗം എ.പി.ഉസ്മാന്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കളും യു.ഡി.എഫ്. പ്രവര്‍ത്തകരും ഉപ്പുതോട് സെന്റ് ജോസഫ്‌സ് പള്ളിയങ്കണത്തില്‍ ഏറെ നേരത്തേ എത്തിയിരുന്നു. പിന്നീട് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിനെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങിയശേഷമാണ് ഉമാ തോമസ് തൃക്കാക്കരയിലേക്ക് മടങ്ങിയത്.
അതൃപ്തരെ അനുനയിപ്പിക്കാന്‍
കൊച്ചി: അതൃപ്തരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമങ്ങള്‍ തുടങ്ങി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കടക്കം തൃക്കാക്കരയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ചില എതിര്‍പ്പുകളുണ്ട്. ഏകപക്ഷീയമായി ചിലര്‍ കാര്യങ്ങള്‍ നിശ്ചയിക്കുന്നുവെന്നാണ് പൊതുവേയുള്ള പരാതി. തൃക്കാക്കര മണ്ഡലത്തിലെ ഡി.സി.സി. ജനറല്‍ സെക്രട്ടറി എം.ബി. മുരളീധരന്‍ എതിര്‍പ്പുകള്‍ പരസ്യമാക്കിയതിനെത്തുടര്‍ന്ന് നേതാക്കള്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തി. ഐ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന് സ്ഥാനാര്‍ഥിനിര്‍ണയ ശൈലിയില്‍ വലിയ എതിര്‍പ്പുണ്ട്. അവരുമായും വരുംദിവസങ്ങളില്‍ ചര്‍ച്ച നടത്തും.
ബുധനാഴ്ച ഡി.സി.സി. ഓഫീസില്‍ ചേര്‍ന്ന നേതൃയോഗത്തിലേക്ക് ചില നേതാക്കളെ വിളിച്ചില്ലെന്ന ആക്ഷേപവും ഉയര്‍ന്നു. മുന്‍ മേയര്‍ ടോണി ചമ്മണി, കെ.പി.സി.സി. മുന്‍ സെക്രട്ടറി എം.ആര്‍. അഭിലാഷ് തുടങ്ങി പലരെയും യോഗം അറിയിച്ചില്ലെന്നാണ് ആക്ഷേപം. സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതിലുള്ള അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ പറയുമെന്ന് പറഞ്ഞ് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസും അതൃപ്തി പരസ്യമാക്കി. ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളെയെല്ലാം ഒന്നിപ്പിച്ചുകൊണ്ടുപോകാനുള്ള ശ്രമത്തിലാണ് ഡി.സി.സി. നേതൃത്വം. അതൃപ്തിയുള്ളവരെയെല്ലാം നേരില്‍ക്കണ്ട് സംസാരിക്കും. ഉറച്ച മണ്ഡലമായ തൃക്കാക്കരയില്‍ ഒരു വിധത്തിലും അടിയൊഴുക്കുകള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രതയോടെയാണ് നേതൃത്വം ഇടപെടുന്നത്. അതേസമയം, പ്രൊഫ. കെ.വി. തോമസിന്റെ പ്രസ്താവനകളെ കാര്യമായി കാണേണ്ടതില്ലെന്ന തീരുമാനത്തിലാണ് നേതൃത്വം. ചര്‍ച്ച ചെയ്ത് വലിയ പ്രാധാന്യം കൊടുക്കേണ്ടതില്ലെന്നാണ് നേതാക്കളുടെ തീരുമാനം.
യു.ഡി.എഫ്. കണ്‍വെന്‍ഷന്‍ മേയ് ഒമ്പതിന്
കൊച്ചി: യു.ഡി.എഫ്. നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഒമ്പതിന് നടത്താന്‍ നേതൃയോഗം തീരുമാനിച്ചു. ഏഴുമുതല്‍ 11 വരെ തീയതികളില്‍ മണ്ഡലം കണ്‍വെന്‍ഷനുകളും എട്ടുമുതല്‍ 12 വരെ തീയതികളില്‍ ബൂത്ത് കണ്‍വെന്‍ഷനുകളും പൂര്‍ത്തിയാക്കും. 16 മുതല്‍ കുടുംബയോഗങ്ങള്‍ സംഘടിപ്പിക്കും.
17 മുതല്‍ 21 വരെ സ്ഥാനാര്‍ഥിപര്യടനം നടത്തും. യോഗത്തിനെത്തിയ സ്ഥാനാര്‍ഥി ഉമാ തോമസിനെ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഹാരമണിയിച്ച് സ്വീകരിച്ചു. എം.പി.മാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, ജെബി മേത്തര്‍, എം.എല്‍.എ.മാരായ അനൂപ് ജേക്കബ്, ടി.ജെ. വിനോദ്, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി, റോജി എം. ജോണ്‍, കെ.പി.സി.സി. ഭാരവാഹികളായ വി.പി. സജീന്ദ്രന്‍, വി.ജെ. പൗലോസ്, കെ.പി. ധനപാലന്‍, അബ്ദുള്‍ മുത്തലിബ്, ദീപ്തി മേരി വര്‍ഗീസ്, ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യു.ഡി.എഫിലെ ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ പ്രസംഗിച്ചു.
Content Highlights: thrikkakara by election-Congress
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..