ഡൊമനിക് പ്രസന്റേഷൻ പ്രതികരിക്കുന്നു
കൊച്ചി: തൃക്കാക്കരയില്‍ ഭൂരിപക്ഷം കുറയുമെന്ന് തുറന്ന് പറഞ്ഞ് യുഡിഎഫ്. പ്രതിസന്ധിയുണ്ടെങ്കിലും യുഡിഎഫ് തന്നെ വിജയിക്കുമെന്നും യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഡൊമനിക് പ്രസന്റേഷന് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
യുഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ പോളിങ് കുറഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഭൂരിപക്ഷം കുറയുമെന്ന ഡൊമനിക് പ്രസന്റേഷന്റെ പ്രതികരണം.
'ഈ തിരഞ്ഞെടുപ്പ് കൊണ്ട് സര്‍ക്കാര്‍ മാറുന്നില്ല. മറ്റു രാഷ്ട്രീയ മാറ്റങ്ങളൊന്നും ഉണ്ടാകുന്നില്ല എന്നത്കൊണ്ട് പലര്‍ക്കും വോട്ട് ചെയ്യാന്‍ താത്പര്യ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ ട്വന്റി ട്വന്റിക്കും വിഫോറിനും പതിനായിരത്തോളം വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. അവരില്‍ പലരും വോട്ട് ചെയ്യാന്‍ വന്നിട്ടില്ല' ഡൊമനിക് പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരും വന്ന് ഒരു ഇളക്കല്‍ ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ കുറച്ചുവോട്ടുകള്‍ മറഞ്ഞാല്‍ പോലും 5000 മുതല്‍ എട്ടായിരം വോട്ടുകള്‍ക്ക് മുകളില്‍ യുഡിഎഫ് ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടപ്പള്ളി അടക്കം ആദ്യം എണ്ണുന്ന ബൂത്തുകളുടെ ഫലങ്ങള്‍ വച്ച് തന്നെ തൃക്കാക്കരയില്‍ എന്തു സംഭവിക്കുമെന്നതിന്റെ ട്രെന്‍ഡ് മനസ്സിലാക്കാനാകുമെന്നും യുഡിഎഫ് ജില്ലാ കണ്‍വീനര്‍ പറഞ്ഞു. 14329 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 2021 പൊതുതിരഞ്ഞെടുപ്പില്‍ പി.ടി.തോമസ് തൃക്കാക്കരയില്‍ നിന്ന് ജയിച്ചത്.
തൃക്കാക്കരയില്‍ അന്തിമ കണക്ക് വന്നപ്പോള്‍ പോളിങ് 68.77 ശതമാനമാണ്. അപ്പോഴും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ 69.28 ശതമാനത്തിലേക്ക് എത്തിയില്ല.
1,96,805 വോട്ടര്‍മാരില്‍ 1,35,342 പേര് വോട്ടുചെയ്തു. പോളിങ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ താഴെ പോയത് ട്വന്റി 20 വോട്ടുകളില്‍ ഒരു പങ്ക് ചെയ്യാതെ പോയതാണെന്ന വിലയിരുത്തലുമുണ്ട്. ട്വന്റി 20 സ്ഥാനാര്‍ഥിയെ നിര്‍ത്താതെ മാറി നിന്നതിനാല്‍ കഴിഞ്ഞ തവണ അവര്‍ക്ക് വോട്ടുചെയ്ത ഒരു വിഭാഗം പോളിങ് സ്റ്റേഷനിലേക്ക് പോയില്ലെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. കഴിഞ്ഞ തവണ അരാഷ്ട്രീയ വാദികളായ ആളുകളുടെ പ്രതിഷേധ വോട്ടുകള്‍ ട്വന്റി 20-ക്ക് ലഭിച്ചിരുന്നു. ആ വോട്ടുകള്‍ ഇക്കുറി ബൂത്തിലേക്ക് എത്തിയില്ലെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.
കോര്‍പ്പറേഷനിലെ യു.ഡി.എഫ്. കേന്ദ്രങ്ങളില്‍ പോളിങ് കുറഞ്ഞു. അതേസമയം തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ പോളിങ് ഉയര്‍ന്നു. മണ്ഡലത്തില്‍ ഏറ്റവും ഉയര്‍ന്ന പോളിങ് തൃക്കാക്കര, കൊല്ലംകുടിമുകള്‍, ചളിക്കവട്ടം ബൂത്തുകളിലാണ്. കുറവ് പനമ്പിള്ളി നഗര്‍, ഇടപ്പള്ളി, കടവന്ത്ര ബൂത്തുകളിലും. യു.ഡി.എഫിന് ശക്തി കൂടുതലുള്ള നഗര ബൂത്തുകളിലാണ് പോളിങ് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പി.ടി. തോമസിന് ഏറെ തുണയായത് ഈ ബൂത്തുകളിലെ മുന്നേറ്റമായിരുന്നു. അതേസമയം നഗരത്തിലെ സി.പി.എം. ശക്തികേന്ദ്രമായ ചളിക്കവട്ടം, വൈറ്റില, വെണ്ണല ഭാഗങ്ങളിലെ പോളിങ് ഉയര്‍ന്നിട്ടുമുണ്ട്. ഇത് സി.പി.എമ്മിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്.
എന്നാല്‍, നഗരത്തിലെ പോളിങ് കുറഞ്ഞ ബൂത്തുകളില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ വന്നിട്ടുണ്ടെന്നും സ്ഥലത്തില്ലാത്ത വോട്ടുകളാണ് പോളിങ് കുറയാന്‍ കാരണമെന്നും യു.ഡി.എഫ്. നേതാക്കള്‍ പറയുന്നു.
തൃക്കാക്കര ഭാരതമാതാ കോളേജിലെ 112-ാം നമ്പര്‍ ബൂത്തിലാണ് കൂടിയ പോളിങ്. ഇവിടെ ആകെയുള്ള 1338 വോട്ടര്‍മാരില്‍ 1021 പേര് വോട്ടുെചയ്തു. കോര്പ്പറേഷന് പരിധിയിലുള്ള ചളിക്കവട്ടം 41-ാം നമ്പര്‍ ബൂത്തില്‍ 1269 വോട്ടര്‍മാരില്‍ 996 വോട്ടര്‍മാരും കാക്കനാട് കൊല്ലംകുടിമുകളിലെ 145-ാം നമ്പര്‍ ബൂത്തില്‍ 1249 വോട്ടര്‍മാരില്‍ 959 വോട്ടര്‍മാരുമാണ് വോട്ട് ചെയ്തത്. കോര്പ്പറേഷന് പരിധിയിലുള്ള പനമ്പിള്ളി നഗര്‍ 108-ാം നമ്പര്‍ ബൂത്തിലാണ് ഏറ്റവും കുറവ് വോട്ടിങ് നടന്നത്. ആകെയുള്ള 626 വോട്ടര്‍മാരില്‍ 332 പേര് മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ഇടപ്പള്ളി ഗവ. ഹൈസ്കൂളിലെ 17-ാം നമ്പര്‍ ബൂത്തില്‍ ആകെയുള്ള 621 വോട്ടര്‍മാരില്‍ 334 പേരും കടവന്ത്ര 92-ാം മ്പര്‍ ബൂത്തില്‍ ആകെയുള്ള 627 വോട്ടര്‍മാരില്‍ 334 പേരുമാണ് വോട്ട് രേഖപ്പെടുത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..