വർഗീയ വിദ്വേഷപ്രസംഗം നടത്തിയെന്ന കേസിൽ പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്ത പി.സി. ജോർജിനെ മൊഴിയെടുക്കാനായി കൊണ്ടുപോകുമ്പോൾ പിന്തുണയുമായി എത്തിയ ബിജെപി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ഷോൺ ജോർജ്, പി.കെ. കൃഷ്ണദാസ് എന്നിവർ സമീപം (ഫയൽ) |ഫോട്ടോ:ബി.മുരളീകൃഷ്ണൻ
കൊച്ചി: പി.സി. ജോര്‍ജിനുവേണ്ടി ഒഴുക്കിയ വിയര്‍പ്പെല്ലാം വെറുതെയായെന്നാണ് ബി.ജെ.പി. ക്യാമ്പിലെ വിലയിരുത്തല്‍. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ പാര്‍ട്ടി നേതൃത്വംമുഴുവന് പി.സി. ജോര്‍ജിന്റെ പിന്നാലെയായിരുന്നു. ജോര്‍ജിനെ മുന്നില്‍നിര്‍ത്തി സംസ്ഥാനസര്‍ക്കാരിനെതിരേ ആഞ്ഞടിക്കുകയും അതുവഴി ക്രൈസ്തവസഭാ വോട്ടുകള്‍ നേടുകയുമായിരുന്നു നേതാക്കളുടെ ലക്ഷ്യം. എന്നാല്‍, ഉള്ള വോട്ടുകൂടി കളയാനേ അതു സഹായിച്ചുള്ളൂ എന്നാണ് ഒരുവിഭാഗം നേതാക്കള്‍ പറയുന്നത്.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും കേന്ദ്രമന്ത്രി വി. മുരളീധരനും മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനുമെല്ലാം പി.സി. ജോര്‍ജിനൊപ്പം രംഗത്തിറങ്ങി. ജോര്‍ജിനുവേണ്ടി വിയര്‍ത്തത് ബി.ജെ.പി.യാണെങ്കിലും കൂലികിട്ടിയത് യു.ഡി.എഫിനാണെന്ന തിരിച്ചറിവിലാണ് ഇപ്പോള്‍ നേതാക്കള്‍.
ബി.ജെ.പി. പി.സി. ജോര്‍ജിനെ കൊണ്ടുവന്നത് ഒട്ടും ശരിയായില്ലെന്നാണ് സിറോമലബാര്‍ സഭ മുന്‍ വക്താവ് ഫാ. പോള്‍ തേലേക്കാട് പ്രതികരിച്ചത്. ജനങ്ങള്‍ക്ക് ബോധമുണ്ടെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവമതമേലധ്യക്ഷന്മാരെയെല്ലാം കാണാന്‍ സ്ഥാനാര്‍ഥിയും മുതിര്‍ന്ന നേതാക്കളുമെല്ലാം സമയം കണ്ടെത്തിയെങ്കിലും ക്രൈസ്തവമേഖലകളിലൊന്നും ബി.ജെ.പി.ക്ക് വോട്ടുവര്‍ധന ഉണ്ടായില്ല. നിലവിലുള്ള 15,000 വോട്ടിനുപിന്നാലെ 5000 ന്യൂനപക്ഷവോട്ടുകൂടി ചേര്‍ത്തുകൊണ്ട് 20,000-ത്തിന്റെ കണക്കുമായിരിക്കുകയായിരുന്നു നേതാക്കള്‍.
നേതാക്കള്‍ ഗ്രൂപ്പ് ഭേദമില്ലാതെ ഒന്നിച്ചുനിന്നാണ് ജോര്‍ജിനെ രംഗത്തിറക്കിയത്. എല്ലാവരും ഇറങ്ങിയിട്ടും കെട്ടിവെച്ച കാശുകിട്ടിയില്ലെന്നതാണ് നേതൃത്വത്തിന്റെ ഉള്ളുലയ്ക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..