മുഖ്യമന്ത്രി പിണറായി വിജയൻ
കൊച്ചി: പാലായും വട്ടിയൂര്‍ക്കാവും കോന്നിയും ആവര്‍ത്തിക്കാമെന്ന എല്‍ഡിഎഫ് മോഹങ്ങള്‍ക്ക് കടുത്ത തിരിച്ചടി നല്‍കുന്ന തിരഞ്ഞെടുപ്പ് ഫലമാണ് തൃക്കാക്കരയില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റേയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ കാടിളക്കിയുള്ള പ്രചാരണമാണ് ഒരുമാസത്തോളം നടന്നതെങ്കിലും യുഡിഎഫ് കോട്ടയായ മണ്ഡലത്തിന് ഒരു കോട്ടവും സംഭവിച്ചില്ല. എല്‍ഡിഎഫിന്റെ മൈക്രോ ലെവല്‍ ഓപ്പറേഷന്‍ വോട്ടര്‍മാരില്‍ ഒരു ചലനവും സൃഷ്ടിച്ചിട്ടില്ലെന്ന് ഫലം വ്യക്തമാക്കുന്നു.
തൃക്കാക്കര മണ്ഡലം രൂപീകൃതമായതുമുതല്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ മാത്രം വിജയിപ്പിച്ച് ശീലമുള്ള മണ്ഡലമാണെങ്കിലും ആഞ്ഞുപിടിച്ചാല്‍ മണ്ഡലം ഇടത്തോട്ട് ചായുമെന്ന വിശ്വാസത്തിലാണ് ശക്തമായ പ്രചാരണവുമായി മുന്നോട്ട് പോകാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തുനടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന്റെ കുത്തക മണ്ഡലങ്ങളായ വട്ടിയൂര്‍ക്കാവ്, കോന്നി, പാല എന്നിവ പിടിച്ചെടുക്കാനായതു തന്നെയായിരുന്നു എല്‍ഡിഎഫിന്റെ ആത്മവിശ്വാസത്തിന് പിന്നില്‍. കെ.എം മാണിയുടെ മരണത്തിന് ശേഷം പാലായില്‍ ഉണ്ടാകാതിരുന്ന സഹതാപതരംഗം തൃക്കാക്കരയില്‍ ഉണ്ടാകില്ലെന്ന എല്‍ഡിഎഫ് കണക്കുകൂട്ടല്‍ തെറ്റിയെന്ന് ആദ്യ റൗണ്ട് വോട്ടെണ്ണല്‍ മുതല്‍ വ്യക്തമായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ നേരിട്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. കെ-റെയില്‍ നടപ്പിലാക്കുന്നതിനെതിരെ യുഡിഎഫ് നടത്തുന്ന സമരങ്ങള്‍ക്ക് ജനപിന്തുണയില്ലെന്ന് തെളിയിക്കാനുള്ള അവസരമായി തൃക്കാക്കരയെ സിപിഎം മുന്നില്‍ക്കണ്ടു. തന്റെ സ്വപ്ന പദ്ധതിയായ കെ- റെയിലിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തില്‍ നടന്ന കുറ്റിപറിക്കല്‍ സമരത്തിന് മറുപടി പറയാന്‍ പറ്റിയ വേദിയായും തൃക്കാക്കരയെ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും കണ്ടു. ഇതോടെയാണ് സര്‍വ സന്നാഹവുമുപയോഗിച്ച് പ്രചാരണം നടത്താന്‍ പാര്‍ട്ടിയും മുന്നണിയും തീരുമാനിച്ചത്.
ഇതിനായി ജനപ്രതിനിധികളെയും തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃക്കാക്കര മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വാര്‍ഡുകളില്‍ മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാര്‍ഥികളെ വരെ സിപിഎം പ്രചാരണത്തിനായി രംഗത്തിറക്കി.70 എംഎല്‍എമാരെയാണ് മണ്ഡലത്തിലെ പ്രചാരണത്തിന് ഇടത് മുന്നണി രംഗത്തിറക്കിയത്. ഓരോ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലായി എംഎല്‍എമാരെ വിന്യസിച്ചു. ബൂത്ത് തലത്തില്‍ എംഎല്‍എമാരെ പ്രചാരണത്തിന് രംഗത്തിറക്കി. ബൂത്തുകള്‍ വീതിച്ച് നല്‍കിയ ശേഷം എംഎല്‍എമാര്‍ തങ്ങള്‍ക്ക് ചുമതലയുള്ള ബൂത്തുകളില്‍ ഒറ്റയ്ക്കും പിന്നീട് മൂന്ന് എംഎല്‍എമാര്‍ വരെ ഉള്‍പ്പെടുന്ന സംഘമായി മൂന്നൂപേരുടേയും ബൂത്തുകള്‍ ഒരുമിച്ച് സന്ദര്‍ശിച്ചും വോട്ടര്‍മാരെ നേരില്‍ കണ്ടെങ്കിലും യുഡിഎഫ് കോട്ടയില്‍ ഒരു വെല്ലുവിളിയും ഉയർത്താനായില്ലെന്ന് ഫലം വ്യക്തമാക്കുന്നു.
ബൂത്ത് അടിസ്ഥാനത്തില്‍ നിരവധി കുടുംബയോഗങ്ങളിലാണ് തുടര്‍ച്ചയായി രണ്ടാഴ്ചത്തോളം ഓരോ എംഎല്‍എമാരും പങ്കെടുത്തത്. കടുത്ത യുഡിഎഫ് അനുഭാവികളുടെ വീടുകളില്‍ പോലും എംഎല്‍എമാര്‍ ഒന്നിലധികം തവണ സന്ദര്‍ശനം നടത്തി വോട്ടുറപ്പിക്കാന്‍ ശ്രമം നടത്തി. ഇത്തരം സന്ദര്‍ശനങ്ങളിലൂടെ നിക്ഷ്പക്ഷ വോട്ടുകളില്‍ വലിയൊരു പങ്ക് സ്വന്തമാക്കുകയെന്നതായിരുന്നു എല്‍ഡിഎഫിന്‍റെ ലക്ഷ്യം. ഈ കാടിളക്കിയുള്ള പ്രചാരണവും കെ.വി തോമസ് എന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ വരവും ഇടത്പക്ഷത്തെ തുണച്ചില്ല.
നഗര മണ്ഡലങ്ങളിലേയും നഗര സ്വഭാവമുള്ള മണ്ഡലങ്ങളില്‍ നിന്നുള്ള എംഎല്‍എമാരേയും കൂടുതല്‍ ബൂത്തുകളുടെ ചുമതല നല്‍കി എല്‍ഡിഎഫ് പഴുതടച്ച പ്രചാരണം നടത്തി. മണ്ഡലത്തിലെ വിവിധ മേഖലകളില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന് തങ്ങളുടെ മണ്ഡലത്തിലെ ഉദാഹരണം സഹിതം വിവരിച്ചായിരുന്നു എംഎല്‍എമാര്‍ പ്രചാരണം നടത്തിയത്.
എല്‍ഡിഎഫിന്റെ പ്രചാരണം യുഡിഎഫ് ക്യാമ്പില്‍ പോലും ആശങ്ക സൃഷ്ടിച്ചിരുന്നു. തങ്ങളുടെ കോട്ടയില്‍ വിജയിക്കുമെങ്കിലും ഭൂരിപക്ഷം പി.ടിയെക്കാള്‍ കുറവായിരിക്കുമെന്നാണ് പല നേതാക്കളും അനൗദ്യോഗികമായി പ്രതികരിച്ചത്. എന്നാല്‍ ഫലം വന്നപ്പോള്‍ പി.ടി തോമസിന്റെ ഭൂരിപക്ഷത്തെ പോലും മറികടന്ന് ചരിത്രവിജയം നേടാന്‍ ഉമാ തോമസിന് സാധിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..