തൃക്കാക്കര മണ്ഡലത്തിലെ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ കോൺഗ്രസ്സ് നേതാവ് കെ.വി.തോമസ് പങ്കെടുത്തപ്പോൾ | ഫോട്ടോ: വി.കെ അജി/ മാതൃഭൂമി
കൊച്ചി: തൃക്കാക്കരയിലെ എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ച് കെ.വി. തോമസ്. പ്രതിസന്ധികളെ നേരിട്ട് സംസ്ഥാനത്തെ മുന്നോട്ട് നയിക്കാന്‍ കരുത്തുള്ള ജനനായകര്‍ക്ക് മാത്രമേ കഴിയൂവെന്നും അത് പിണറായി വിജയന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ സി.പി.എം. സെമിനാറില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ മുഖ്യമന്ത്രിയെ ജനലക്ഷങ്ങളുടെ മുന്നില്‍വെച്ചുകൊണ്ട് ഇന്ത്യയെ നയിക്കാന്‍ കഴിവുള്ള മുഖ്യമന്ത്രി എന്ന് പറഞ്ഞാല്‍ തനിക്കത് നിഷേധിക്കാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിന്റെ ഗതാഗതരംഗത്തുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കെ-റെയില്‍ മാത്രമല്ല, എല്ലാ വിധത്തിലുമുള്ള അതിവേഗ യാത്രാസംവിധാനങ്ങളും വേണം. നെടുമ്പാശ്ശേരി വിമാനത്താവളം, വൈപ്പിന്‍-എറണാകുളം പാലങ്ങള്‍, ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, കൊച്ചി മെട്രോ തുടങ്ങിയ പദ്ധതികളെല്ലാം വന്നപ്പോള്‍ സ്വാഭാവികമായ എതിര്‍പ്പുണ്ടാകും. കൊച്ചി മെട്രോ എത്ര പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. അത്തരം പ്രതിസന്ധികളെ നേരിട്ടുകൊണ്ട് സംസ്ഥാനത്തെ മുന്നോട്ട് നയിക്കാന്‍ കരുത്തുള്ള ജനനായകര്‍ക്ക് മാത്രമേ കഴിയൂ, അത് പിണറായി വിജയന് കഴിയും.
പി.ടി തോമസ് വളരെ അടുത്ത സുഹൃത്തായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പി.ടിക്കൊപ്പം നിരവധി തിരഞ്ഞെടുപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ന് പി.ടിയില്ല. പി.ടിയുടെ ഓര്‍മകള്‍ക്ക് മുമ്പില്‍ തലകുനിക്കുന്നു. പി.ടിയെ സ്‌നേഹിക്കുന്ന ആളുകള്‍, പി.ടി.യുടെ സ്മരണകള്‍ കാത്തുസൂക്ഷിക്കുന്ന ആളുകള്‍ അദ്ദേഹം പറഞ്ഞത് വിസ്മരിച്ചുപോയോ? അച്ഛന്‍ മരിച്ചാല്‍ മകന്‍, ഭര്‍ത്താവ് ഭരിച്ചാല്‍ ഭാര്യ, അവരാണോ അധികാരത്തിലേക്ക് കടന്നു വരേണ്ടതെന്ന് പി.ടി. ചോദിച്ചിരുന്നു. ഉമയെ ഇഷ്ടപ്പെടുന്ന ഒരാളാണ്. പക്ഷേ പി.ടി. പറഞ്ഞ കാര്യങ്ങള്‍ ഓര്‍ക്കണ്ടേ?
ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ അവസാന ദിവസങ്ങളില്‍ രാമേശ്വരം ക്ഷൗരം പോലെ വൈറ്റിലയില്‍ ഒരു കല്ലിട്ടു, തൊട്ടപ്പുറത്ത് ഒരു കല്ലിട്ടു. പക്ഷേ കല്ലൊന്നും പാലമായില്ല. ആ കല്ലുകളില്‍ പട്ടി മൂത്രം ഒഴിക്കുന്നതിന് മുമ്പ് മേല്‍പ്പാലമാക്കിയത് പിണറായി വിജയനാണ്. അത് കൊച്ചിയുടെ വികസനമല്ലേ? പിണറായിയാണോ വികസനം കൊണ്ടുവരുന്നത്, എങ്കില്‍ എതിര്‍ക്കുമെന്ന സമീപനം ശരിയല്ല. വികസനത്തില്‍ അനാവശ്യമായ വിവാദം കൊണ്ടുവരരുത് എന്നതാണ് കെ. കരുണാകരന്റെ കാലം മുതല്‍ തന്റെ അഭിപ്രായമെന്നും കെ.വി. തോമസ് പറഞ്ഞു.
Content Highlights: K. V. Thomas' speech in Thrikkakara LDF Convention and Pinarayi Vijayan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..