സ്ഥാനാർഥികളായ ഉമാ തോമസ്, ജോ ജോസഫ്, എ.എൻ.രാധാകൃഷ്ണൻ |ഫോട്ടോ:മാതൃഭൂമി
കൊച്ചി: ന്യൂനപക്ഷ വോട്ടുകള്‍ അനുകൂലമാവുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍. മുസ്ലിം-ക്രൈസ്തവ വിഭാഗങ്ങളില്‍നിന്ന് അധികമായി കിട്ടുന്ന വോട്ടുകളിലാണ് ഇടതുപക്ഷം വിജയം സ്വപ്നം കാണുന്നത്. ഈ രണ്ട് സമുദായങ്ങളില്‍നിന്നും കൂടുതലായി വോട്ടു കിട്ടുമെന്ന ഉറച്ച വിശ്വാസത്തിലാണ് മുന്നണി.
ബൂത്തുകളില്‍നിന്ന് പ്രവര്‍ത്തകര്‍ നല്കിയ ഉറച്ച വോട്ടിന്റെ കണക്കുപ്രകാരം ഇടതുപക്ഷം കുറച്ച് പിന്നിലാണ്. എന്നാല്‍, അതിനപ്പുറം വോട്ടുകള്‍ വരുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍.
ക്രൈസ്തവ വിഭാഗം ഇക്കുറി ഇടതുമുന്നണിക്ക് അനുകൂലമായി ചിന്തിച്ചിട്ടുണ്ടെന്ന് നേതൃത്വം കരുതുന്നുണ്ട്. മണ്ഡലത്തിലെ പ്രബല വിഭാഗത്തില്‍നിന്നുള്ള ക്രൈസ്തവ സ്ഥാനാര്‍ഥിയെ കണ്ടെത്തിയത് വലിയ നേട്ടമായെന്നാണ് മുന്നണി കാണുന്നത്. സ്ഥാനാര്‍ഥിക്ക് നല്ല നിലയില്‍ വോട്ടുകള്‍ പിടിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് പ്രതീക്ഷ. ഈ അധിക വോട്ടുകള്‍ വിധി നിര്‍ണയിക്കുന്നതില്‍ പ്രധാനമായിരിക്കും. എന്നാല്‍, അതിന്റെ കണക്കിന്റെ കാര്യത്തില്‍ മുന്നണിക്ക് വ്യക്തതയില്ല.
മുസ്ലിം ന്യൂനപക്ഷങ്ങളും ഇടതുമുന്നണിക്ക് അനുകൂലമായി ചിന്തിച്ചിട്ടുണ്ടെന്ന പ്രതീക്ഷ നേതാക്കള്‍ക്കുണ്ട്. പി.സി. ജോര്‍ജിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുസ്ലിം മത വിഭാഗത്തിനിടയില്‍ സര്‍ക്കാരിന് അനുകൂലമായ ചിന്ത കൊണ്ടുവരാന്‍ സഹായിച്ചിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഊന്നിക്കൊണ്ടുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും മുന്നണി ശ്രദ്ധിച്ചിരുന്നു. അതിന്റെയെല്ലാം ഫലം കാണുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. ഇതിനൊപ്പം ഡോക്ടര്‍മാര്‍ അടക്കമുള്ള പ്രൊഫഷണലുകളുടെ വോട്ടുകളും അധികമായി എത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഇതിന്റെയെല്ലാം പിന്‍ബലത്തില്‍ വലിയ ഭൂരിപക്ഷത്തോടെയല്ലെങ്കിലും കരകയറുമെന്ന് ഇടതുമുന്നണി ഉറപ്പിക്കുന്നുണ്ട്.
എന്നാല്‍, യു.ഡി.എഫ്. മണ്ഡലമായ തൃക്കാക്കരയില്‍ ഒരു മാറ്റവും വരാന്‍ പോകുന്നില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് നേതൃത്വം.
ന്യൂനപക്ഷ വിഭാഗങ്ങളുടേത് മുന്നണിയുടെ പരമ്പരാഗത വോട്ടാണ്. ആ അടിത്തറയ്ക്ക് ഇളക്കംതട്ടിയിട്ടില്ല. ക്രൈസ്തവ സഭയെ സ്വാധീനിക്കാന്‍ ഇടതുപക്ഷത്തുനിന്ന് നടത്തിയ നീക്കങ്ങള്‍ തങ്ങള്‍ക്ക് ഗുണകരമാവുമെന്ന വിലയിരുത്തലാണ് നേതാക്കള്‍ക്കുള്ളത്. പി.സി. ജോര്‍ജും സര്‍ക്കാരുമായി ഉണ്ടായ വിഷയങ്ങള്‍ പരോക്ഷമായാണെങ്കിലും യു.ഡി.എഫിന് ഗുണം ചെയ്യുമെന്നും വിലയിരുത്തുന്നുണ്ട്. സിറോ മലബാര്‍ സഭയിലെ ആഭ്യന്തര പ്രശ്നങ്ങള്‍, ഇടതുസ്ഥാനാര്‍ഥി നിര്‍ണയത്തിന് തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലും നേതാക്കള്‍ക്കുണ്ട്. വൈദികര്‍തന്നെ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചത് ഇതിന്റെ പ്രതിഫലനമായി അവര്‍ കാണുന്നു. മുസ്ലിം സമുദായത്തില്‍നിന്നുള്ള വോട്ടുകള്‍ മുന്നണി വിട്ടുപോകേണ്ട രാഷ്ട്രീയ സാഹചര്യവും യു.ഡി.എഫ്. കാണുന്നില്ല. അതേസമയം കൊച്ചി കോര്‍പ്പറേഷനില്‍ യു.ഡി.എഫ്. കേന്ദ്രങ്ങളില്‍ പോളിങ് കുറഞ്ഞിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ തവണയും ഈ കേന്ദ്രങ്ങളില്‍ വലിയ പോളിങ് ഉണ്ടായിട്ടില്ലെന്നും അവിടെയുള്ള മുന്നണി വോട്ടുകള്‍ പെട്ടിയിലായിട്ടുണ്ടെന്നുമാണ് നേതാക്കള്‍ പറയുന്നത്.
.jpg?$p=24dc233&w=610&q=0.8)
ക്രൈസ്തവ സമുദായത്തില്‍നിന്നുള്ള വോട്ട് എന്‍.ഡി.എ.യും സ്വപ്നംകാണുന്നുണ്ട്. പി.സി. ജോര്‍ജ് വിവാദം തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ കത്തിക്കാന്‍ സാധിച്ചത് നേട്ടമാവുമെന്ന വിലയിരുത്തലിലാണ് നേതാക്കള്‍. പി.സി. ജോര്‍ജിനെതിരേയുള്ള സര്‍ക്കാര്‍ നീക്കത്തില്‍ സഭയിലെ ഒരു വിഭാഗം എതിര്‍പ്പ് പരസ്യമാക്കിയതും മുന്നണിയുടെ നില മെച്ചപ്പെടുത്താന്‍ സഹായിച്ചേക്കുമെന്ന് നേതാക്കള്‍ കരുതുന്നുണ്ട്. ബി.ജെ.പി. കൂടുതല്‍ വോട്ടുപിടിച്ചാല്‍ അത് യു.ഡി.എഫിനെയാവും സാരമായി ബാധിക്കുക. അങ്ങനെ പോവുകയാണെങ്കില്‍ ട്വന്റി 20 വോട്ടുകള്‍ കൊണ്ട് അത് മറികടക്കാന്‍ കഴിയുമെന്നാണ് നേതാക്കള്‍ കണക്കാക്കുന്നത്.
വിവാദങ്ങള്‍ അരങ്ങുവാണു വികസനം മാറിനിന്നു
തൃക്കാക്കരയില്‍ കേരളം കാത്തിരുന്നത് വികസന ചര്‍ച്ചകളുടെ കരയുദ്ധമായിരുന്നു. എല്ലാവരുംകൂടി തൃക്കാക്കരയ്ക്ക് വണ്ടികയറിയതും അങ്ങനെയായിരുന്നു. മുന്നണികള്‍ തുടങ്ങിയതും വികസനം പറഞ്ഞായിരുന്നു. എന്നാല്‍, പൊടുന്നനെ കളംമാറി. മുന്നണികള്‍ ജനങ്ങളെ നിരാശരാക്കി. ഇതുവരെ കാണാത്ത വര്‍ഗീയ ധ്രുവീകരണശ്രമങ്ങള്‍ പ്രചാരണത്തിലുണ്ടായി. വോട്ടറുടെ മതവും ജാതിയും നോക്കി അതേവിഭാഗത്തിലെ നേതാവിനെ കണ്ടെത്തി വോട്ടഭ്യര്‍ഥിക്കാന്‍ അയക്കുന്ന പുത്തന്പ്രീണനവും കണ്ടു. ന്യൂനപക്ഷങ്ങളുടെ ആളാണെന്നുവരുത്താന് മുന്നണികള്‍ മത്സരിച്ചു.
കെ-റെയില്‍ പ്രധാന അജന്‍ഡയാണെന്ന് മുന്നണികള്‍ പ്രഖ്യാപിച്ചെങ്കിലും അതില്‍ ഊന്നിയുള്ള ചര്‍ച്ചകളുണ്ടായില്ല. ഇടതുസ്ഥാനാര്‍ഥിയായി ജോ ജോസഫ് എത്തിയപ്പോള്‍, അത് സഭയുടെ സ്ഥാനാര്‍ഥിയാണെന്ന വ്യാഖ്യാനമുണ്ടായി. കോണ്‍ഗ്രസില്‍നിന്ന് ഇറങ്ങി എങ്ങുമെത്താതെ നില്‍ക്കുകയായിരുന്ന കെ.വി. തോമസിനെ കണ്‍വെന്‍ഷനില്‍ എത്തിച്ച് ഇടതുമുന്നണി അടുത്ത ചര്‍ച്ചയ്ക്ക് വഴിതുറന്നു.
മുഖ്യമന്ത്രി ഇടതുകണ്‍വെന്‍ഷനില്‍ തിരഞ്ഞെടുപ്പിനുള്ള അവസരം 'സൗഭാഗ്യ'മായിക്കണ്ടതും വിവാദമായി. രണ്ടുദിവസം സെന്റിമെന്സില് ഊന്നിയുള്ള ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസിന് അവസരംകിട്ടി. മുഖ്യമന്ത്രിയെ കെ.പി.സി.സി. പ്രസിഡന്റ് നായയോട് ഉപമിച്ചെന്നായിരുന്നു സി.പി.എമ്മിന്റെ ആരോപണം. അതേച്ചൊല്ലി മൂന്നുനാലുദിവസം വാക്കേറ്റംനടന്നു.
നടിയെ പീഡിപ്പിച്ച കേസില്‍ അതിജീവിതയുടെ പരാതി കോടതിയില്‍ വന്നു. അതേച്ചൊല്ലിയായി പിന്നത്തെ തര്‍ക്കം. കോണ്ഗ്രസ്സത് സര്‍ക്കാരിനെതിരേ തിരിച്ചുവിട്ടപ്പോള്‍ സി.പി.എം. നേതാക്കള്‍ നടിക്കെതിരേയും അനുകൂലമായുമെല്ലാം ചര്‍ച്ചചെയ്ത് പുകമറയുണ്ടാക്കി. പിന്നെ ഇടതുസ്ഥാനാര്‍ഥിയുടെ വ്യാജ അശ്ലീലവീഡിയോ ആരോപണം വന്നു. ഇതിനിടെ കെ-റെയിലിന് കല്ലിടല്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ച ഒരു ദിവസം അതേക്കുറിച്ചുള്ള ചര്‍ച്ചനടന്നു. ഇക്കാര്യത്തില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം രംഗത്തിറങ്ങിയെങ്കിലും മുന്നോട്ടുപോയില്ല. പ്രചാരണം തീരാന്‍ മൂന്നുദിവസമുള്ളപ്പോള് മുന്‍മുഖ്യമന്ത്രി കെ-റെയില്‍ വിഷയത്തില്‍ മൂന്നുചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും അതെല്ലാം മറ്റുവിവാദങ്ങളില് മുങ്ങിപ്പോയി. എരിതീയില്‍ എണ്ണയൊഴിക്കാന്‍ പൂഞ്ഞാറില്‍നിന്ന് പി.സി. ജോര്‍ജും തൃക്കാക്കരയ്ക്ക് വണ്ടിപിടിച്ചു. പ്രചാരണത്തിന്റെ അവസാനദിവസങ്ങളില്‍ പി.സി. ജോര്‍ജിന്റെ അറസ്റ്റിനെച്ചൊല്ലിയും ചര്‍ച്ച കൊഴുത്തു.
ഒരു ഉപതിരഞ്ഞെടുപ്പായിട്ടും അവിടത്തെ പ്രശ്നങ്ങളോ വികസനപ്രശ്നങ്ങളോ കൂടുതല്‍ ചര്‍ച്ചയായില്ല. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കേന്ദ്രമന്ത്രിയും ഉള്‍പ്പെടെ മുന്‍നിര നേതാക്കളെല്ലാം തൃക്കാക്കരയിലെത്തി. പ്രചാരണത്തിലുടനീളം ഉയര്‍ന്ന ചര്‍ച്ചകള്‍ മുന്നിരവിഷയങ്ങളെപ്പറ്റിയായില്ല. ചര്ച്ചയായതുപലതും ജനാധിപത്യത്തിനു ആശാസ്യവുമായിരുന്നില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..