പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കോണ്‍ഗ്രസ് സമീപിക്കുന്നത്. വിജയം സുനിശ്ചിതമെന്ന് നേതാക്കള്‍ ആശങ്കയില്ലാതെ ആവര്‍ത്തിക്കുന്നു. മണ്ഡലം രൂപീകൃതമായ ശേഷം നടന്ന തിരഞ്ഞെടുപ്പുകളുടെ ഫലമാണ് ആത്മവിശ്വാസത്തിന് കാരണം. ഏതൊരു പ്രതികൂല രാഷ്ട്രീയ സാഹചര്യത്തിലും മണ്ഡലം തങ്ങളെ കൈവിടില്ലെന്നാണ് യുഡിഎഫ് നേതാക്കള്‍ ഉറച്ച് വിശ്വസിക്കുന്നത്.
മണ്ഡലം രൂപീകരിച്ചതിന് ശേഷം ഒരിക്കല്‍പ്പോലും യുഡിഎഫിനെ കൈവിട്ടിട്ടില്ലെന്നതാണ് മണ്ഡലത്തിലെ രാഷ്ട്രീയ ചിത്രം. 2016ലും 2021ലും എല്‍ഡിഎഫ് തരംഗം സംസ്ഥാനത്ത് ആഞ്ഞടിച്ചപ്പോഴും തൃക്കാക്കര യുഡിഎഫിനൊപ്പം ഉറച്ച് നിന്നു.കൊച്ചി നഗരസഭയിലെ 22 ഡിവിഷനുകളും ഒപ്പം തൃക്കാക്കര നഗരസഭയും അടങ്ങിയതാണ് മണ്ഡലം. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊച്ചി നഗരസഭയില്‍ കോണ്‍ഗ്രസ് പിന്നോട്ട് പോയപ്പോഴും തൃക്കാക്കര മണ്ഡല പരിധിയില്‍ വരുന്ന ഡിവിഷനുകളില്‍ മികച്ച പ്രകടനമാണ് നടത്തിയത്.
2011ല്‍ ബെന്നി ബെഹ്നാന്‍, 2016,2021 വര്‍ഷങ്ങളില്‍ പി.ടി തോമസ് എന്നിവരാണ് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. 2011ല്‍ ബെന്നി ബെഹ്നാന്‍ 22,406 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ഇ ഹസൈനാറെ പരാജയപ്പെടുത്തിയത്. ആകെ പോള്‍ ചെയ്ത 1,17,853 വോട്ടുകളില്‍ 65,854 വോട്ടുകള്‍ ബെന്നി ബെഹനാന്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് നേടാനായത് 43,448 വോട്ടുകള്‍ മാത്രമാണ്. മൂന്നാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചത് വെറും 5935 വോട്ടുകള്‍.
2016ലാണ് പി.ടി തോമസ് മണ്ഡലത്തിലേക്ക് കടന്ന് വരുന്നത്. ഇടത് സഹയാത്രികനായ സെബാസ്റ്റിയന്‍ പോളും പി.ടി തോമസും തമ്മില്‍ ശക്തമായ പോരാട്ടം നടന്നെങ്കിലും 11,966 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പി.ടി ജയിച്ചുകയറുകയായിരുന്നു. 1,35,304 വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍ പിടി തോമസ് 61,268 വോട്ടും സെബാസ്റ്റിയന്‍ പോള്‍ 49,455 വോട്ടുകളും നേടി. ബിജെപി അവരുടെ വോട്ട് വിഹിതം അയ്യായിരത്തില്‍ നിന്ന് 21,247 വോട്ടാക്കി ഉയര്‍ത്തുന്നതിനും 2016ലെ തിരഞ്ഞെടുപ്പ് സാക്ഷിയായി.
2021ല്‍ ഇടത് സ്വതന്ത്രനായ ഡോക്ടര്‍ ജെ ജേക്കബിനെയാണ് പി.ടി തോമസ് പരാജയപ്പെടുത്തിയത്. 14,329 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പി.ടി വിജയിച്ചത്. 59,839 വോട്ടുകളാണ് പി.ടി തോമസ് നേടിയത്. ഇടത് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 45,510 വോട്ടുകളാണ്. ബിജെപിക്ക് 15,483 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ട്വന്റി20ക്ക് 13,897 വോട്ടുകള്‍ നേടാനായി.
Content Highlights: congress leaders confident over the election history of thrikkakkara
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..