പറ്റിയ അബദ്ധം തിരുത്തി തൃക്കാക്കര നിറഞ്ഞ നൂറിലെത്തും; കെ.വി തോമസ് വികസന പക്ഷത്ത്- മുഖ്യമന്ത്രി


എറണാകുളം തൃക്കാക്കര മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണം ഉദ്‌ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

കൊച്ചി: ഉപതിരഞ്ഞെടുപ്പില്‍ കേരളം ആഗ്രഹിക്കുന്ന തരത്തില്‍ തൃക്കാക്കര മണ്ഡലത്തിലെ ജനങ്ങള്‍ പ്രതികരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
അതിന്റെതായ വേവലാതികള്‍ യു.ഡി.എഫ്. ക്യാമ്പുകളില്‍ പ്രകടമാണ്. കേവലം ഒരു മണ്ഡലത്തിലെ നിയമസഭാ പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള മത്സരമാണിതെങ്കിലും അതിനപ്പുറം മാനങ്ങളുള്ള ഒന്നായി തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃക്കാക്കരയിലെ എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഉപതിരഞ്ഞെടുപ്പ് ഇടതിന് അസുലഭ അവസരമാണ്‌. കേരളം ഒന്നാകെ ആഗ്രഹിക്കുന്ന പോലെ എല്‍.ഡി.എഫിന്റെ 99 സീറ്റുകള്‍ തൃക്കാക്കര തിരഞ്ഞെടുപ്പോടെ 100 -ലേക്ക് എത്തും. കഴിഞ്ഞ തവണ പറ്റിയ അബദ്ധം തിരുത്താനുള്ള അവസരമാണ് തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് കൈവന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് മുസ്ലീം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരേ നിരന്തരം അക്രമം നടക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ഇതിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കാനല്ല മറിച്ച് പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്ര ഭരണാധികാരികള്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. രാജ്യത്തെ മതനിരപേക്ഷ ചിന്താഗതിക്കാര്‍ ഈ കാടത്തത്തിതിരേ അണിനിരക്കണം. എന്നാല്‍ ഈ ആക്രമണങ്ങളെ വാക്കാല്‍ പോലും നേരിടാന്‍ കോണ്‍ഗ്രസിനാകുന്നില്ല. അവര്‍ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ്. ദുഷ്‌ചെയ്തികള്‍ ചെയ്യുന്നവരുടെ 'ബി' ടീമായി കോണ്‍ഗ്രസ് മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിസമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുകയും മറ്റുള്ളവരെല്ലാം പരമ ദരിദ്രരായി മാറുകയും ചെയ്യുന്ന സാമ്പത്തിക നയമാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. ഈ നയത്തെ രാജ്യമാകെ എതിര്‍ക്കുകയാണ്. ബി.ജെ.പി.യുടെ അതേ നയമാണ് കോണ്‍ഗ്രസും മുമ്പ് സ്വീകരിച്ചിരുന്നത്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന അതിതീവ്രമായ ജനദ്രോഹ നയങ്ങളെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. കാരണം തങ്ങളുടെ കുഞ്ഞാണ് അത് എന്നതാണ് അവരെ അലട്ടുന്ന കാര്യം. രണ്ടു കൂട്ടരുടെയും സാമ്പത്തിക നയം ഒന്നാണ്. ഈ സാമ്പത്തിക നയംവെച്ച് രാജ്യത്തെ രക്ഷപ്പെടുത്താനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിന് ഗുണമുള്ള ഒരു പദ്ധതിയെയും പ്രതിപക്ഷം അനുകൂലിക്കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. യു.ഡി.എഫ്. എം.പി.മാര്‍ നാട്ടില്‍ എന്ത് വികസനമാണ് കൊണ്ടുവരുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. വികസനത്തിനെതിരായ ശബ്ദം ഉയര്‍ത്താന്‍ അവര്‍ക്ക് ഒരു മടിയുമില്ലെന്നും വികസനം വരാതിരിക്കാനാണ് കോണ്‍ഗ്രസ് എം.പി.മാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദീര്‍ഘകാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള കെ.വി. തോമസ് വികസന പക്ഷത്ത് നില്‍ക്കുന്നതുകൊണ്ടാണ് ഇടതുവേദിയിലെത്തിയതെന്നും അദ്ദേഹം കണ്‍വന്‍ഷന്‍ വേദിയിലെത്തിയതിന് പിന്നാലെ മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയമായി എവിടെനിന്നാലും വികസനത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്നും പ്രതിപക്ഷത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ വേദിയിലേക്കെത്തിയ കെ.വി തോമസിനെ 'സഖാവ്' വിളികളോടെയാണ് പ്രവര്‍ത്തകര്‍ സ്‌റ്റേജിലേക്ക് ആനയിച്ചത്. എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ഷാള്‍ അണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു.

Content Highlights: cm pinarayi vijayan's speech in thrikkakara bypoll

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


Andrew Symonds

1 min

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് കാറപകടത്തില്‍ മരിച്ചു

May 15, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section
Most Commented