ജോ ജോസഫ്, മുഖ്യമന്ത്രി പിണറായി വിജയൻ |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പുഫലം വന്ന് രണ്ടുദിവസമായിട്ടും മുഖ്യമന്ത്രിയുടെ മൗനം തുടരുന്നു. ഞായറാഴ്ച കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോഴും മുഖ്യമന്ത്രി മൗനംവെടിഞ്ഞില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കേണ്ട കാര്യമില്ലെന്നാണ് സി.പി.എം. നേതാക്കളുടെ വിശദീകരണം. പറയേണ്ടത് പാര്‍ട്ടിസെക്രട്ടറി പറഞ്ഞിട്ടുണ്ടെന്ന് എസ്. രാമചന്ദ്രന്‍ പിള്ളയും തോമസ് ഐസക്കും പ്രതികരിച്ചു.
പൊതുവേ, സര്‍ക്കാര്‍കാര്യങ്ങള്‍ വിശദീകരിക്കാനല്ലാതെ നേരിട്ട് മാധ്യമങ്ങളോട് പ്രതികരിക്കുന്ന രീതി മുഖ്യമന്ത്രിക്ക് കുറവാണ്. അതേസമയം, പൊതുവിഷയങ്ങളിലടക്കം സാമൂഹികമാധ്യമങ്ങളിലൂടെ നിലപാട് വിശദീകരിക്കാറുണ്ട്. തൃക്കാക്കരഫലത്തെക്കുറിച്ച് ഇതുവരെ ആ രീതിയിലും അദ്ദേഹത്തിന്റെ പ്രതികരണമുണ്ടായിട്ടില്ല.
മുഖ്യമന്ത്രി പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുമെന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് എസ്. രാമചന്ദ്രന്‍പിള്ള പറഞ്ഞത്. ''ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എന്തിന് പ്രതികരിക്കണം. അദ്ദേഹം ഉള്‍പ്പെടുന്ന പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നാണ് തിരഞ്ഞെടുപ്പുഫലം വിലയിരുത്തിയത്. അതിനനുസരിച്ച് പാര്‍ട്ടി സംസ്ഥാനസെക്രട്ടറി പ്രതികരിച്ചിട്ടുണ്ട്. അത് പാര്‍ട്ടിയുടെ പ്രതികരണമാണ്. ഓരോ വ്യക്തിയും ഇതില്‍ പ്രതികരിക്കേണ്ടതില്ല'' -എസ്.ആര്‍.പി. പറഞ്ഞു.
തിരഞ്ഞെടുപ്പുഫലത്തെക്കുറിച്ച് പ്രതികരിക്കേണ്ടത് പാര്‍ട്ടി സെക്രട്ടറിയാണ്, അതുണ്ടായിട്ടുണ്ടെന്ന് കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ''ഫലം സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ പാര്‍ട്ടി നടത്തും. ഇപ്പോള്‍ പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്'' -തോമസ് ഐസക് പറഞ്ഞു.
യു.ഡി.എഫ്. വോട്ട് കുറയ്ക്കാന്‍ ആയില്ല -എസ്. ആര്‍.പി.
: തൃക്കാക്കര കോണ്‍ഗ്രസിന്റെ ഉറച്ചസീറ്റാണെന്ന് സി.പി.എം.നേതാവ് എസ്. രാമചന്ദ്രന്‍പിള്ള. അത് അവര്‍ നേടി. യു.ഡി.എഫിന്റെ വോട്ട് കുറയ്ക്കാന്‍ ഞങ്ങള്‍ശ്രമിച്ചു. അതിനുകഴിഞ്ഞില്ല. കുറച്ചുകൂടി വോട്ടുകിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും എസ്.ആര്‍.പി. പറഞ്ഞു. ട്വന്റി-ട്വന്റി, ബി.ജെ.പി. വോട്ടുകളെല്ലാം യു.ഡി.എഫിനു കൊടുത്തിട്ടുണ്ട്. യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ മണ്ഡലമാണത്. കഴിഞ്ഞതവണ അവര്‍ക്ക് വേണ്ടത്ര വോട്ടുകള്‍ലഭിച്ചില്ല. അത് കോണ്‍ഗ്രസിലെ തര്‍ക്കംകാരണമാണ് -രാമചന്ദ്രന്‍പിള്ള പറഞ്ഞു.
Content Highlights: CM pinarayi silent on Thrikkakara result-CPM leaders say no need to speak
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..