.jpg?$p=298ab5c&f=16x10&w=856&q=0.8)
എറണാകുളം തൃക്കാക്കര മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി
കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ സൗഭാഗ്യ പരാമർശം രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൺവെൻഷനിൽ മുഖ്യമന്ത്രി നടത്തിയ സൗഭാഗ്യ പരമാർശമാണ് കോൺഗ്രസ് രാഷ്ട്രീയ വിവാദമാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ പിടി തോമസിനെതിരെ നടത്തിയ പ്രസ്താവനയിൽ കേരളം അപമാന ഭാരത്താൽ തലകുനിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. എങ്ങനെയാണ് മുഖ്യമന്ത്രിക്ക് ഇത്രയും നിന്ദ്യമായി പെരുമാറാൻ കഴിയുന്നത്. നിയമസഭയിൽ പി.ടി നടത്തിയ ഇടപെടലുകളിലെ വൈരാഗ്യമാകാം മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് കാരണമെന്നും പ്രതിപക്ഷ നേതാവ് രാജസ്ഥാനിലെ ഉദയ്പുരിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.
2021ൽ പി.ടി തോമസിനെ വിജയിപ്പിച്ചത് തൃക്കാക്കരയിലെ ജനങ്ങൾക്ക് പറ്റിയ ഒരു അബദ്ധമാണെന്നും ഇപ്പോൾ പി.ടി തോമസ് മരിച്ചത് കൊണ്ട് ഒരു സൗഭാഗ്യം കൈവന്നിരിക്കുകയാണെന്നും കേരളത്തിലെ മുഖ്യമന്ത്രി പറഞ്ഞാൽ എന്താണ് തിരിച്ച് പറയേണ്ടത്? അദ്ദേഹം ഇങ്ങനത്തെ പ്രയോഗങ്ങളിൽ വിദഗ്ദനാണെന്നും പരനാറി പ്രയോഗം നടത്തുക, കുലം കുത്തി പ്രയോഗം നടത്തുക എന്നിട്ട് കുലം കുത്തികളെ മാലയിട്ട് സ്വീകരിക്കുക എന്നും വി.ഡി സതീശൻ പറഞ്ഞു.
അതേസമയം, അബദ്ധമല്ല, അഭിമാനമെന്നാണ് ഉമ തോമസ് പി.ടി തോമസിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തിന് മറുപടി നൽകിയത്.
പി.ടിയെ പോലൊരാളുടെ നഷ്ടത്തെ സുവർണാവസരമായി കാണാൻ ഒരു മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കും? മരണത്തെ അദ്ദേഹം ആഘോഷമാക്കി മാറ്റുകയാണോ? പി.ടി തൃക്കാക്കരയുടെ അഭിമാനമായിരുന്നു. അദ്ദേഹത്തെ അറിയാവുന്നത് കൊണ്ടാണ് രണ്ടാം വട്ടവും ഏറെ പ്രതികൂലമായ സാഹചര്യങ്ങൾ ഉണ്ടായിട്ടും ഭൂരിപക്ഷം വർധിപ്പിപ്പ് തൃക്കാക്കരയിലെ ജനങ്ങൾ വിജയിപ്പിച്ചതെന്നും അദ്ദേഹം ഉമ തോമസ് പറഞ്ഞു.
പറ്റിയ അബദ്ധം തിരുത്തുന്നതിനുള്ള ഒരു അവസരം കൂടി സൗഭാഗ്യമായി കൈവന്നിരിക്കുന്നു എന്നുള്ളതായിരുന്നു മുഖ്യമന്ത്രി നടത്തിയ പരാമർശം. ഇതാണ് യുഡിഎഫ് വിവാദമാക്കിയതും പ്രതിഷേധത്തിനിടയാക്കിയതും.
എന്നാൽ, മണ്ഡലത്തിലെ വികസനവും സംസ്ഥാനത്താകമാനം നടക്കുന്ന വികസന പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ളതുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. അതുകൊണ്ട് തന്നെ മറ്റു പ്രദേശങ്ങൾക്കൊപ്പം തന്നെ തൃക്കാക്കരയിലേക്ക് വികസനം കൊണ്ടു വരണം. അതുകൊണ്ട് അത്തരത്തിൽ ഒരു അബദ്ധം ഇനി ജനങ്ങൾക്ക് സംഭവിക്കരുത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരമാർശം. തൃക്കാക്കരയിലെ വികസനങ്ങളെക്കുറിച്ചു വികസന പ്രവർത്തനങ്ങളെക്കുറിച്ചും കൃത്യമായ കാഴ്ചപ്പാടുകൾ മുഖ്യമന്ത്രി പൊതുയോഗത്തിൽ അവതരിപ്പിച്ചിരുന്നു. ഭരണപക്ഷത്തുള്ള ഒരു എംഎൽഎയെ മണ്ഡലത്തിൽ നിന്ന് വരണം എന്നും മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..