കൊച്ചിയിൽ നടന്ന ട്വന്റി 20 മഹാസംഗമത്തിൽ നിന്ന്
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും പിന്തുണ നല്‍കേണ്ടതില്ലെന്ന് ട്വന്റി 20-ആം ആദ്മി മുന്നണിയായ ജനക്ഷേമസഖ്യം തീരുമാനിച്ചു. തൃക്കാക്കരയില്‍ ഏത് മുന്നണി ജയിച്ചാലും കേരളത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക-സാമൂഹിക-വികസന സാഹചര്യങ്ങളില്‍ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. അതുകൊണ്ടാണ് സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടെന്ന് തീരുമാനിച്ചതെന്ന് നേതാക്കളായ സാബു എം. ജേക്കബും പി.സി. സിറിയക്കും പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.
അതേസമയം, നിലവിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെ വിലയിരുത്തി ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാന്‍ അണികള്‍ക്ക് കഴിയണമെന്നും അതിനുള്ള രാഷ്ട്രീയ പ്രബുദ്ധത അവര്‍ക്കുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. പിന്തുണ ആര്‍ക്കുമില്ലെന്ന ജനക്ഷേമസഖ്യത്തിന്റെ നിലപാടിനെ തങ്ങള്‍ക്ക് അനുകൂലമായി വ്യാഖാനിച്ചുകൊണ്ട് മുന്നണികള്‍ രംഗത്തുവന്നു. ട്വന്റി 20 യുടെ ഒരു പ്രവര്‍ത്തകനെ സി.പി.എമ്മുകാര്‍ കൊന്നിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂവെന്നും അപ്പോള്‍ അവര്‍ക്കെങ്ങനെ ഇടതുപക്ഷത്തെ പിന്തുണയ്ക്കാന്‍ കഴിയുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ചോദിച്ചു. അവരുടെ സ്ഥാപനം പൂട്ടിക്കാനാണ് കുന്നത്തുനാട് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ സി.പി.എം. ശ്രമിച്ചത്. ഒരു സ്ഥാപനവും പൂട്ടിക്കണമെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. അവിടെ എന്തെങ്കിലും പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അതു പരിഹരിച്ചുകൊണ്ടു മുന്നോട്ടുപോകണമെന്നാണ് ഞങ്ങളുടെ നിലപാട്. അവര്‍ മത്സരിച്ചിരുന്നെങ്കില്‍ സര്‍ക്കാര്‍ വിരുദ്ധവോട്ടുകള്‍ വിഭജിച്ചുപോകുമായിരുന്നു.
ഇപ്പോഴത്തെ അവരുടെ നിലപാട് യു.ഡി.എഫിന് ഗുണമാകുമെന്നും സതീശന് വ്യക്തമാക്കി. ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിനെതിരേ നിലപാട് സ്വീകരിച്ച് ഉയര്‍ന്നുവന്ന പാര്‍ട്ടിയാണ്. അവര്‍ ഉള്‍പ്പെടുന്ന ജനക്ഷേമസഖ്യത്തിന്റെ തീരുമാനം, കേരളത്തില്‍ അഴിമതിവിരുദ്ധമായി, ജനക്ഷേമം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷത്തിന് ഗുണകരമാവുമെന്ന് കണ്‍വീനര്‍ ഇ.പി. ജയരാജന് പറഞ്ഞു. ട്വന്റി 20 യുടെ വ്യവസായ സ്ഥാപനത്തിനെതിരേ കോണ്‍ഗ്രസിന്റെ എം.എല്‍.എ.യും എം.പി.യും സ്വീകരിച്ച നിലപാട് എല്ലാവര്ക്കും അറിയാം.
തങ്ങള്‍ ആരെയും കൊല്ലുന്ന പാര്‍ട്ടിയല്ല. തങ്ങളുടെ നിരവധിയായ ആളുകളെ കോണ്‍ഗ്രസ് ഗുണ്ടകളാണ് കൊന്നിട്ടുള്ളതെന്ന് ചോദ്യങ്ങള്‍ക്ക് മറുപടിയായി ജയരാജന് പറഞ്ഞു. ട്വന്റി 20 പ്രവര്‍ത്തകനായ ദീപുവിനെ വെട്ടിക്കൊന്നവര്ക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ അവര്‍ക്കാവില്ലെന്ന് തൃക്കാക്കരയിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന് പറഞ്ഞു. കോണ്‍ഗ്രസിന്റെ എം.പിയും എം.എല്‍.എ.യുമെല്ലാം അവരുടെ സ്ഥാപനം പൂട്ടിക്കാനായി ഇറങ്ങിയതാണ്.
കമ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും വോട്ട് ചെയ്യാന്‍ അവര്‍ക്ക് പറ്റില്ല. അവര്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചിട്ടുള്ള ഞങ്ങള്‍ക്കായിരിക്കും അവരുടെ പിന്തുണയെന്നും രാധാകൃഷ്ണന് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..