ശ്യാം പുഷ്കരൻ, വിനീത് ശ്രീനിവാസൻ | ഫോട്ടോ: ശ്രീജിത്ത് പി രാജ്, ബി.മുരളികൃഷ്ണൻ | മാതൃഭൂമി
തങ്കം എന്ന ചിത്രത്തിലെ നായകന്മാരിൽ ഒരാളായി വിനീത് ശ്രീനിവാസൻ വന്നതിനേക്കുറിച്ച് തുറന്നുപറഞ്ഞ് തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ. ചിത്രം നിർമിച്ച ഭാവനാ സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിനുവേണ്ടി നടത്തിയ ടോക് ഷോയിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഫഹദ് ഫാസിൽ ആയിരുന്നില്ല ആ കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്നത് എന്ന് തോന്നിയിട്ടുണ്ടെന്ന് ശ്യാം പുഷ്കരൻ പറഞ്ഞു.
തങ്കത്തിലെ കഥാപാത്രമായി വിനീതിനെത്തന്നെയാണ് ആദ്യമേ വെച്ചിരുന്നതെന്ന് ശ്യാം പുഷ്കരൻ പറഞ്ഞു. പിന്നെ കുഞ്ഞുണ്ടായതിനേത്തുടർന്ന് വിനീത് മാറിയതിനേത്തുടർന്ന് ഞങ്ങൾ കമ്പനി ആർട്ടിസ്റ്റായ ഫഹദിനെ തീരുമാനിച്ചു. പിന്നെ വിനീത് ഫ്രീയായി. ശരിക്ക് ഫഹദ് അല്ല ആ കഥാപാത്രമാവേണ്ടതെന്ന് തോന്നിയിരുന്നു. ഒരു പ്രത്യേക സീൻ വന്നപ്പോൾ ഇത് വിനീത് തന്നെ ചെയ്യേണ്ടതല്ലേ എന്നു ചിന്തിച്ചു. സിനിമയിലെ ഈ സീൻ വന്നപ്പോൾ ഉറപ്പായി. എഡിറ്റർ കിരണിനോടും ഇക്കാര്യം പറഞ്ഞു. ആ ജഡ്ജ്മെൻറ് ശരിയായതിൽ സന്തോഷമുണ്ടെന്ന് തിരക്കഥാകൃത്ത് പറഞ്ഞു.
വീണ്ടും വിനീതിലേക്ക് പോകുന്നത് അഹങ്കാരമാവില്ലേ, ഫഹദ് എന്ത് വിചാരിക്കും എന്നെല്ലാം തോന്നിയിരുന്നു. നമ്മൾ ആലോചിച്ചതിൻറെ സത്യസന്ധതയിൽ വിനീത് ആണ് ഈ വേഷം ചെയ്യേണ്ടിയിരുന്നത് എന്ന് തോന്നിയിരുന്നു. ആ ഒരു പ്രത്യേക സീൻ കഴിഞ്ഞപ്പോൾ വിനീത് ഒരു ട്രാൻസിലായതു പോലെ തോന്നി. നായികയായ അപർണ വളരെ ഇംപ്രൂവ് ചെയ്തിട്ടുണ്ട്. കാര്യങ്ങൾ പെട്ടന്ന് ഗ്രഹിക്കുന്ന കലാകാരിയായി മാറിയെന്നും ശ്യാം പുഷ്കരൻ കൂട്ടിച്ചേർത്തു.
ബിജു മേനോനും വിനീത് ശ്രീനിവാസനും ഏറെ വ്യത്യസ്തമായ റോളിലാണ് സിനിമയിലുള്ളത്. ബോളിവുഡ് സംവിധായകനും നടനുമായ ഗിരീഷ് കുൽക്കർണി പോലീസ് ഓഫീസറുടെ വേഷത്തിൽ ചിത്രത്തിലുണ്ട്. അപർണ ബാലമുരളിയാണ് നായിക. ഭാവന സ്റ്റുഡിയോസിൻറെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ രചന നിർവ്വഹിക്കുന്നത് ശ്യാം പുഷ്കരനാണ്. ഛായാഗ്രഹണം ഗൗതം ശങ്കർ, സംഗീതം ബിജിബാൽ, എഡിറ്റിംഗ് കിരൺ ദാസ്, കലാസംവിധാനം ഗോകുൽ ദാസ്. ജനുവരി 26ന് ചിത്രം തിയറ്ററുകളിൽ എത്തും.
Content Highlights: thankam movie, shyam pushkaran about vineeth sreenivasan's performance
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..