'തങ്കം' പോസ്റ്റർ | photo: special arrangements
ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കുന്ന സഹീദ് അറാഫത്ത് ചിത്രം 'തങ്കം' റിലീസിന് ഒരുങ്ങുന്നു. ഭാവന സ്റ്റുഡിയോസിൻറെ ബാനറിൽ ബിജു മേനോനും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രം ജനുവരി 26-നാണ് തിയറ്ററുകളിലെത്തുന്നത്.
ഇപ്പോഴിതാ, ചിത്രത്തെക്കുറിച്ച് അണിയറപ്രവർത്തകർ പങ്കുവെച്ച കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. തങ്ങളുടെ സിനിമയിൽ വിവിധ ഭാഷകളുണ്ടെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. തങ്കം ടോക് ഷോയിലാണ് ഇവരുടെ പ്രതികരണം.
'തങ്കത്തിൽ തൃശൂരിൽ തുടങ്ങി ചെന്നൈയും മഹാരാഷ്ട്രയുമൊക്കെ ലൊക്കേഷനുകളായി വരുന്നുണ്ട്. അതിനാൽ തന്നെ മലയാളവും തമിഴും ഹിന്ദിയും മറാത്തിയും ഇംഗ്ലീഷുമൊക്കെ സംസാരിക്കുന്ന കഥാപാത്രങ്ങൾ സിനിമയിലുണ്ട്. പക്ഷേ തങ്കം ഒരു മലയാളം സിനിമ തന്നെയാണ്. ശ്യാം പുഷ്കരൻ അത് ബുദ്ധിപൂർവ്വം തിരക്കഥയാക്കി' - ദിലീഷ് പോത്തൻ പറഞ്ഞു.
'ഈ സിനിമ കേരളത്തിലെ പ്രേക്ഷകർ എങ്ങനെ ഏറ്റെടുക്കുമെന്നൊരു ടെൻഷൻ ഉണ്ടായിരുന്നു. വിവിധ ഭാഷകൾ കടന്നു വരുന്നൊരു സിനിമ എഴുതുമ്പോൾ ബുദ്ധിമുട്ടുണ്ട്. അതിനാൽ മലയാളം അല്ലാതെയുള്ള ഭാഷകൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള രണ്ട് കഥാപാത്രങ്ങളുടെ ആംഗിളിൽ സിനിമയെ മുന്നോട്ടുകൊണ്ടുപോകാമെന്ന് തീരുമാനിക്കുകയായിരുന്നു. അത് സിനിമയിൽ തമാശയ്ക്കുവേണ്ടിയും ഉപയോഗിച്ചിട്ടുണ്ട്. ബിജു മേനോൻ, വിനീത് തട്ടിൽ അവതരിപ്പിക്കുന്ന സാധാരണക്കാരായ രണ്ട് കഥാപാത്രങ്ങളുടെ ആംഗിളിലാണ് സിനിമ. അവരുടെ അടിസ്ഥാന അറിവിൽ മനസ്സിലാക്കാനാവുന്ന ഭാഷകളെ സിനിമയിൽ കഥാപാത്രങ്ങൾ പറയുന്നുമുള്ളൂ. അതിനാൽ തന്നെ എല്ലാത്തരം പ്രേക്ഷകർക്കും മനസ്സിലാക്കാവുന്ന രീതിയിലുള്ളതാണ് സിനിമയിലെ സംഭാഷണങ്ങൾ', ശ്യാം പുഷ്കരൻ പറഞ്ഞു. തങ്ങളുടെ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഏറെ സിനിമാറ്റിക് രീതിയിലാണ് ഭാവന സ്റ്റുഡിയോസ് തങ്കം പ്രേക്ഷകരിലേക്കെത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിനീത് ശ്രീനിവാസൻ, ബിജു മേനോൻ, അപർണ്ണ ബാലമുരളി, ഗിരീഷ് കുൽക്കർണി, കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി തുടങ്ങി നിരവധി താരങ്ങൾ 'തങ്ക'ത്തിൽ എത്തുന്നുണ്ട്. കൂടാതെ നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും സിനിമയിൽ അഭിനയിക്കുന്നുണ്ട്.
ഗൗതം ശങ്കറാണ് ചിത്രത്തിൻറെ ക്യാമറ. ബിജി ബാലാണ് സംഗീതം, എഡിറ്റിങ് കിരൺ ദാസും കലാ സംവിധാനം ഗോകുൽ ദാസും സൗണ്ട് ഡിസൈൻ ഗണേഷ് മാരാരും മേക്കപ്പ് റോണക്സ് സേവ്യറും നിർവ്വഹിച്ചിരിക്കുന്നു. ഭാവന സ്റ്റുഡിയോസിൻറെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ആക്ഷൻ -സുപ്രീം സുന്ദർ, ജോളി ബാസ്റ്റിൻ, കോസ്റ്യൂം ഡിസൈൻ -മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ -ബിനു മണമ്പൂർ, സൗണ്ട് മിക്സിങ് -തപസ് നായിക്ക്, കോ പ്രൊഡ്യൂസേഴ്സ് -രാജൻ തോമസ്, ഉണ്ണിമായ പ്രസാദ്, വിഎഫ്എക്സ് -എഗ് വൈറ്റ് വിഎഫ്എക്സ്, ഡി.ഐ കളർ -പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് -ബെന്നി കട്ടപ്പന, ജോസ് വിജയ്, കോ ഡയറക്ടർ -പ്രിനീഷ് പ്രഭാകരൻ.
Content Highlights: thankam movie dileesh pothan and shyam pushkaranan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..