ബിജു മേനോൻ, തങ്കം സിനിമയുടെ പോസ്റ്റർ, വിനീത് ശ്രീനിവാസൻ | ഫോട്ടോ: ബി. മുരളികൃഷ്ണൻ, www.facebook.com/IamBijuMenon, വി.പി. പ്രവീൺ കുമാർ | മാതൃഭൂമി
ബിജു മേനോനും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന 'തങ്കം' തിയേറ്റര്‍ റിലീസിനായി ഒരുങ്ങുകയാണ്. ഭാവന സ്റ്റുഡിയോസ് നിർമിച്ച് ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കി സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ക്രൈം ഡ്രാമയാണ്. 2017-ൽ സിനിമയുടെ സ്ക്രിപ്റ്റ് പൂർത്തിയായെങ്കിലും കോവിഡ് കാലവും മറ്റുമൊക്കെ മൂലം സിനിമ നീണ്ടുപോവുകയായിരുന്നു. ഒടുവിൽ ഈ വരുന്ന ജനുവരി 26ന് ചിത്രം തിയറ്ററുകളിലെത്തുകയാണ്. സമയം ഇത്രയും നീണ്ടതിനാൽ തന്നെ ഈ കാലയളവിൽ തങ്കത്തിനുവേണ്ടി പരിപൂർണ്ണമായി സമയം കണ്ടെത്താനായെന്ന് അണിയറപ്രവർത്തകരും സമ്മതിക്കുന്നു.
100 ദിവസത്തോളമാണ് സിനിമയുടെ ഷൂട്ട് നടന്നത്. കേരളത്തിന് പുറമേ തമിഴ്നാട്ടിലും മഹാരാഷ്ട്രയിലുമടക്കം നിരവധി സ്ഥലങ്ങളിലായിരുന്നു ലൊക്കേഷനുകള്‍. സിനിമയിൽ എഴുപത് സീനുകളുണ്ടെങ്കിൽ അതൊക്കെ എഴുപത് ലൊക്കേഷനുകളിലായിരുന്നുവെന്ന് തങ്കം ടോക് ഷോയിൽ നിർമ്മാതാക്കളിലൊരാളായ ദിലീഷ് പോത്തൻ പറയുകയുണ്ടായി. ഒരോ ലൊക്കേഷനിലും ഒന്നോ രണ്ടോ സീനുകൾ മാത്രമാണ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഒരുക്കുന്ന ഏറെ ബജറ്റുള്ള സിനിമ കൂടിയാണ് തങ്കം. മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ സിനിമാറ്റിക്കായാണ് തങ്കം ഒരുക്കിയിരിക്കുന്നതെന്ന് തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും പറയുന്നു. ജോജിക്ക് മുമ്പ് തിരക്കഥ പൂർത്തിയായിരുന്നെങ്കിലും കോവിഡ് വന്നതിനാൽ നീണ്ടുപോവുകയായിരുന്നു. പല സ്ഥലങ്ങളിലെ സീനുകൾ ചിത്രം ഡിമാൻഡ് ചെയ്യുന്നുണ്ട്. കോവിഡ് മാറിയ ശേഷമേ അത് നടക്കുമായിരുന്നുള്ളൂ. അതിനായി ഞങ്ങൾ കാത്തിരുന്നു, അതിപ്പോൾ പ്രേക്ഷകരിലേക്ക് എത്തുകയാണെന്നും ശ്യാം ടോക് ഷോയിൽ പറഞ്ഞു.
വിനീത് ശ്രീനിവാസൻ, ബിജു മേനോൻ, അപർണ്ണ ബാലമുരളി, ഗിരീഷ് കുൽക്കർണി, കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി തുടങ്ങി നിരവധി താരങ്ങളാണ് 'തങ്ക'ത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ളത്. കൂടാതെ നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും സിനിമയിൽ അഭിനയിക്കുന്നുണ്ട്.
ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ക്യാമറ. ബിജി ബാലാണ് സംഗീതം. എഡിറ്റിങ് കിരൺ ദാസും കലാ സംവിധാനം ഗോകുൽ ദാസും സൗണ്ട് ഡിസൈൻ ഗണേഷ് മാരാരും മേക്കപ്പ് റോണക്സ് സേവ്യറും നിർവ്വഹിച്ചിരിക്കുന്നു. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആക്ഷൻ -സുപ്രീം സുന്ദർ, ജോളി ബാസ്റ്റിൻ, കോസ്റ്റ്യൂം ഡിസൈൻ -മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ -ബിനു മണമ്പൂർ, സൗണ്ട് മിക്സിങ് -തപസ് നായിക്ക്, കോ പ്രൊഡ്യൂസേഴ്സ് -രാജൻ തോമസ്, ഉണ്ണിമായ പ്രസാദ്, വിഎഫ്എക്സ് -എഗ് വൈറ്റ് വിഎഫ്എക്സ്, ഡി.ഐ -കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് -ബെന്നി കട്ടപ്പന ജോസ് വിജയ്, കോ ഡയറക്ടർ -പ്രിനീഷ് പ്രഭാകരൻ.
Content Highlights: thankam movie back story, thankam movie new update
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..