'ഇനിയും എത്രയോ കഥകള്‍ കുഴിച്ചെടുക്കാനുള്ള ഖനിയാണ് കാസര്‍കോട്'


അനന്യലക്ഷ്മി ബി.എസ്./ പി.വി ഷാജി കുമാർ

പാട്രിയാര്‍ക്കല്‍ സമൂഹത്തില്‍ തന്റേടത്തോടു കൂടി അതിജീവിക്കുന്നവളുടെ കഥയാണ് ടീച്ചർ

interview

പി.വി.ഷാജികുമാർ (ഇടത്), ടീച്ചർ സിനിമയുടെ പോസ്റ്റർ (വലത്)

കാസര്‍കോടിന്റെ നാട്ടുപച്ച വരികളില്‍ പകര്‍ത്തിയ കഥാകാരന്‍. 23-ാം വയസ്സില്‍ പ്രസിദ്ധീകരിച്ച ജനമെന്ന കഥാസമാഹാരത്തില്‍ തുടങ്ങി വെള്ളരിപ്പാടം, കിടപ്പറസമരം, ഉള്ളാള്‍ തുടങ്ങി നിരവധി കഥാസമാഹാരങ്ങള്‍. കന്യകാ ടാക്കീസെന്ന ചിത്രത്തിലൂടെ സിനിമയുടെ ദൃശ്യഭാവനയിലേക്കു കടന്നു. തുടര്‍ന്ന് മഹേഷ് നാരായണനൊപ്പം ടേക്ക് ഓഫിന് തിരക്കഥയും രഞ്ജിത് ചിത്രം പുത്തന്‍പണത്തിന് സംഭാഷണവുമൊരുക്കി. തിരക്കഥാകൃത്തെന്ന നിലയിൽ ടീച്ചര്‍ എന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെയ്ക്കുകയാണ് പി.വി ഷാജികുമാര്‍ .

ടീച്ചര്‍ പ്രേക്ഷകരോട് പറയുന്നത്

ടീച്ചര്‍ ഒരു ഇമോഷണല്‍ ത്രില്ലര്‍ ഴോനറില്‍ പെടുന്ന സിനിമയാണ്. അമല പോള്‍ അവതരിപ്പിക്കുന്ന ദേവിക എന്ന കൊല്ലംകാരിയായ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചറുടെ ജീവിതത്തില്‍ ആകസ്മികമായി വന്നു ചേരുന്ന ഒരു പ്രതിസന്ധിയും അത് തരണം ചെയ്യാനുള്ള അവളുടെ സഞ്ചാരവുമാണ് ഈ സിനിമയുടെ പ്രമേയമെന്ന് ഒറ്റ വാക്യത്തില്‍ പറയാം. ദേവിക വളരെ സാധാരണമായ കുടുംബത്തില്‍ നിന്ന് വരുന്നവളാണ്. അവള്‍ കണ്ടെത്തുന്നതും പരിഹരിക്കുന്നതും അത്തരത്തിലുള്ള വഴികളിലൂടെ യുള്ള യാത്രയിലൂടെയാണ്. ഇത് നമ്മുടെ കാലത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന പല സംഭവങ്ങളേയും തീര്‍ച്ചയായും ഓര്‍മ്മപ്പെടുത്തും. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് എളുപ്പത്തില്‍ റിലേറ്റു ചെയ്യാന്‍ പറ്റും. അത്യന്തികമായും പല തരത്തിലുള്ള പാഠങ്ങള്‍ ഈ സിനിമയിലൂടെ കഥാപാത്രങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. തീര്‍ത്തും മെയില്‍ ഷോവനിസ്റ്റിക്കായിട്ടുള്ള പാട്രിയാര്‍ക്കല്‍ വ്യവസ്ഥിതിയെ പിന്‍പറ്റുന്ന ഒരു സമൂഹത്തില്‍ തന്റേടത്തോടു കൂടി ഒരു സ്ത്രീയ്ക്ക് എങ്ങനെ നിലനില്‍ക്കാന്‍ കഴിയും അതിജീവിക്കാന്‍ കഴിയും എന്നുള്ള ചോദ്യത്തേയും അഡ്രസ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്.

ടീച്ചര്‍ എന്ന ടൈറ്റില്‍

സിനിമയ്ക്ക് പല തരത്തിലുള്ള തലക്കെട്ടുകള്‍ ആലോചിച്ചിട്ടുണ്ടായിരുന്നു. സിനിമയുടെ സ്വഭാവത്തെ നിര്‍ണയിക്കുന്ന പല തരം ശീര്‍ഷകങ്ങളിലേക്ക് ഞങ്ങള്‍ പോയിരുന്നു അവസാനം എത്തിച്ചേര്‍ന്നത് ടീച്ചര്‍ എന്ന തലക്കെട്ടിലാണ്. അത് ദേവിക ഒരു ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചറായതു കൊണ്ട് മാത്രമല്ല. ടീച്ചര്‍ എന്ന് പറയുമ്പോള്‍ അധ്യാപകന്‍ അല്ലെങ്കില്‍ അധ്യാപിക എന്നതിനപ്പുറത്ത് ജീവിതത്തിന്റെ പല സന്ദര്‍ഭങ്ങളില്‍ നമ്മളെ പലതും പഠിപ്പിക്കുന്ന പല തരം മനുഷ്യരും അവസ്ഥകളുമുണ്ട്. അനുഭവം വരെ ഗുരുവായി മാറുന്നുണ്ടല്ലോ.അങ്ങനെയുള്ള ഒരു പശ്ചാത്തലത്തില്‍ നിന്നു കൊണ്ടാണ് ടീച്ചര്‍ എന്ന ശീര്‍ഷകത്തിലേക്ക് എത്തിച്ചേരുന്നത്. അത് സിനിമ കണ്ടു കഴിഞ്ഞാല്‍ മനസ്സിലാകും. ദേവിക എന്ന കഥാപാത്രം സ്വന്തം ജീവിതത്തില്‍ നിന്ന് പഠിക്കുന്ന പാഠങ്ങളുണ്ട്. അതിനൊപ്പം ദേവിക പഠിപ്പിക്കുന്ന പാഠങ്ങളുണ്ട്. ദേവികയ്ക്കൊപ്പം സുജിത്തും കല്യാണിയും മണിയും ഉള്‍പ്പടെയുള്ള സിനിമയിലെ പല തരം കഥാപാത്രങ്ങളും പല തരം സന്ദര്‍ഭങ്ങളിലും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു കോണ്ടെക്സ്റ്റുണ്ട്. അങ്ങനെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന അനുഭവങ്ങളെയും ആളുകളേയുമൊക്കെ കൂട്ടിയോജിപ്പിച്ചു കൊണ്ടാണ് ഒരു സോഷ്യലായിട്ടുള്ള ശീര്‍ഷകത്തിലേക്ക് ഞങ്ങള്‍ എത്തിച്ചേരുന്നത്.

വിവേക് സിനിമയോടുള്ള പാഷനും കമ്മിറ്റ്മെന്റും വളരെ ആഴത്തില്‍ കൊണ്ടു നടക്കുന്ന വ്യക്തി

ടീച്ചര്‍ അല്ല വിവേകുമായി ആദ്യം പ്ലാന്‍ ചെയ്ത ചിത്രം. കോവിഡൊക്കെ തുടങ്ങുന്നതിനു മുമ്പ് ഞങ്ങള്‍ പല സബ്ജക്ടുകളെ കുറിച്ച് സംസാരിച്ചിരുന്നു. തെയ്യം പ്രമേയമായി വരുന്ന ഒരു തിരക്കഥ എഴുതിപൂര്‍ത്തിയാക്കിയതാണ്. വലിയ ബജറ്റിലുള്ള സിനിമയായിരുന്നു. കോവിഡില്‍പ്പെട്ട് അത് നീണ്ടു പോയി. ആ സമയത്താണ് മറ്റ് വിഷയങ്ങളെക്കുറിച്ച് ആലോചിക്കുന്നതും ടീച്ചറിലേക്കെത്തുന്നതും. ടീച്ചറിന്റെ പ്രമേയത്തിന് സ്ഫോടനാത്മകമായ സ്വഭാവമുണ്ടെന്ന് ഞങ്ങള്‍ക്കു തോന്നി. അങ്ങനെയാണ് ടീച്ചര്‍ സിനിമയാക്കാമെന്ന് തീരുമാനിക്കുന്നത്. സിനിമയോടുള്ള പാഷനും കമ്മിറ്റ്മെന്റും വളരെ ആഴത്തില്‍ കൊണ്ടു നടക്കുന്ന വ്യക്തിയാണ് വിവേക്. വിവേകിന്റെ എഫേര്‍ട്ടും സിനിമയോടുള്ള പാഷനും അതിരനില്‍ നമ്മളെല്ലാവരും കണ്ടതാണ്. അത് ടീച്ചറില്‍ വേറൊരു തരത്തില്‍ കാണാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം.


കഥാകൃത്ത് എന്ന വേഷമാണോ അതോ തിരക്കഥാകൃത്തിന്റെ പദവിയാണോ കൂടുതല്‍ ആസ്വദിക്കുന്നത്?

അതിലൊരു സംശയവുമില്ല, കഥകളെഴുതുന്ന ആളെന്ന നിലയില്‍ നില്‍ക്കാനാണ് ഏറ്റവും താത്പര്യവും സന്തോഷവും. കാരണം കഥയെഴുതുമ്പോള്‍ അതിന്റെ ആത്യന്തികമായിട്ടുള്ള എല്ലാ കാര്യങ്ങളും നിര്‍ണ്ണയിക്കുന്നത് കഥയെഴുതുന്നയാളായിരിക്കും. അവിടെ ഒരു കഥാപാത്രം എങ്ങോട്ടു പോകണം, മരിക്കണോ അല്ലെങ്കില്‍ ഒരുപാട് കാലം ജീവിക്കണോ എന്നൊക്കെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കഥയിലുണ്ട്. പക്ഷേ സിനിമയില്‍ അത് സാധ്യമല്ല. കാരണം, ഒരു കൂട്ടായ്മയുടെ കലയാണ് സിനിമ. തിരക്കഥാകൃത്ത്, സംവിധായകന്‍, സംഗീത സംവിധായകന്‍, നിര്‍മ്മാതാവ്, അഭിനേതാക്കള്‍, മറ്റു സാങ്കേതിക പ്രവര്‍ത്തകര്‍ ഇവരുടെ ഒക്കെ താത്പര്യങ്ങളും ക്രിയേറ്റീവ് ആയ നിര്‍ദ്ദേശങ്ങളുമൊക്കെ സിനിമയുടെ ഭാഗമായി സംഭവിക്കും. അതിന് അതിന്റേതായ പരിമിതികളും സ്വാതന്ത്ര്യവുമൊക്കെയുണ്ടെങ്കില്‍ കൂടി കഥയെഴുതുമ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ഏറ്റവും ആഴത്തിലുള്ള ഇടം സിനിമ തരുന്നില്ല എന്നാണ് എന്റെ ഒരു ബോധ്യപ്പെടല്‍. അതുകൊണ്ട് തന്നെ കഥയെഴുതി കൊണ്ടിരിക്കുക എന്നതിന് തന്നെയാണ് ആത്യന്തികമായ പരിഗണന എപ്പോഴും നല്‍കിക്കൊണ്ടിരിക്കുന്നത്

മലയാള സിനിമയിലെ പ്രാദേശിക ഭാഷ

2006 ലാണ് എന്റെ ആദ്യത്തെ കഥാസമാഹാരമായ ജനം പുറത്തിറങ്ങുന്നത്. അന്ന് 23 വയസ്സാണ്. അന്നു തൊട്ടു കഥകളില്‍ ബോധപൂര്‍വം അല്ലെങ്കില്‍ പോലും പ്രാദേശികമായ കാസര്‍കോടന്‍ അനുഭവ ലോകവും അവിടുത്തെ മനുഷ്യരേയും ആചാരങ്ങളേയും കൊണ്ടു വരാനാണ് ശ്രമിച്ചത്. ജനം ഇറങ്ങിയ സമയത്ത് കാസര്‍കോട് ഭാഷ അമിതമായി കഥകളില്‍ കൊണ്ടു വരരുത് ആളുകള്‍ക്ക് വായിച്ചാല്‍ മനസ്സിലാവില്ല എന്ന് തെക്കോട്ടുള്ള എഴുത്തുകാരായ പല സുഹൃത്തുക്കളും വായനക്കാരും പറയുകയുണ്ടായി. പ്രമേയം ആവശ്യപ്പെടുന്നതു കൊണ്ട് തന്നെ വീണ്ടും എന്റെ മറ്റുള്ള കഥകളില്‍ കാസർകോട് ഭാഷയും ജിവിതങ്ങളും നിരന്തരം കടന്നു വന്നു. അത് എന്റെ കഥകള്‍ക്ക് വായനക്കാരെ കുറച്ചോ എന്നെനിക്കറിയില്ല. എന്റേതായുള്ള വായനക്കാര്‍ എന്റെ കഥകള്‍ക്കുണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പക്ഷേ വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ നിരന്തരമായി കാസര്‍കോടൻ സിനിമകളുണ്ടാവുന്നു. കാസര്‍കോടൻ ജീവിതം പ്രമേയമാക്കിയ കഥകള്‍ സംഭവിക്കുന്നു എന്നുള്ളത് കാണുമ്പോള്‍ ഏറെ സന്തോഷമുണ്ട്. കാരണം ഒരുകാലത്ത് ഇതൊന്നും ആര്‍ക്കും മനസ്സിലാവില്ല എന്ന് മുഖ്യധാരാ സമൂഹം മാറ്റിനിര്‍ത്തിയ ഒരു ഭാഷാ ശൈലിയാണ് കാസര്‍കോടിന്റേത്. ആ കാസര്‍കോടന്‍ ഭാഷാ ശൈലി ഇന്ന് കേരളം കടന്ന്, ഇന്ത്യ കടന്ന് ഇന്ത്യയ്ക്ക് പുറത്ത് പോലും സ്വീകാര്യത നേടുന്നു എന്നത് ഒരു കാസര്‍കോടുകാരനെന്ന നിലയില്‍, കാസര്‍കോടു നിന്നു കഥകളെഴുതി തുടങ്ങിയ ഒരാള്‍ എന്ന നിലയില്‍ ഏറെ സന്തോഷപ്പെടുത്തുന്നുണ്ട്. അത്തരത്തില്‍ ഒരുപാട് സിനിമകള്‍ ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. വാണിജ്യ വിജയം എന്ന രീതിയില്‍ മാത്രമല്ല ഒരു ആര്‍ട്ട്‌ഫോമെന്ന നിലയില്‍ ഗൗരുവതരമായി സിനിമകളെ കാണുന്ന പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്നുണ്ട് എന്നത് ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യവുമാണ്. തിങ്കളാഴ്ച നിശ്ചയമായാലും ന്നാ താന്‍ കേസ് കൊട് ആയാലും ഇനി വരാനിരിക്കുന്ന പല സിനിമകളിലും ഇതിന്റെ തുടര്‍ച്ചകളുണ്ടാകും. അത് ഒരു നല്ല കാര്യമാണ്. ഇനിയും എത്രയോ കഥകള്‍ കുഴിച്ചെടുക്കാനുള്ള ഖനിയാണ് കാസര്‍കോട് എന്നാണ് എനിക്കു തോന്നുന്നത്. വ്യത്യസ്തമായ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുന്ന സിനിമകളും കഥകളും നോവലുകളും ഇനിയും കാസര്‍കോട് നിന്ന് തീര്‍ച്ചയായും ഉണ്ടാകും.

പ്രാദേശികമായ ജീവിതാഖ്യാനങ്ങള്‍ നിരന്തരമായി സിനിമകളില്‍ കടന്നു വരുന്നത് കലയെ കുറച്ചുകൂടി ജനകീയമാക്കുകയാണ്, അവതരിപ്പിക്കാന്‍ മടിച്ചതും മറച്ചുവെച്ചതുമായ ജീവിതങ്ങളെ വെളളിവെളിച്ചത്തിലെത്തിക്കുകയാണ്.


സിനിമയിലെ ഭാവി പരിപാടികള്‍

ഇറങ്ങാനിരിക്കുന്ന റാക്ക് എന്ന നോവലിനെ ആസ്പദമാക്കി ഒരു സിനിമ ചെയ്യാന്‍ പരിപാടി ഉണ്ട്. സുഹൃത്തും കാസര്‍കോടുകാരനും മലയാളത്തിലെ ശ്രദ്ധേയനടനുമായ രാജേഷ് മാധവനാണ് അത് സിനിമയാക്കുന്നത്. അവന്‍ തിങ്കളാഴ്ച നിശ്ചയം തുടങ്ങിയ പല സിനിമകളുടേയും ക്രിയേറ്റീവ് ഡയറക്ടര്‍ കൂടിയാണ്. അതോടൊപ്പം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച അസാധു എന്ന കഥയും സിനിമയാവുന്നുണ്ട്. ദീപുലാല്‍ രാഘവാണ് സംവിധാനം. അദ്ദേഹം മലയാളത്തിലെ ശ്രദ്ധേയമായ പല സിനിമകളുടേയും ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്നു. മിഥുന്‍ മാനുവല്‍ തോമസിന്റെ അസോസിയേറ്റായിരുന്ന രാഹുല്‍ ശര്‍മ്മയുമായി ഒരു കഥ ചെയ്യുന്നുണ്ട്. പിന്നെ കാമറൂണ്‍ എന്ന സിനിമയുടെ ഷൂട്ട് അടുത്ത വര്‍ഷം തുടങ്ങും.

സിനിമ സംവിധാനം ചെയ്യാനുള്ള ആത്മധൈര്യവും സംഘാടത്വവുമൊന്നും എനിക്ക് ഇല്ല. അതുകൊണ്ട് തന്നെ അത്തരത്തില്‍ ഉള്ള സാഹസത്തിനൊന്നും മുതിരില്ല എന്നാണ് ഇപ്പോ പറയാനുള്ളത്.

Content Highlights: pv shajikumar, malayalam author, scriptwriter, teacher movie

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023

Most Commented