വിവേക്, അമല പോൾ
ആദ്യം ചിത്രം 11 ദിവസം ഷൂട്ട് ചെയ്തതിനുശേഷം ഉപേക്ഷിക്കേണ്ടിവന്ന സംവിധായകന് പിന്നീട് അതേ നായകനെ വെച്ചുതന്നെ ഒരു ഹിറ്റ് ഒരുക്കി, ഫഹദ് - സായ് പല്ലവി കൂട്ടുകെട്ടിലെത്തിയ 'അതിരന്'. പിന്നാലെ സാക്ഷാല്‍ മോഹന്‍ലാലുമൊത്തുള്ള ചിത്രത്തിന്റെ അനൗണ്‍സ്മെന്റ്. ഇപ്പോഴിതാ അമല പോളിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ക്രൈം ത്രില്ലര്‍ 'ദി ടീച്ചര്‍' റിലീസിനൊരുങ്ങുന്നു. തന്റെ സിനിമാ വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവയ്ക്കുകയാണ് സംവിധായകന് വിവേക് തോമസ് വര്‍ഗീസ്.
ഷൂട്ടിന് ശേഷം ഉപേക്ഷിക്കേണ്ടി വന്ന ഫഹദ് ചിത്രം
കോട്ടയം സ്വദേശിയാണെങ്കിലും ഞാന്‍ പഠിച്ചതൊക്കെ മുംബൈയിലാണ്. ഡിസ്ട്രിബ്യൂട്ടറായാണ് സിനിമയിലേയ്ക്ക് വരുന്നത്. പിന്നീട് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി. പതുക്കെ പരസ്യങ്ങള്‍ ചെയ്യാനുള്ള അവസരം ലഭിച്ചു. ഫഹദ് ഫാസിലിനെ കാണാനിടയായതാണ് സിനിമ ജീവിതത്തില്‍ വഴിത്തിരിവായത്.
.jpg?$p=6a12f4a&&q=0.8)
2018ല്‍ ഫഹദിനെ നായകനാക്കി 'ആണെങ്കിലും അല്ലെങ്കിലും' എന്ന റൊമാന്റിക് കോമഡി ചിത്രം അന്നൗണ്‍സ് ചെയ്തു. 11 ദിവസം ഷൂട്ട് ചെയ്തെങ്കിലും ചില കാരണങ്ങള്‍ കൊണ്ട് ചിത്രം ഉപേക്ഷിക്കേണ്ടി വന്നു. അസിസ്റ്റന്റ് ആയ അനുഭവം പോലുമില്ലാതെ, ഒരു തുടക്കക്കാരന് എന്ന രീതിയിലാണ് ഞാന്‍ സംവിധായകനാകുന്നത്. അങ്ങനെയുള്ളയാളുടെ ആദ്യ ചിത്രം ഉപേക്ഷിക്കപ്പെടുമ്പോഴുള്ള അവസ്ഥ ഊഹിക്കാമല്ലോ. പണി അറിയാത്ത ആളാണെന്നൊക്കെ ആളുകള്‍ പറഞ്ഞു. എനിക്ക് സിനിമയെന്നാല്‍ പാഷനാണ്. അത് കൊണ്ട് ഇത്തരം കുത്തുവാക്കുകള്‍ എന്നെ തളര്‍ത്തിയില്ല. ഞാന്‍ തിരിച്ചുവരും, ആദ്യ പടം ഫഹദിനൊപ്പം തന്നെ ചെയ്യുമെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു.
.jpg?$p=fad68fb&&q=0.8)
കുറച്ചുനാളുകള്‍ കഴിഞ്ഞ് ഫഹദ് വിളിച്ചു. അങ്ങനെ നേരിട്ട് പോയി അദ്ദേഹത്തെ കണ്ടു. ആദ്യത്തേത് പോയി, നീ അത് കളയ്, നമുക്ക് മറ്റൊരു ചിത്രം ചെയ്യാമെന്ന് ഫഹദ് പറഞ്ഞു. ഞാന്‍ ഒന്ന് മടിച്ച് നിന്നെങ്കിലും ഫഹദിന്റെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു. പിന്നെ പ്രൊഡ്യൂസറെ കിട്ടാനായിരുന്നു കഷ്ടപ്പാട്. ഫഹദിന്റെയും സായ് പല്ലവിയുടെയും ഡേറ്റ് കിട്ടിയെങ്കിലും ആദ്യ ചിത്രം മുടങ്ങിപ്പോയ സംവിധായകന് എന്നത് പലരേയും പിന്തിരിപ്പിച്ചു.
അവസാനമാണ് എനിക്ക് അടുത്ത് അറിയാവുന്ന സെഞ്ചുറി ഫിലിംസിന്റെ രാജു മാത്യു സിനിമ നിര്‍മിക്കാമെന്നേറ്റത്. അദ്ദേഹം ഇന്നില്ല, രണ്ടുവര്‍ഷം മുന്‍പ് മരിച്ചു. പഠിക്കുന്ന സമയത്ത് കഥ പറയാനൊക്കെ സെഞ്ചുറിയുടെ ഓഫീസില്‍ പോകുമായിരുന്നു. അന്നൊക്കെ പിന്നീട് വരാനൊക്ക പറഞ്ഞ് തിരിച്ച് അയക്കും. പക്ഷേ യാദൃശ്ചികമായി അദ്ദേഹം തന്നെ എന്റെ സിനിമ നിര്‍മിക്കാന്‍ എത്തി. കഥ പോലും കേള്‍ക്കാതെയാണ് രാജു മാത്യു സെഞ്ചുറി ഫിലിംസിന്റെ 125-ാമത്തെ ചിത്രമായി 'അതിരന്' നിര്‍മിക്കാം എന്ന് ഉറപ്പ് തന്നത്.
ഫീല്‍ ഗുഡ് ചിത്രമെന്ന പ്രതീതി ഉണര്‍ത്തുന്ന ടൈറ്റില്‍, പക്ഷേ 'ദി ടീച്ചര്‍' ഒരു ത്രില്ലറാണ്
'ദി ടീച്ചര്‍' എന്ന പേരിലോട്ട് വരാന്‍ കുറച്ച് ആശങ്കകള്‍ ഉണ്ടായിരുന്നു. പക്ഷേ സിനിമ ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോള്‍ ടൈറ്റില്‍ ഇത് തന്നെ മതിയെന്ന് എല്ലാവരും കൂടി തീരുമാനിച്ചു. ഈ സിനിമയുടെ കഥയും പശ്ചാത്തലവും ഒക്കെ 'ടീച്ചര്‍' എന്ന വാക്കിനെ വളരെ പരുക്കനായാണ് അവതരിപ്പിക്കുന്നത്.

'അതിരന്' എന്ന ടൈറ്റില്‍ എന്തുകൊണ്ട് ചിത്രത്തിന് നല്‍കിയെന്ന് സിനിമയുടെ അവസാനം പ്രേക്ഷകന് മനസിലാകുന്നുണ്ട്. അതുപോലെ തന്നെ 'ദി ടീച്ചര്‍' കണ്ടുകഴിയുമ്പോള്‍ ഈ ടൈറ്റില്‍ എത്രത്തോളം യോജിച്ചതാണെന്ന് പ്രേക്ഷകന് മനസിലാകും.
എന്തും സംഭവിക്കാമെന്ന അവസ്ഥയുള്ള ഈ കാലത്തിലെ കഥ
കണ്ടന്റ് ഓറിയന്റഡ് ആയിട്ടുള്ള സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ചെറിയ ഒരു ആശയത്തില്‍ നിന്നാണ് 'ദി ടീച്ചര്‍' ആരംഭിക്കുന്നത്. ഈ ആശയം പലരുമായി പങ്കുവച്ചു. കുറച്ച് പെണ്സുഹൃത്തുക്കള്ക്കുണ്ടായിട്ടുള്ള അനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചു. പിന്നാലെ പി.വി ഷാജികുമാര്‍ എഴുത്തില്‍ പങ്കാളിയായി.
.jpg?$p=cc29bd4&&q=0.8)
ടെക്നോളജി വളരെ അപ്ഡേറ്റഡായ കാലത്ത് എന്തും സംഭവിക്കാമെന്ന അവസ്ഥയുണ്ട്. അത്തരമൊരു പ്രമേയമാണ് ചിത്രം സംസാരിക്കുന്നത്. ത്രില്ലറുകളാണ് എനിക്ക് ഏറെ ഇഷ്ടം. സ്പൂണ്‍ഫീഡ് ചെയ്യുന്നതിനോട് തീരെ താത്പര്യമില്ല. 34 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായത്. 2022 മാര്‍ച്ചിലാണ് ചിത്രീകരണം നടന്നത്.
അരമണിക്കൂര്‍ കഥ കേട്ടപ്പോള്‍ തന്നെ അമല പോള്‍ ഓകെ പറഞ്ഞു
ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ ചെയ്യാന്‍ എനിക്കൊരു സ്ട്രോങ്ങ് ലേഡി വേണമായിരുന്നു. പ്രെഡിക്ടബിള്‍ അല്ലാത്ത ഒരു നടി വേണമെന്നും തോന്നി. അങ്ങനെയാണ് അമലയിലേയ്ക്ക് എത്തുന്നത്. അമല ഗംഭീര പെര്‍ഫോമറാണ്.
.jpg?$p=aa62323&&q=0.8)
അരമണിക്കൂര്‍ അമല പോളിനോട് കഥ പറഞ്ഞു. ആ സമയത്ത് സ്ക്രിപ്റ്റ് പൂര്‍ണമല്ലായിരുന്നു. പക്ഷേ കഥ കേട്ടപ്പോള്‍ തന്നെ അമല ചെയ്യാമെന്നേറ്റു. മലയാളത്തിലെ റീ എന്‍ട്രിയായി ഇത് തന്നെ മതിയെന്ന് അവര്‍ പറഞ്ഞു.
മഞ്ജു പിള്ള ആദ്യം പറ്റില്ലെന്ന് പറഞ്ഞു, പിറ്റേന്ന് രാവിലെ വിളിച്ചു
പ്രായമായ, വളരെയേറെ പ്രത്യേകതകളുള്ള കഥാപാത്രമാണ് മഞ്ജു ചേച്ചി ചെയ്തിരിക്കുന്നത്. ആദ്യം കഥ കേട്ടപ്പോള്‍ ചെയ്യത്തില്ലെന്ന് പറഞ്ഞു. എനിക്ക് നിരാശയായി.
.jpg?$p=79c0b37&&q=0.8)
എന്നാല്‍ പിറ്റേന്ന് രാവിലെ തന്നെ വിളിച്ച് ഈ സിനിമ ചെയ്യണമെന്ന് പറഞ്ഞു. വേറൊന്നും ചോദിക്കണ്ട, ചെയ്യാമെന്ന് ചേച്ചി ഉറപ്പിച്ച് പറഞ്ഞു.
ഐ.എം വിജയനും ചെമ്പന്‍ വിനോദും പിന്നെ ഹക്കീമും
വളരെ ലിമിറ്റഡായ കാസ്റ്റ് ആണ് സിനിമയില്‍. മഞ്ജുവിനും അമലയ്ക്കും മുന്‍പ് ചെമ്പന്‍ ചേട്ടനിലേയ്ക്കാണ് എത്തുന്നത്. ചേട്ടന് നല്ല തിരക്കിലായിരുന്ന സമയത്താണ് അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടുന്നത്.
.jpg?$p=2922c1a&&q=0.8)
വിജയന് ചേട്ടനെ ഞാന്‍ നിര്‍ബന്ധിച്ച് കൊണ്ടുവന്നതാണ്. ഞാന്‍ അദ്ദേഹത്തിന്റെ കട്ട ആരാധകനാണ്.
.jpg?$p=48405e6&&q=0.8)
പെയര്‍ ആയിട്ട് പുതിയ ഒരു ആളായിരിക്കുമെന്ന് അമലയോട് നേരത്തെ പറഞ്ഞിരുന്നു. അങ്ങനെയാണ് ഹക്കീം ഷാ സിനിമയിലേയ്ക്ക് എത്തുന്നത്. അതിരന് ചെയ്യുന്ന സമയത്തേ ഹക്കീമിനെ ഞാന്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് വച്ചിരിക്കുകയായിരുന്നു.
.jpg?$p=3ca10ba&&q=0.8)
ജാസി ഗിഫ്റ്റ് പാടുന്നു, ഡോണ്‍ വിന്‍സന്റിന്റെ വേറിട്ട സംഗീതം
'കള'യിലൂടെയാണ് ഞാന്‍ ഡോണ്‍ വിന്‍സന്റിനെ സംഗീതം ശ്രദ്ധിക്കുന്നത്. സാധാരണ ഡോണ്‍ ചെയ്തിരിക്കുന്ന ചിത്രങ്ങളില്‍ നിന്ന് പറിച്ചുനട്ടിരിക്കുന്ന ഗാനങ്ങളാണ് ഇതിലുള്ളത്. കൊമേഴ്ഷ്യല്‍ പാട്ടുകള്‍ എനിക്കേറെ ഇഷ്ടമാണ്. അത്തരത്തിലുള്ള രണ്ടുപാട്ടുകള്‍ ഡോണില്‍ നിന്ന് എനിക്ക് കിട്ടി. പശ്ചാത്തല സംഗീതവും ഡോണ്‍ തന്നെയാണ്.
ഒരു പാട്ട് അന്‍വര്‍ അലിയാണ് എഴുതിയിരിക്കുന്നത്. ആല്‍ബത്തിലുള്ള മൂന്ന് ഗാനങ്ങളില്‍ രണ്ടെണ്ണമാണ് ചിത്രത്തിലുള്ളത്. ജാസി ഗിഫ്റ്റ് ഒരു പാട്ട് പാടിയിട്ടുണ്ട്. യുഗഭാരതിയാണ് ഗാനരചന. ഒരു പാട്ടിന് സുഹൃത്തായ വിനായക് ശശികുമാറും വരികളെഴുതിയിട്ടുണ്ട്.
ചിത്രത്തില്‍ ഒന്നല്ല, അതിലേറെ സര്‍പ്രൈസ് അതിഥികളുണ്ട്
പക്കാ ക്രൈം ത്രില്ലറാണ് 'ദി ടീച്ചര്‍'. ട്രെയിലറില്‍ കാണാത്ത 'ചിലരെ' നിങ്ങള്‍ക്ക് സിനിമയില്‍ കാണാനാകും. പ്രേക്ഷകനെ ഞെട്ടിക്കുന്ന ചില സംഗതികളും ചിത്രത്തിലുണ്ട്. ചില പരീക്ഷണങ്ങളും പ്രേക്ഷകനായി ഒരുക്കിയിട്ടുണ്ട്.
ടീച്ചറില്‍ അതിരന്റെ 'ഭാര'ത്തെ ഭയക്കുന്നില്ല
ആദ്യ ചിത്രം ഉപേക്ഷിച്ചപ്പോള്‍ സെറ്റില്‍ കൂടെയുണ്ടായിരുന്ന പലരും കരഞ്ഞു. പക്ഷേ ഞാന്‍ കരഞ്ഞില്ല. കാരണം ഞാന്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്ത ഒരാളാണ്. അതിരന്റെ വിജയത്തിന്റെ 'ഭാരം' എനിക്ക് അനുഭവപ്പെടുന്നില്ല. ലാലേട്ടനൊപ്പമുള്ള പ്രോജക്ട് അന്നൗണ്‍സ് ചെയ്തതോടെ ആരാധകരും പ്രതീക്ഷയിലാണ്. പക്ഷേ അതും എന്നെ അലട്ടുന്നില്ല.
കഴിഞ്ഞ വെള്ളിയാഴ്ച ഹിറ്റ് കൊടുത്ത ആളാണെങ്കിലും ഈ വെള്ളിയാഴ്ച റിലീസാകുന്ന സിനിമകള്‍ നല്ലതാണെങ്കിലേ പ്രേക്ഷകര്‍ സ്വീകരിക്കു. നമ്മുടെ മാര്‍ക്ക് അന്ന് പ്രേക്ഷകരിടും. ജനങ്ങള്‍ അംഗീകരിച്ചാല്‍ എനിക്ക് തുടരാനാകും. ഇല്ലെങ്കില്‍ ജനങ്ങള്‍ സ്വീകരിക്കുന്ന പടവുമായി ഞാന്‍ വീണ്ടുമെത്തും.
ലാലേട്ടനോടൊപ്പമുള്ളത് നൂറല്ല, ഇരുന്നൂറ് ശതമാനം ഒരു ഫാന്‍ ബോയ് ചിത്രം
ലാലേട്ടനൊപ്പം പരസ്യങ്ങള്‍ ചെയ്യാന്‍ അവസരം ലഭിച്ചത് ഏറെ ഗുണം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം ഒന്‍പത് പരസ്യങ്ങള്‍ ചെയ്തിട്ടുണ്ട്. വൈകാതെ അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യാനുള്ള അവസരം കിട്ടി. ലാലേട്ടനെപ്പോലെ ഒരു താരത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ അവസരം കിട്ടുമ്പോള്‍ നൂറല്ല, ഇരുന്നൂറ് ശതമാനം എഫര്‍ട്ട് നമ്മളിടും. ഞാന്‍ സിനിമയില്‍ വരാനുള്ള കാരണക്കാരില്‍ പ്രധാനി ലാലേട്ടനാണ്.
.jpg?$p=1990e2a&&q=0.8)
വെളുപ്പിനെ മൂന്ന് മണിക്ക് എണീറ്റ് നാല് മണിക്ക് ടിക്കറ്റെടുത്ത് സിനിമയ്ക്ക് കേറുന്ന ആരാധകന്റെ വികാരം മനസിലാക്കുന്നയാളാണ് ഞാന്‍. പ്രായമായവര്‍ക്ക് മോഹന്‍ലാല്‍ എന്താണെന്നും എനിക്കറിയാം. രണ്ടാഴ്ച കഴിഞ്ഞ് സിനിമ കാണാന്‍ എത്തുന്ന ആളുകളാണിവര്‍. ഇവരെയെല്ലാം തൃപ്തിപ്പെടുത്തുന്ന കഥയും പ്രമേയവുമാകണമെന്ന് നിര്‍ബന്ധമുണ്ട്.
.jpg?$p=d83648f&&q=0.8)
'എല്‍ 353' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ഒരു കംപ്ലീറ്റ് ആക്ഷന്‍ ഫ്ലിക്കായിരിക്കും. ജീത്തു ജോസഫിന്റെ റാമിനും പൃഥ്വിരാജിന്റെ എമ്പുരാനും പെല്ലിശ്ശേരി ചിത്രത്തിനും ശേഷമാകും 'എല്‍ 353' ആരംഭിക്കുക. 120 രൂപ കൊടുത്ത് സിനിമയ്ക്ക് കേറുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ചിത്രമാകും ലാലേട്ടനൊപ്പമുള്ളത്. നൂറല്ല, ഇരുന്നൂറ് ശതമാനം ഒരു ഫാന്‍ ബോയ് ചിത്രമാകുമെന്ന് ഉറപ്പ്.
Content Highlights: interview with director vivek thomas varghese
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..