ടീച്ചർ എന്ന ചിത്രത്തിൽ അമലാ പോൾ
പതിനെട്ടാം വയസ്സ് മുതല്‍ സ്വതന്ത്രയായി ജീവിച്ചു തുടങ്ങിയ ആളാണ് തെന്നിന്ത്യന്‍ നായികയായ അമലാ പോള്‍, തമിഴ് സിനിമയില്‍ വിജയക്കൊടി പാറിച്ച ശേഷമാണ് അമല സ്വന്തം ഭാഷയായ മലയാളത്തില്‍ മികച്ച സിനിമകളുമായി കളം നിറഞ്ഞത്. സിനിമയില്‍ ഒരു ദശാബ്ദം പിന്നിടുമ്പോള്‍ അഭിനയത്തിനൊപ്പവും നിര്‍മാതാവിന്റെ റോളിലും വിജയകിരീടം ചൂടികഴിഞ്ഞു അവർ. ഒരിടവേളയ്ക്ക് ശേഷം ത്രില്ലര്‍ സിനിമയായ ടീച്ചറുമായി മലയാളത്തില്‍ സജീവമാകാനെത്തുകയാണ് അമല. അതിരന് ശേഷം വിവേക് സംവിധാനം ചെയ്യുന്ന ചിത്രം റിലീസിനൊരുങ്ങുമ്പോള്‍ മാതൃഭൂമി ഡോട്ട് കോമുമായി അമലാ പോള്‍ സംസാരിക്കുന്നു.
എന്തൊക്കെയാണ് ടീച്ചറിനെ കുറിച്ചുള്ള പ്രതീക്ഷകള്‍...?
മലയാളി ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള സിനിമയായിരിക്കും ടീച്ചര്‍ എന്നെനിക്കുറപ്പുണ്ട്. ത്രില്ലര്‍ വഴിയിലാണ് ചിത്രം കഥ പറയുന്നത്. എനിക്ക് ഇതുവരെ മലയാളത്തില്‍ ലഭിച്ചതില്‍ ഏറ്റവും മികച്ച റോളുകളിലൊന്നാണ് ടീച്ചറിലെ ദേവിക എന്ന കഥാപാത്രം. ഇപ്പോള്‍ എന്റെ ആദ്യത്തെ സിനിമ റിലീസ് ചെയ്യുന്നത് പോലൊരു ഫീലിങാണ്. ചിലപ്പോള്‍ ഒരു ബ്രേക്കിന് ശേഷം റിലീസ് ചെയ്യുന്നത് കൊണ്ടാകാം. എല്ലാം നന്നായി വരാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു. പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് പോലൊരു മികച്ച സിനിമയായി ഇത് മാറട്ടെ.
കടാവര്‍ എന്ന സിനിമയിലൂടെ നിര്‍മാണരംഗത്തേക്ക് അമല ചുവടുവച്ചു കഴിഞ്ഞു, എന്തുകൊണ്ടാണ് നിര്‍മാതാവിന്റെ റോളിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചത്...?
അപ്രതീക്ഷിതമായി നിര്‍മാതാവായി മാറിയ ഒരാളാണ് ഞാന്‍. കടാവര്‍ എന്ന സിനിമയുടെ നിര്‍മാതാവ് ആദ്യം വേറൊരാളായിരുന്നു. എന്നാല്‍ സിനിമയില്‍ നിന്ന് എങ്ങനെ കൂടുതല്‍ ലാഭം ഉണ്ടാക്കാം എന്ന ലക്ഷ്യത്തോടെ മാത്രം അയാള്‍ സിനിമയെ സമീപിക്കാന്‍ തുടങ്ങിയപ്പോള്‍ നമ്മള്‍ വിചാരിച്ചപ്പോലെ ഷൂട്ടിങ് മുന്നോട്ട് പോകില്ലെന്ന് മനസ്സിലായി. അപ്പോഴാണ് നിര്‍മാണം ഏറ്റെടുക്കാം എന്നൊരു തീരുമാനം എടുത്തത്. ഇന്നലെ വരെ ഒരുരീതിയിലും അറിയാത്ത, മുന്നൊരുക്കങ്ങളൊന്നും നടത്താത്ത മേഖലയിലേക്കാണ് ഒരുപകലില്‍ ഞാന്‍ കാലെടുത്ത് വച്ചത്. റിസ്‌ക്ക് ഫാക്ടര്‍ വളരെ വലുതായിരുന്നു. പിന്നാലെ കടലുപോലെ പ്രതിസന്ധികളുടെ വേലിയേറ്റവുമുണ്ടായി. പപ്പയുടെ മരണം, കോവിഡ് ലോക്ഡൗണ്‍.. വലിയൊരു തകര്‍ച്ചയുടെ വക്കത്ത് ഞാനെത്തി. പക്ഷേ ഏറ്റെടുത്ത ഉത്തരവാദിത്തം പൂര്‍ത്തിയാക്കും എന്ന ബോധ്യത്തില്‍ തളര്‍ന്നിരിക്കാതെ ഞാന്‍ സിനിമ പൂര്‍ത്തിയാക്കി. 18 വയസ്സുമുതല്‍ സ്വതന്ത്രമായി ജീവിക്കുന്ന സ്വന്തമായി സമ്പാദിക്കാന്‍ തുടങ്ങിയ ഒരാളാണ് ഞാന്‍. കഴിഞ്ഞ 13 വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പോലും വലിയരീതിയിലുള്ള സാമ്പത്തികപ്രയാസങ്ങളൊന്നും ഞാന്‍ നേരിട്ടിട്ടില്ല. എന്നാല്‍ കടാവറിന്റെ പണികളെല്ലാം കഴിഞ്ഞതോടെ എന്റെ കൈയില്‍ പൈസ ഇല്ലാത്ത ഒരവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറി. ആ പ്രതിസന്ധിയെയും ശക്തമായി ഞാന്‍ നേരിട്ടു. നമ്മളെത്ര കരുത്തരാണെന്ന് പറഞ്ഞാലും ഏറ്റവും വലിയ പ്രതിസന്ധി മുഖാമുഖം നില്‍ക്കുമ്പോള്‍ മാത്രമാണ് ഉള്ളിലെത്ര കരുത്തുണ്ടെന്ന് ശരിക്കും തിരിച്ചറിയുക. എല്ലാവരും ഞാന്‍ തകര്‍ന്ന് പോകുമെന്ന് കരുതി. പക്ഷേ, സിനിമയുടെ വില്‍പ്പന കഴിഞ്ഞതോടെ മുടക്കുമുതലും ലാഭവും തിരിച്ചുപിടിച്ചു, ഞാന്‍ കൂടുതല്‍ ശക്തിയോടെ ഉയര്‍ത്തെഴുന്നേറ്റു. അതിനപ്പുറം നിര്‍മാതാവിന്റെ റോള്‍ ഒരുപാട് പുതിയ കാര്യങ്ങള്‍ എന്നെ പഠിപ്പിച്ചു.

നിര്‍മാതാവാകുമ്പോഴുള്ള റിസ്‌ക്ക് മുന്‍കൂട്ടി കണ്ടിരുന്നില്ലേ..?
പ്രതിസന്ധിയുണ്ടാകുമെന്ന് അറിയാമായിരുന്നു. പക്ഷെ കോവിഡ് ലോക്ഡൗണ്‍ പോലൊരു വലിയ പ്രതിസന്ധി അപ്രതീക്ഷിതമായിരുന്നു. പക്ഷേ, നിര്‍മാണക്കമ്പനി തുടങ്ങിയത് എനിക്ക് ജീവിതത്തില്‍ പുതിയ ഒരുപാട് പാഠങ്ങൾ നല്‍കി. ഒരുസിനിമയിലേക്ക് എനിക്ക് എത്ര മാര്‍ക്കറ്റ് വാല്യൂ കൊണ്ടുവരാന്‍ പറ്റും എന്ന് തിരിച്ചറിഞ്ഞു. അതുവരെ ഏത് പടം ചെയ്താലും എത്ര വിജയമാണെങ്കിലും നഷ്ടമാണെന്നാണ് നിര്‍മാണക്കമ്പനികളില്‍ പലരും പറഞ്ഞിരുന്നത്. അത് നമ്മള്‍ വിശ്വസിക്കുകയും ചെയ്തു. കാരണം അതുവരെ സത്യം എന്താണെന്ന് നമുക്ക് അറിയിലല്ലോ. സിനിമ ഒരുബിസിനസാണ്, സെന്‍സിബിള്‍ സിനിമ ചെയ്യാന്‍ നമുക്ക് സാധിക്കുമെങ്കില്‍ നല്ലൊരു ലാഭം ഇതില്‍ നിന്ന് ഉണ്ടാക്കാന്‍ പറ്റും. കൊമേഴ്‌സ്യല്‍ പടങ്ങള്‍ക്ക് മാത്രമേ ലാഭം കിട്ടുകയുള്ളൂ എന്നൊരു പ്രചാരണം ചിലര്‍ നടത്തുന്നുണ്ട്. അതൊക്കെ തട്ടിപ്പാണ്. നല്ല കണ്ടന്റ് ഉള്ള വ്യത്യസ്തമായ സിനിമ ഏത് തരത്തിലാണെങ്കിലും അത് വിജയമാകും.
സിനിമയില്‍ ഒരുദശാബ്ദം പിന്നിട്ടു കഴിഞ്ഞു, എന്താണ് ഇത്രകാലം കൊണ്ട് സിനിമയും ജീവിതവും പഠിപ്പിച്ചത്..?
ഈ യാത്രയില്‍ പലതരം ആള്‍ക്കാരെ തിരിച്ചറിയാനാണ് ഞാന്‍ പഠിച്ചത്. നമ്മുടെ ചുറ്റും ഓരോ കാലത്തും ഓരോ ആള്‍ക്കാര്‍ ഉണ്ടാകും. ചിലര്‍ ആത്മാര്‍ഥയോടെ നമ്മളെ സ്‌നേഹിക്കുന്നവരായിരിക്കും, മറ്റ് ചിലര്‍ ഇത്തിള്‍ക്കണ്ണികളായിരിക്കും. നമ്മളില്‍ നിന്ന് എത്രമാത്രം പണം അടിച്ചുമാറ്റം എന്നതായിരിക്കും അവരുടെ ലക്ഷ്യം. നമ്മുടെ കൂടെ എന്നും നമ്മള്‍ മാത്രമേ ഉണ്ടാകൂ എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു. എല്ലാ മനുഷ്യരും ഓരോ കാലത്തും മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നത്, മക്കള്‍ക്ക് വേണ്ടി, മാതാപിതാക്കള്‍ക്ക് വേണ്ടി, ജീവിതപങ്കാളിക്ക് വേണ്ടി.. അങ്ങനെ അങ്ങനെ. ഒരുഘട്ടത്തില്‍ തിരിഞ്ഞുനോക്കുമ്പോള്‍ നമുക്ക് വേണ്ടി നമ്മള്‍ എപ്പോഴെങ്കിലും ജീവിച്ചിട്ടുണ്ടോ എന്ന് സ്വയം ചോദിച്ചുതുടങ്ങും. ഞാനും ഇത്രയും കാലം അങ്ങനെയായിരുന്നു, ജീവിതത്തില്‍ എന്റെ ഇഷ്ടങ്ങള്‍ക്ക് പലപ്പോഴും ഞാന്‍ പ്രാധാന്യം കൊടുത്തിരുന്നില്ല, മറ്റുള്ളവര്‍ക്കായി എന്റെ പല ഇഷ്ടങ്ങളും സന്തോഷങ്ങളും മാറ്റിവയ്‌ക്കേണ്ടി വന്നിട്ടുണ്ട്. അതെല്ലാം ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. ഇപ്പോള്‍ ഞാന്‍ സ്വയം സ്‌നേഹിച്ച് തുടങ്ങിയിരിക്കുന്നു. ഇപ്പോഴെന്റെ ഏറ്റവും വലിയ സന്തോഷം എനിക്കെന്നെ തിരിച്ചുകിട്ടി എന്നതാണ്, I Found Myself....

എല്ലാഭാഷകളിലും സ്ത്രീപക്ഷ സിനിമകളുണ്ടാകുന്നു, സ്ത്രീ സംവിധായകര്‍, നിര്‍മാതാക്കള്‍ അങ്ങനെ സിനിമയുടെ എല്ലാ മേഖലയിലേക്കും സ്ത്രീകള്‍ കടന്നുവരുന്നു, ഈയൊരു മാറ്റത്തെ എങ്ങനെയാണ് കാണുന്നത്...?
അനിവാര്യമായ മുന്നേറ്റമാണത്. എല്ലാ ഭാഷയിലും കൂടുതല്‍ സ്ത്രീകള്‍ സിനിമയുടെ എല്ലാമേഖലയിലേക്ക് കടന്നുവരണം. നമ്മള്‍ ഒരുസിനിമ നിര്‍മിക്കുമ്പോള്‍ 150 ലധികം ആള്‍ക്കാര്‍ക്കാണ് ജോലി ലഭിക്കുന്നത്. കൂടുതല്‍ നല്ല സിനിമകള്‍ പ്രദര്‍ശനത്തിന് എത്തുമ്പോള്‍ മാത്രമേ മൊത്തത്തിലുള്ള സിനിമയുടെ ക്വാളിറ്റി വര്‍ധിക്കുകയുള്ളൂ. ചെറിയ ബജറ്റില്‍ നല്ല സിനിമകള്‍ നിര്‍മിക്കാന്‍ പുതിയ നിര്‍മാതാക്കള്‍ വരുമ്പോള്‍ പുതുമുഖങ്ങള്‍ക്ക് അവസരം ലഭിക്കുന്നത് കൂടും. നല്ല സിനിമയാണെങ്കില്‍ പ്രേക്ഷകര്‍ അതിനെ വലിയ വിജയമാക്കും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്, കന്നട സിനിമയായ കാന്താര നേടിയ വന്‍വിജയം. ഒ.ടി.ടി., ഡിജിറ്റല്‍ െൈററ്റ്‌സ്, ഓവര്‍സീസ് തുടങ്ങി കച്ചവടത്തിനും സാധ്യതകളുടെ വലിയ ലോകം ഇപ്പോള്‍ മുന്നിലുണ്ട്. പക്ഷേ, തട്ടിക്കൂട്ട് സിനിമ ഉണ്ടാക്കി ലാഭം നേടാം എന്ന് ആരും വിചാരിക്കരുത്. അതൊരിക്കലും സാധ്യമാകില്ല. കാരണം ആരും നിങ്ങളുടെ സിനിമ വാങ്ങില്ല. അതുകൊണ്ട് നിര്‍മാണത്തിലേക്ക് കടന്നുവരുന്ന സ്ത്രീകള്‍ ശ്രദ്ധയോടെ മാത്രം കാര്യങ്ങള്‍ ചെയ്യുക.

മുന്നോട്ടുള്ള സിനിമകള്‍ ഏതൊക്കെയാണ്...?
മലയാളത്തില്‍ മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറാണ് അടുത്ത എന്റെ റിലീസ്. ചെറുപ്പം തൊട്ടുള്ള മമ്മൂക്കയുടെ ഫാന്‍ഗേള്‍ എന്ന നിലയില്‍ ആ സിനിമയില്‍ അഭിനയിച്ചതും അതിന്റെ റിലീസും ഏറെ സന്തോഷം തരുന്ന ഒന്നാണ്. ബ്ലെസി സാറിന്റെ ആടുജീവിതത്തിലും പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. അതും ചിത്രീകരണം കഴിഞ്ഞു. ദ്വിജ എന്ന പാന്‍ ഇന്ത്യന്‍ സിനിമയുടെ ചിത്രീകരണം ബനാറസില്‍ പുരോഗമിക്കുകയാണ്. ഒരുപീരിഡ് സിനിമയാണത്. തമിഴില്‍ കാളിദാസ് ജയറാമിനൊപ്പം കാതല്‍ കൊഞ്ചം തൂക്കലാ എന്നൊരു സിനിമ ചെയ്യുന്നുണ്ട്. ബാലാജി മോഹനാണ് സംവിധാനം. അജയ് ദേവ്ഗണിനൊപ്പം കൈതിയുടെ ഹിന്ദി റീമേക്കായ ഭോലയിലൂടെ ബോളിവുഡില്‍ അരങ്ങേറുകയാണ്. കടാവര്‍-2 ആയിരിക്കും അടുത്ത നിര്‍മാണ സംരംഭം.
Content Highlights: amala paul interview, teacher malayalam movie, vivek and pv shajikumar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..