നടൻ ഹക്കീം ഷാ | ഫോട്ടോ: www.instagram.com/hakim_shahjahan/
തിയേറ്റര്‍, ഹ്രസ്വചിത്രങ്ങള്‍, വെബ് സീരീസ്, ഓ.ടി.ടി, ബിഗ്സ്ക്രീന്‍ തുടങ്ങി ആസ്വാദനത്തിന്റെ നിലവിലുള്ള എല്ലാ ഫോര്‍മാറ്റുകളിലും സാന്നിധ്യമറിയിച്ച നടനാണ് ഹക്കീം ഷാ. ചെയ്ത ചിത്രങ്ങള്‍ എണ്ണത്തില്‍ കുറവാണെങ്കിലും എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട വേഷങ്ങള്‍. ഓരോ സിനിമ കഴിയുമ്പോഴും നടനെന്ന നിലയില്‍ സ്വയം പാകപ്പെടുത്തുകയാണ് ഹക്കീം. പി.വി. ഷാജികുമാറിന്റെ തിരക്കഥയില്‍ വിവേക് സംവിധാനം ചെയ്യുന്ന അമലാപോള്‍ ചിത്രം ടീച്ചറില്‍ ഒരു പ്രധാനവേഷത്തില്‍ ഈ യുവതാരമാണ്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ചുവടുറപ്പിക്കാനൊരുങ്ങുകയാണ് ഹക്കീം. ടീച്ചര്‍ എന്ന ചിത്രത്തിന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളേക്കുറിച്ചുള്ള പ്രതീക്ഷകളും ഹക്കീം ഷാ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുന്നു.
ടീച്ചറിലെ നായകനിലേക്ക്
വിവേക് എന്റെ സുഹൃത്താണ്. വ്യക്തിപരമായി ബന്ധപ്പെടാറുണ്ട്. അമലയും അങ്ങനെതന്നെ. ഞാന്‍ കടൈസീല ബിരിയാണി എന്നൊരു തമിഴ്പടം ചെയ്തിരുന്നു. അതിരന് കഴിഞ്ഞ് ചെയ്യുന്ന പടത്തില്‍ പുതിയൊരാളെ വേണമെന്ന നിലപാടില്‍ നില്‍ക്കുകയായിരുന്നു വിവേക്. എല്ലാം കൂടി ഒത്തുവന്നു.
സസ്പെന്‍സ് കഥാപാത്രം
സാധാരണ മലയാളിയാണ് ഈ ചിത്രത്തില്‍ എന്റെ കഥാപാത്രം. നഴ്സാണ്. ജോലിക്കുപോകുന്നു, വീട്ടില്‍ വരുന്നു. വലിയ ലക്ഷ്യബോധമൊന്നുമില്ലാത്ത ഒരാളാണ്. ഒരുപാട് നായകപരിവേഷമൊന്നും ഇല്ലാത്തയാളാണ്. എല്ലാവര്ക്കും എളുപ്പത്തില്‍ ബന്ധപ്പെടുത്താവുന്ന കഥാപാത്രമാണ്. പിന്നെ കഥാപാത്രത്തേക്കുറിച്ച് അധികം പറയാന്‍ ഇപ്പോള്‍ കഴിയില്ല. വിവേക് ആദ്യം കഥപറഞ്ഞപ്പോള്ത്തന്നെ ഞാന്‍ ഓ.കെയായിരുന്നു. നല്ല തിരക്കഥയാണ്. എനിക്ക് അഭിനയിച്ച് ഫലിപ്പിക്കാന്‍ ഉള്ളതുണ്ട്. പിന്നെ ഈയൊരു വിഷയം മലയാളത്തില്‍ അത്രയധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല.
തിരക്കഥാകൃത്ത് രസികനായ വ്യക്തി
വിവേകാണ് കഥ പറയുന്നത്. ഷൂട്ടിങ് തുടങ്ങാറായപ്പോഴാണ് തിരക്കഥാകൃത്ത് ഷാജി ചേട്ടനുമായി ഇടപഴകാന്‍ തുടങ്ങിയത്. പുള്ളി വേറൊരുതരം അടിപൊളി മനുഷ്യനാണ്. രസികനായ വ്യക്തിയാണ്. പുള്ളിയോട് സംസാരിച്ചിരിക്കാന്‍ തന്നെ രസമാണ്. തിരക്കഥാകൃത്തിനൊപ്പം ചെലവഴിക്കുന്നതും അദ്ദേഹത്തിന്റെ ആ കഥയോടുള്ള കാഴ്ചപ്പാട് മനസിലാക്കാന്‍ പറ്റുന്നതെല്ലാം നല്ലതാണ്.

ഹക്കീം എന്ന നടന്റെ രൂപപ്പെടല്‍
രക്ഷാധികാരി ബൈജുവില്‍ നിന്ന് ടീച്ചറിലേക്കെത്തുമ്പോള് ഒരു നടനെന്ന നിലയില്‍ മാറ്റമുണ്ടായിട്ടുണ്ട്. കൂടുതല്‍ ആഴത്തില്‍ പഠിക്കുമ്പോഴാണ് ഉത്ക്കണ്ഠ കൂടുന്നത്. പലപ്പോഴും എന്റെ തന്നെ കഥാപാത്രങ്ങള്‍ എനിക്ക് സ്ക്രീനില്‍ കണ്ടുനില്ക്കാന് പറ്റാറില്ല. കാരണം ഷൂട്ട് കഴിഞ്ഞ് പിന്നെയും മാസങ്ങള്‍ കഴിഞ്ഞാണല്ലോ ഡബ്ബിങ്ങും റിലീസും വരിക. അപ്പോഴേക്കും നമ്മള് വീണ്ടും അപ്ഡേറ്റ് ആയിട്ടുണ്ടാവും. കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നും. വീണ്ടും വീണ്ടും അപ്ഡേറ്റ് ആവാന്‍ ശ്രമിക്കുന്നതിന്റെ തോന്നലായിരിക്കാം അത്.
സിനിമയുടെ എല്ലാ ഫോര്‍മാറ്റും ചെയ്യുന്നത് ഈ അപ്ഡേഷന്റെ ഭാഗമാണോ?
മനഃപൂര്‍വം അങ്ങനെ ചെയ്യുന്നതല്ല. ഓ.ടി.ടിയെല്ലാം പ്രചാരത്തിലായിട്ട് മൂന്നോ നാലോ വര്‍ഷമല്ലേ ആയിട്ടുള്ളൂ. അതിന് മുമ്പും ഞാന്‍ വെബ്സീരീസുകള് ചെയ്യുന്നുണ്ടായിരുന്നു. കാരണം എന്റെ ജോലി ഇതാണ്. അതില്‍ രക്ഷപ്പെട്ട് പോരുകയായിരുന്നു ലക്ഷ്യം. നാടകം ചെയ്തത് എന്തിനാണെന്ന് ചോദിച്ചാല്‍ എന്റെ വാളിന്റെ മൂര്‍ച്ച ഞാന്‍ തന്നെ കൂട്ടിയാലല്ലേ പറ്റൂ. എന്നാലും എല്ലാം വളരെ വ്യത്യസ്തമായ അനുഭവങ്ങളായിരുന്നു. തുടക്കക്കാരനെന്ന രീതിയില്‍ എല്ലാ ഫോര്‍മാറ്റുകളും അറിഞ്ഞുവെയ്ക്കുന്നത് വളരെ സഹായകമായിട്ടുണ്ട്.
ഫ്രീഡം അറ്റ് മിഡ്നൈറ്റ്, കടസീല ബിരിയാണി
കടസീല ബിരിയാണി സത്യത്തില്‍ അഞ്ച് വര്‍ഷം മുമ്പ് ചെയ്തതാണ്. അതായത് ഞാന്‍ തിയേറ്റര്‍ ചെയ്യുന്ന സമയം. അന്ന് 25 വയസേ ഉള്ളൂ. അതിനനുസരിച്ചുള്ള പ്രകടനമേ കാഴ്ചവെയ്ക്കാന്‍ പറ്റിയുള്ളൂ. യൂട്യൂബില്‍ കുറച്ച് വര്‍ക്കൊക്കെ ചെയ്ത് പരിചയമായിക്കഴിഞ്ഞ് ചെയ്തതാണ് ഫ്രീഡം അറ്റ് മിഡ്നൈറ്റ്. രണ്ടും ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ചിത്രങ്ങളാണ്. കാരണം രണ്ടും വ്യത്യസ്ത പ്രോസസിലൂടെയാണ് കഥാപാത്രങ്ങളിലേക്കെത്തിയത്. ഫ്രീഡം അറ്റ് മിഡ്നൈറ്റിന് വേണ്ടി എനിക്കും അനുപമയ്ക്കും വേണ്ടി വര്‍ക്ക്ഷോപ്പും കാര്യങ്ങളുമൊക്കെയുണ്ടായിരുന്നു. അത് നന്നായി ഗുണംചെയ്തു. ടീച്ചറിനും അതേപോലെ അഭിനയ കളരി എനിക്കും അമലയ്ക്കുമുണ്ടായിരുന്നു. കടൈസീല ബിരിയാണിയില്‍ ശരിക്ക് എന്നെ സംവിധായകന് അഴിച്ചുവിടുകയായിരുന്നു. അതുപോലെ ഒരു കഥാപാത്രം ചെയ്യുമ്പോള്‍ കിട്ടുന്ന ഫീല്‍ ഒന്നുവേറെയാണ്. തിയേറ്റര്‍ ചെയ്യുമ്പോള്‍ ഇതേ ഫീലാണ് കിട്ടുക. ടീച്ചറിലും അങ്ങനെ സംഭവിച്ചു.

ടീച്ചറായി അമലാ പോള്‍
അമല ഗംഭീര നടിയാണ്. ഒരു രക്ഷയുമില്ല. ഇത്ര വലിയ നടന്മാരുടെ കൂടെ അഭിനയിച്ചതിന്റെയും പത്ത് പന്ത്രണ്ട് കൊല്ലമായി ഈ ഫീല്‍ഡില്‍ നില്‍ക്കുന്നതിന്റേയും എല്ലാം ഫലം അമലയുടെ പ്രകടനത്തില്‍ കാണാനുണ്ട്. ചില സീനൊക്കെ എടുക്കുമ്പോള്‍ നോക്കി നിന്നുപോകും. ഒരു ആക്ടര്‍ അഭിനയിക്കുന്നത് ലൈവായി കാണുന്നത് ഒരനുഭവമാണ്. ഷൂട്ട് തുടങ്ങുന്നതിനുമുമ്പ് നമ്മള് ആ കഥാപാത്രത്തിന്റെ വികാരം അടക്കിപ്പിടിച്ച് നില്ക്കും കുറച്ചുനേരം. ഷോട്ട് കഴിഞ്ഞ് കട്ട് പറഞ്ഞാലും നടന് എല്ലെങ്കില് നടി ആ ഒരു മൂഡില്ത്തന്നെയായിരിക്കും. ചിത്രീകരണം കഴിഞ്ഞ് തിരിച്ച് റൂമിലെത്തിയാല്‍ എനിക്ക് ഉത്ക്കണ്ഠ കയറാന്‍ തുടങ്ങും. ഉറങ്ങാന്‍ പോലും പറ്റിയില്ല. എന്തൊക്കെ കാര്യങ്ങളാണ് തലയിലെടുത്തുവെച്ചിരിക്കുന്നതെന്ന് നമുക്ക് മാത്രമല്ലേ അറിയൂ. നമ്മുടെ യഥാര്‍ത്ഥ ജീവിതവുമായി അപ്പോഴത് ബന്ധപ്പെടുത്താന്‍ നോക്കും. ചിലപ്പോഴത് നിയന്ത്രിക്കാന്‍ പറ്റാതെ വരും. ഇതൊക്കെ ഞാന്‍ അമലയോട് പറയുമ്പോള്‍ തിരിച്ച് പറയുന്നത് അവരും ഇതേപോലുള്ള അവസ്ഥയിലാണെന്നായിരിക്കും. നമ്മള് മനസുകൊണ്ടാണല്ലോ പ്രകടനം നടത്തുന്നത്.

പുതിയ ചിത്രങ്ങള്‍
തെലുങ്കിലും തമിഴിലും ഓരോ പടം വരുന്നുണ്ട്. തമിഴില്‍ സംവിധായകന് വെട്രിമാരന് നിര്‍മിക്കുന്ന സിനിമയാണ്. അതിന്റെ ഷൂട്ടിങ്ങും ഡബ്ബിങ്ങും കഴിഞ്ഞു. ആന്‍ഡ്രിയ, നാസര്‍ സാര്‍, ജയ് ഭീമിലെ വില്ലന്‍ തമിഴ് ഒക്കെയാണ് കൂടെയുള്ളവര്‍. ത്രില്ലറാണ്. തെലുങ്കില്‍ ഷെര്വാനന്ദിന്റെ വില്ലന്‍ വേഷമാണ്. രണ്ട് സിനിമയ്ക്കും പേരിട്ടിട്ടില്ല.
Content Highlights: actor hakim shah interview, teacher movie updates, amala paul new malayalam movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..