'അന്നുവരെ കണക്ക് ഇഷ്ടമായിരുന്ന ഞങ്ങളെ കണക്കിന്റെ ശത്രുവാക്കിയത് ആ അധ്യാപകനായിരുന്നു'


എം. എം സചീന്ദ്രന്‍

'കാലന്‍' എന്തിനാണ് കുട്ടികളെ തല്ലുന്നത് എന്ന് അദ്ദേഹത്തിനും കുട്ടികള്‍ക്കും മനസ്സിലാവുകയില്ല. പോലീസുകാര്‍ ലോക്കപ്പിലിട്ടു മര്‍ദ്ദിക്കുന്നതുപോലെ കുട്ടികളുടെ ആത്മാഭിമാനം നഷ്ടപ്പെടുന്നതരത്തിലാണ് 'കാല'ന്റെ മര്‍ദ്ദനം.

M M Sacheendran

ണ്ടുകാലം മുതല്‍ക്കേ ഭാരതത്തില്‍ ഗുരു എന്ന വാക്കിന് വലിയ ഗുരുത്വം കല്‍പ്പിച്ചിരുന്നു. അതു കാരണമാണ് ഗുരുത്വക്കേട്, അഥവാ കുരുത്തക്കേട് വലിയൊരു ദോഷമായി സമൂഹം പരിഗണിച്ചുപോ ന്നതും. കുരുത്തക്കേട് രണ്ടു തരത്തിലുണ്ട്. ശിഷ്യന്റെ കുരുത്തക്കേടും ഗുരുവിന്റെ ഗുരുത്വക്കേടും. പഠനവിഷയത്തില്‍ താത്പര്യമില്ലായ്മയും ഗുരുവിനെ അനുസരിക്കാതിരിക്കലുമൊക്കെയാണ് ശിഷ്യരുടെ കുരുത്തക്കേട് എന്ന് പൊതുവെ എല്ലാവര്‍ക്കും അറിയാം. വേണ്ടത്ര ഗുരുത്വം ഇല്ലായ്മ, അഥവാ പഠിപ്പിക്കാന്‍ അര്‍ഹതയില്ലാത്തവര്‍ അധ്യാപകരാവുക എന്നതാണ് ഗുരുവിന്റെ ഗുരുത്വക്കേട്.

ഗുരു, അധ്യാപകന്‍, ആചാര്യന്‍ എന്നീ പദങ്ങളൊക്കെ സമാനമായ അര്‍ഥത്തില്‍ നമ്മള്‍ ഉപയോഗിക്കാറുണ്ടെങ്കിലും അവയ്‌ക്കോരോന്നിനും തികച്ചും വ്യത്യസ്തമായ അര്‍ഥങ്ങളാണുള്ളത്. ധര്‍മ്മാദിയെ പറഞ്ഞു തരുന്നവനും അജ്ഞാനത്തെ കളയുന്നവനുമാണ് ഗുരു. അധ്യയനം ചെയ്യിക്കുന്നവന്‍ അധ്യാപകന്‍. തന്റെ ശിഷ്യരെക്കൊണ്ട് ധര്‍മങ്ങളെ ആചരിപ്പിക്കുന്നവനാണ് ആചാര്യന്‍. ഉപാധ്യായിയാണ് ഏറ്റവും പ്രധാനിയായ ഒന്നാമത്തെ ഓതിക്കന്‍ എന്നും, അദ്ദേഹം പറഞ്ഞുകൊടുത്ത കാര്യങ്ങള്‍ അധ്യായനം ചെയ്യിക്കുന്ന രണ്ടാമത്തെ ഓതിക്കനാണ് അധ്യാപകന്‍ എന്നും അമരകോശം ബ്രഹ്മവര്‍ഗവ്യാഖ്യാനത്തില്‍ പറയുന്നുണ്ട്. ഇന്നത്തെ അര്‍ഥത്തില്‍ പറഞ്ഞാല്‍ കരിക്കുലവും സിലബസും തയാറാക്കുന്നത് ഉപാധ്യായിയും അതനുസരിച്ച് പഠിപ്പിക്കുന്നയാള്‍ അധ്യാപകനും എന്നു കരുതാവുന്നതാണ്.

പദം മുറിക്കുക, പദാര്‍ഥങ്ങളെ പറഞ്ഞു മനസ്സിലാക്കുക, സമസ്തപദങ്ങളെ വിഗ്രഹിക്കുക, വാക്യങ്ങളെ അന്യോന്യം യോജിപ്പിക്കുക, ഓരോ ഘട്ടങ്ങളില്‍ വന്നേക്കാവുന്ന പൂര്‍വപക്ഷങ്ങളേയും അതിനുള്ള സമാധാനങ്ങളേയും മനസ്സിലാക്കിക്കൊടുക്കുക, ഇങ്ങനെ വ്യാഖ്യാനം ആറുവിധം എന്നു വിശദീകരിക്കുന്നുണ്ട് അമരകോശം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അമരകോശം നിലവില്‍ വരുന്ന കാലത്തെ സാമൂഹ്യജീവിതത്തിന്റെ പ്രത്യയശാസ്ത്രം മുഴുവന്‍ ഉള്‍പ്പെടുന്നുണ്ട് ഈ നിര്‍വചനങ്ങളില്‍ എന്നു പറയാം. അഥവാ സമൂഹത്തില്‍ ജീവിക്കേണ്ടത് എങ്ങനെയെന്നു പഠിക്കുകയും പഠിപ്പിക്കുകയുമാണ് അധ്യയനത്തിന്റെയും അധ്യാപനത്തിന്റെയും ലക്ഷ്യമായി അമരകോശം ഊന്നുന്നത്.

കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ട് അധികം വൈകാതെയാണ് ഞാന്‍ ജനിച്ചത്. അതുകൊണ്ട്, തൊള്ളായിരത്തി അറുപതുകളുടെ തുടക്കത്തിലായിരുന്നു എന്റെ സ്‌കൂള്‍ ജീവിതത്തിന്റെ ആരംഭം. അക്കാലത്ത് ഏത് സ്‌കൂളിലാണ് ഒരു കുട്ടി ചേരേണ്ടത് എന്നൊരു ചര്‍ച്ച ആദ്യഘട്ടങ്ങളില്‍ എന്തായാലും ഉണ്ടാവാറില്ല. ജീവിക്കുന്ന പ്രദേശവുമായി ബന്ധപ്പെട്ട് നിര്‍ണയിക്കപ്പെടുന്നതായിരുന്നു സ്‌കൂള്‍. കുന്നത്തുപാലം, വേട്ടുവോടന്‍ കുന്ന് പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ചേര്‍ങ്ങാട്ടില്‍ സ്‌കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്ന എയ്ഡഡ് എല്‍ പി സ്‌കൂളില്‍ ചേര്‍ന്നിരിക്കും. അവിടെ നാലാം ക്ലാസു വരെയാണുള്ളത്. അഞ്ചാം ക്ലാസില്‍ ചേരുമ്പോള്‍ മാത്രമാണ് പന്തീരാങ്കാവ് യുപി സ്‌കൂളില്‍ ചേരണോ അതോ ഹൈസ്‌കൂളില്‍ ചേരണോ എന്ന ചോദ്യം ഉയരുക. ഏഴാം ക്ലാസ് കഴിഞ്ഞാല്‍ വീണ്ടും ഒരു മാറ്റിച്ചേര്‍ക്കലിനു ബുദ്ധിമുട്ടാന്‍ വയ്യ എന്നു കരുതുന്ന മിക്കവാറും രക്ഷിതാക്കള്‍ അഞ്ചാം ക്ലാസ് മുതല്‍ക്കുതന്നെ നേരെ ഹൈസ്‌കൂളിലാണ് കുട്ടികളെ ചേര്‍ത്തുക.

ചേര്‍ങ്ങാട്ടില്‍ സ്‌കൂളിലെ അധ്യാപകരില്‍ ഗ്രേസി ടീച്ചറും മണി മാഷും ഓര്‍മയിലെത്തും. 'കയ്യൊടിച്ചി ടീച്ചര്‍' എന്ന് ഇരട്ടപ്പേരുള്ള ഗ്രേസി ടീച്ചര്‍ പാവമായിരുന്നു. ടീച്ചര്‍ക്ക് ഒരു കൈ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏതോ അപകടത്തില്‍പ്പെട്ട് മുറിച്ചു മാറ്റിയതായിരുന്നു രണ്ടാമത്തെ കൈ. ഒറ്റക്കയ്യില്‍ ചൂരല്‍വടിയുമായി ടീച്ചര്‍ കുട്ടികളുടെ പിന്നാലെ ഓടും; തല്ലാന്‍. പിടിച്ചുവെച്ചു തല്ലാന്‍ കഴിയില്ല എന്നറിയുന്ന കുട്ടികള്‍ ടീച്ചര്‍ക്കു പിടികൊടുക്കാതെ ഓടിക്കളിക്കും. ടീച്ചറുടെ മകന്‍ ജോണിയായിരുന്നു ക്ലാസ്സിലെ ഏറ്റവും വലിയ വില്ലന്‍. അവന്‍ ഓടി ജന്നല്‍ക്കമ്പിയില്‍ തൂങ്ങിക്കയറും. കുട്ടികളെ അടിക്കാന്‍ കിട്ടാതെയാകുമ്പോള്‍ ടീച്ചര്‍ക്കു സങ്കടം വരും. കുട്ടികളുടെ ഭാവിയോര്‍ത്ത് എന്നതിലും ഏറെ സ്വന്തം നിസ്സഹായാവസ്ഥ ഓര്‍ത്തായിരിക്കാം ആ സങ്കടം. പക്ഷേ ടീച്ചര്‍ അടിച്ചാലും ഞങ്ങള്‍ക്കു വേദനിക്കാറില്ലായിരുന്നു. തോല്‍ക്കാതിരിക്കാന്‍വേണ്ടി മാത്രമായിരുന്നു ടീച്ചര്‍ ഞങ്ങളെ അടിച്ചിരുന്നത് എന്നു തോന്നും. മണിമാഷെ ഞങ്ങള്‍ക്ക് ഇഷ്ടമായിരുന്നില്ല. കാരണം, മണിമാഷ്‌ക്ക് രണ്ടു കയ്യും ഉണ്ടായിരുന്നു. അടിച്ചാല്‍ അടി കൊള്ളുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല. അടിക്കുന്നതാവട്ടെ ആരോടോ ഉള്ള ദേഷ്യം തീര്‍ക്കുന്നതുപോലെയും. എന്തിനായിരുന്നു മണിമാഷ് ഞങ്ങളെ അടിച്ചത് എന്ന് ഓര്‍മ്മിക്കാനാവുന്നേയില്ല. അത്ര വലിയ തെറ്റൊന്നും ഞങ്ങളാരും ചെയ്തതായി ഓര്‍ക്കുന്നില്ല. ചൂരലും അടിയും മാഷമ്മാരുടെയും ടീച്ചര്‍മ്മാരുടെയുമൊക്കെ ചിഹ്നമായിട്ടായിരുന്നു കരുതിയിരുന്നത്. നന്നായി അടിക്കുന്ന അധ്യാപകരാണ് നല്ല അധ്യാപകര്‍ എന്നൊരു പൊതുബോധം രക്ഷിതാക്കള്‍ക്കും സമൂഹത്തിനും ഉണ്ടായിരുന്നതിനാല്‍ അധ്യാപകരുടെ അപ്രമാദിത്തം ഒരിക്കല്‍പ്പോലും ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. കാലിന്റെ തുട അടിച്ചുപൊട്ടിച്ചത് ചോദിക്കാന്‍ ഹെഡ്മാസ്റ്ററുടെ മുറിയില്‍ വളരെ ദുര്‍ലഭമായി മാത്രം പ്രത്യക്ഷപ്പെടുന്ന രക്ഷിതാക്കള്‍ സംസ്‌കാരം ഇല്ലാത്തവരും മഹാമോശക്കാരുമായിട്ടാണ് വീട്ടിലും സ്‌കൂളിലും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്.

പന്തീരാങ്കാവ് ഹൈസ്‌കൂളിലെ അധ്യാപകരെ ഓര്‍ക്കുമ്പോള്‍ രണ്ടു മുഖങ്ങളാണ് മുന്നില്‍ വരുന്നത്. നല്ല ഉയരത്തില്‍ ആജാനുബാഹുവായി കാലനെപ്പോലെ കറുത്ത കുപ്പായമിട്ടു വരുന്ന കണക്കുമാഷ്. രണ്ടാമത്തേത് സ്‌നേഹം മനുഷ്യരൂപമെടുത്തതുപോലെ കണ്‍മുന്നിലെത്തുന്ന ദാക്ഷായണി ടീച്ചര്‍.

'കാലന്‍' എന്തിനാണ് കുട്ടികളെ തല്ലുന്നത് എന്ന് അദ്ദേഹത്തിനും കുട്ടികള്‍ക്കും മനസ്സിലാവുകയില്ല. പോലീസുകാര്‍ ലോക്കപ്പിലിട്ടു മര്‍ദ്ദിക്കുന്നതുപോലെ കുട്ടികളുടെ ആത്മാഭിമാനം നഷ്ടപ്പെടുന്നതരത്തിലാണ് 'കാല'ന്റെ മര്‍ദ്ദനം. കറുത്ത ഷര്‍ട്ടിട്ടുവരുന്ന ദിവസമായിരിക്കും ആ മനുഷ്യന് ഏറ്റവും ദേഷ്യം എന്ന് അദ്ദേഹംതന്നെ പറഞ്ഞിരുന്നതുകൊണ്ട്, കറുത്ത വേഷത്തില്‍ രാവിലെ അദ്ദേഹത്തെ കണ്ടാല്‍ അന്നത്തെ ദിവസം ഏതു ക്ലാസ്സിലിരിക്കുമ്പോഴും ആകെയൊരു വിറയായിരിക്കും. കുട്ടികളെ ഉപദ്രവിക്കുക എന്നത് അദ്ദേഹത്തിന് ഏറ്റവും രസകരമായ വിനോദമായിരുന്നു.

ഹൈസ്‌കൂള്‍ ക്ലാസ്സുവരെ കണക്കിനോട് ഏറെ പ്രിയമുണ്ടായിരുന്ന എന്നെപ്പോലെയുള്ള പല കുട്ടികളേയും കണക്കിന്റെ ശത്രുവാക്കിയത് ആ മനുഷ്യനായിരുന്നു എന്നു പറയാം. അദ്ദേഹം റിട്ടയര്‍ ചെയ്തതിനുശേഷം മരുമകളുമൊത്ത് യൂണിവേഴ്‌സിറ്റി കാമ്പസ്സില്‍ താമസിച്ചിരുന്നു. ഞാനൊരിക്കല്‍ അദ്ദേഹത്തെ വഴിയില്‍വെച്ചു കാണാനിടയായി. റിട്ടയര്‍ ചെയ്ത മിക്കവാറും എല്ലാ അധ്യാപകരേയുംപോലെ, താന്‍ പഠിപ്പിച്ചിരുന്ന കാലത്തെ മെച്ചപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചും വിദ്യാര്‍ഥികളുടെ പേടിയേയും ബഹുമാനത്തെയും അനുസരണയേയും കുറിച്ചുമൊക്കെ അപ്പോഴദ്ദേഹം പ്രസംഗിക്കാന്‍ തുടങ്ങിയിരുന്നു. ഒട്ടും ഗുരുത്വമില്ലാത്ത അധ്യാപകനായി ഞാനെന്റെ മനസ്സില്‍ അടയാളപ്പെടുത്തുന്നത് പന്തീരാങ്കാവ് ഹൈസ്‌കൂളിലെ ആ അധ്യാപകനെയാണ്.

ഹൈസ്‌കൂളില്‍ കെമിസ്ട്രി പഠിപ്പിച്ചിരുന്നത് ദാക്ഷായണി ടീച്ചറായിരുന്നു. എല്ലാ കുട്ടികളോടും എല്ലായ്‌പ്പോഴും സ്‌നേഹത്തോടെ മാത്രമേ ടീച്ചര്‍ പെരുമാറിക്കണ്ടിട്ടുള്ളൂ. വളരെ രസകരമായി പഠിപ്പിക്കാനും പഠിപ്പിച്ച കാര്യങ്ങള്‍ പലതരം കളികളിലൂടെ കുട്ടികളുടെ മനസ്സില്‍ ഉറപ്പിക്കാനും ടീച്ചര്‍ക്ക് പ്രത്യേകം കഴിവു ണ്ടായിരുന്നു. മുന്‍ബഞ്ചിലിരിക്കുന്നവരോട് പിന്‍ബഞ്ചിലുള്ളവര്‍ ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു അതില്‍ ഒരു കളി. മുന്‍ബഞ്ചിലെ ഏറ്റവും മുന്നിലുള്ള ഒരു സീറ്റ് സര്‍വജ്ഞപീഠമായി കണക്കാക്കും. അവിടെയിരിക്കുന്നയാള്‍ പാഠപുസ്തകത്തിലെ ഏതു ചോദ്യത്തിനും ഉത്തരം പറയാന്‍ പ്രാപ്തിയുള്ളയാളായിരിക്കും.

മുന്‍ബെഞ്ചിലെ ബാക്കി ഇരിപ്പിടങ്ങളും ആ ക്രമത്തില്‍ നന്നായി പഠിക്കുന്ന കുട്ടികള്‍ കയ്യടക്കിയിരിക്കും. അവരോട് ക്ലാസ്സിലെ ആര്‍ക്കും ചോദ്യം ചോദിക്കാം. മുന്‍ബെഞ്ചുകാര്‍ക്ക് ഉത്തരം പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ ചോദ്യം ചോദിച്ചയാള്‍തന്നെ ഉത്തരം പറയണം. അങ്ങനെ ചെയ്താല്‍, മുന്നിലിരിക്കുന്നയാളുടെ സീറ്റില്‍ ഉത്തരം പറഞ്ഞ കുട്ടിക്കു ചെന്നിരിക്കാം. അവിടെയിരുന്നയാള്‍ പിറകിലേയ്ക്ക് മാറ്റപ്പെടുകയും ചെയ്യും. ഒരു ദിവസം പിറകില്‍പ്പെട്ടയാള്‍ പിറ്റേന്ന് മുന്നിലെത്താനായി കിണഞ്ഞു ശ്രമിക്കും. ഇത് ക്ലാസ്സില്‍ വലിയ വാശിയോടെ നടത്തപ്പെടുന്ന ഒരു കളിയായിരുന്നു.

മുന്‍ബഞ്ചിലുള്ളവരെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ പാഠപുസ്തകത്തിന്റെ മുക്കിലും മൂലയിലും പരതി അതുവെച്ച് ചോദ്യമുണ്ടാക്കി, ദാക്ഷായണി ടീച്ചറുടെ അടുത്ത ക്ലാസ്സിനായി ഞങ്ങള്‍ കാത്തിരിക്കുമായിരുന്നു. കൊല്ലാവസാനമാകുമ്പോഴേയ്ക്കും പുസ്തകം മുഴുവന്‍ ഏകദേശം കാണാപ്പാഠമായിട്ടുണ്ടാകും. വായുവില്‍ അഞ്ചിലൊരുഭാഗം ഓക്‌സിജനാണ് എന്നു തെളിയിക്കുന്നതിനുള്ള പരീക്ഷണം അടക്കം പലതും ഇന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നുണ്ട്. ടീച്ചര്‍ ഒരിക്കലും ഒരു കുട്ടിയേയും അടിക്കുന്നതു കണ്ടിട്ടില്ല. അടി കിട്ടേണ്ട തരത്തിലുള്ള ഗുരുതരമായ തെറ്റുകള്‍ വല്ലതും കുട്ടികള്‍ ചെയ്താല്‍ ടീച്ചര്‍ കരയും. അതു കാണുന്നതായിരുന്നു ഞങ്ങള്‍ക്ക് അടികിട്ടുന്നതിലും വേദനയുണ്ടാക്കുന്ന ശിക്ഷ.

പ്രീഡിഗ്രിക്കും ഡിഗ്രിക്കും ഗുരുവായൂരപ്പന്‍ കോളേജിലും പിന്നീട് കോഴിക്കോട് ലോ കോളേജിലും പഠിച്ച കാലത്തും നിരവധി നല്ല അധ്യാപകരുടെ ക്ലാസ്സില്‍ ഇരിക്കാന്‍ സാധിച്ചിട്ടുണ്ട്. ഗുരുവായൂരപ്പന്‍ കോളേജിലെ ഹിന്ദി അധ്യാപകനായിരുന്ന ഡോ. വി. നാരായണന്‍കുട്ടി, ഹിസ്റ്ററി അധ്യാപരായിരുന്ന പപ്പന്‍സാര്‍, നമ്പ്യാര്‍സാര്‍, സുധടീച്ചര്‍, ഇംഗ്ലീഷ് ഡിപ്പാര്‍ട്‌മെന്റിലെ റാവു, ഉണ്ണിസാര്‍, രൂപസൗന്ദര്യത്തിന്റെ ശീമാട്ടി (അവരുടെ ശരിക്കുള്ള പേരു മറന്നുപോയിരിക്കുന്നു) തുടങ്ങി പലരും ഓര്‍മ്മയിലുണ്ട്. അതിലേറെ ആരാധനയോടെ ഓര്‍മ്മിക്കുന്ന നിരവധി അധ്യാപകരുടെ ക്ലാസ്സിലിരുന്നത് അനൗപചാരികമായിട്ടാണ്. ഡോ. എം ആര്‍ രാഘവ വാരിയര്‍, ഡോ. എം.ജി.എസ്. നാരായണന്‍, ഡോ. ആര്‍. വിശ്വനാഥന്‍, പ്രൊഫസര്‍ കെ. പി. ശങ്കരന്‍, ഡോ. വിഷ്ണുനാരായണന്‍ നമ്പൂതിരി, പ്രൊഫ. കെ. വി. രാമകൃഷ്ണന്‍, ഡോ. കെ.പി. മോഹനന്‍, ഈയിടെ അന്തരിച്ച പ്രൊഫ. വി. സുകുമാരന്‍ തുടങ്ങി നിരവധി നിരവധി പേര്‍ ആ ഗണത്തില്‍ പെടുന്നു. എങ്കിലും അധ്യാപകദിനം എന്നു കേള്‍ക്കുമ്പോള്‍ ഇപ്പോഴും ഓര്‍മ്മയില്‍ ആദ്യം വരുന്നത് ആ രണ്ടുപേരുകളാണ്, കാലനും ദാക്ഷായണി ടീച്ചറും.

(അധ്യാപകനും എഴുത്തുകാരനും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവപ്രവര്‍ത്തകനുമാണ് ലേഖകന്‍)

Content Highlights: Writer M M Sacheendran about his teacher  - Teachers day 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented