'എന്റെ സ്‌കൂളിന്റെ അവസ്ഥ കണ്ട് ഞെട്ടി! ഒന്നു മുതല്‍ നാലുവരെ ക്ലാസില്‍ വെറും 32 കുട്ടികൾ...'


രൂപശ്രീ ഐ. വി

32 കുട്ടികളിൽ നിന്ന് 365 പേരിലേക്ക് തന്റെ സ്‌കൂളിനെ ആ അധ്യാപകൻ കൈപിടിച്ചുയർത്തി. 2018ൽ അദ്ദേഹം മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടി. ഇന്ത്യയിലെ ആദ്യ സ്മാർട്ട് എൽ.പി.സ്‌കൂളിന്റെ വളർച്ചയ്ക്കു പിന്നിലെ നെടുംതൂണായി അദ്ദേഹം.

വിധു പി നായർ വിദ്യാർഥികൾക്കൊപ്പം

തൊരു അധ്യാപകന്റെ കഥയാണ്, ഒരു വിദ്യാലയത്തിന്റേയും... ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട്ട് സ്‌കൂളിന്റെയും സ്മാര്‍ട്ട് അധ്യാപകന്റെയും കഥ.
1997 ലാണ് അധ്യാപകനായ വിധു പി നായര്‍ തൊടുപുഴ എന്‍ എസ് എസ് എല്‍.പി.സ്‌കൂളില്‍ പ്രധാന അധ്യാപകനായെത്തുന്നത്. പ്രൈമറി സ്‌കൂളിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാന അധ്യാപകന്‍. 23 വയസ്സ്.

പഠനം പാഠപുസ്തകങ്ങളിൽ മാത്രം ഒതുങ്ങരുത്, വരാനിരിക്കുന്നത് ഡിജിറ്റല്‍ ലോകമാണെന്ന്‌ ആദ്യമേ അദ്ദേഹത്തിന് നല്ല നിശ്ചയമുണ്ടായിരുന്നു. ചുമതലയേറ്റ് ആദ്യ വര്‍ഷങ്ങളില്‍ തന്നെ സ്‌കൂളിനെ നമ്പര്‍ വണ്‍ ആക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. 1999ല്‍ ആദ്യത്തെ കമ്പ്യൂട്ടര്‍ വാങ്ങി. അക്കാലത്ത് കേരളത്തില്‍ തന്നെ ഒരു കമ്പ്യൂട്ടര്‍ സ്വന്തമായുള്ള എല്‍.പി സ്‌കൂള്‍ വിരളമായിരിക്കും. തൊടുപുഴക്കാര്‍ കമ്പ്യൂട്ടര്‍ കാണാന്‍ കോതമംഗംലം എന്‍ജിനീയറിങ് കോളേജ് വരെ പോയിരുന്ന കാലമായിരുന്നു അത്. അങ്ങനെ വിധു സാറിന്റെ മേല്‍നോട്ടത്തില്‍ തൊടുപുഴ എന്‍.എസ്.എസ് എല്‍.പി.സ്‌കൂള്‍ സ്മാര്‍ട്ട്നെസിലേക്ക് പിച്ചവച്ചു.

അങ്ങനെയിരിക്കെ 2007ല്‍ അദ്ദേഹത്തിന് ലോകബാങ്കിന്റെ ഒരു പ്രോജക്ടുമായി ബന്ധപ്പെട്ട് എരിത്രിയ എന്ന രാജ്യത്തേക്ക് പോകാന്‍ അവസരം കിട്ടി. അവിടുത്തെ ഉദ്യോഗസ്ഥരുടെ അധ്യാപക ട്രെയിനിങ് കോളേജിലെ അധ്യാപനത്തിന്റെ അധികചുമതലയായിരുന്നു.

എരിത്രിയയിലെ അഞ്ചു വര്‍ഷത്തെ ജോലി കഴിഞ്ഞ് 2012ല്‍ നാട്ടില്‍ തിരിച്ചെത്തി. അപ്പോഴത്തെ തന്റെ സ്‌കൂളിന്റെ അവസ്ഥ കണ്ട് സത്യത്തില്‍ അദ്ദേഹം ഞെട്ടിപ്പോയി. ഒന്നു മുതല്‍ നാലുവരെ ക്ലാസില്‍ ആകെ വെറും 32 വിദ്യാര്‍ത്ഥികള്‍ മാത്രം! ഒരിക്കല്‍ കൂടി എരിത്രിയയിലേക്ക് തിരിച്ചുപോയി വരുമ്പോഴേക്ക് സ്‌കൂള്‍ പൂട്ടിയേക്കും. ഊണും ഉറക്കവും ഉപേക്ഷിച്ച് താനും സഹപ്രവര്‍ത്തകരും കെട്ടിപ്പടുക്കാന്‍ ശ്രമിച്ച സ്വപ്നം, വരാനിരിക്കുന്ന തലമുറകളെ വാര്‍ത്തെടുക്കേണ്ട വിദ്യാലയം കണ്‍മുന്നില്‍ ഇല്ലാതാകുന്നത് കണ്ടുനില്‍ക്കാന്‍ അദ്ദേഹത്തിനായില്ല. മടങ്ങിപ്പോക്ക് വേണ്ടെന്നുവച്ചു.
അവിടെയാണ് സത്യത്തില്‍ ആ സ്‌കൂളിന്റെ യഥാര്‍ഥ ചരിത്രം തുടങ്ങുന്നത്. ഈ അധ്യാപകദിനത്തില്‍ ആ കഥ പറയുകയാണ് 2018ല്‍ മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം മുതല്‍ ഒട്ടേറെ അന്താരാഷ്ട്ര അംഗീകാരങ്ങള്‍ വരെ നേടിയ വിധു പി നായര്‍.

Vidhu P Nair
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൽ നിന്ന് മികച്ച അധ്യാപകനുള്ള ദേശീയ പുരസ്‌കാരം സ്വീകരിക്കുന്ന വിധു പി നായർ

സ്മാര്‍ട്ട് ഫൈവില്‍ നിന്ന് ഫൈവ്സ്റ്റാറിലേക്ക്

സ്‌കൂളില്‍ കുട്ടികളുടെ എണ്ണം എങ്ങനെയും വര്‍ദ്ധിപ്പിക്കണം. അതായിരുന്നു എരിത്രിയയില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ ഞങ്ങളുടെ ആദ്യ പരിഗണന. അങ്ങനെ ഒരു പദ്ധതിയുണ്ടാക്കി. പുതിയ അധ്യയന വര്‍ഷം 5 കുട്ടികള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. പക്ഷേ, കുട്ടികളുടെ എണ്ണം എങ്ങനെയെങ്കിലും കൂട്ടാന്‍ നോക്കുന്ന സാഹചര്യത്തില്‍ ആ റിസ്‌ക് എടുക്കാന്‍ ആരും തയ്യാറായിരുന്നില്ല. പക്ഷേ ഞങ്ങളത് ചെയ്തു. അഡ്മിഷന്‍ ക്ലോസ് ചെയ്‌തെന്നറിഞ്ഞപ്പോള്‍ ആറാമനും ഏഴാമനും സ്‌കൂളില്‍ ചേരാന്‍ വന്നു. പക്ഷേ ഞങ്ങള്‍ അവര്‍ക്ക് പ്രവേശനം നല്‍കാതെ ആദ്യം എടുത്ത 5 കുട്ടികള്‍ക്ക് സ്മാര്‍ട്ട് 5 എന്നു പേരിട്ടു. തൊട്ടടുത്ത വര്‍ഷം അഡ്മിഷന്‍ 10 പേര്‍ക്ക് മാത്രമാക്കി ചുരുക്കി. ആവശ്യം കൂട്ടാനായി ഞങ്ങള്‍ സപ്ലൈ കുറച്ചു. വേള്‍ഡ് ബാങ്ക് പഠിപ്പിച്ച പാഠമായിരുന്നു അത്. കഴിഞ്ഞ വര്‍ഷം അത് 75 പേരായി. ഇപ്പോള്‍ ഇവിടെ അഡ്മിഷന്‍ കിട്ടാന്‍ കുട്ടികള്‍ കാത്തുനില്‍ക്കുകയാണ്. 365 കുട്ടികളുണ്ട് ഞങ്ങള്‍ക്കിപ്പോള്‍.

'ഡ്രെവറില്ലെങ്കിലെന്താ മാഷുണ്ടല്ലോ'

സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളും പഠന നിലവാരവും മാറി. കുട്ടികളെ കൊണ്ടുവരാനായി ഒരു എ സി ബസ്സും വാങ്ങി. അധ്യാപകരെല്ലാം ചേര്‍ന്ന് ലോണ്‍ എടുത്ത് വാങ്ങിയതാണ്. എന്നാല്‍ ആ ബസ് പോകാത്ത വഴികളില്‍ നിന്നും കുട്ടികള്‍ വരുന്നുണ്ട്. അവരെ കൊണ്ടുവരാന്‍ ഒരു വാനും വാങ്ങി. വാന്‍ ഓടിക്കാന്‍ മറ്റൊരു ഡ്രൈവറെ കൂടി വയ്ക്കണം. നല്ല ശമ്പളവും കൊടുക്കണം. അങ്ങനെ വന്നപ്പോള്‍ ഞാന്‍ തന്നെ ബാഡ്ജും ലൈസന്‍സുമെടുത്ത് വാനിന്റെ ഡ്രൈവറായി. 2013 ലാണ് അത്. ഈ യാത്രയ്ക്കിടയില്‍ കൂട്ടികളുമായി സംസാരിക്കാം, അവരെ കൂടുതല്‍ അടുത്ത് അറിയാം. ഇന്ന് കുട്ടികളുടെ എണ്ണം കൂടി. കുറേ ബസ്സുകളും വന്നു. എങ്കിലും സമയം കിട്ടുമ്പോള്‍ ഇപ്പോഴും ഡ്രൈവര്‍ വേഷമണിയാറുണ്ട്.

ഞങ്ങള്‍ പണ്ടേ സ്മാര്‍ട്ട്

കുട്ടികളെ കൂട്ടാന്‍ ഡ്രൈവറായി പോകുമ്പോള്‍ രക്ഷിതാക്കള്‍ അവരവരുടെ കുട്ടിയെ പറ്റി തിരക്കും. കുട്ടി നന്നായി പഠിക്കുന്നുണ്ടെന്നാവും എന്റെ ഉത്തരം. പക്ഷേ പല കുട്ടികളെയും എനിക്ക് നേരിട്ട് അറിയില്ലെങ്കിലും അവരെ സമാധാനിപ്പിക്കാനായിരുന്നു ആ മറുപടി. അങ്ങനെയാണ് സ്വന്തം കുട്ടികളുടെ പഠന നിലവാരം രക്ഷിതാക്കള്‍ക്ക് അറിയാന്‍ സൗകര്യം ഉണ്ടാക്കണമെന്നു തോന്നിയത്. കുട്ടികളെ കുറിച്ച് വിശദമായി പഠിക്കാന്‍ തുടങ്ങിയെങ്കിലും വസ്തുനിഷ്ഠമായൊരു റിപ്പോര്‍ട്ട് കിട്ടുന്നില്ലെന്നു തോന്നി. അങ്ങനെ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ഉണ്ടാക്കി. കുട്ടികള്‍ എന്തൊക്കെയാണ് ഒരു ദിവസം പഠിച്ചത്, ഇനി എന്തെല്ലാം പഠിക്കണം തുടങ്ങിയ കാര്യങ്ങള്‍ എല്ലാ ദിവസവും വൈകുന്നേരം രക്ഷിതാക്കള്‍ക്ക് ആപ്പു വഴി മനസ്സിലാക്കാം. അതോടെ അവരുടെ ടെന്‍ഷന്‍ മാറി. ഇതുപോലെ ഓരോ വിഷയത്തിനും പ്രത്യേകം ആപ്പുകള്‍ തയ്യാറാക്കി.

അങ്ങനെ ഞങ്ങൾ ഡിജിറ്റലായി

2013ലാണ് ഞങ്ങളുടെ സ്‌കൂളിലെ ക്ലാസ്മുറികളെല്ലാം സ്മാര്‍ട്ട് റൂമുകളായത്. ഇന്ത്യയിലെ തന്നെ ആദ്യ സ്മാര്‍ട്ട് സ്‌കൂളുകളിലൊന്നായിരുന്നു. പാഠപുസ്തകങ്ങള്‍ വലിച്ചെറിഞ്ഞ് ഞങ്ങള്‍ ഡിജിറ്റല്‍ ലോകത്തേക്കിറങ്ങി. കുട്ടികള്‍ പാഠഭാഗങ്ങള്‍ സ്‌ക്രീനില്‍ കണ്ട് പഠിക്കാന്‍ തുടങ്ങി.

കോവിഡ് കാരണം ഒരു വര്‍ഷം മുമ്പ് രാജ്യമൊട്ടാകെ പഠനം ഓണ്‍ലൈന്‍ ആയപ്പോള്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും അങ്കലാപ്പും വര്‍ദ്ധിച്ചു വന്നു. പക്ഷേ ഞങ്ങളുടെ കുട്ടികള്‍ റിലാക്സ്ഡ് ആയിരുന്നു. അവര്‍ക്ക് ഇതെല്ലാം നേരത്തേ അറിയാമല്ലോ. കോവിഡിനും രണ്ടുവര്‍ഷം മുമ്പേ ഞങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയിരുന്നു. എല്ലാ സ്‌കൂളുകളും ഡിജിറ്റല്‍ സങ്കേതങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയതില്‍ വ്യക്തിപരമായി എനിക്ക് സന്തോഷം തോന്നി. കാരണം മാറാന്‍ മടിച്ചുനിന്ന നമ്മുടെ നാട്ടിലെ സ്‌കൂളുകള്‍ക്ക് മറ്റുവഴികളില്ലാതായി. ആറുവര്‍ഷം മുമ്പ് ഞങ്ങളിത് തുടങ്ങിയപ്പോള്‍ പലരും പരിഹസിച്ചിരുന്നു. ക്ലാസ് റൂമുകള്‍ സ്മാര്‍ട്ടായെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചെങ്കിലും പരമ്പരാഗത രീതികളില്‍ നിന്നു മാറാന്‍ പൊതുവെ നമ്മുടെ അധ്യാപകര്‍ക്ക് വിമുഖതയാണ്.

Vidhu P Nair
കണ്ണൂർ വിമാനത്താവളത്തിൽ കുട്ടികൾക്കൊപ്പം

മാര്‍ക്കില്ലാത്ത പരീക്ഷ

ആപ്ലിക്കേഷന്‍ ഫലം കണ്ടതിനു പിന്നാലെ കൊണ്ടുവന്നതാണ് ഓണ്‍ലൈന്‍ പരീക്ഷ. മാര്‍ക്കു കിട്ടുന്ന പരീക്ഷയല്ല കേട്ടോ. ഓരോ വിഷയവും പഠിക്കാനുള്ള കുട്ടിയുടെ കഴിവ് എത്രയെന്ന് കണ്ടെത്താനുള്ള പരീക്ഷയായിരുന്നു അത്. ഓണ്‍ലൈന്‍ ആക്കാന്‍ പ്രത്യേകം കാരണമുണ്ട്. ഭാഷാ വിഷയങ്ങള്‍ ക്ലാസ് മുറികളില്‍ പഠിപ്പിക്കുന്നത് എഴുത്തും വായനയും മാത്രമാണല്ലോ. പക്ഷേ, എഴുത്ത്, വായന, കേള്‍വി, സംസാരം എന്നീ സ്‌കില്ലുകളെല്ലാം വിലയിരുത്തിയില്ലെങ്കില്‍ ആ പഠനം പൂര്‍ത്തിയാകുന്നില്ല. പരീക്ഷ ഓണ്‍ലൈന്‍ ആകുമ്പോള്‍ ഇതെല്ലാം ചെയ്യാന്‍ സൗകര്യമുണ്ട്. അത് കുട്ടികള്‍ക്ക് ഏറഎ പ്രയോജനം ചെയ്തു.

കടലുകണ്ട് കായല്‍ താണ്ടിയൊരു ടൂര്‍

ഞങ്ങള്‍ തൊടുപുഴക്കാര്‍ക്ക് കടലുകാണാന്‍ കുറേ ദൂരം സഞ്ചരിക്കണം. ഞങ്ങളുടെ കുട്ടികള്‍ക്കും കടലും കായലും തീവണ്ടിയുമെല്ലാം വലിയ അദ്ഭുതങ്ങളാണ്. ഞങ്ങളുടെ വിനോദയാത്രകളെല്ലാം അതിനുള്ള അവസരങ്ങളാണ്. അവസാനം ഞങ്ങള്‍ പോയത് കണ്ണൂരിലേക്കാണ്. ബസിലല്ല, വിമാനത്തില്‍. കണ്ണൂര്‍ എയര്‍പോട്ടില്‍ നിന്ന് കടപ്പുറത്തേക്ക്. കടലിലെ ഉല്ലാസങ്ങളെല്ലാം കഴിഞ്ഞാല്‍ കായലിലൂടെ ഒരു ബോട്ടു യാത്രയാണ്. രാത്രി പിന്നെ ട്രെയിനിനാണ് മടക്കം. അങ്കമാലി സ്റ്റേഷനിലിറങ്ങി ട്രെയിനുകളുടെ ഓട്ടത്തെക്കുറിച്ചും അതിന്റെ കൗതുകങ്ങളെക്കുറിച്ചും സ്റ്റേഷന്‍ മാസ്റ്ററുടെ ഒരു ക്ലാസ്. കുട്ടികള്‍ ഹാപ്പി.

അങ്ങനെ ഒരു അവധിക്കാലത്ത്
കോവിഡിന്റെ തുടക്കത്തിലെ മധ്യവേനലവധിക്കാലത്താണ് ഞങ്ങള്‍ സ്വന്തമായി 'ദര്‍പ്പണ്‍' എന്നൊരു മൊബൈല്‍ ആപ്ലിക്കേഷന്‍ ഉണ്ടാക്കിയത്. അതുവഴി റെക്കോഡ് ചെയ്ത ക്ലാസുകളും ലൈവ് ക്ലാസുകളും നല്‍കാന്‍ തുടങ്ങി. കുട്ടികള്‍ക്ക് മറുപടി പറയാനും ആശയങ്ങള്‍ പങ്കുവയ്ക്കാനും പ്രത്യേകം സ്ലോട്ട് തയ്യാറാക്കി. കുക്കിങ്, ആങ്കറിങ്, വീഡിയോ നിര്‍മ്മാണം തുടങ്ങി പഠനത്തിനു പുറത്ത് പല കഴിവുകളുള്ള കുട്ടികളെ നമുക്ക് കണ്ടെത്താന്‍ കഴിഞ്ഞു. ദര്‍പ്പണ്‍ വഴിയാണ് ഇപ്പോഴും ഞങ്ങളുടെ ക്ലാസുകള്‍ നടക്കുന്നത്. പക്ഷേ സ്‌കൂളുകള്‍ അടച്ചിട്ട് ക്ലാസുകള്‍ പൂര്‍ണമായി ഓണ്‍ലൈന്‍ ആകുന്നത് കുട്ടികളെ വല്ലാതെ വിഷമിപ്പിക്കും. അധ്യാപകരുടെ സാന്നിധ്യത്തില്‍ വലിയ കാര്യമുണ്ട്. അതുകൊണ്ട് ആഴ്ചയിലൊരിക്കല്‍ നൂറു കേന്ദ്രങ്ങളില്‍ അധ്യാപകര്‍ നേരിട്ടെത്തി വര്‍ക്ക് ഷീറ്റുകള്‍ എത്തിച്ച് കുട്ടികളുടെ പഠനനിലവാരം വിലയിരുത്തുകയും ചെയ്യുന്നുണ്ട്. കുട്ടികളുടെ വ്യക്തിത്വ വികാസത്തിനാണല്ലോ സ്‌കൂളുകള്‍.

മാറാന്‍ ഏറെയുണ്ട്

ഡി.പി.ഇ.പി പോലെ മികച്ച പല പാഠ്യപദ്ധതികളും കേരളം നടപ്പാക്കിയിട്ടുണ്ട്. പക്ഷേ നമ്മള്‍ അത് കൃത്യമായി കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തി. അതുകൊണ്ട് വേണ്ടത്ര ഫലവും കിട്ടിയില്ല. പരമ്പരാഗത രീതികളില്‍ നിന്ന് മാറാന്‍ തയ്യാറാകാതിരുന്നാല്‍ മാറ്റത്തിന്റെ ഫലം കിട്ടില്ല. അധ്യാപകര്‍ മാറണം. മാര്‍ക്കിലല്ല കാര്യങ്ങളെന്ന മനസ്സിലാക്കണം. കുട്ടികളെ അവരുടെ അഭിരുചിക്കനുസരിച്ച് വാര്‍ത്തെടുക്കാന്‍ സഹായിക്കുന്ന പാഠ്യപദ്ധതികള്‍ ഉണ്ടായി വരണം. ലിംഗ വിവേചനങ്ങള്‍ ഇല്ലാത്ത പാഠപുസ്തകങ്ങള്‍ വരണം. ക്രിയേറ്റിവിറ്റിക്ക് കൃത്യമായ സ്ഥാനം വേണം. പണ്ടൊക്കെ ബാലപ്രസിദ്ധീകരണങ്ങള്‍ കുട്ടികളുടെ ക്രിയേറ്റിവിറ്റി വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. എന്റെ ജീവിതത്തിലെ ആശയരൂപീകരണത്തെ അത് വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്.
ബൈജൂസ് ആപ്പുകള്‍ പോലെ നിരവധി ലേണിങ് ആപ്ലിക്കേഷനുകളുടെ പ്രചാരം വര്‍ദ്ധിച്ചുവരികയാണ്. സത്യത്തില്‍ ഈ ഡിജിറ്റല്‍ സാധ്യതകള്‍ നമ്മുടെ സ്‌കൂളുകള്‍ വിനിയോഗിക്കണം. കുട്ടികളുടെ ചിന്തയിലും പഠനത്തിലും വ്യക്തത കൊണ്ടുവരാന്‍ ഡിജിറ്റല്‍ പഠനത്തിന് കഴിയും. അപ്പോഴാണ് നമുക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസരീതി ഉണ്ടാകുന്നത്.

Vidhu
വിദ്യാർഥികൾക്കൊപ്പം വിധു പി നായർ

അടുത്ത പദ്ധതി അണിയറയില്‍

പഠനത്തില്‍ എപ്പോഴും ഞാന്‍ പുതുമകള്‍ തേടിക്കൊണ്ടിരിക്കുകയാണ്. എന്റെ എല്ലാ വിദ്യാര്‍ഥികളെയും മിടുക്കരാക്കണമെന്നത് എന്റെ നിര്‍ബന്ധമാണ്. ഒരു ക്ലാസിലെ ഓരോ കുട്ടിക്കും ഓരോ അഭിരുചി ഉണ്ടായിരിക്കും. പൊതുവായി നമ്മള്‍ ഒരു പ്രൊജക്ട് നല്‍കുമ്പോള്‍ അതില്‍ അവര്‍ ഓരോരുത്തരുടെയും പങ്കാളിത്തമുണ്ടെന്ന് ഉറപ്പുവരുത്തണം. എല്ലാവരുടെയും സ്‌കില്ലുകള്‍ ബലപ്പെടുത്തുന്ന എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രോജക്ടുകളാണ് ഞങ്ങള്‍ ഇനി ലക്ഷ്യമിടുന്നത്. അതിനായി 'ബഡ്സ് ആന്‍ഡ് ബ്ലൂംസ്' എന്ന ഒരു വെബ്സൈറ്റും തയ്യാറായിക്കഴിഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കരിയര്‍ വഴികളില്‍ നിശ്ചയമായും വേണ്ട ക്രിയേറ്റിവിറ്റി, കൊളാബറേഷന്‍ എന്നീ നൈപുണികളുടെ വികാസമാണ് ബഡ്സ് ആന്‍ഡ് ബ്ലൂംസ് ലക്ഷ്യമിടുന്നത്.

തൊടുപുഴ കാഞ്ഞിരമറ്റംകാരന്‍ വിധു മാഷിന്റെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയുമായി കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപികയായ ഭാര്യ ശാന്തിയും ദില്ലി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയായ മകന്‍ ഗോപീകൃഷ്ണനും ഒപ്പമുണ്ട്. അധ്യാപകരായ പുരുഷോത്തമന്‍ നായര്‍, വിജയം എന്നിവരാണ് മാതാപിതാക്കള്‍.

Content Highlights: Teachers day special story

Content Highlights: Teachers fay special story vidhu p nair national award winning teacher


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented