അബ്ദുള്‍ കലാമിന്റെ കൂട്ടുകാരന്‍; ആഴത്തില്‍ വേരുള്ള വിളക്കുമരം


ഡോ.എം.ടി.ശശി

ഡോ.ജോസഫ്.ഡി.ഫെർണ്ണാണ്ടസ്

വയസ്സ് എണ്‍പത്തിനാല്. താമസം വിദ്യാലയത്തില്‍. ജോലി അധ്യാപനം, വിദ്യാലയ മേല്‍നോട്ടം. രാവിലെ നാലുമണിക്ക് എഴുന്നേല്‍ക്കുന്നു. പ്രഭാതകൃത്യങ്ങള്‍ നിര്‍വ്വഹിച്ച് അഞ്ചു മണി മുതല്‍ ഏഴു മണിവരെ ഒരു മണിക്കൂര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ് എടുക്കുന്നു. തുടര്‍ന്ന് ഒരു മണിക്കൂര്‍ കായിക വിദ്യാഭ്യാസം, തുടര്‍ന്ന് പൂന്തോട്ട പരിപാലനം, സ്‌കൂളിന്റെ ഭരണനിര്‍വ്വഹണം, അധ്യയന കാര്യങ്ങള്‍, സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍. പ്രായം വെറും ഒരക്കമെന്ന് തെളിയിച്ചുകൊണ്ട് കര്‍മ്മനിരതനായി, നിറഞ്ഞ ഊര്‍ജ്ജസ്വലത പ്രകടിപ്പിച്ചുകൊണ്ട് ഒരു പ്രദേശത്താകെ അധ്യാപനത്തിന്റെ പര്യായമായി നിറഞ്ഞുനില്‍ക്കുന്ന ഈ മനുഷ്യനാണ് ഡോ.ജോസഫ്.ഡി.ഫെര്‍ണ്ണാണ്ടസ്.

കൊല്ലം ജില്ലയിലെ കുണ്ടറയ്ക്ക് സമീപത്തെ കുമ്പളം എന്ന പ്രദേശത്ത് 1935 ജൂലായ് 15നാണ് ജോസഫ് ജനിക്കുന്നത്. ദാരിദ്ര്യത്തില്‍ നിന്ന് സ്വപ്രയത്‌നത്താല്‍ ഉയര്‍ന്നുവന്ന് നാട്ടുകാര്‍ 'മുതലാളി' എന്ന് കൂടി വിളിച്ചിരുന്ന ദാവീദ്.പി.ഫെര്‍ണ്ണാണ്ടസിന്റെയും തെരേസ ഫെര്‍ണ്ണാണ്ടസിന്റെയും ഏഴ് മക്കളില്‍ ഒരാളായ ജോസഫ്, പഠനത്തില്‍ സമര്‍ഥനായിരുന്നു. ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് രണ്ട് വര്‍ഷം കൊല്ലം സെന്റ് റഫയേല്‍ സെമിനാരിയില്‍ പഠിച്ചു. ആലുവയില്‍ ഫിലോസഫി പഠിക്കാനെത്തിയ ജോസഫ് ബിഷപ്പ് ജെറോമിന്റെ നിര്‍ദേശപ്രകാരം റോമില്‍ പോയി ഉപരിപഠനം നടത്തുകയുണ്ടായി. എങ്കിലും വൈദികവൃത്തി തുടര്‍ന്നില്ല. 1969 ജൂലായ് 29 ന് അമേരിക്കയിലെത്തിയ ജോസഫ് ബിരുദവും ബിരുദാനന്തര ബിരുദവും എം.എഡും പാസ്സായി.

അമേരിക്കയില്‍ സാമ്പത്തികമാന്ദ്യം ഭീതിദമായി അനുഭവപ്പെടുന്ന ആ കാലത്ത് തൊഴിലന്വേഷിച്ചു മടുത്ത ജോസഫിന് കറുത്ത വര്‍ഗ്ഗക്കാരുടെ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാനുളള ശമ്പളമില്ലാത്ത ജോലി ലഭിച്ചു. പിന്നീട് ശുചീകരണജോലിയിലേക്ക് മാറി. അതിനും ശമ്പളമില്ല. (ജാനിറ്റര്‍ എന്നാണ് ഈ തസ്തികയുടെ പേര്) സ്റ്റോക്ക് ക്ലര്‍ക്ക്, അസിസ്റ്റന്റ് ടീച്ചര്‍ എന്നീ കടമ്പകള്‍ കടന്ന് ടീച്ചരായി ജോലി കിട്ടി. ഈ സമയത്താണ് കേംബ്രിഡ്ജ് സിറ്റിയില്‍ അസി.ഡയറക്ടറുടെ ഒഴിവിലേക്ക് അപേക്ഷിക്കുന്നത്. ഇരുനൂറ്റമ്പതോളം പേര്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തെങ്കിലും ഡോ.ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു വര്‍ഷം അസി. ഡയറക്ടറായും പിന്നീട് കേംബ്രിഡ്ജ് സിറ്റി വിദ്യാഭ്യാസ ഡയറക്ടറായും പ്രവര്‍ത്തിച്ചു. ഈ തസ്തികയില്‍ അതിനു മുമ്പോ ശേഷമോ ഒരു മലയാളിയും ചുമതല വഹിച്ചിട്ടില്ല എന്നത് ഡോ.ജോസഫിന്റെ വിദ്യാഭ്യാസ രംഗത്തുളള പ്രാധാന്യം വ്യക്തമാക്കുന്നതാണ്. ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, പോര്‍ട്ടുഗീസ്, ലാറ്റിന്‍ എന്നീ ഭാഷകളില്‍ ക്ലാസ്സെടുക്കുന്ന ഈ അധ്യാപകന്റെ ശിഷ്യന്മാര്‍ ലോകത്തെല്ലായിടത്തുമുണ്ട്.

1995 ല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ തസ്തികയില്‍ നിന്നും വിരമിച്ച് നാട്ടിലെത്തിയപ്പോഴാണ് സുഹൃത്തു കൂടിയായ മുന്‍ രാഷ്ട്രപതിഡോ.എ.പി.ജെ.അബ്ദുള്‍ കലാമിന്റെ നിര്‍ദേശമനുസരിച്ച് പിറന്ന നാട്ടില്‍ വിദ്യാലയങ്ങള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ജോസഫ് തീരുമാമെടുക്കുന്നത്. മുട്ടം സെന്റ് ജോസഫ് മോഡല്‍ എല്‍.പി.സ്‌കൂള്‍ (എയ്ഡഡ്), ചിറ്റുമല സെന്റ് ജോസഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, കുമ്പളം സെന്റ് തോമസ്സ് ഇന്റര്‍നാഷണല്‍ അക്കാദമി എന്നീ വിദ്യാലയങ്ങള്‍ക്കു പുറമെ അധ്യാപക പരിശീലന കേന്ദ്രങ്ങളായ കുമ്പളം സെന്റ് തേരാസസ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഡി.എല്‍.എഡ്) കുമ്പളം സെന്റ് തേരാസസ് കോളേജ് ഓഫ് എഡ്യൂക്കേഷന്‍ (ബി.എഡ്) എന്നിവയും ജോസഫ് സാറിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. സഹപാഠിയും പ്രിയ സുഹൃത്തുമായിരുന്ന മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അലക്‌സാണ്ടര്‍ ജേക്കബിന്റെയും മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡുവിന്റെയും നിര്‍ദേശ പ്രകാരം ആന്ധ്രയില്‍ ഡോ. ജോസഫ് സ്ഥാപിച്ച ദന്തല്‍ കോളേജ് ഒരു ചാരിറ്റബിള്‍ ട്രസ്റ്റിനെ ഏല്‍പ്പിക്കുകയായിരുന്നു.

തന്റെ നാട്ടിലെ കുട്ടികള്‍ക്ക് കുറഞ്ഞ ഫീസില്‍ അന്താരാഷ്ട്ര നിലവാരമുളള വിദ്യാഭ്യാസം നല്‍കണമെന്ന ഉറച്ച തീരുമാനത്തില്‍ രൂപപ്പെടുത്തിയ അധ്യയന പ്രവര്‍ത്തനങ്ങള്‍, ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഓരോ വിദ്യാലയത്തിലും ക്രമീകരിച്ചിരിക്കുന്ന ലൈബ്രറികള്‍, കെട്ടുകാഴ്ചകള്‍ക്കപ്പുറത്ത് കൃത്യമായി കുട്ടികളില്‍ പുസ്തകമെത്തിച്ച് വായിപ്പിക്കാനുളള പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. മികച്ച വായനക്കാരായി മാറുന്ന കുട്ടികള്‍, കലാ-കായിക രംഗങ്ങളിലും സാമൂഹ്യസേവനരംഗങ്ങളിലും നാടിന് മുതല്‍ക്കൂട്ടാകുന്ന തരത്തില്‍ പരിശീലിക്കപ്പെടുന്നു.

'വലിയവിള ഫൗണ്ടേഷന്‍' എന്ന പേരില്‍ അധ്യാപകരുള്‍പ്പെടുന്ന ട്രസ്റ്റ്, മൂന്ന് വീടുകളാണ് ദരിദ്രകുടുംബങ്ങള്‍ക്കായി കഴിഞ്ഞ രണ്ടുവര്‍ഷത്തിനുളളില്‍ പൂര്‍ത്തിയാക്കി നല്‍കിയത്. ആരെകണ്ടാലും സ്‌കൂളിലെ കുട്ടികള്‍, വീടു നിര്‍മ്മാണത്തിന്റെ ഭാഗമായി എന്തെങ്കിലും സഹായം നല്‍കാമോ എന്നഭ്യര്‍ത്ഥിക്കുന്നു. ആഘോഷങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ഓരോ ചില്ലിക്കാശും സാമൂഹ്യസേവനത്തിനായി ഉപയോഗിക്കുന്ന കുട്ടികളുടെ ശുചിത്വബോധവും എടുത്തുപറയേണ്ടതാണ്. ഇതിനെല്ലാം നേതൃത്വമായി ഓടിനടക്കാന്‍ ഡോ. ജോസഫ് മുന്നിലുണ്ട്.

വലിയവിള ട്രസ്റ്റ് സെക്രട്ടറി സ്മിത രാജന്‍, ഡോ. ജോസഫിനെക്കുറിച്ചെഴുതിയ പുസ്തകത്തിന്റെ പേര്. ''കാലത്തിനും മുമ്പെ നടന്നു പോകുന്ന ഒരാള്‍'' എന്നാണ്. അദ്ദേഹത്തിന്റെ ജീവിതവും വിദ്യാഭ്യാസത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളും നേരിട്ടു കണ്ടാല്‍ ഈ തലക്കെട്ട് വളരെ പരിമിതമാണെന്ന് തോന്നാം. പാഠപുസ്തകങ്ങള്‍ ക്ലാസ്സ്മുറികളില്‍ വിനിമയം ചെയ്യുന്ന പരമ്പരാഗത രീതിക്കു പകരം മാനവികതയെ മുറുകെ പിടിക്കുന്ന വിശ്വപൗരന്മാരായി വിദ്യാര്‍ത്ഥിയെ മാറ്റുന്ന രീതിയാണ് ഡോ. ജോസഫ് പരിശീലിപ്പിക്കുന്നത്. അദ്ദേഹവും സഹപ്രവര്‍ത്തകരും കുട്ടികളുടെ സുഹൃത്തും വഴികാട്ടികളുമായി ഇവിടെ തുടരുന്നു.

ഡോ. ജോസഫിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെയും അധ്യാപകന്‍ എന്ന നിലയിലുള്ള ആത്മസമര്‍പ്പണത്തെയും വാക്കുകളില്‍ വിവരിക്കുക എളുപ്പമല്ല. അറുപത്തിയഞ്ചുവര്‍ഷമായി അധ്യാപനം തുടരുന്ന ഇദ്ദേഹം എത്രയോ തലമുറകള്‍ക്ക് വഴി തെളിയിച്ചു കൊടുത്ത വിളക്കുമരമാണ്. ഏതു കൊടുങ്കാറ്റിലും ഉലയാത്ത കെടാവിളക്ക് കയ്യിലേന്തിയ വന്മരം.

(എസ്.സി.ഇ.ആര്‍.ടി റിസര്‍ച്ച് ഓഫീസറാണ് ലേഖകന്‍)

Content Highlights: teachers day special article joseph


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented