ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ പരിചയപ്പെട്ട ദിവസം


എം.എ. ബേബി

എം.എ. ബേബി | File Photo: Mathrubhumi

വിദ്യാലയകാലത്തെ ഓര്‍മ്മകളില്‍ കൂട്ടുകാരുമൊത്തുള്ള കുസൃതികളും കളിയും കലഹങ്ങളും പഠിപ്പും പരീക്ഷകളുടെ പിരിമുറുക്കവും ചെന്നുപെട്ട കൊസ്രാക്കൊള്ളിത്തരങ്ങളും ഒക്കെ വിവിധ വികാരങ്ങള്‍ ഉണര്‍ത്തുക സ്വാഭാവികം. 'ഒരു വട്ടംകൂടി' എന്ന വെറും മോഹവും മനസ്സിലുണരും.
തിരിഞ്ഞുനോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ തെളിഞ്ഞുവരുന്നത് അന്ന് പഠിപ്പിച്ച അധ്യാപകരുടെ പ്രത്യേകതകളും അറിഞ്ഞോ അറിയാതെയോ അവര്‍ നമ്മില്‍ ചെലുത്തിയ അഗാധമായ സ്വാധീനതകളുമാണ്. അക്കൂട്ടത്തില്‍ ഒരാളെ മാത്രം തിരഞ്ഞെടുത്ത് പരാമര്‍ശിക്കുന്നതില്‍ ഒരു അനീതിയും അപാകതയുമുണ്ട് എന്ന് തോന്നുന്നു. കാരണം ഏതെങ്കിലും വിധത്തില്‍ നമ്മെ സ്വാധീനിച്ചവരാണ് എല്ലാ അധ്യാപകരും. പ്രാക്കുളം എന്‍.എസ്.എസ്. സ്‌കൂളിലെ എന്റെ ഇതര അധ്യാപകരോടുള്ള സ്‌നേഹ ബഹുമാനങ്ങള്‍ പൂര്‍ണമായി നിലനിര്‍ത്തിക്കൊണ്ടുതന്നെ അവരില്‍ നിന്ന് ഒരാളിലേക്ക് എത്തിച്ചേരാന്‍ ആവശ്യപ്പെടുമ്പോള്‍ കുമാരദാസ് സാറിന്റെ അത്യന്തം വ്യത്യസ്തമായ വ്യക്തിത്വം വെളിപ്പെടുന്ന രൂപം എന്റെ മുന്നിലേക്ക് വരികയായി.

തന്റെ എല്ലാ വിദ്യാര്‍ത്ഥികളോടുമുള്ള സ്‌നേഹവും വാത്സല്യവും നല്ല അധ്യാപകത്വത്തിന്റെ അതിപ്രസിദ്ധമായ ലക്ഷണമാണല്ലോ. കുമാരദാസ് സാറില്‍ അത് അതിന്റെ പരിപൂര്‍ണതയില്‍ തന്നെ ഉണ്ടായിരുന്നു. അതു മാത്രമല്ല, ഉടുപ്പിലും നടപ്പിലും വെടിപ്പിലും കുമാരദാസ് സാറ് സാധാരണക്കാരന്റെ ലാളിത്യം കാത്തുസൂക്ഷിച്ചു. കോതിവെച്ചാലും അനുസരണയില്ലാത്ത മുടിയും പാരുഷ്യമുഖത്തിന്റെ കോണിലെ അദൃശ്യമായ വാത്സല്യത്തിന്റെ ചെറിയൊരു ലാഞ്ചനയും ചേര്‍ന്ന് മറ്റുള്ളവരില്‍ കാണാത്ത ഒരു ഭാവമാണ് സാറിന്. ഉത്തരം തെറ്റിയാലും കുറ്റം ചെയ്താലും അപൂര്‍വ്വമായി മാത്രമേ ചൂരല്‍ പ്രയോഗമുള്ളൂ. എന്നാലും ആ സാധ്യത ഒരു ഭീഷണിയായി അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നു.

ആ ചൂരല്‍വടിയുടെ ചൂട് ഞാന്‍ അനുഭവിച്ച ഓര്‍മ്മ ആദ്യം പങ്കുവെക്കാം. അവധി അനുവദിക്കാതെയോ, ആരോഗ്യ കാരണങ്ങള്‍ കൂടാതെയോ ക്ലാസില്‍ വരാതിരിക്കുന്നത് കുമാരദാസ് സാറ് ഒട്ടും ക്ഷമിക്കാത്ത കുറ്റമായിരുന്നു. ചില ദിവസങ്ങളില്‍ ആദ്യം തന്നെ ഇന്നലെ ക്ലാസില്‍ വരാത്തവര്‍ എഴുന്നേറ്റു നില്‍ക്കൂ എന്ന് സാറ് ആവശ്യപ്പെടും. ആ ദിവസം അപ്രകാരം എഴുന്നേറ്റു നില്‍ക്കേണ്ടി വന്ന കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. എനിക്കും കിട്ടി കൈവെള്ളയില്‍ മിന്നല്‍ പോലൊരു ചുട്ട അടി. ഞാന്‍ വല്ലാതെ വിങ്ങുന്ന മനസ്സുമായി ബെഞ്ചില്‍ ഇരുന്നു. അടികിട്ടിയതിന്റെ ജാള്യത മാത്രമായിരുന്നില്ല എനിക്ക്. സ്‌കൂളിനെ പ്രതിനിധീകരിച്ച് റവന്യൂജില്ലാടിസ്ഥാനത്തില്‍ നടന്ന ഒരു പ്രസംഗമത്സരത്തില്‍ പങ്കെടുക്കുവാന്‍ കൊല്ലത്ത് പോകേണ്ടിവന്നതിനാലാണ് തലേദിവസം സ്‌കൂളില്‍ വരാതിരുന്നത് എന്ന് പറയാന്‍ കഴിയാതെ പോയതിന്റെ വിഷമം കൂടി എന്റെ പ്രയാസം വര്‍ധിപ്പിച്ചു.

അല്പസമയം ക്ലാസ് നടക്കുന്നതിനിടയില്‍ ക്ലാസില്‍ വായിക്കാനുള്ള ഒരു നോട്ടീസുമായി സ്‌കൂളിലെ ഒരു പ്യൂണ്‍ കടന്നുവന്നു. അത് വാങ്ങി ഒന്ന് ഓടിച്ചുവായിച്ചിട്ട് കുമാരദാസ് സാര്‍ ആര്‍ദ്രമായി എന്നെ നോക്കി. എന്റെ അടുത്തേക്ക് മെല്ലെ നടന്നുവന്നു. ഞാന്‍ എഴുന്നേറ്റുനിന്നു. അടിയേറ്റ കൈകള്‍ സ്വന്തം കരങ്ങളിലെടുത്ത് പതിയെ തലോടി. ''ഇന്നലെ പ്രസംഗമത്സരത്തിനു പോയതുകൊണ്ടാണ് ക്ലാസില്‍ വരാതിരുന്നത് എന്ന് താന്‍ എന്തുകൊണ്ടു പറഞ്ഞില്ല?'' എന്ന് വാത്സല്യപൂര്‍വം എന്നോടു ചോദിച്ചു. ഞാന്‍ നിന്നു വിതുമ്പുക മാത്രം ചെയ്തു. പ്രസംഗമത്സരത്തില്‍ സമ്മാനം കിട്ടിയ വിവരമായിരുന്നു ക്ലാസുകളില്‍ വായിക്കാനായി ഹെഡ്മിസ്ട്രസ് തയ്യാറാക്കിയ നോട്ടീസില്‍ ഉണ്ടായിരുന്നത്. കുമാരദാസ് സാറും ബാബു സാറും മുന്‍കൈ എടുത്ത് സഹപാഠികളില്‍ നിന്ന് പത്തുപൈസ വീതം പിരിവു നടത്തി ഒരു പുസ്തകം സമ്മാനമായി എനിക്കു വാങ്ങി നല്‍കിയതും നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു. പ്രശസ്ത നോവലിസ്റ്റ് കെ. സുരേന്ദ്രന്‍ എഴുതിയ 'നോവല്‍ സ്വരൂപം' എന്ന ഗ്രന്ഥമായിരുന്നു അന്ന് അപ്രകാരം സമ്മാനിക്കപ്പെട്ടത്.

എസ്.എസ്.എല്‍.സി. പരീക്ഷ അക്കാലത്തും ഇന്നത്തെപ്പോലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വളരെ പിരിമുറുക്കമുണ്ടാക്കുന്നതായിരുന്നു. ഞാനാകട്ടെ അതിന്റെ ഭാഗമായ കഠിനപരിശീലനവും തയ്യാറെടുപ്പും മറ്റെല്ലാ സഹപാഠികളും ആരംഭിച്ചതിനുശേഷവും തനി സാധാരണ മട്ടിലാണ് കാര്യങ്ങള്‍ ചെയ്തിരുന്നത്. ഉദാഹരണത്തിന് 8 ഉം 9 ഉം ക്ലാസില്‍ പഠിക്കുന്നവരോടൊത്ത് ബാഡ്മിന്റണ്‍ കളിക്കുക തുടങ്ങിയ പരിപാടികള്‍ പരീക്ഷ അടുത്തിട്ടും ഞാന്‍ വേണ്ടെന്നു വെച്ചില്ല. കളി കുറക്കണം എന്ന കുമാരദാസ് സാറിന്റെ നിയന്ത്രണം ഒളിച്ചും പാത്തും ഞാന്‍ ലംഘിക്കുന്നത് സാറ് മണത്തറിഞ്ഞു. പ്രതിവിധി ക്ലാസിക്കായിരുന്നു. ബാഡ്മിന്റണ്‍ കോര്‍ട്ടിലെത്തി എന്റെ കൈയ്യില്‍ നിന്ന് സാറ് ബാറ്റ് കരസ്ഥമാക്കി. എന്നിട്ടു പറഞ്ഞു: ''ഇനി പരീക്ഷ കഴിഞ്ഞിട്ട് വന്ന് ബാറ്റ് തിരിച്ചുവാങ്ങിയാല്‍ മതി കേട്ടോ''.

പഠിപ്പിക്കുന്നതിന് വളരെ നല്ല തയ്യാറെടുപ്പോടെയാണ് കുമാരദാസ് സാര്‍ വരിക. പാഠത്തിനു പുറത്തുള്ള കാര്യങ്ങള്‍ പുതിയ പഠനബോധന പദ്ധതികള്‍ പലതും വരുന്നതിനു മുമ്പേ സാറ് അവതരിപ്പിക്കുമായിരുന്നു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്ന മഹാശാസ്ത്രജ്ഞനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ട് കുമാരദാസ് സാര്‍ പറഞ്ഞ കാര്യങ്ങള്‍ കുറച്ചൊക്കെ മാത്രമേ അന്ന് മനസ്സിലായുള്ളൂ. എന്നാല്‍ പഠനം എന്നു പറഞ്ഞാല്‍ അറ്റമില്ലാത്ത ആകാശത്തിലെ അറിവിന്റെ പുതിയ ക്ഷീരപഥങ്ങള്‍ തേടിയുള്ള വിസ്മയകരമായ യാത്രയാണ് എന്ന ആകാംക്ഷയും ഉത്സാഹവും അദ്ദേഹത്തിന് അന്ന് വിദ്യാര്‍ത്ഥികളില്‍ ഒരു പരിധിവരെ സൃഷ്ടിക്കാന്‍ സാധിച്ചു എന്നതില്‍ സംശയമില്ല.

സ്‌കൂള്‍ അധ്യാപകര്‍ പാന്റ്‌സ് ധരിക്കല്‍ ഒരു ഫാഷനായി സ്വീകരിച്ച കാലമായിരുന്നു അത്. എന്നാല്‍ തൂവെള്ള മുണ്ടും ഉടുപ്പും ധരിച്ചുള്ള കുമാരദാസ് സാറിന്റെ വരവ് വലിയ മതിപ്പാണ് കുട്ടകളില്‍ ഉണ്ടാക്കിയത്. കൊടുംതണുപ്പുള്ള ഡല്‍ഹി കാലാവസ്ഥയിലും കഴിയുന്നിടത്തോളം മുണ്ടു തന്നെ ധരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്ന ഒരു ഘടകം ദാസ് സാറിന്റെ നിഷ്ഠയാണ്.

Content Highlights: Teachers' Day, M. A. Baby


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented