ശിക്ഷയായി അവന്റെ കഴുത്തിൽ മാലയിടണമെന്ന് ടീച്ചർ; മൂന്നാം ക്ലാസിലെ ആ സംഭവമാണ് ജീവിതത്തിലെ ആദ്യ ട്രോമ


വീണ ചിറക്കൽ(veenacr@mpp.co.in)Representative Image | Photo: Gettyimages.in

ട്രോമ എന്നൊന്ന് എന്താണെന്നു പോലും തിരിച്ചറിയാൻ കഴിയാത്ത പ്രായം. ചുറ്റും ഇരിക്കുന്നവർ കളിയാക്കുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ഏഴോ എട്ടോ മാത്രം വയസ്സു പ്രായമുള്ള പെൺകുട്ടി അന്നാദ്യമായി അപ്പോൾ ഭൂമി പിളർന്നുപോയിരുന്നെങ്കിൽ എന്നു ചിന്തിച്ചിട്ടുണ്ടാകും.

കണക്കാണ് വിഷയം. തലേദിവസം ക്ലാസ്സിൽ പോയിട്ടില്ല. തൊട്ടടുത്ത ദിവസം എത്തിയാൽ തലേദിവസത്തേതെല്ലാം പഠിച്ചെടുക്കണം എന്നാണ് ചട്ടം. പക്ഷേ കളിയുടെ തിമർപ്പും ആവേശവും കൊണ്ടൊക്കെയാവണം ഹോംവർക്കിന്റെ കാര്യം പാടേമറന്നു. അധ്യാപിക ക്ലാസ്സിലെത്തി. സിനിമകളിലൊക്കെ കണ്ടുശീലമുള്ള കാർക്കശ്യത്തിന്റെ മൂർത്തീഭാവമായ ഒരധ്യാപികയായിരുന്നു അത്. അവരുടെ നാൽപതുകളിലോ അമ്പതുകളിലോ ആയിരുന്നിരിക്കണം. ചിരി പേരിനു മാത്രം. വിദ്യാർഥികളോട് സ്നേഹത്തോടെ സംസാരിച്ചു കേട്ട ഓർമയൊന്നുമില്ല. ടീച്ചർ ക്ലാസ്സെടുത്തു തുടങ്ങി. വൈകാതെ ചോദ്യങ്ങളും ചോദിച്ചുതുടങ്ങി.

ഓരോരുത്തരോടായി വന്ന് ചോദ്യം ചോദിക്കുകയാണ്. കൂട്ടത്തിൽ അൽപം പരുങ്ങുന്നവരെ ബോർഡിനരികിലേക്ക് വിളിച്ച് കണക്കു ചെയ്തു കാണിക്കാനും പറയും. തലേദിവസം പഠിപ്പിച്ചത് അന്നേരം വരെ ചോദിച്ചുമനസ്സിലാക്കാത്ത കുറ്റബോധത്തിലും പേടിയിലുമാവണം തലകുനിച്ചു തന്നെ ഇരിക്കുകയായിരുന്നു. പക്ഷേ അധ്യാപിക വിടുന്നമട്ടുണ്ടോ. ഒടുവിൽ അടുത്തെത്തുക തന്നെ ചെയ്തു. ഉം, ഉത്തരം പറഞ്ഞോളൂ എന്ന ഭാവത്തിലൊരു നോട്ടം. അറിയില്ല എന്നതാണ് യാഥാർഥ്യം എങ്കിലും അതുപോലും തുറന്നുപറയാനുള്ള ധൈര്യം അന്നില്ലായിരുന്നു. അറിയാവുന്ന എന്തൊക്കെയോ പറഞ്ഞു, എല്ലാം തെറ്റുതന്നെ. പിന്നെ സംഭവിച്ചത് എന്താണെന്ന് ഓർക്കുമ്പോൾ ഇന്നും ഒരു അങ്കലാപ്പാണ്.

ടീച്ചർ ബോർഡിനരികിലേക്ക് വിളിച്ചു. മുന്നിൽ നിൽക്കുന്ന കുട്ടിക്ക് ഉത്തരം അറിയില്ലെന്ന് പൂർണബോധ്യം ഉണ്ടായിട്ടും ബോർ‍ഡിൽ ഉത്തരം എഴുതാൻ പറഞ്ഞു. വിറച്ചുവിറച്ചാണ് ചോക്ക് കൈയിലെടുക്കുന്നത്. ശരിയായൊരുത്തരം എനിക്കറിയില്ലെന്ന് പകൽപോലെ വ്യക്തമായിട്ടും ആ ചോക്ക് കൈയിലെടുത്തതിനു പിന്നിൽ പേടി മാത്രമായിരുന്നു. അൽപനേരം കഴിഞ്ഞപ്പോൾ അധ്യാപികയ്ക്ക് തന്നെ മനസ്സിലായിക്കാണണം ഇതൊരു നടയ്ക്കു പോവില്ലെന്ന്. ശകാരിക്കുകയോ അടിക്കുകയോ ഒക്കെ മാത്രം കണ്ടുപരിചയമുള്ള ക്ലാസ്മുറിയിൽ പിന്നെ നടന്നത് അതുവരെ കണ്ടോ കേട്ടോ പരിചയമില്ലാത്തൊരു സംഗതിയാണ്. പഠിത്തത്തിൽ ക്ലാസ്സിൽ ഏറ്റവും പിന്നോക്കം നിൽക്കുന്നൊരു ആൺകുട്ടിയെ അവർ മുന്നോട്ടു വിളിച്ചു. വീണ്ടും എന്നോട് ഉത്തരം എഴുതാൻ പറഞ്ഞു. ഉത്തരം എഴുതാൻ കഴിയുന്നില്ലെങ്കിൽ നീ ഈ നിൽക്കുന്ന ആൺകുട്ടിയുടെ കഴുത്തിൽ മാലയിടണം എന്നാണ് പറഞ്ഞത്. മാലയിടുക എന്നു പറഞ്ഞാൽ വിവാഹം കഴിക്കുക എന്നാണ് അധ്യാപിക ഉദ്ദേശിച്ചത്. അധ്യാപിക അങ്ങനെ പറഞ്ഞതിന്റെ കാരണം അന്നും ഇന്നും വലിയ പിടിയില്ല. എന്തായാലും എന്നെ അങ്ങേയറ്റം അവഹേളിക്കുക എന്നതു മാത്രമായിരുന്നു ഉദ്ദേശം. അതെന്തായാലും ഫലം കാണുകയും ചെയ്തു. വിശാല മനസ്കതയോടെ ചിന്തിക്കാൻ കഴിയാതിരുന്ന ആ പെൺകുട്ടിക്ക് അത് അങ്ങേയറ്റം അപമാനകരമായി തോന്നിയതിനു പിന്നിലെ കാരണവും ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. ഇന്നത്തെപ്പോലെയല്ല, ജെൻഡർ ന്യൂട്രൽ ചർച്ചകൾ ഉയർന്നിട്ടില്ല. ജെൻഡറിലെ വൈവിധ്യത്തെക്കുറിച്ച് ഒരുതരിപോലും ധാരണയില്ല. വസ്ത്രധാരണത്തിലും ഇരിപ്പിലും നടപ്പിലും പോലും സമൂഹം മുൻവിധി കൽപ്പിക്കുന്ന ഇടങ്ങൾ. ആൺകുട്ടിയും പെൺകുട്ടിയും ഒന്ന് അടുത്തിരിക്കുന്നതോ തോളിൽ കൈയിടുന്നതോ ഒക്കെ വിലക്കിയിരുന്ന അന്തരീക്ഷമായിരുന്നു അത്. അത്തരമൊരു സാഹചര്യത്തിൽ വളരുന്ന ഏതൊരു കുട്ടിക്കും അധ്യാപികയുടെ ആ പ്രവൃത്തി അപമാനകരമായി മാത്രമേ കാണാനാവൂ.

ഇന്ന് ചിന്തിക്കാറുണ്ട്, അന്ന് ഒ.കെ ടീച്ചർ എന്ന് അപ്പോഴേ പറയാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്, അതിൽ അവഹേളനം തോന്നാതിരുന്നെങ്കിൽ എന്ന്. ആ തിരിച്ചറിവുകൾ കുഞ്ഞുപ്രായത്തിലേ ഉണ്ടാക്കിയെടുക്കേണ്ട ഇടങ്ങൾ വിപരീതമായി ചിന്തിക്കുന്നതിന്റെ ഉദാഹരണമാണിത്. പിന്നീടുള്ള കുറച്ചു വർഷങ്ങളിൽ പലപ്പോഴും ആൾക്കൂട്ടത്തിനെ നേരിടാനുണ്ടായ സങ്കോചത്തിനു പിന്നിൽ ഇതാവാം കാരണമെന്ന് ചിന്തിച്ചിട്ടുണ്ട്. കവിതകളും പാട്ടും പ്രസം​ഗവുമൊക്കെ കാണാതെ പഠിച്ചു പോയാലും അതൊരു സദസ്സിനെ അഭിമുഖീകരിച്ച് അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. അപ്പോഴൊക്കെയും തലകുനിച്ച് നിരവധി കുട്ടികൾക്കിടയിൽ നെഞ്ചിടിപ്പോടെ നിന്ന ആ പെൺകുട്ടി മനസ്സിൽ വരും. അതുവരെ ഉണ്ടായിരുന്ന ആത്മവിശ്വാസമൊക്കെ അതോടെ പമ്പകടക്കും. പിന്നീടെത്ര നാൾ കഴിഞ്ഞാണ് വിറയലില്ലാതെ,തലകുനിക്കാതെ, ആത്മവിശ്വാസത്തോടെ ഒരു വേദിയെ അഭിമുഖീകരിച്ചു തുടങ്ങിയത്.

സ്നേഹം മാത്രം പകർന്ന് നിരവധി അധ്യാപകർ അവിടെ തന്നെയുണ്ടായിട്ടുണ്ട്. പക്ഷേ ആ നല്ലോർമകളേക്കാൾ മുഴച്ചു നിൽക്കുന്നതാണ് അന്നും ഇന്നും ഈ ദിനം. വർഷമേറെ കഴിഞ്ഞിട്ടും ഇന്നും ആ അധ്യാപികയും ആ ക്ലാസ്സ്മുറിയും മനസ്സിലുണ്ട്. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ട്രോമയോടെ. ഒരുപക്ഷേ അതായിരിക്കണം ജീവിതത്തിൽ ഉണ്ടായിട്ടുള്ള ആദ്യത്തെ ട്രോമയും.

Content Highlights: teachers day experience


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented