അന്ന് സാറ് ആരും കാണാതെ തന്ന കാശ് ഇന്നും നനുത്ത സ്‌നേഹത്തിന്റെ ഓര്‍മയാണ്


ജെസ്ന ജിന്റോ

എന്തൊരു മനുഷ്യനാണിതെന്ന് പറഞ്ഞ് ഞങ്ങള്‍ മുഖത്തോടു മുഖം നോക്കി.

പ്രതീകാത്മക ചിത്രം | വര: സജീവൻ എൻ.എൻ.

ഇന്ന് എനിക്ക് പറയാനുള്ളത് ഒരു കണ്ണീരോര്‍മയാണ്. ഡിഗ്രി പഠനകാലത്ത് ഏറെ സ്വാധീനിച്ച ഒരധ്യാപകനെക്കുറിച്ച്. എന്നും ഓര്‍മയായി മനസ്സില്‍ തിങ്ങി നില്‍ക്കുന്ന ജേഷ്ഠസഹോദരനെക്കുറിച്ച്.

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്ക് സമീപമുള്ള ഡോണ്‍ ബോസ്‌കോ ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലായിരുന്നു എന്റെ ഡിഗ്രി, പി.ജി. കാലഘട്ടം. ഡിഗ്രിയുടെ ക്ലാസ് തുടങ്ങി ആദ്യം ദിനം കോളേജില്‍ ഫ്രെഷേസ് ഡേ ആയിരുന്നു. അതിന്റെ ആഘോഷങ്ങള്‍ എല്ലാം കഴിഞ്ഞ് രണ്ടാം ദിനമാണ് ഞങ്ങളുടെ ക്ലാസ് ടീച്ചറെ ആദ്യമായി കാണുന്നത്. പേര് സാജന്‍ എന്ന് പറഞ്ഞത് മാത്രം ഓര്‍ക്കുന്നുണ്ട്. പിന്നെ എന്തെല്ലാമോ ഇംഗ്ലീഷില്‍ പറഞ്ഞു. നല്ല ശബ്ദം പോലുമുണ്ടായിരുന്നില്ല അന്ന് സര്‍ സംസാരിക്കുമ്പോള്‍. ക്ലാസില്‍ ആണ്‍കുട്ടികള്‍ കുറവായതിനാല്‍ അവരുടെ ഭാഗത്ത് ഏറ്റവും പിന്നിലുള്ള ബെഞ്ചില്‍ ഞങ്ങള്‍ 'ഹോസ്റ്റല്‍ വാസികളായ' നാലുപേര്‍ ഇരിപ്പിടം സെറ്റാക്കി. സാജന്‍ സാറിന്റെ ആദ്യദിന ക്ലാസ് അങ്ങനെ കഴിഞ്ഞു. ഒന്നും മനസ്സിലാകുന്നില്ലെന്ന് മാത്രമല്ല, കേള്‍ക്കുന്നുപോലുമില്ല. എന്തൊരു മനുഷ്യനാണിതെന്ന് പറഞ്ഞ് ഞങ്ങള്‍ മുഖത്തോടു മുഖം നോക്കി. ക്രിട്ടിക്കല്‍ തിങ്കിങ് ആണ് പുള്ളി പഠിപ്പിക്കുന്നത്.

ആദ്യ സെമസ്റ്ററില്‍ സാജന്‍ സാറുമായി വലിയൊരു അടുപ്പം ക്ലാസിന് ഉണ്ടായിരുന്നില്ല. രണ്ടാം സെമസ്റ്ററിലെ ക്ലാസ് ടൂറിനിടെയാണ് സാറിനെക്കുറിച്ച് ഏറെക്കുറെ മനസ്സിലായത്. കഴിഞ്ഞ് ഡിഗ്രി രണ്ടാം വര്‍ഷമെത്തിയതോടെ സാറിനെക്കുറിച്ച് കൂടുതലായി അറിയാന്‍ കഴിഞ്ഞു. കണ്ണൂരിലെ മലയോര മേഖലയായ ആലക്കോട് ആണ് സാറിന്റെ സ്വദേശം. തമാശകള്‍ നിറഞ്ഞ സാറിന്റെ കുട്ടിക്കാല ജീവിതവും കുറെക്കൂടി ഗൗരവമേറിയ ജീവിതയാത്രയുമെല്ലാം അദ്ദേഹം ഞങ്ങളോട് പങ്കുവെച്ചു. ആകാശവാണിയില്‍ അനൗണ്‍സറാകാന്‍ ആഗ്രഹിച്ചതും അതിനായി ഇറങ്ങിപ്പുറപ്പെട്ട കഥയും എല്ലാം അതില്‍ ഉള്‍പ്പെടും. കുഗ്രാമത്തില്‍ നിന്ന് വലിയൊരു നിലയിലേക്കെത്തിയ സാറിനെ ആരാധനയോടെയാണ് നോക്കി കണ്ടത്. ഇടക്ക് ഞങ്ങളെയെല്ലാം സര്‍ താമസിക്കുന്ന വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. അവിടുന്ന് സാറും ഞങ്ങളുടെ കോളേജിലെ തന്നെ അധ്യാപികയായ ഭാര്യയും ചേര്‍ന്ന് നല്‍കിയ ഇഞ്ചി ചായയുടെ രുചി ഇപ്പോഴും നാവിലുണ്ട്. ഇടയ്ക്ക് സാറുമായി കലഹിച്ചും ഇണങ്ങിയും ഞങ്ങള്‍ ഡിഗ്രി രണ്ടാം വര്‍ഷം കഴിഞ്ഞ്, മൂന്നാം വര്‍ഷത്തിലേക്ക് കയറി.

ആ വര്‍ഷം ഞങ്ങളുടെ തൊട്ട് ജൂനിയര്‍ ബാച്ചിലെ കുട്ടികളുമായി ചേര്‍ന്ന് സാജന്‍ സാറിന്റെ നേതൃത്വത്തില്‍ സ്വന്തമായി ഡിക്ഷണറിയെല്ലാം പുറത്തിറക്കി. ഇതോടെ സര്‍ കോളേജിലെ താരമായി മാറി. ഇംഗ്ലീഷ് ഭാഷയില്‍ ഇത്രയേറെ പ്രാവീണ്യമുള്ള മറ്റൊരു അധ്യാപകനെ ഞാൻ അതുവരെ കണ്ടിട്ടില്ലായിരുന്നു. മറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ കുട്ടികളുമൊക്കെയായി ചേര്‍ന്ന് അദ്ദേഹം പുതിയ പദ്ധതികള്‍ തയ്യാറാക്കി. അങ്ങനെയിരിക്കെ ഡിഗ്രി മൂന്നാം വര്‍ഷത്തിലെ റിസേര്‍ച്ച് പേപ്പര്‍ സബ്മിറ്റ് ചെയ്യാനുള്ള സമയമായി. അപ്പോഴേക്കും കോഴ്‌സ് അവസാന ഘട്ടത്തിലെത്തിയിരുന്നു. ആ സമയത്ത് എന്റെ അമ്മ കാന്‍സറിന്റെ ചികിത്സയിലായിരുന്നു. കോളേജിലെ പല ആഘോഷപരിപാടികളും മുടങ്ങി ഞാന്‍ ഇടക്കിടയ്ക്ക് വീട്ടിലേക്ക് 'മുങ്ങുക' പതിവുമായിരുന്നു. ഇതെല്ലാം സാജന്‍ സാറിനുമറിയാം. റിസേര്‍ച്ച് പേപ്പര്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസമായിരുന്നു അന്ന്. ഉച്ചയ്ക്ക് 12.30 ആണ് ഡെഡ്‌ലൈന്‍. 12.31 ആയാല്‍ പിന്നെ അത് സ്വീകരിക്കില്ലെന്ന് സര്‍ ആദ്യമേ വ്യക്തമാക്കിയിരുന്നു. 12 മണിക്ക് തന്നെ റിസേര്‍ച്ച് പേപ്പറുമായി ഞങ്ങള്‍ കുറച്ചുപേര്‍ സ്റ്റാഫ് റൂമിലെത്തി. അപ്പോള്‍ സാജന്‍ സര്‍ മാത്രമെ സ്റ്റാഫ് റൂമിലുണ്ടായിരുന്നുള്ളു. വരിയില്‍ അവസാനത്തെയാള്‍ ഞാനാണ്. അവസാനം മുറിയില്‍ സാറും ഞാനും മാത്രമായി. റിസേര്‍ച്ച് പേപ്പര്‍ വാങ്ങി എല്ലാം നോക്കിയ ശേഷം ഡിഗ്രി കഴിഞ്ഞ് എന്താണ് പ്ലാന്‍ എന്ന് ചോദിച്ചു. ജേണലിസത്തില്‍ പി.ജി. ചെയ്യാനാണ് ഇഷ്ടമെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം തലയാട്ടി. പിന്നെ വീട്ടിലെ കാര്യങ്ങളെല്ലാം ചോദിച്ചു. അമ്മയുടെ അസുഖത്തെപ്പറ്റിയുമെല്ലാം. അടുത്ത ചോദ്യം അപ്രതീക്ഷിതമായിരുന്നു. അമ്മയുടെ ചികിത്സയ്ക്ക് പണം വല്ലതും ആവശ്യമുണ്ടോ എന്നതായിരുന്നു. ഇപ്പോ ആവശ്യമില്ലെന്ന് ഞാന്‍ പറഞ്ഞു.

വലിയ സാമ്പത്തികമൊന്നും എന്റെ വീട്ടില്‍ ഇല്ലായിരുന്നുവെങ്കിലും അമ്മയുടെ ചികിത്സയ്ക്ക് അതുവരെ ബുദ്ധിമുട്ട് ഒന്നും ഉണ്ടായിട്ടില്ലായിരുന്നു. ഇപ്പോ കാശ് ഒന്നും വേണ്ടെന്ന് ഞാന്‍ പറഞ്ഞു. പക്ഷേ, സര്‍ വിട്ടില്ല. വീട്ടില്‍ പറഞ്ഞിട്ട് നാളെ ഉച്ചകഴിഞ്ഞ് കോളേജില്‍ എത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. സാറിനെ അല്‍പം പേടിയുണ്ടായിരുന്നത് കൊണ്ട് ഞാന്‍ തലയാട്ടി അവിടെ നിന്ന് സ്ഥലം വിട്ടു. ഹോസ്റ്റലിലെത്തി വൈകീട്ട് ഫോണ്‍ വിളിച്ചപ്പോള്‍ അമ്മയോട് ഞാന്‍ കാര്യം പറഞ്ഞു. അമ്മ സാറിന്റെ നമ്പര്‍ വാങ്ങി വിളിച്ചു. കാശ് വേണ്ടെന്ന് അമ്മ പറഞ്ഞിട്ടും സര്‍ സമ്മതിച്ചില്ല. ജെസ്‌നയോട് നാളെ കോളേജില്‍ വരാനും സാറിന്റെ ഭാര്യയെ കാണാനും പറയണമെന്ന് അമ്മയോട് നിര്‍ദേശിച്ചു. അല്‍പം മടിയോടെയാണെങ്കിലും ഞാന്‍ പിറ്റേദിവസം കോളേജിലെത്തി. കോളേജിലേക്ക് എത്തുമ്പോഴേക്കും സര്‍ കാത്ത് നില്‍ക്കുകയായിരുന്നു. എന്നോട് ബീകോം ഡിപ്പാര്‍ട്ട്‌മെന്റില്‍ ചെന്ന് ടീച്ചറിനെ കാണാന്‍ പറഞ്ഞു. മടിച്ച് മടിച്ച് ഞാന്‍ ടീച്ചറിന്റെ അടുത്ത് ഇരുന്നു. അധികമൊന്നും സംസാരിച്ചില്ല. ടീച്ചറിന്റെ മുന്നിലെ കസേരയിലിരിക്കാന്‍ പറഞ്ഞശേഷം മേശയുടെ അടിയിലൂടെ കുറച്ച് കാശ് എന്റെ കൈയ്യിലേക്ക് വെച്ച് തന്നു. അപ്പോള്‍ സ്റ്റാഫ് റൂമില്‍ മറ്റ് ടീച്ചര്‍മാരും ഉണ്ടായിരുന്നു. അവര്‍ കാണാതിരിക്കാന്‍ ആയിരിക്കണം മേശയുടെ അടിയിലൂടെ കാശ് തന്നത്. മറ്റൊരാളും ഇക്കാര്യം അറിയരുതെന്ന് കര്‍ശനനിര്‍ദേശം രണ്ടുപേരും എനിക്ക് നല്‍കി.

ഇങ്ങനെ രണ്ട് തവണയായി കുറച്ച് കാശ് തന്നു. ഡിഗ്രി കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോഴേക്കും അമ്മ ഞങ്ങളെ വിട്ടുപോയി. ഇതേ കോളേജില്‍ തന്നെ ഞാന്‍ പി.ജിക്ക് ചേര്‍ന്നു. അപ്പോഴേക്കും സാജന്‍ സാര്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ മറ്റൊരു ക്യാംപസില്‍ എം.ഫില്ലിന് ചേര്‍ന്നു. പിന്നീട് ഞാന്‍ സാറിനെക്കുറിച്ച് അധികം അന്വേഷിച്ചില്ല. അത് ഇപ്പോഴും വലിയൊരു നീറ്റലായി എന്റെയുള്ളില്‍ വിങ്ങുന്നുണ്ട്. പിറ്റേ വര്‍ഷം ഫെബ്രുവരിയില്‍ കോഴ്‌സിന്റെ ഭാഗമായി മാഗസിന്‍ വര്‍ക്കുകള്‍ ചെയ്യുന്നതിനിടെയാണ് ആ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത അറിഞ്ഞത്. സാജന്‍ സാര്‍ ആത്മഹത്യ ചെയ്തുവത്രേ. വല്ലാത്തൊരു മരവിപ്പായിരുന്നു അത് കേട്ടപ്പോള്‍. ഏറെ നാളായി സര്‍ ഡിപ്രഷന് ചികിത്സ തേടുന്നുണ്ടായിരുന്നു. മുമ്പ് പലതവണ ആത്മഹത്യ ശ്രമങ്ങള്‍ ഉണ്ടായിരുന്നുവത്രേ.

ആകെ തകര്‍ന്നുപോയ എനിക്ക് മാഗസിന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇതുവരെയും സാറിനെ ഒന്ന് വിളിച്ചുനോക്കിയില്ലല്ലോ എന്നോര്‍ത്ത് കുറ്റബോധം എന്നെ അലട്ടിക്കൊണ്ടിരുന്നു. ഇതിനിടെ സാറിനെക്കുറിച്ച് പല കഥകളും ക്യാംപസില്‍ പരന്നു. വേദനപ്പിക്കുന്നവയായിരുന്നു അതില്‍ പലതും. അപ്പോഴാണ് ഞങ്ങളുടെ എച്ച്.ഒ.ഡി. ആയിരുന്ന ബോബി അച്ചന്‍ സാറിന്റെ ശവസംസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി കുറച്ച് അച്ചന്‍മാരും ടീച്ചേഴ്‌സും കോളേജില്‍നിന്ന് വണ്ടിക്ക് പോകുന്നുണ്ടെന്ന് അറിയിച്ചത്. രണ്ട് പേര്‍ക്കുള്ളസ്ഥലം വണ്ടിയില്‍ ഉണ്ടെന്നും ആര്‍ക്കെങ്കിലും വരാന്‍ താത്പര്യമുണ്ടോയെന്നും അച്ചന്‍ ചോദിച്ചു. ഞാന്‍ ഓടി അച്ചന്റെ മുറിയില്‍ എത്തി. എനിക്ക് താത്പര്യമുണ്ടെന്ന് അറിയിച്ചു. വേഗം റെഡി ആയി വന്നോളാന്‍ അച്ചന്‍ പറഞ്ഞു. കൂട്ടുകാരിയെയും കൂട്ടി ഞാന്‍ വേഗം ഓടിയെത്തി. ഞങ്ങള്‍ അവിടെ എത്തിയപ്പോഴേക്കും രാത്രി 8 മണി ആയിരുന്നു. 8.30 ആയപ്പോഴാണ് സാറിന്റെ ബോഡി പള്ളിയില്‍ എത്തിച്ചത്. ബന്ധുക്കളായി അധികം ആളുകളൊന്നുമില്ല. സാറിന്റെ സുഹൃത് വലയത്തിലുള്ള ഞങ്ങളുടെ തന്നെ കോളേജിലെ ഏതാനും കുട്ടികളും അവിടെയുണ്ടായിരുന്നു. ബുള്‍ഗാന്‍ വെച്ച്, ഉറങ്ങിയതുപോലെ പെട്ടിക്കുള്ളില്‍ കിടക്കുന്ന സാറിന്റെ മുഖം ഇന്നും ഓര്‍മയിലുണ്ട്. സാറിനെ കണ്ടിറങ്ങിയ എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു.

Content Highlights: teachers day 2022, memory about teacher on teachers day


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented