രണ്ട് രൂപയുടെ പൊറോട്ടയും ബീഫ് ചാറും കഴിക്കാൻ മതില് ചാടിയ അതേ ഞാനിന്ന് അവർ ചാടാതിരിക്കാൻ കാവലാണ്


ജോൺ ജേക്കബ്

Representational Image

രുന്ന നവംബർ മാസത്തോടെ അധ്യാപന ജീവിതത്തിന്റെ ഒന്നാം വാർഷികം എത്തുകയാണ്. ഒരു അധ്യാപകനായപ്പോഴാണ് ആണ് അധ്യാപകർ എത്രത്തോളം കുട്ടികളെ സ്നേഹിക്കുന്നുണ്ട് എന്ന് തിരിച്ചറിയാൻ സാധിച്ചത്. ഗണിതം പഠിപ്പിക്കുന്ന ചാക്കോ മാഷിന്റെ പിൻതലമുറക്കാരനായ എന്നെ, കുട്ടികൾ ഏറെ സ്നേഹിക്കുന്നു എന്ന യാഥാർത്ഥ്യം മനസ്സിലാക്കിയപ്പോൾ ഏറെ സന്തോഷമായി. കാലഘട്ടം മാറിയതുകൊണ്ട് ഈ തലമുറയിലെ ചാക്കോ മാഷുമാർ പല്ലും നഖവും നഷ്ടപ്പെട്ട സിംഹങ്ങളാണ്. കുട്ടികളെ തല്ലുന്ന സമ്പ്രദായം ഈ തലമുറയിൽ ഇല്ല. അതിന്‍റെ ഗുണങ്ങളും ദോഷങ്ങളും ഒരുപോലെ ഇന്ന് പ്രകടമാണ്.

അധ്യാപന ജീവിതത്തെ വിദ്യാർത്ഥി കാലഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ കാലം കരുതിവച്ച കാവ്യനീതി പോലെയാകുന്നു അത്. സ്കൂളിൽ ഇടി ഉണ്ടാക്കിക്കൊണ്ടു നടന്ന ഞാൻ ഇന്ന് സ്കൂളിൽ കുട്ടികൾ ഇടി ഉണ്ടാക്കാതിരിക്കാൻ ഏറെ പരിശ്രമിക്കുന്നു. രണ്ട് രൂപയ്ക്ക് പൊറോട്ടയും ബീഫ് ചാറും കഴിക്കാൻ ഞാനും എൽസൺ എം.സി. യും സ്കൂളിന്റെ മതില്‍ ചാടിയിരുന്നെങ്കിൽ, ഇന്ന് അതേ ഞാൻ കുട്ടികൾ കടയിൽ പോകാതിരിക്കാൻ ഗേറ്റിൽ കാവൽക്കാരനായി നിൽക്കുന്നു. പഠിക്കാത്തതിന് അധ്യാപകരുടെ ഉപദേശം കേട്ടിരുന്ന ഞാൻ ഇന്ന് പഠിക്കാത്തതിന് കുട്ടികളെ ഉപദേശിക്കുന്നു. സ്കൂളിലെ പരിപാടികളിൽ കുട്ടികൾ ആഘോഷമാക്കുമ്പോൾ സൈഡിൽ ഗൗരവമുള്ള ചാക്കോ മാഷായി നിൽക്കാൻ മാത്രമേ ഇപ്പോൾ കഴിയുന്നുള്ളൂ.

കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കുമ്പോൾ അവരത് മനസ്സിലാക്കി എന്ന് അറിയുമ്പോഴുണ്ടാകുന്ന സന്തോഷം വളരെ വലുതാണ്. പരീക്ഷയ്ക്ക് മുൻപ് പാഠഭാഗങ്ങൾ പഠിപ്പിച്ച് തീരാതെ വന്നാൽ ഉണ്ടാകുന്ന മനോവിഷമം.. ആ സമയത്തെ കുറ്റബോധം... നമ്മെ ശരിക്ക് പിടിച്ചു കുലുക്കും. ഞാൻ കാരണം അത്രയും പാഠഭാഗങ്ങൾ പഠിക്കാൻ പറ്റിയില്ലല്ലോ എന്ന ചിന്ത നമ്മളെ ഏറെ പ്രതിസന്ധിയിലാക്കും. . പരീക്ഷ കഴിഞ്ഞ് പേപ്പർ നോക്കുമ്പോൾ നമുക്ക് കുട്ടികളുടെ നിലവാരം മനസ്സിലാകും. നന്നായി പഠിക്കുന്ന കുട്ടികളെയും ശരാശരി പഠിക്കുന്ന കുട്ടികളെയും പഠിക്കാത്ത കുട്ടികളെയും വളരെ വേഗം തിരിച്ചറിയാൻ സാധിക്കും. ഈ സമയം വീണ്ടും കാവ്യനീതി തലപൊക്കും. പരീക്ഷയ്ക്ക് കോപ്പിയടിച്ച കുട്ടികളുടെ പേപ്പർ കയ്യിൽ എത്തുമ്പോൾ എൻ്റെ പരീക്ഷകാലത്തും തിരിഞ്ഞും മറഞ്ഞു കോപ്പിയടിക്കാൻ നടത്തിയ ശ്രമങ്ങൾ മനസ്സിലേക്ക് കടന്നുവരും.

ഓരോ അധ്യയനവർഷത്തിന്റെയും അവസാന ദിവസങ്ങൾ ഏറെ വൈകാരികമാണ്. അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടുതന്നെ ഈ കുട്ടികൾ നമ്മളെ ഏറ്റവുമധികം സ്നേഹിക്കുകയും ഏറ്റവും അധികം ലിബറലായി നമ്മളോട് ഇടപഴകുകയും ചെയ്യുന്ന സമയമാണ് അത്. ഈ സമയം നമ്മൾ കുട്ടികളോട് നമ്മളെക്കുറിച്ച് രണ്ട് വാക്ക് എഴുതിത്തരാൻ ആവശ്യപ്പെട്ടാൽ അവർ നമ്മളെ അത്ഭുതപ്പെടുത്തും. നമ്മൾ ഏറ്റവുമധികം വഴക്കു പറഞ്ഞവൻ വരെ നമ്മളെ ഏറ്റവും അധികം സ്നേഹിക്കുന്നതായി ആ വരികളിൽ നമുക്ക് വായിച്ചെടുക്കാം. സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോൾ മറ്റ് മുതിർന്ന ടീച്ചർമാരെ കാണാൻ വിദ്യാർഥികൾ മധുരവുമായി കടന്നുവരും. എംബിബിഎസിന് അഡ്മിഷൻ കിട്ടിയതിന്റെയും എംബിബിഎസ് പാസായതിന്റെയും അല്ലെങ്കിൽ വലിയ ജോലി ലഭിച്ചതിന്റെയും എല്ലാം സന്തോഷം പങ്കുവയ്ക്കാനാണ് വരുന്നത്. അതോടൊപ്പം ചില മാതാപിതാക്കൾ അവരെ പഠിപ്പിച്ച അധ്യാപകർ തന്നെ അവരുടെ മക്കളെയും പഠിപ്പിക്കുന്ന മക്കളുടെ മക്കളെയും പഠിപ്പിക്കുന്ന ചില സാഹചര്യങ്ങളും പറയും. ഈ സമയം എന്റെ മനസ്സ് എന്റെ 60-കളിലേക്ക് കടന്നു പോകും. എനിക്ക് 60 വയസ്സാകുമ്പോൾ എന്നെയും കാണാൻ ഇതുപോലെ കുട്ടികൾ കടന്നു വരുമല്ലോ എന്നോർത്ത്.

എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം. 70 വയസ്സ് പ്രായമുള്ള സമൂഹത്തിൽ വലിയ ഉന്നത സ്ഥാനം വഹിക്കുന്ന ഒരു വ്യക്തിയുമായി ഞാൻ പല അവസരങ്ങളിൽ വേദി പങ്കിടുവാൻ ഇടയായി. അദ്ദേഹത്തിൻറെ കൊച്ചുമകൻ ആകാനുള്ള പ്രായമാണ് എനിക്കുള്ളൂ എങ്കിലും എപ്പോൾ കണ്ടാലും എന്നെ മാഷേ എന്ന് അഭിസംബോധന ചെയ്തപ്പോൾ ലഭിച്ചിരിക്കുന്ന സ്ഥാനത്തിന്റെ വലിപ്പം എത്ര വലുതാണെന്ന് ഞാൻ ഓർത്തുപോയി.

( വടുവക്കോട് രാജശ്രീ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ ഗസ്റ്റ് അധ്യാപകനാണ് ലേഖകൻ)

Content Highlights: teachers' day 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented