കട്ടത്തഴമ്പുള്ള കാലും കറപിടിച്ച ബനിയനുമിട്ട് അവൻ ഓടിത്തോൽപിച്ചത് എന്നിലെ മുൻധാരണകളെക്കൂടിയാണ്


യു.പി.അബ്ദുൽ നാസർ

പ്രതീകാത്മകചിത്രം | വര: മനോജ് കുമാർ തലയമ്പലത്ത്

'' ഓട്ടപ്പൊടി വാങ്ങണ്ടെ സാറേ ".ഒരു മെഡിക്കൽ സ്റ്റോറ് ചൂണ്ടിക്കാണിച്ച് അവൻ ചോദിക്കുന്നത് ശ്രദ്ധിക്കാനേ പോയില്ല. തൊട്ട് മുമ്പ് കൽപ്പറ്റ ടൗണിലെ തന്നെ ഒരു ഹോട്ടലിൽ കയറിയതിൻ്റെ 'ക്ഷീണം' മനസ്സിലുണ്ട്. പൊറോട്ട തിന്നുന്നത് ഒരു മത്സരം പോലെ കുട്ടികൾ കൈകാര്യം ചെയ്ത് കളഞ്ഞു.

നാട്ടിൽ ചെറിയ തോതിൽ ഫുട്ബോൾ കളിച്ച് നടന്ന ആവേശത്തിലാണ് ഹൈസ്കൂൾ വിഭാഗം കുട്ടികളേയും കൊണ്ട് പ്രൈമറി വിഭാഗം അധ്യാപകനായ ഞാൻ വയനാട് ജില്ലാ സ്പോർട്സിനെത്തിയത്. വയനാട് ജില്ലയിലെ വളരെ പിന്നാക്ക പ്രദേശമാണ് നീർവാരം. അവിടത്തെ സർക്കാർ ഹൈസ്കൂളിൽ പ്രൈമറി വിഭാഗത്തിൽ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി താത്ക്കാലിക നിയമനമാണ്.

തൊണ്ണൂറുകളുടെ തുടക്കം.....തസറാക്കിലെ ഏകാംഗ വിദ്യാലയവും രവിയുമൊക്കെ മനസ്സിൽ തത്തിക്കളിക്കുന്നുണ്ട്. ജില്ലാ സ്പോർട്സ് നടക്കുന്നത് കൽപ്പറ്റയിൽ.
യാത്രാ സൗകര്യം വളരെ കുറവ്. പെൺകുട്ടികളടക്കമുള്ള ടീമിനെ കൊണ്ടു പോകുന്നതും വരുന്നതും ഭഗീരഥ പ്രയത്നമായാണ് കണക്കാക്കുന്നത് ആരും അത് ഏറ്റെടുക്കാൻ തയ്യാറല്ല. ഞാനും ഒരു ലേഡി ടീച്ചറും ആ ജോലി ഏറ്റെടുത്തു. എട്ടു കുട്ടികളാണ് മത്സരത്തിനുള്ളത്.

രാവിലെ വന്നപ്പോഴാണ് കാണുന്നത്. ആൺ കുട്ടികൾ ഒന്ന് രണ്ട് പേർ പഴയ പാൻ്റ്സ് മുറിച്ച് ട്രൗസർ ആക്കിയാണ് വന്നിരിക്കുന്നത്. ചിലർക്ക് വെളുത്ത ബനിയനുണ്ട്. വാഴത്തോട്ടത്തിൽ 'കൊലപ്പണി'ക്ക് പോകാറുണ്ടത്രേ. ആകെ കറപിടിച്ചുകിടക്കുന്നു. പല സ്കൂളുകാരും പളപളാമിന്നുന്ന ട്രാക് സ്യൂട്ടൊക്കെ അണിഞ്ഞ് റെഡിയായി നിൽക്കുമ്പഴാണ് കറപിടിച്ച ബനിയൻ. റജിസ്ട്രേഷൻ നടത്തി 'ജർഴ്സി 'തൽക്കാലം അണിയേണ്ടെന്ന് കുട്ടികളോട് അടക്കം പറഞ്ഞു.

മുമ്പ് ജോലി ചെയ്ത സ്കൂളിലെ പഴയ സഹപ്രവർത്തകർക്ക് മുഖം കൊടുക്കാതെ ഞാൻ മാറി നിന്നു. സ്കൂളിൽ ഫുട്ബോൾ കളിക്കുന്നതിനിടയിൽ നോട്ടമിട്ട ഒരുത്തനുണ്ട്. കൂലിപ്പണിക്ക് പോകുന്നതിനിടയിലുള്ള 'അവധി' ദിവസങ്ങളിലേ സ്കൂളിൽ പ്രത്യക്ഷപ്പെടൂ...അവനാണ് ആകെ ചെറിയൊരു സാധ്യത. പേര് സത്യൻ (പേര് ഒന്ന് മാറ്റിയിടുന്നു). കഴിഞ്ഞ കൊല്ലം മത്സരിച്ച് 'ചട്ടിപ്പൊട്ട് ' കിട്ടിയ കഥയൊക്കെ അവൻ പറയുന്നുണ്ട്. ഒന്നും മനസ്സിൽ കയറുന്നില്ല. മത്സരം നീണ്ടാൽ തിരിച്ച് പോകാൻ ബസ് കിട്ടാതെ വരും. കുട്ടികളെ രാത്രി വീട്ടിലെത്തിക്കാൻ പ്രയാസമാകും. കുട്ടികളുടെ ഭക്ഷണത്തിന് തന്നെ കാശ് സ്വന്തം സ്വന്തം പോക്കറ്റിൽ നിന്ന് ചെലവാക്കിയാണ് വരവ്.

നൂറ് മീറ്റർ മത്സരം തുടങ്ങാറായി എൻ്റെ സ്കൂളിൽ നിന്ന് എൻട്രിയുണ്ട്. സ്റ്റാർട്ടിങ് ബ്ലോക്ക് ഒക്കെ ട്രാക്കിൽ ഫിറ്റ് ചെയ്ത് കായികാദ്ധ്യാപകരുടെ പരിശീലനം ലഭിച്ച താരങ്ങൾ 'വാം അപ്' ചെയ്യുകയാണ്. സത്യൻ കറ പുരണ്ട ഫുൾസ്ലീവ് ഇന്നർ ബനിയനും പാന്റ്സ് മുറിച്ച ഷോർട്സുമിട്ട് 'വാം അപ്' ഒന്നുമില്ലാതെ സ്റ്റാർട്ടിങ് ലൈനിൽ കയറി നിൽപ്പായി. ഞാൻ ആദ്യമേ ചെവിയിൽ പറഞ്ഞു കൊടുത്തിരുന്നു,
അവന് പരിചയമുള്ള വിസിൽ അല്ല സ്റ്റാർട്ടിങ് സിഗ്നൽ. വെടിയാണ്.
വെടിയൊച്ച കേട്ടാൽ ആ ഗോത്രവർഗ്ഗ ബാലൻ എങ്ങോട്ടോടും എന്നതിൽ എനിക്കത്ര നിശ്ചയം പോരാ!.
കുറച്ച് കഴിഞ്ഞ് സത്യൻ എന്നെ കൈ കൊട്ടി വിളിക്കുന്നു.
അടുത്തുചെന്നു
"ഇതാണ് സാറേ ഞാൻ പറഞ്ഞ ഓട്ടപ്പൊടി "
ഞാൻ അടുത്തുള്ള കുട്ടിയുടെ കൈയ്യിലേക്ക് നോക്കി.
ഗ്ലൂക്കോസ് പൗഡറാണ്.
വാങ്ങിക്കൊടുക്കാമായിരുന്നു എന്ന് അപ്പോൾതോന്നി. സംഗതി എന്താണെന്ന് മനസ്സിലായിരുന്നില്ല. തൽകാലം കയ്യിൽ കരുതിയിരുന്ന നേന്ത്രപ്പഴത്തിലൊന്ന് കൊടുത്തു. സത്യൻ്റെ കണ്ണ് കൂടെയുള്ളവരുടെ കാലിലെ സ്പൈക്കിലേക്കും സ്റ്റാർട്ടിങ് ബ്ലോക്കിലേക്കുമാണ് .പക്ഷേ മറ്റുള്ളവർ നോക്കുന്നത് സത്യൻ്റെ കാലിലെ കവുങ്ങിൽ കയറിയുണ്ടായ കട്ടത്തഴമ്പിലേക്കാണെന്ന് എനിക്ക് മനസ്സിലായി.

മൽസരം തുടങ്ങി...ആദ്യം സത്യൻ്റെ ഫൗൾ സ്റ്റാർട്ട്....
ആകെ ഒരങ്കലാപ്പ്....
വീണ്ടും
സ്റ്റാർട്ടറുടെ വെടി പൊട്ടി.....
ആദ്യ ഹീറ്റ്സിൽ സത്യൻ ഒന്നാമത്....
ഇരുനൂറ് മീറ്ററിലും ആവർത്തനം...
ഫൈനലിലെത്തി.
ഇടക്ക് ലോംഗ്ജംപിൽ രണ്ടാം സ്ഥാനം. ...അതോടെ എല്ലാവരുടേയും ശ്രദ്ധ സത്യനിലേക്കായി....
രണ്ട് സ്കൂളുകൾ തമ്മിൽ ഓവറോൾ ചാമ്പ്യൻഷിപ്പിനായുള്ള മൽസരത്തിൽ സത്യനും കണ്ണിയായി...
ആതിഥേയ സ്കൂളിൻ്റെ സ്പ്രിൻ്റ് ഡബിൾ കുത്തക ഇനി സത്യൻ്റെ പ്രകടനത്തെ ആശ്രയിച്ചാണ്.
ഓവറോൾ കിരീടവും തഥൈവ.

അതോടെ എതിർ ടീമും ഒരു പറ്റം കാണികളും സത്യന് കൈയ്യടിയുമായി ഇറങ്ങി. പതുക്കെ ഞാനും സത്യൻ്റെ 'കോച്ചായി' പുറത്തിറങ്ങി നടക്കാൻ തുടങ്ങി. തിരിച്ച് പോകാൻ ബസ്സ് കിട്ടാത്ത വിഷമമൊക്കെ അതോടെ മറന്നു. ഇരുനൂറ് മീറ്റർ ഫൈനൽ........ കാണികൾ നൽകിയ ആവേശത്തിൽ സത്യൻ പാട്ടും പാടി ജയിച്ചു.
ഉച്ചക്ക് ശേഷം നൂറ് മീറ്റർ ഫൈനൽ... വേഗതയേറിയ ഓട്ടക്കാരനെ കണ്ടെത്തുന്ന മത്സരം !

ഫൈനൽ വിളിയെത്തി. ആതിഥേയ ടീമംഗങ്ങൾ സത്യനെ ആക്രമിക്കുമോ എന്ന പേടിയുണ്ട് എനിക്ക്. കാണുന്നിടത്തൊക്കെ ചിലർ അവനെ നോക്കി പല്ലുഞെരിക്കുന്നുണ്ട് ....മൽസരം തുടങ്ങാറായി ,പണ്ട് ഇന്ത്യൻ ഫുട്ബോൾ ടീം ബൂട്ടില്ലാതെ ഒളിമ്പിക്സിന് ഇറങ്ങിയ പോലെ എട്ടു പേരിൽ ഒരാൾ മാത്രം
അത്ലറ്റിക്സ് ജർഴ്സിയോ സ്പൈക്സോ സ്റ്റാർട്ടിങ് ബ്ലോക്കോ ഇല്ലാതെ തയ്യാറായി നിൽക്കുന്നു.

മത്സരം തുടങ്ങി. തുടക്കം മുതൽ തന്നെ ലീഡെടുത്ത ആതിഥേയ സ്കൂളിലെ താരത്തെ അവസാന കുതിപ്പിൽ മറികടന്ന് സത്യൻ ഒന്നാം സ്ഥാനത്തേക്ക്...
ആവേശപ്പോരാട്ടം..കാണികളുടെ ആരവമുയർത്തുന്നു....കിരീടം സിനിമയിൽ സേതുമാധവനൊപ്പം നടക്കുന്ന ഹൈദ്രോസിനെ പോലെ സത്യൻെറ വിക്ടറിലാപ്പിൽ ഞാനുമൊപ്പമോടി..പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. ആതിഥേയ സ്കൂളിൻ്റെ കുത്തകയായിരുന്ന ഓവറോൾ കിരിടം ആ ഫൈനൽ കാരണം തെറിച്ചു.

'ഓട്ടപ്പൊടി' പോലുമില്ലാതെ സത്യൻ എടുത്തോടിയത് അവരുടെ കൈയ്യിലുള്ള ആ ഓവറോൾ കിരീsമായിരുന്നു. ആ വർഷത്തെ ജൂനിയർ വിഭാഗം ഇൻറിവിജ്വൽ ട്രാേഫി സത്യൻ നേടി. സമ്മാനദാനം കഴിഞ്ഞ് വരുമ്പോൾ സത്യനെന്നോടു പറഞ്ഞു . ഇതുപോലെ 'ചട്ടിപ്പൊട്ട് ' മുമ്പ് കിട്ടിയിട്ടുണ്ട്, കപ്പ് ആദ്യമായിട്ടാണെന്ന്....

അങ്ങനെ "ഓട്ടപ്പൊടിയും ചട്ടിപ്പൊട്ടും ''എന്താണെന്ന് ഞാനും പഠിച്ചു.

കോഴിക്കോട് ചെറുവാടി ജി.എച്ച്.എസ്.എസിലെ ഹൈസ്കൂൾ മലയാളം അധ്യാപകനാണ് ലേഖകൻ)

Content Highlights: teacher's day 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented