സ്‌നേഹവും വാത്സല്യവും നിറഞ്ഞ ആ വാക്കുകള്‍ക്ക് മുന്നില്‍ നിരായുധനായി ഞാന്‍ നിന്നു


രവിമേനോന്‍

സ്‌നേഹവും വാത്സല്യവും നിറഞ്ഞ ആ വാക്കുകള്‍ക്ക് മുന്നില്‍ നിരായുധനായി നിന്നു ഞാന്‍. നിലം പൊത്തിയിരുന്ന എന്നിലെ അന്തര്‍മുഖനായ എഴുത്തുകാരന്‍ തെല്ലൊരഭിമാനത്തോടെ സടകുടഞ്ഞെണീറ്റ നിമിഷം

വര: മനോജ് കുമാർ തലയമ്പലത്ത്‌

രു കൈയില്‍ ചൂരലും മറുകൈയില്‍ ``സ്‌നേഹസേന'' മാസികയുടെ ഏറ്റവും പുതിയ ലക്കവുമായി ഹെഡ് മാസ്റ്ററച്ചന്‍.

മുന്നിലെ ആകാംക്ഷാഭരിതമായ മുഖങ്ങള്‍ നോക്കി ചൂരലൊന്ന് ചുഴറ്റി തെല്ലും മയമില്ലാതെ അദ്ദേഹം ചോദിക്കുന്നു: ``ആരാണീ സാജു ശ്രീപുരം?''

ആദ്യമൊന്ന് ഞെട്ടി. ഈശ്വരാ, എവിടെയോ കേട്ടിട്ടുണ്ടല്ലോ ഈ പേര്? എവിടെയായിരിക്കണം? നിമിഷങ്ങളേ വേണ്ടിവന്നുള്ളൂ ഓര്‍മ്മ തെളിഞ്ഞുകിട്ടാന്‍. ശരിയാണ്, ആ വിദ്വാന്‍ ഈ ഞാന്‍ തന്നെ. മാസങ്ങള്‍ക്ക് മുന്‍പ് ``സ്‌നേഹസേന'' യില്‍ പ്രസിദ്ധീകരിക്കാന്‍ വേണ്ടി കോട്ടയം കുമാരനെല്ലൂരിലേക്ക് അയച്ചുകൊടുത്ത ലേഖനത്തിനൊപ്പം വെച്ച കള്ളപ്പേരാണ്. അച്ചടിച്ചുവരുമെന്ന് പ്രതീക്ഷിച്ചിട്ടല്ല. പത്രാധിപര്‍ക്ക് കനിവ് തോന്നി എങ്ങാനും പ്രസിദ്ധീകരിച്ചുപോയെങ്കില്‍ അച്ഛന്‍ അറിയുമല്ലോ എന്ന ഭയം കൊണ്ട് മാത്രം. അച്ഛന്റെ മേശയില്‍ നിന്ന് കവര്‍ന്നെടുത്തതാണല്ലോ ലേഖനമയക്കാനുള്ള ലക്കോട്ടും സ്റ്റാമ്പും.

ഹെഡ് മാസ്റ്റര്‍ ചോദ്യം ഉറക്കെ ആവര്‍ത്തിക്കുന്നു. എന്തും വരട്ടെയെന്നുറച്ച് ചാടിയെണീക്കുന്നു സാജു ശ്രീപുരം ഒന്‍പതാം ക്ലാസിലെ നാല്‍പ്പതു ജോഡി കണ്ണുകള്‍ മുഴുവന്‍ തന്റെ മുഖത്താണെന്ന ഉത്തമബോധ്യത്തോടെ. ജാള്യം മറയ്ക്കാന്‍ വിഫലശ്രമം നടത്തി തലകുനിച്ചു നില്‍ക്കേ കട്ടി ഫ്രെയിമുള്ള കണ്ണടയ്ക്കുള്ളിലൂടെ മുന്നിലെ ഇത്തിരിക്കുഞ്ഞനെ സൂക്ഷിച്ചുനോക്കി ഹെഡ് മാഷ് കല്‍പ്പിക്കുന്നു: ``ഓഹോ, താനാണല്ലേ? ക്ലാസ് വിട്ടാല്‍ എന്നെ വന്നു കണ്ടേ പോകാവൂ..''

പട്ടാപ്പകല്‍ മോഷണം നടത്തി പിടിക്കപ്പെട്ടവന്റെ മാനസികാവസ്ഥയിലായിരുന്നു കള്ളപ്പേരുകാരന്‍. ഇതുവരെ ഹെഡ് മാസ്റ്ററുടെ ചൂരല്‍ പ്രയോഗം ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടായിട്ടില്ല. കണ്ണില്‍ച്ചോരയില്ലാതെ വീശിയടിക്കുമെന്നാണ് കേള്‍വി. വരാന്‍ പോകുന്ന അച്ഛന്റെ അടിയേക്കാള്‍ മാരകമായിരിക്കുമോ ഹെഡ്മാസ്റ്ററുടെ അടി എന്നൊരു ചോദ്യം മാത്രമേയുള്ളൂ ബാക്കി. ആ പേടിയോര്‍മ്മയുടെ നടുക്കത്തില്‍ അറിയാതെ കാലൊന്ന് തടവിപ്പോയി. ഇനി എന്തൊക്കെ കാണാനിരിക്കുന്നു ഇവന്‍.

സ്‌കൂളിലെ കുട്ടികള്‍ക്കിടയില്‍ അക്കാലത്ത് പതിവായി വിതരണം ചെയ്തിരുന്ന ``സ്‌നേഹസേന''യില്‍ പേരൊന്ന് അച്ചടിച്ചുകാണാനുള്ള അത്യാഗ്രഹം കൊണ്ട് അയച്ചുകൊടുത്ത ലേഖനമാണ്; ``സുന്ദരിയായ വയനാട്'' എന്ന ശീര്‍ഷകത്തില്‍. ശ്രീപുരം എന്നത് അന്നത്തെ വീട്ടുപേര്. അതിനൊപ്പം സാജു എങ്ങനെ വന്നുപെട്ടു എന്നോര്‍മ്മയില്ല. ചിലപ്പോള്‍ കൂടെ പഠിച്ചിരുന്ന ഒരു പയ്യന്റെ ചെല്ലപ്പേരിനോട് തോന്നിയ ആകര്‍ഷണമാകാം. രാമന്‍, കൃഷ്ണന്‍, ഗോപാലന്‍, മധുസൂദനന്‍, രവീന്ദ്രനാഥ് എന്നൊക്കെയുള്ള സാദാ പേരുകളേക്കാള്‍ ചിമുക്കുണ്ടായിരുന്നു സാജുവിന്. അന്നത്തെ ഓരോരോ തോന്നലുകള്‍.

വൈകുന്നേരം സ്‌കൂള്‍ വിട്ട ശേഷം ഓഫീസിനോട് ചേര്‍ന്നുള്ള ഹെഡ് മാസ്റ്ററുടെ മുറിയില്‍ ചെന്നത് വിറച്ചുവിറച്ചുകൊണ്ട്. പൊതുവെ ഗൗരവക്കാരനാണ് മാക്‌സ്‌വെല്‍ അച്ചന്‍. ചിരി കുറവ്. നോട്ടമാകട്ടെ തീക്ഷ്ണവും. മേശപ്പുറത്തെ ഭൂഗോളത്തിലാണ് ആദ്യം കണ്ണു പതിഞ്ഞത്. പിന്നെ തൊട്ടടുത്ത് അടുക്കിവെച്ചിരുന്ന നാഷണല്‍ ജോഗ്രഫിക് മാഗസിന്റെ പഴയ ലക്കങ്ങളിലും. കുനിഞ്ഞിരുന്ന് എന്തോ എഴുതിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം. ഒച്ചയുണ്ടാക്കാതെ, ക്ഷമാപൂര്‍വം കാത്തുനിന്നു.

തെല്ലു കഴിഞ്ഞപ്പോള്‍ തലയുയര്‍ത്തി എന്നെ നോക്കി അദ്ദേഹം. എന്നിട്ട് ചോദിച്ചു: ``താന്‍ എഴുതിയത് തന്നെയാണോ അത്?''

അതെ എന്ന് തലയാട്ടിയപ്പോള്‍ വീണ്ടും ചോദ്യം: ``എവിടെ നോക്കി എഴുതി?''

പതിനാലുകാരന്റെ ആത്മാഭിമാനം ആദ്യമായി വ്രണപ്പെട്ട നിമിഷം. ഇത്തവണ ഉറച്ച ശബ്ദത്തില്‍ അവന്‍ പറഞ്ഞു: ``ഞാന്‍ തന്നെ എഴുതിയതാണ്. എവിടേം നോക്കീല..''

അത്രയും ഉശിരുള്ള ഒരുത്തരം ഹെഡ് മാസ്റ്റര്‍ പ്രതീക്ഷിച്ചിരുന്നോ എന്ന് സംശയം. ക്ഷണിക്കപ്പെടാതെ വന്നുകയറിയ അതിഥിയെപ്പോലെ മുഖത്ത് മിന്നിമറഞ്ഞ ചിരിയെ ഇറക്കിവിടാന്‍ ശ്രമിക്കാതെ അദ്ദേഹം ചോദിച്ചു: ``പിന്നെന്തിനാ കള്ളപ്പേര് വെച്ചത്?''

സത്യം വെളിപ്പെടുത്താതെ വഴിയുണ്ടായിരുന്നില്ല. അച്ഛന്റെ മേശയില്‍ നിന്ന് അടിച്ചുമാറ്റിയ സ്റ്റാമ്പ് ആണല്ലോ കാരണക്കാരന്‍. അയക്കാനുള്ള കവര്‍ മോഷ്ടിച്ചതും അവിടെനിന്നുതന്നെ. ``പെട്ടെടാ പെട്ടു. നിന്റെ കള്ളത്തരം പൊളിഞ്ഞു'' എന്ന് അന്നേരം ഉള്ളിലിരുന്ന് ആരോ മന്ത്രിച്ചപോലെ. ഹെഡ് മാസ്റ്ററില്‍ നിന്ന് വിവരമറിഞ്ഞ അച്ഛന്‍ വടിയുമായി വീടിന്റെ കോലായില്‍ മകന്‍ സ്‌കൂള്‍ വിട്ടു വരുന്നതും കാത്തിരിക്കുന്ന ഭയാനക ചിത്രമായിരുന്നു അപ്പോള്‍ മനസ്സില്‍.

മോഷണം ഏറ്റുപറഞ്ഞു ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറെടുത്ത് പതുങ്ങി നില്‍ക്കേ അതാ വരുന്നു ഹെഡ് മാസ്റ്ററുടെ കര്‍ശനമായ കല്‍പ്പന: ``എന്നാല്‍ ഇനി ഇങ്ങനെ ചെയ്തുപോകരുത്.'' ചെയ്താല്‍ ചുട്ട അടി വാങ്ങും എന്നൊരു ധ്വനി കൂടിയുണ്ടായിരുന്നില്ലേ ആ വാക്കുകളില്‍?

ഇനിയൊരിക്കലുമില്ല എന്ന് ആണയിട്ട് പറഞ്ഞു കൊണ്ട് രംഗത്തു നിന്ന് എത്രയും പെട്ടെന്ന് അന്തര്‍ദ്ധാനം ചെയ്യാന്‍ ഒരുങ്ങുമ്പോള്‍, അതാ വീണ്ടും ഹെഡ്മാസ്റ്ററുടെ ശബ്ദം; ഇത്തവണ തെല്ല് മയത്തില്‍: `` ഇനി സ്വന്തം പേരിലേ താന്‍ എഴുതാവൂ. കള്ളപ്പേര് വെക്കരുത്.'' ഒരു നിമിഷം നിര്‍ത്തി ചിരിയോടെ അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു: ``സ്റ്റാമ്പ് വേണമെങ്കില്‍ ഞാന്‍ തരാം. മോഷ്ടിക്കേണ്ട. നന്നായിരുന്നു താന്‍ എഴുതിയത്. ഇനിയും എഴുതണം..''

ശ്വാസം നേരെ വീണു എന്നല്ല പറയേണ്ടത്, വീണ്ടുകിട്ടി എന്നാണ്. അതുവരെയുള്ള അങ്കലാപ്പും പിരിമുറുക്കവും അവയുടെ പാട്ടിനുപോയി. സ്‌നേഹവും വാത്സല്യവും നിറഞ്ഞ ആ വാക്കുകള്‍ക്ക് മുന്നില്‍ നിരായുധനായി നിന്നു ഞാന്‍. നിലം പൊത്തിയിരുന്ന എന്നിലെ അന്തര്‍മുഖനായ എഴുത്തുകാരന്‍ തെല്ലൊരഭിമാനത്തോടെ സടകുടഞ്ഞെണീറ്റ നിമിഷം.

എഴുതാനുമറിയാം എന്ന് ആദ്യമായി മനസ്സില്‍ തോന്നിയ നിമിഷം കൂടിയായിരുന്നു അത്..

അന്ന് സലാം പറഞ്ഞു പടിയിറക്കി വിട്ടതാണ് ``പ്രിയതോഴന്‍'' സാജു ശ്രീപുരത്തെ. ഓര്‍മ്മയിലേയുള്ളൂ ഇന്ന് അവന്റെ മുഖം. മദര്‍ തെരേസയെക്കുറിച്ചുള്ള അടുത്ത ലേഖനം ``സ്‌നേഹസേന''യില്‍ അടിച്ചുവന്നത് സ്വന്തം പേരില്‍ തന്നെ. അതു വായിച്ച് ആദ്യം അഭിനന്ദിച്ചവരില്‍ ഒരാള്‍ ഫാദര്‍ മാക്‌സ്‌വെല്ലും.

അന്നത്തെ ഞങ്ങളുടെ ഹെഡ് മാസ്റ്റര്‍ പിന്നീട് കോഴിക്കോട് രൂപതയുടെ മെത്രാനായി; ബിഷപ്പ് ഡോ മാക്‌സ്‌വെല്‍ വലന്റൈന്‍ നൊറോണയായി. പത്രപ്രവര്‍ത്തന ജീവിതകാലത്ത് കോഴിക്കോട്ട് വെച്ച് പിന്നെയും മൂന്നു നാലുതവണ കണ്ടു അദ്ദേഹത്തെ. പഴയ ലേഖനകഥ അപ്പോഴേക്കും മറന്നുപോയിരുന്നു അദ്ദേഹം. ഓര്‍മ്മിപ്പിച്ചപ്പോള്‍ ആസ്വദിച്ച് ചിരിച്ചു തിരുമേനി. ബിഷപ്പ് മറന്നാലും എനിക്കെങ്ങനെ മറക്കാനാകും ആ അനുഭവം?

അവസാനത്തെ കാഴ്ച്ച മറക്കാനാവില്ല. മെത്രാന്‍ പദവിയില്‍ നിന്ന് വിരമിച്ചു വര്‍ഷങ്ങളായിരുന്നു അപ്പോഴേക്കും ഡോ. മാക്‌സ്‌വെല്‍ നൊറോണ. തൊണ്ണൂറ് വയസ്സിന്റെ ആരോഗ്യ പ്രശ്‌നങ്ങളും ഓര്‍മ്മക്കുറവുമൊക്കെയായി മേരിക്കുന്ന് ശാലോം പ്രീസ്റ്റ് ഹോമിലെ ഒരു മുറിയില്‍ പുതച്ചുമൂടി കിടക്കുന്നു അദ്ദേഹം. കാഴ്ച തെല്ലുമില്ല. സഹായത്തിന് ഒരാളുണ്ട് കൂടെ.

ചുണ്ടേല്‍ ആര്‍ സി ഹൈസ്‌കൂളില്‍ സഹപാഠികളായിരുന്ന രാജന്‍, റസാക്ക്, മോഹന്‍കുമാര്‍, ജോസഫ് ജോണ്‍, ഉഷ എന്നിവര്‍ക്കൊപ്പം സ്വയം പേര് പറഞ്ഞു പരിചയപ്പെടുത്തിയപ്പോള്‍ തിരിച്ചറിവിന്റെ തിളക്കം കണ്ടു ആ മുഖത്ത്. എന്തൊക്കെയോ പറയാന്‍ വെമ്പുന്നുണ്ടായിരുന്നു ആ ചുണ്ടുകള്‍. പക്ഷേ ശബ്ദം വിചാരിച്ച പോലെ പുറത്തുവരുന്നില്ല. ചിതറിപ്പോയ ഓര്‍മ്മത്തുണ്ടുകള്‍ പെറുക്കിയെടുത്തു കൂട്ടിവെക്കാന്‍ പ്രയാസപ്പെടുന്നതുപോലെ.

പോകാന്‍ നേരം തല കുനിച്ച് യാത്ര പറഞ്ഞപ്പോള്‍ കരിവാളിച്ച ആ ചുണ്ടുകളില്‍ ഒരു നേര്‍ത്ത മന്ദസ്മിതം പൊടിഞ്ഞോ എന്ന് സംശയം. പതിഞ്ഞ സ്വരത്തില്‍ അദ്ദേഹം ചോദിച്ചു: ``എഴുതുന്നുണ്ടല്ലോ അല്ലേ ഇപ്പോഴും?''

മറുപടി പറയാന്‍ പോലും മറന്ന്, വികാരാധീനനായി കൈകൂപ്പി നിന്നു ഞാന്‍.

മാസങ്ങള്‍ക്കകം, 2018 ജനുവരി 29 ന് ബിഷപ്പ് മാക്‌സ്‌വെല്‍ നൊറോണ ഓര്‍മ്മയായി. ഈ അധ്യാപക ദിനം അദ്ദേഹത്തിനല്ലാതെ മറ്റാര്‍ക്ക് സമര്‍പ്പിക്കും ഞാന്‍?

(2021-ൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Ravi Menon, Teachers' Day 2022, mathrubbhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


aeroplane

1 min

'ഇന്ത്യയിലേക്ക് പോകുന്നവർ അതീവ ജാഗ്രത പാലിക്കണം'; പൗരന്മാർക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക

Oct 7, 2022

Most Commented