'അവരെയാണ് ഞാന്‍ നല്ല അധ്യാപകരെന്ന് വിളിക്കുന്നത്, അവരുടെ തലയ്ക്കുചുറ്റും പ്രകാശവലയങ്ങളുണ്ട്'


പി.കെ. പാറക്കടവ്

കവിതകളെ പില്‍ക്കാലത്ത് നെഞ്ചോട് ചേര്‍ക്കാനും സ്വര്‍ണത്തിരമാല പോലെ തിളക്കമുള്ള വാക്കുകള്‍ തേടി നടക്കാനും പ്രേരിപ്പിച്ചത് ബാബുപോള്‍ സാര്‍ പഠിപ്പിച്ച ആ ഒരൊറ്റക്കവിതയായിരുന്നില്ലേ?

facebook

ബോര്‍ഡില്‍ ചോക്ക് കൊണ്ട് എഴുതി ഡസ്റ്റര്‍ കൊണ്ട് മായ്ച്ചു കഴിഞ്ഞാല്‍ മാഞ്ഞുപോകുന്നതുപോല ഇല്ലാതാകുന്ന ഒന്നല്ല ഒരധ്യാപകന്‍ വിദ്യാര്‍ഥിയില്‍ ഉണ്ടാക്കുന്ന സ്വാധീനം. ഒരധ്യാപകനല്ല, മൂന്ന് നാല് അധ്യാപകര്‍ നന്മയുടെ പൂമരങ്ങളായി എന്റെ യാത്രയുടെ വഴിത്താരകളിലുണ്ട്. പാഠപുസ്തകങ്ങള്‍ക്കപ്പുറവും സാഹിത്യത്തിന്റെ, അറിവിന്റെ ഒരു ലോകമുണ്ടെന്ന് എന്നോട് പറയാതെ പറഞ്ഞു തന്ന അധ്യാപകരാണവര്‍.

താനക്കോട്ടൂര്‍ യു.പി. സ്‌കൂളില്‍ ഹിന്ദി പഠിപ്പിച്ചിരുന്ന കണാരന്‍ മാസ്റ്ററാണ് സ്‌കൂള്‍ ലൈബ്രറിയില്‍ നിന്ന് നല്ല പുസ്തകങ്ങള്‍ എടുത്തുതന്നത്. അങ്ങനെ ഒരു ഏഴാം ക്ലാസുകാരന്‍ പേള്‍ബക്കിന്റെ 'നല്ല ഭൂമി' എന്ന വിവര്‍ത്തന പുസ്തകം വായിക്കുന്നത് അതൊരു ക്ലാസിക്ക് ആണെന്നറിയാതെയായിരുന്നു. വളയം ഹൈസ്‌കൂളില്‍ ഡ്രോയിംഗ് മാഷായിരുന്നു ദാമു മാഷ്. ഞാന്‍ കണ്ട ആദ്യത്തെ എഴുത്തുകാരന്‍. 'ഡ്രോയിങ്ങ് മാസ്റ്റര്‍' എന്ന ഒരു നോവല്‍ എഴുതിയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ തലയ്ക്കുചുറ്റും പ്രകാശവലയം ഉള്ളതുപോലെ തോന്നിയിരുന്നു. ഒഴിവുള്ള പീരീഡുകളില്‍ ക്ലാസില്‍ വന്ന് വയലാറിന്റെ കവിതകള്‍ മനോഹരമായി ഈണത്തില്‍ ചൊല്ലിത്തരുമായിരുന്നു ദാമു മാഷ്. അതുപോലെ ഹൈസ്‌കൂളില്‍ ഇടയ്ക്ക് വന്നുചേര്‍ന്ന കല്ലങ്കോടന്‍ അച്യുതന്‍കുട്ടി മാഷ്. മാതൃഭൂമി ആഴ്ചപ്പതിപ്പ് ക്ലാസില്‍ കൊണ്ടുവന്ന് നല്ല ഈണത്തില്‍ കവിതകള്‍ ചൊല്ലിത്തരുമായിരുന്നു അദ്ദേഹം

''ആരെന്നേകാന്തതയെ
താമരമലരില്‍ മണമായി നുകരുന്നു''

എന്ന വരി അഞ്ച് പതിറ്റാണ്ടുകഴിഞ്ഞിട്ടും ഇന്നും മായാതെ മനസ്സിലുണ്ട്.

ഫാറൂഖ് കോളേജില്‍ പ്രീഡിഗ്രിക്ക് ഇംഗ്ലീഷ് ക്ലാസില്‍ പഠിപ്പിച്ചിരുന്ന ബാബുപോള്‍ സാറിനെ ഓര്‍ക്കുന്നു. ഡി.എച്ച്. ലോറന്‍സിന്റെ 'സ്‌നേക്ക്' എന്ന കവിത ക്ലാസില്‍ പഠിപ്പിച്ചത് ഇന്നും ഓര്‍മ്മയിലുണ്ട്. ആ കവിതയിലെ വരികള്‍ ഇന്നും എനിക്ക് മനഃപാഠമാണ്. കവിതകളെ പില്‍ക്കാലത്ത് നെഞ്ചോട് ചേര്‍ക്കാനും സ്വര്‍ണത്തിരമാല പോലെ തിളക്കമുള്ള വാക്കുകള്‍ തേടി നടക്കാനും പ്രേരിപ്പിച്ചത് ബാബുപോള്‍ സാര്‍ പഠിപ്പിച്ച ആ ഒരൊറ്റക്കവിതയായിരുന്നില്ലേ? അത്ര സുന്ദരമായിരുന്നു ആ ക്ലാസുകള്‍. ആ ഒരൊറ്റക്കവിതയിലൂടെയായിരുന്നു ഞാന്‍ സാഹിത്യത്തെ പ്രണയിച്ചത്.

പ്രശസ്ത നിരൂപകനായ എം.പി. പോളിന്റെ മകനായിരുന്നു ബാബുപോള്‍ സാര്‍. അദ്ദേഹം ഇന്നില്ല. കണാരന്‍ മാസ്റ്ററും ദാമു മാഷും അച്യുതന്‍കുട്ടി മാഷുമൊക്കെ എവിടെയാണെന്നറിയില്ല.അവരിപ്പോഴും എന്റെ കൂടെയുണ്ട്. എന്റെ എഴുത്തു ജീവിതയാത്രയില്‍ തണല്‍ നല്‍കിയ വലിയ പൂമരങ്ങളായി.

ഒരുപാട് തവണ കരിങ്കല്ലായ് കുന്നിന്‍പുറത്ത് ചാവോക്ക് മരങ്ങള്‍ നിഴല്‍ വിരിച്ച എന്റെ പഴയ കലാലയമായ ഫാറൂഖ് കോളേജില്‍ ഞാനെത്തിയിട്ടുണ്ട്. പല പരിപാടികള്‍ക്കായി. അവിടെയെത്തുമ്പോഴൊക്കെ ഞാന്‍ ആരും കാണാതെ ആ പഴയ പ്രീഡിഗ്രിക്കാരനിരുന്ന ക്ലാസുമുറിയിലേക്കെത്തി നോക്കും. അവിടെ ബാബുപോള്‍ സാറിന്റെ ശബ്ദം മുഴങ്ങുന്നുണ്ടോ? സിലബസ് അനുസരിച്ച് പാഠപുസ്തകങ്ങള്‍ മാത്രം പഠിപ്പിക്കുന്നവരല്ല നല്ല അധ്യാപകര്‍. പാഠപുസ്തകങ്ങള്‍ക്കപ്പുറവും കലയുടെയും സാഹിത്യത്തിന്റെയുമൊക്കെ വലിയ ഒരു ലോകമുണ്ടെന്ന് ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ വിദ്യാര്‍ഥിയോട് പറയാതെ പറയുന്ന അധ്യാപകരുണ്ട്. അവരെയാണ് ഞാന്‍ നല്ല അധ്യാപകരെന്ന് വിളിക്കുന്നത്. അവരുടെ തലയ്ക്കുചുറ്റും പ്രകാശവലയങ്ങളുണ്ട്.

(2021-ൽ പ്രസിദ്ധീകരിച്ചത്)

Content Highlights: P K Parakkadavu writes about his teachers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented