അധ്യാപകർക്ക് കൂട്ടത്തോൽവി- കൽപ്പറ്റ നാരായണൻ


കൽപ്പറ്റ നാരായണൻ

കൽപറ്റ നാരായണൻ

ഞായറായ്ച ഉച്ചയൂണ് കഴിഞ്ഞ്, നേരത്തെ കണ്ടു വെച്ചിരുന്ന പാണൽ വടി പേനാക്കത്തികൊണ്ട് തോലുരിഞ്ഞ് സശ്രദ്ധം മിനുസപ്പെടുത്തുമ്പോൾ അടുത്ത് വന്ന അയൽക്കാരനോട് മാഷ് പറഞ്ഞു: 'അടുത്ത ആഴ്ചയ്ക്കുള്ള ടീച്ചിങ്ങ് എയ്ഡാണ്'. അതൊരു കാലം, തിണ്ണയിൽ കാൽകയറ്റിവെച്ച് ബാക്കി ജീവിതം മുറുക്കിത്തുപ്പുന്ന ശതാബ്ദിയോടടുത്ത മാഷ് നെടുവീർപ്പിട്ടു. തത്ത്വചിന്തകനായ മാർട്ടിൻ ബബർ പറഞ്ഞ ' ഐ- ഇറ്റ് ' കാലമായിരുന്നു അത്.

ചരാചരങ്ങളിൽ താനൊഴിച്ചുള്ളവരെല്ലാം അചരങ്ങളായിരുന്ന നാളുകൾ. അന്ന് അദ്ധ്യാപനത്തിന് കൽപ്പിക്കാനല്ലാതെ സംസാരിക്കാനറിയുമായിരുന്നില്ല. കേൾക്കുക എന്ന പദത്തിന് അനുസരിക്കുക എന്ന അർത്ഥം അന്ന് കൈവന്നതാണ്.( ഒരു വക കേൾക്കില്ല). നിന്നെ ഞാനൊരു പാഠം പഠിപ്പിക്കുന്നുണ്ട് എന്നത് പ്രതികാരത്തിന്റെ ഭാഷയായത് അന്നാണ്. അന്നത്തെ കൽപ്പനകൾകേട്ട്, മർദ്ദനങ്ങൾ സഹിച്ച് വഴി തെറ്റാതെ നടന്ന് വലിയ ലക്ഷ്യങ്ങളിൽ എത്തിയവരുണ്ട്. അന്ന് കിട്ടിയ അടിയുടെ ചൂടിൽ വേവിച്ചതാണ് ഞാനിന്നനുഭവിക്കുന്നതെല്ലാം എന്ന് അഹങ്കാരത്തോടെ പറയുന്നവർ കുറച്ചല്ല. ഒരൊറ്റ അക്ഷരത്തെറ്റിന് ഞാനനുഭവിച്ചത് എത്രയാണെന്നറിയാമോ, ഇന്നത്തെ കാര്യമോ? ദുരിതാനുഭവങ്ങൾ കാലം ചെല്ലുമ്പോൾ മധുരാനുഭവങ്ങളായിത്തീരുന്നു . ഓർമ്മയിലെ ചൂരൽ ചൂരൽപ്പഴമാവുന്നു. പക്ഷെ അനുഭവിക്കുമ്പോൾ അതിന് മധുരമുണ്ടായിരുന്നില്ല. കൂടുതൽ പേരും അത് കൊണ്ടു തന്നെ വിദ്യാഭ്യാസം വെറുത്തു. പലരും പാതിവഴിക്കിറങ്ങിപ്പോയി. ആശുപത്രി മുറികളേക്കാൾ നിലവിളികൾ ഉയർന്ന ക്ലാസ്സുമുറികൾ പക്ഷെ ക്രമേണ പിൻവാങ്ങി.

കാലം മാറി. ഡി.പി.ഇ.പി കാലം വന്നു. മാർട്ടിൻ ബബർ പറയുന്ന ' ഐ- യു ' കാലം.ലോക ബാങ്ക് വഴിയോ ഏത് ദുരുദ്ദേശം വഴിയോ ആയാലും ജനാധിപത്യം സ്കൂൾ പടി കയറി പഠിക്കാൻ വരികയായിരുന്നു. പഠനം അനുഭവൈകവേദ്യമായി. പരിസരജ്‌ഞാനം പാഠഭാഗമായി. വിദ്യാർത്ഥി നാടും കാടും മേടും പരിചയിച്ചു. വീടിനടുത്ത പോസ്റ്റ് ഓഫീസിലോ ഫാക്ടറിയിലോ ആകാശവാണിയിലോ കടലിലോ കരയിലോ പഠനയിടങ്ങളുണ്ടായി. വിദ്യാഭ്യാസം നിലത്ത് ചവിട്ടിനടക്കാൻ തുടങ്ങി. കുട്ടികൾ അദ്ധ്യാപകരുടെ തോളിൽക്കയറി ഇരിക്കാൻ തുടങ്ങി. മറിച്ചായിരുന്നല്ലോ ഇതുവരെ, എന്നു സ്കൂൾച്ചുമരും ചിരിച്ചു. അറിവാളരും അറിയുന്നവരും തമ്മിലുള്ള അന്തരം കുറഞ്ഞു. മാഷുടെ തലയ്ക്കു ചുറ്റുമുള്ള പരിവേഷം, കുട്ടികൾ താഴെത്തട്ടിയിട്ടു .

പക്ഷെ പഠനത്തിലെ ലീലാവിലാസം (playfulness) പഠിപ്പിക്കാനായി കൈ തരിക്കുന്ന അദ്ധ്യാപകർക്കും ഭൂരിപക്ഷം രക്ഷാകർത്താക്കൾക്കും ദുസ്സഹമായി. അടുത്തുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിലും CBSE സിലബസ്സുള്ള നവോദയ സ്കൂളിലും അൺ എയ്ഡഡുകളിലും എത്ര കാര്യക്ഷമായി പഠനം നടക്കുന്നു! പൊതുവിദ്യാലയത്തിൽ പഠിക്കുന്ന എന്റെ കുട്ടിയുടെ ഗതിയെന്താവും? ഭാവിയിലെ ഉന്നത പദവികൾ എത്ര നിശ്ശബ്ദമായാണാ ഇംഗ്ലീഷ് മീഡിയങ്ങളിൽ പഠിക്കുന്നത്!

എന്നാലിവിടെയോ? രക്ഷാകർത്താക്കൾ ആരുമറിയാതെ കുട്ടികളെ അഴിച്ച് അവിടെ കെട്ടാൻ തുടങ്ങി.പൊതുവിദ്യാലയങ്ങൾ ശൂന്യമായിത്തുടങ്ങി. സ്കൂളിന് പിന്നിലെ റോട്ടിൽ നിന്ന് കൂടക്കൂടെ കാർക്കിച്ച് തുപ്പൽ. അദ്ധ്യാപകർ തൊഴിൽ ഭീഷണി നേരിട്ട് തുടങ്ങി. ഗത്യന്തരമില്ലാതെ പൊതുവിദ്യാലയങ്ങൾ അപ്പുറത്ത് ചെയ്യുന്നതൊക്കെ ഇപ്പുറത്തും ചെയ്യാൻ തുടങ്ങി. ഇംഗ്ലീഷ് വശമില്ലെങ്കിലും ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ, ഗുരുതരമായ ഗൗരവം, നിരന്തര പരീക്ഷ.. കുട്ടികൾ മടങ്ങിവരാൻ തുടങ്ങി. കുട്ടികൾ വീണ്ടും' ഇറ്റ് ' ആയിത്തീർന്നതോടെ രക്ഷാകർത്താക്കൾക്ക് സമാധാനമായി.

മാർട്ടിൻ ബബർ പറഞ്ഞ ' ഐ- ദോ ' എന്ന ഉന്നത സംവാദം വിദ്യാലയങ്ങളിൽ, പ്രത്യേകിച്ചും ഹയർസെക്കന്ററി കോളേജ് തലങ്ങളിൽ സംഭവിച്ചില്ല. വിദ്യാർത്ഥികളെ പരീക്ഷാർത്ഥികളാക്കിയ സമീപകാലമാത്താകട്ടെ എന്തൊക്കെയായാലും ഇക്കാലം വരെ സംരക്ഷിക്കപ്പെട്ട അധ്യാപകനിലെ ' ഞാൻ ' അസംഗതനാവുകയും ചെയ്തു.'ഐ- ഇറ്റ്' തകിടം മറിഞ്ഞ് 'ഇറ്റ് - ഇറ്റോ', 'ഇറ്റ്- യുവോ' , 'ഇറ്റ് - ദോ' പോലുമോ ആയി. പരിവേഷമൊക്കെ പലർക്കും നേരത്തേ നഷ്ട്ടപ്പെട്ടിരുന്നുവെങ്കിലും ഓൺലൈൻ പഠനകാലത്ത്, ആപ്പുകളുടെ കാലത്ത്, ട്യൂഷൻ സെന്ററുകൾ അനിവാര്യമായ കാലത്ത്, മാർക്ക് മാത്രം മുഖ്യമായ കാലത്ത് ഹൈസ്ക്കൂൾ തലം മുതലെങ്കിലും അദ്ധ്യാപകൻ ഒരനാവശ്യ വസ്തുവായി. സീറോ സ്കൂൾ കാലത്തും വിജയശതമാനത്തിന് കുറവുണ്ടായില്ലെന്നും നാം കണ്ടു. എവിടെയെല്ലാമോ പോയി ഞങ്ങൾ പഠിക്കുന്നതിന് ശമ്പളം പറ്റുന്ന രസികർ എന്ന നോട്ടം സർവ്വസാധാരണമായി. സാങ്കേതിക സാക്ഷരതയിലാകട്ടെ തങ്ങളോളം പോലും വരില്ല അവരൊരുത്തരും എന്ന ഗർവ്വും. ഉയർന്ന ശമ്പളത്തിന്‌ പ്രായച്ഛിത്തമായി വിദ്യഭ്യാസവുമായി ബന്ധമില്ലാത്ത അമിത ജോലിഭാരം നൽകി ഭരണകൂടവും ആവും പോലെ അവരുടെ പദവി ഇകഴ്ത്തി. അവരൊരു മികച്ച ക്ലാസ്സ് കാണുക പോലും ചെയ്യരുതെന്ന നിർബ്ബന്ധവും ആർക്കെല്ലാമോ ഉണ്ട്.

മുമ്പ് ഓരോ വിഷയത്തിലും സംസ്ഥാനത്തിൽ കിട്ടാവുന്ന ഏറ്റവും മികച്ച അദ്ധ്യാപകരുടെ സേവനം ഉപയോഗിച്ചു നടത്തിയിരുന്ന അദ്ധ്യാപക പരിശീലനക്കോഴ്സുകൾ ഇന്ന് നടത്തുന്നത് താഴേകിടയിലുള്ള അദ്ധ്യാപകരെ വെച്ച്. ദുരഭിമാനം നഷ്ടപ്പെടരുതല്ലോ. സർവ്വകലാശാലയിലെ , കോളേജിലെ അദ്ധ്യാപകരിൽ മുഖ്യപങ്കും എങ്ങനെ കയറിപ്പറ്റി എന്ന ചിരി വിളിച്ചു വരുത്തുന്നവർ. ഏകാധിപത്യത്തിന് പഠിക്കുന്ന വിദ്യാർത്ഥി സംഘടനകൾ കാമ്പസ്സുകളെ വിദ്യാഭ്യാസ മുക്തമാക്കാൻ പരമാവധി അധ്വാനിക്കുന്നുമുണ്ട്. നാക്കിന്റെ(NAAC ) ഉന്നതഗ്രേഡ് കിട്ടാൻ മൂന്നാലുമാസക്കാലം അദ്ധ്യാപകർ കാട്ടിക്കൂട്ടുന്നത് കണ്ടാൽ സത്യാനന്തരകാലത്തിന് എങ്ങനെയൊരുങ്ങണമെന്ന് നമുക്ക് ബോധ്യമാവും.

ഇല്ലാത്ത കാര്യങ്ങൾക്ക് രേഖകളുണ്ടാക്കി എ ഗ്രേഡ് ഉണ്ടാക്കി ലോകത്തെ കബളിപ്പിച്ചവരുടെ മുന്നിൽ നിന്ന് ബുദ്ധിയുള്ള കുട്ടികൾ എത്രയും വേഗം ബസ്സ് കയറിസ്ഥലം വിടുന്നുണ്ട്. യോഗ്യർ അധികപ്പറ്റായ,മികച്ച അടിസ്ഥാന സൗകര്യങ്ങൾ വ്യർത്ഥമാക്കുന്ന സ്ഥാപനങ്ങൾ നിരവധിയുണ്ട് വിദ്യാഭ്യാസ മേഖലയിൽ .

ഇതിനൊക്കെ അപവാദങ്ങളായ മികച്ച അദ്ധ്യാപകരും മികച്ച വിദ്യാലയങ്ങളും അപൂർവ്വമായെങ്കിലും ഇല്ലെന്നുമല്ല. അവരെ

ആരും ഗൗനിക്കുന്നില്ലെങ്കിലും ഈ കുറിപ്പ് ഗൗനിക്കുന്നു. ആദരിക്കുന്നു.

:

Content Highlights: kalpetta narayanan, teachers day 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented