വടി പ്രയോഗിക്കേണ്ടി വരുന്നത് അധ്യാപകന്റെ പരാജയമാണെന്ന് അന്നവർ തിരിച്ചറിഞ്ഞിരുന്നോ?


പ്രേം കുമാര്‍

ഒരു സ്വാതന്ത്ര്യദിനാഘോഷത്തില്‍ സ്‌കൂളിലെ ഉപ്പുമാവ് ഉണ്ടാക്കുന്ന നീണ്ട ഓല ഷെഡ്ഡില്‍ ബഞ്ചുകള്‍ നിരത്തി ഉണ്ടാക്കിയ കര്‍ട്ടനില്ലാത്ത സ്റ്റേജില്‍ അച്ഛന്‍ എഴുതി തന്ന വരികള്‍ കാണാതെ പഠിച്ച് തത്ത പറയുന്നത് പോലെ ഞാന്‍ പ്രസംഗിച്ചത് അശോകന്‍ സാറിന്റെ നിര്‍ബന്ധത്തിലായിരുന്നു. അതായിരുന്നല്ലോ എന്റെ ആദ്യ സ്റ്റേജ് അനുഭവം.

Premkumar, Photo | Vivek R Nair

അധ്യാപകര്‍ എന്നു കേള്‍ക്കുമ്പോള്‍ സ്‌നേഹവും ബഹുമാനവും ആദരവും ആരാധനയും ഒക്കെ ചേര്‍ന്ന് മനസ്സില്‍ ഉണ്ടാകുന്ന വികാരം എത്ര തീവ്രമാണ്. വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാവുന്നതിലും എത്രയോ അപ്പുറമാണത്. എങ്ങനെയാണ് ഞങ്ങളുടെ അധ്യാപകര്‍ എനിക്കും എന്റെ കൂട്ടുകാര്‍ക്കുമൊക്കെ അത്രമേല്‍ വിലപ്പെട്ടതായി മാറിയത്?

ഒരു സര്‍ക്കാര്‍ സ്‌കൂളിന്റെ എല്ലാ പരിമിതികള്‍ക്കും പ്രാരാബ്ധങ്ങള്‍ക്കുമിടയിലും കുറഞ്ഞ വേതനത്തിന്റെയും ഉയര്‍ന്ന സേവനത്തിന്റെയും സാഹചര്യങ്ങള്‍ക്കുള്ളിലും എന്തൊരു വാത്സ്യല്യവും പ്രോത്സാഹനവും സ്‌നേഹവും കരുതലുമൊക്കെയാണ് അദ്ധ്യാപകര്‍ ഞങ്ങള്‍ക്ക് നല്‍കിയത്. കഴക്കൂട്ടം ഗവണ്‍മെന്റ് സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ അക്ഷരത്തിന്റെ വെളിച്ചം ആദ്യം പകര്‍ന്ന് നല്‍കിയ നിലാവ് ഉദിച്ചപോലെ മുഖമുള്ള വള്ളിഅമ്മ ടീച്ചര്‍ കുട്ടികള്‍ക്ക് സ്‌കൂളിലെ അമ്മയായിരുന്നു. പരീക്ഷക്ക് സ്ലേറ്റിലിട്ട് നല്‍കുന്ന മാര്‍ക്ക് കുറഞ്ഞ് പോയതിന് കരയുമ്പോള്‍ വത്സല്യത്തോടെ വാരിയെടുത്ത് ഉമ്മവെച്ച് മക്കള്‍ക്ക് എത്ര മാര്‍ക്ക് വേണം എന്നു ചോദിച്ച് 100 ന് 100 മാര്‍ക്കും നല്‍കി ആശ്വസിപ്പിച്ചിരുന്ന വള്ളിയമ്മ ടീച്ചര്‍. മാര്‍ക്കിലും റാങ്കിലുമൊന്നും കാര്യമില്ലെന്നും വിദ്യാഭ്യാസം എന്നത് വ്യക്തിത്വവികാസം, സ്വഭാവ രൂപീകരണം, ബുദ്ധി വികാസം, വിശാലമായ ജീവിത വീക്ഷണം എന്നിങ്ങനെ ഉന്നതമായ ലക്ഷ്യങ്ങളും മൂല്യങ്ങളും ഉള്ളതാണെന്നും വള്ളിയമ്മ ടീച്ചര്‍ മനസ്സിലാക്കിയിരുന്നുവോ? അറിയില്ല. പക്ഷേ ടീച്ചര്‍ അങ്ങനെയായിരുന്നു.

പഠിപ്പിക്കുന്നതിനൊപ്പം മനസ്സു നിറഞ്ഞ് വിദ്യാര്‍ത്ഥികളെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന എത്രയോ അധ്യാപകര്‍. സത്യമേ പറയാവൂ എന്നും ആ സത്യത്തില്‍ ഉറച്ച് നില്‍ക്കണമെന്നും എപ്പോഴും കുട്ടികളോട് പറയാറുള്ള ലക്ഷ്മിക്കുട്ടിഅമ്മ ടീച്ചറും ജഗദമ്മ ടീച്ചറും രത്‌നമ്മ ടീച്ചറും തുളസീബായി ടീച്ചറും അമ്മിണിഅമ്മ ടീച്ചറും ഗോമതിഅമ്മ ടീച്ചറും ബേബിഅമ്മ ടീച്ചറും സന്താനവല്ലി ടീച്ചറും സരസ്വതി ടീച്ചറും സത്യത്തിന്റെ മഹത്വമുള്ള വിത്തുകള്‍ കുട്ടികളുടെ ഹൃദയങ്ങളില്‍ മുളപ്പിക്കുകയായിരുന്നു. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ക് ദിനം തുടങ്ങിയ ദേശീയ ദിനങ്ങള്‍ സമുചിതായി ആഘോഷിക്കാന്‍ നേതൃത്വം നല്‍കിയിരുന്ന നെഹ്‌റുവിനെ പോലെ തോന്നിച്ചിരുന്ന അശോകന്‍ സര്‍. ഗാന്ധിജി, നെഹ്‌റു, സുഭാഷ്ചന്ദ്രബോസ് തുടങ്ങീ ധീര ദേശാഭിമാനികളായിരുന്ന സ്വാതന്ത്ര്യ സമരനായകന്‍മാരെ കുറിച്ച് ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറയുകയും ആവേശത്തോടെ പ്രസംഗിക്കുകയും ചെയ്ത് വിദ്യാര്‍ത്ഥികളില്‍ രാജ്യസ്‌നേഹവും, ദേശാഭിമാനവും വളര്‍ത്താന്‍ പരമാവധി ശ്രമിച്ച മാതൃകാദ്ധ്യാപകനായിരുന്നു. ഒരു സ്വാതന്ത്ര്യദിനാഘോഷത്തില്‍ സ്‌കൂളിലെ ഉപ്പുമാവ് ഉണ്ടാക്കുന്ന നീണ്ട ഓല ഷെഡ്ഡില്‍ ബഞ്ചുകള്‍ നിരത്തി ഉണ്ടാക്കിയ കര്‍ട്ടനില്ലാത്ത സ്റ്റേജില്‍ അച്ഛന്‍ എഴുതി തന്ന വരികള്‍ കാണാതെ പഠിച്ച് തത്ത പറയുന്നത് പോലെ ഞാന്‍ പ്രസംഗിച്ചത് അശോകന്‍ സാറിന്റെ നിര്‍ബന്ധത്തിലും അദ്ദേഹം പകര്‍ന്ന് നല്‍കിയ ധൈര്യത്തിലുമായിരുന്നു. അതായിരുന്നല്ലോ എന്റെ ആദ്യ സ്റ്റേജ് അനുഭവം.

അ‍ഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ ശബ്ദം തരക്കേടില്ലെന്നു തിരിച്ചറിഞ്ഞ് സ്‌കൂള്‍ അസംബ്ലിയില്‍ 'ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരി സഹാദരന്‍മാരാണ്' എന്നു തുടങ്ങുന്ന പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കാന്‍ എന്നെ നിയോഗിച്ച ആജ്ഞാശക്തിയുള്ള ഷുഹര്‍ബാന്‍ബീവി ടീച്ചര്‍ എന്ന വലിയ ബീവി ടീച്ചറും, സ്‌കൂള്‍ വിടുന്നതിന് മുന്‍പ് 'ജനഗണമന' പാടുന്ന കൂട്ടത്തില്‍ എന്നെയും കൂട്ടിയ അഫ്‌സാബീവി ടീച്ചര്‍ എന്ന ലോല ഹൃദയയായ ചെറിയ ബീവി ടീച്ചറും, കുസുമം ടീച്ചറും, നോറ ടീച്ചറും, സെറിന്‍ ടീച്ചറും, ശിവശങ്കരന്‍ സാറും, ദാസ് സാറും സംഗീത അദ്ധ്യാപികമാരായിരുന്ന ഇന്ദിരാബായി ടീച്ചറും, സാവിത്രിഅമ്മാള്‍ ടീച്ചറും, ക്രാഫ്റ്റിന്റെ ലളിതാബായി ടീച്ചറും, എപ്പോഴും ചിരിക്കുന്ന മുഖമുള്ള ഡ്രോയിംഗ് അദ്ധ്യാപകനായ ഗോപാലകൃഷ്ണന്‍ സാറും, ഒക്കെ ചേര്‍ന്ന് എന്നെ കലയിലേക്ക് കൈപിടിച്ച് കയറ്റുകയായിരുന്നു.

വിരസമായ സയന്‍സിനെ കഥകളിലൂടെ പറഞ്ഞും അഭിനയിച്ച് കാട്ടിയും ഏറ്റവും സരസമായി അവതരിപ്പിച്ച് പഠനത്തിന്റെ ഭാരമില്ലാതെ കുട്ടികള്‍ക്ക് പ്രിയങ്കരമാക്കി മാറ്റിയ രാമചന്ദ്രന്‍ സാറും കൊമ്പന്‍ മീശയും കൈയ്യില്‍ കമ്പുമായി വരുന്ന ബാലകൃഷ്ണന്‍ സാറും, ഉഗ്രപ്രതാപികളായ വേലായുധന്‍ സാറും, രാഘവന്‍ സാറും ഗോപാലകൃഷ്ണന്‍ സാറുമെല്ലാം ഉള്ളില്‍ നിറയെ നന്മയുള്ള സ്‌നേഹമുള്ള സിംഹങ്ങളായിരുന്നു. കലാകാരന്‍ കൂടിയായ ഗോപിനാഥന്‍ സാറും കവിതയെഴുതുന്ന വിജയമ്മ ടീച്ചറുമൊക്കെ എനിക്കേറെ പ്രിയങ്കരര്‍ തന്നെ.

കണിയാപുരം മുസ്ലീം ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ കടുകട്ടിയായ കണക്കിനൊപ്പം അല്‍പം നാടകവും കൂടി നല്‍കിയ നാടകക്കാരനായിരുന്ന കണിയാപുരം ഉണ്ണികൃഷ്ണന്‍നായര്‍ സാര്‍, സംസ്‌കൃത പണ്ഡിതനും ആട്ടക്കഥകളുടെ രചയിതാവുമായ മലയാളം അദ്ധ്യാപകന്‍ നാരായണപിള്ള സാര്‍ ഒട്ടും ചിരിക്കാതെ തമാശ പറഞ്ഞ് കുട്ടികളെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന രാഘവന്‍നായര്‍ സാര്‍, സ്‌നേഹത്തോടെ മാത്‌സും, ഫിസിക്‌സും പഠിപ്പിച്ചിരുന്ന അമ്മിണി തോമസ് ടീച്ചറും ലീല ടീച്ചറും പ്രസന്നടീച്ചറും, പങ്കജാക്ഷന്‍ സാറും, പട്ടാളച്ചിട്ടയുടെ കാര്‍ക്കശ്യത്തോടെയാണെങ്കിലും കരുതലോടെ കായിക പരിശീലനം നടത്തിയിരുന്ന ശ്രീധരന്‍നായര്‍ സാര്‍, കുട്ടികളുടെ ആരാധനാപാത്രമായിരുന്ന സുന്ദരനായ സുകുമാരന്‍ സാര്‍, സാത്വികഭാവത്തോടെ കെമിസ്ട്രി ക്ലാസ്സെടുത്തിരുന്ന കൃഷ്ണമ്മ ടീച്ചര്‍, ഒട്ടും വഴങ്ങാതിരുന്ന ഹിന്ദി എന്ന രാഷ്ട്രഭാഷയോട് പ്രിയം തോന്നിപ്പിച്ച ശ്രീധരന്‍പിള്ള സാര്‍, വാത്സല്യത്തോടെ ബയോളജി പഠിപ്പിച്ചിരുന്ന മേരി സി. കുര്യന്‍ എന്ന ക്ലാസ് ടീച്ചര്‍, സമാന്തരമായി പാഠ്യവിഷയങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ പരമാവധി മനസ്സിലാക്കി തന്ന മൂര്‍ത്തി സാര്‍, മുരളി സാര്‍, കരുണാകരന്‍ സാര്‍, അക്ഷരം കൂട്ടിവായിക്കാന്‍ തുടങ്ങിയ കുട്ടിക്കാലം മുതല്‍ ദിവസവും മുടങ്ങാതെ എന്നെക്കൊണ്ട് പത്രം വായിപ്പിച്ച് അക്ഷരങ്ങള്‍ മനസ്സില്‍ ഉറപ്പിച്ചു തന്ന അയല്‍വീട്ടിലെ അദ്ധ്യാപക ദമ്പതിമാര്‍ റോബിന്‍സണ്‍ സാറും, ക്രിസ്റ്റീബായി ടീച്ചറും; അച്ഛന്റെ ആത്മമിത്രങ്ങള്‍ കൂടിയായിരുന്ന മാതൃകാദ്ധ്യാപകരായ ഹരിദാസ് സാര്‍, ശശിധരന്‍ സാര്‍, പുഷ്പരാജന്‍ സാര്‍, സുകുമാരന്‍ സാര്‍, പ്രൊഫ. ജോര്‍ജ്ജ് വര്‍ഗ്ഗീസ് സാര്‍ ഓര്‍മ്മയില്‍ എനിക്ക് പ്രിയങ്കരായ അദ്ധ്യാപകര്‍ ഇനിയും ഒരുപാടു പേര്‍ മനസ്സുനിറയെ...

പഠിക്കാന്‍ മോശമായ കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കുകയും പഠിക്കാന്‍ സമര്‍ത്ഥരായ കുട്ടികളെ കൂടുതല്‍ നന്നായി പഠിക്കാനായി കൂടുതല്‍ ശാസിക്കുകയും ചെയ്യുമായിരുന്ന അദ്ധ്യാപനത്തിന്റെ മര്‍മ്മമറിയുന്ന അദ്ധ്യാപകര്‍. അച്ചടക്കം പഠിപ്പിക്കാന്‍ അനാവശ്യമായി വടി ഉയര്‍ത്താതെ, ഒരു നോട്ടം കൊണ്ട് ഒരു മൂളല്‍ കൊണ്ട് സ്‌നേഹപൂര്‍ണ്ണമായ ഒരു ശാസന കൊണ്ട് എത്ര വലിയ കുസൃതിക്കാരെയും കുരുത്തംകെട്ട കുട്ടികളെയുമൊക്കെ ലോകത്തിലെ ഏറ്റവും വലിയ മര്യാദക്കാരാക്കാന്‍ കഴിവുള്ളവരായിരുന്നു അവര്‍. വടി പ്രയോഗിക്കേണ്ടി വരുന്നത് ഒരദ്ധ്യാപകന്റെ പരാജയമാണെന്ന് ഈ അദ്ധ്യാപകര്‍ തിരിച്ചറിഞ്ഞിരുന്നുവോ?

തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജില്‍; കോളേജിന്റെ ചൈതന്യമായിരുന്ന പ്രീഡിഗ്രിയുടെ നാളുകള്‍. വാക്കിന്റെ കരുത്ത് നന്നായി അറിയുന്ന മലയാളത്തിന്റെ പ്രിയ കവിയായി പിന്നീടുമാറിയ മധുസൂദനന്‍ സാറിന്റെ മുഴക്കവും ഗാംഭീര്യവുമുള്ള മലയാളം ക്ലാസുകള്‍. പട്ടണത്തില്‍ നിന്നു വരുന്ന ഇംഗ്ലീഷ് മീഡിയം കാര്‍ ഇംഗ്ലീഷില്‍ 'ജോക്ക്‌സ്'പറഞ്ഞു ചിരിക്കുമ്പോള്‍ അതൊന്നും മനസ്സിലാകാതെ വിഡ്ഢികളെപോലെ നിന്ന ഞങ്ങള്‍ മലയാളം മീഡിയംകാര്‍ സ്വകാര്യ അഹങ്കാരമായി മനസില്‍ കരുതിവെച്ചത് മധുസൂദനന്‍ സാറിന്റെ മലയാളം ക്ലാസ്സുകള്‍ ആയിരുന്നു. ആ ക്ലാസുകള്‍ക്കായി ഓരോ ദിവസവും കൊതിയോടെ കാത്തിരുന്ന കുട്ടികളില്‍ ഒരാളായ എന്നെ ഒരുനാള്‍ മലയാളത്തിന് കൂടുതല്‍ മാര്‍ക്ക് വാങ്ങിയതിന് അരികില്‍ ചേര്‍ത്ത് നിര്‍ത്തി നിറഞ്ഞ സ്‌നേഹത്തോടെ മധുസൂദനന്‍ സാര്‍ പറഞ്ഞ അഭിനന്ദനം എനിക്ക് നല്‍കിയ അഭിമാനം, ആത്മവിശ്വാസം എത്ര വലുതായിരുന്നു. ആത്മീയ തേജസ് സ്ഫുരിക്കുന്ന ദിവ്യമായ മന്ദഹാസത്തോടെ ഊര്‍ജ്ജതന്ത്രം പഠിപ്പിച്ചിരുന്ന നമ്പ്യാപറമ്പിലച്ചന്‍, കെമിസ്ട്രിയുടെ കെമിസ്ട്രി അറിയിച്ചുതന്ന മാണിയച്ചന്‍, നിഷ്‌കളങ്കമായ ചെറുചിരിയോടെ സൗമ്യമായി ചെടികളുടെ ശരീര ശാസ്ത്രം പഠിപ്പിച്ചിരുന്ന ബോട്ടണിയിലെ ഫാദര്‍ അഗസ്റ്റിന്‍, സമരക്കാരെ വീറോടെ നേരിട്ട് വിറപ്പിച്ചിരുന്ന വട്ടക്കുന്നേല്‍ അച്ചന്‍! എന്ന മലയാളം പ്രൊഫസര്‍. പ്രത്യേക താളത്തിലും ശൈലിയിലും കാവ്യാത്മകമായി മലയാളം പഠിപ്പിച്ചിരുന്ന ഇന്ദിര ടീച്ചര്‍, ഇംഗ്ലീഷ് ഗ്രാമര്‍ ഹൃദയത്തിലുറപ്പിച്ചു തന്ന ലൂക്കോസ് സാര്‍, ഇംഗ്ലീഷിനോട് പ്രണയം തോന്നിപ്പിക്കുമാറ് ഇംഗ്ലീഷ് ഉച്ചരിക്കുമായിരുന്ന രാമചന്ദ്രന്‍ നായര്‍ സാര്‍... കോളേജ് കാലത്തും മനസ്സില്‍ നിന്ന് മായാത്ത എത്രയോ അദ്ധ്യാപകര്‍.

ചെമ്പഴന്തി എസ്.എന്‍. കോളേജിലെ മനശാസ്ത്ര ബിരുദനാളുകള്‍. ഫ്രോയിഡും അഡ്‌ലറും, യൂങ്ങും തുടങ്ങി ആധുനിക മനഃശാസ്ത്രജ്ഞരുടെ സിദ്ധാന്തങ്ങള്‍. അതിന്റെ അടിസ്ഥാനത്തില്‍ മനുഷ്യന്റെ പെരുമാറ്റവും അതിനു പിന്നിലെ മനസ്സിന്റെ പ്രേരണകളും മനസിന്റെ ഇടപെടലുകളും എല്ലാം വിശകലനം ചെയ്ത് മനുഷ്യമനസ്സിന്റെ അഗാധതകളിലേയ്ക്കും നിഗൂഢതകളിലേയ്ക്കും ഞങ്ങളെ കൂട്ടിക്കൊണ്ടുപോയ ഉമ ടീച്ചറും, ശ്രീദേവി ടീച്ചറും, ജയന്‍ സാറും, സതി ടീച്ചറും, ഇന്ദുലേഖ ടീച്ചറും വിദ്യാര്‍ത്ഥികള്‍ക്ക് എന്തു പ്രശ്‌നവും എന്തു സ്വകാര്യവും സുരക്ഷിതമായി പറയാവുന്ന രക്ഷിതാക്കളെ പോലെ ആയിരുന്നു. കവിതയുടെ മര്‍മ്മമറിയുന്ന വലിയ കവി കിളിമാനൂര്‍ രമാകാന്തന്‍ സാര്‍ മധുരമായി ദീപ്തമായി മലയാളം പഠിപ്പിച്ചിരുന്നു. ഒരു പൂ വിരിയുന്നത് പോലെ ഹൃദ്യമായി ശോകാര്‍ദ്രമായ മുഖത്തോടെ കവിത ചൊല്ലുകയും പഠിപ്പിക്കുകയും ചെയ്യുമായിരുന്ന വാത്സല്യ നിധിയായ കവി രമാകാന്തന്‍ സാര്‍ ഞങ്ങളുടെ അഭിമാനമായിരുന്നു. എപ്പോഴും പ്രസന്ന വദനയായി മലയാളം പഠിപ്പിച്ചിരുന്ന പ്രൊഫ. പ്രസന്നാരാമചന്ദ്രന്‍ അത്ഭുതകരമായ ആത്മവിശ്വാസം കൊണ്ട് അര്‍ബുദത്തെ കീഴടക്കി, 'അനാമികയുടെ സുവിശേഷം' എഴുതി അര്‍ബുദ രോഗികള്‍ക്ക് ആശ്വാസവും ആത്മധൈര്യവും പകര്‍ന്നുകൊണ്ടിരിക്കുന്ന ആശ ടീച്ചര്‍... അകമഴിഞ്ഞെന്നെ പ്രോത്സാഹിപ്പിച്ച അനവധി അധ്യാപകരുണ്ട് ഹൃദയത്തില്‍.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ബി.ടി.എ. ബിരുദ പഠനകാലം. നാടകചിന്തകനും, ദാര്‍ശനികനുമായ, നാടക കലയുടെ മഹാഗുരു ഒരു താപസനെപ്പോലെ പ്രൊഫ. ജി. ശങ്കരപിള്ള സാര്‍, നാടകത്തിന്റെ സൗന്ദര്യശാസ്ത്രം മുഴുവന്‍ ആവാഹിച്ച് അത് ഞങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയ നന്മയുടെ വെണ്‍മയായ പ്രൊഫ. വയലാ വാസുദേവന്‍പിള്ള സാര്‍, അരങ്ങിന്റെ ആഴങ്ങളറിഞ്ഞ നാടകാചാര്യന്‍ പി.കെ. വേണുക്കുട്ടന്‍നായര്‍ സാര്‍ ഫോക്തിയേറ്ററിനെ സമഗ്രമായി ഉള്‍ക്കൊണ്ട എ.കെ. നമ്പ്യാര്‍ സാര്‍, ക്ലാസിക്കല്‍ തിയേറ്ററിന്റെ ശക്തിയും സൗന്ദര്യവും ഞങ്ങളെ അറിയിച്ച നമ്പൂതിരി സാര്‍, അഭിനയത്തിന്റെ അഭിനവ സിദ്ധാന്തങ്ങള്‍ അനുഭവ വേദ്യമായി പകര്‍ന്നു നല്‍കിയ പില്‍ക്കാലത്ത് ചലച്ചിത്ര തിരക്കഥാകൃത്തും സംവിധായകനും നടനുമായി മാറിയ പി. ബാലചന്ദ്രന്‍ സാര്‍. സംസ്‌കൃത നാടകങ്ങളിലെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ പഠിപ്പിക്കുമ്പോള്‍ നിഷ്‌കളങ്കമായി വിതുമ്പി കരയുമായിരുന്ന പണ്ഡിത ശ്രേഷ്ഠനായ കെ.പി. നാരായണ പിഷാരടി സാര്‍, ബാബുമാഷ്, മോഹനന്‍ മാഷ്, രാജു മാഷ്, ഗോപിനാഥന്‍ സാര്‍, കൂടിയാട്ടത്തിന്റെ മഹാകുലപതി മാണി മാധവചാക്യാര്‍, തെയ്യത്തിന്റെ മഹാചാര്യന്‍ കണ്ണപ്പെരുവണ്ണാന്‍, ലണ്ടന്‍ റോയല്‍ ഡ്രാമാറ്റിക് അക്കാദമിയില്‍ നിന്നും പരിശീലനം നേടി വന്ന പ്രശസ്ത നാടകാചാര്യ അലക്‌നന്ദ സമര്‍ത്ഥ്, പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും എത്തിയ പ്രൊഫ. സതീഷ് ബഹാദൂര്‍ തുടങ്ങി എത്രയോപേര്‍... ഈ മഹാഗുരുനാഥന്മാരെല്ലാം ചേര്‍ന്ന് ലോക നാടക വേദിയുടെയും ലോക കലകളുടെയുമൊക്കെ അനന്തവിഹായസ്സിലേയ്ക്ക് അനായാസം ഞങ്ങളെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
അധ്യാപകര്‍ മാത്രമല്ല, എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആദ്യമായി എന്നെ നാടകത്തില്‍ അഭിനയിപ്പിച്ച കാര്യവട്ടം ശ്രീകണ്ഠന്‍നായര്‍ സാര്‍, തുടര്‍ന്ന് നാടകങ്ങളിലും റേഡിയോയിലും ടെലിവിഷനിലുമൊക്കെ അവസരങ്ങള്‍ നല്‍കിയ ഒട്ടേറെ പ്രതിഭകള്‍, ലംബോ ടെലിഫിലിമിലൂടെ സിനിമയിലേക്ക് വഴിയൊരുക്കിയ നമ്പീശന്‍ മാഷ്, നായക വേഷം നല്‍കി സഖാവ് എന്ന എന്റെ ആദ്യചിത്രം സംവിധാനം ചെയ്ത പി.എ. ബക്കര്‍ സാര്‍, റിലീസ് ചെയ്ത ആദ്യചിത്രം അരങ്ങിന്റെ സംവിധായകന്‍ ചന്ദ്രശേഖരന്‍ സാര്‍, മുഖ്യധാരാസിനിമയില്‍ സജീവമാകാന്‍ സഹായിച്ച രാജസേനന്‍ സാര്‍, റാഫിമെക്കാട്ടിന്‍മാര്‍, നിര്‍മ്മാതാക്കള്‍, മറ്റു സംവിധായകര്‍, തിരക്കഥാകൃത്തുക്കള്‍, സാങ്കതിക വിദഗ്ധര്‍, മഹാനടീനടന്മാര്‍, കവികള്‍, കലാകാരന്മാര്‍, സാഹിത്യ സാംസ്‌കാരിക നായകര്‍, മാധ്യമങ്ങള്‍, വിവിധ കലാരൂപങ്ങള്‍, അറിവിന്റെ അക്ഷയഖനികളായ പുസ്തകങ്ങള്‍, എല്ലാം എനിക്ക് വെളിച്ചമായ് വന്ന ഗുരുനാഥര്‍ തന്നെ.

ഇവിടെ പേരുകള്‍ എഴുതി തീര്‍ന്നിട്ടില്ല എന്നിലെ എന്നെ തിരിച്ചറിഞ്ഞ എന്നെ ഞാനാക്കിയ എത്രയോ ഗുരുനാഥര്‍ ഇനിയുമുണ്ട്. പാഠഭാഗങ്ങള്‍ വ്യാഖ്യാനിച്ച് നല്‍കുന്ന വെറും യന്ത്രങ്ങള്‍ ആയിരുന്നില്ല ആ അദ്ധ്യാപകര്‍. സിലബസിനൊപ്പം ജീവിതം കൂടിയാണ് അവര്‍ പഠിപ്പിച്ചത്. മുന്നിലിരിക്കുന്ന ഓരോ വിദ്യാര്‍ത്ഥിയും ഓരോ വിലിയ അത്ഭുതങ്ങളാണെന്നും അത്യസാധാരണമായ അനേകം കഴിവുകളുടെ കലവറകളാണെന്നും തിരിച്ചറിഞ്ഞ് എല്ലാ പിന്തുണയും പ്രോത്സാഹനവും നല്‍കി ആ കഴിവുകളുടെ വഴികളിലേക്ക് അനുഗ്രഹം ചൊരിഞ്ഞ് അവരെ തിരിച്ചുവിട്ട ക്രാന്തദര്‍ശികളായ അധ്യാപകര്‍.

അധ്യാപനം അധ്വാനമായി കാണാതെ അത് നിയോഗം പോലെ കണ്ട് ശ്രേഷ്ഠമായ കര്‍മ്മമായി കരുതിയിരുന്ന/കരുതുന്ന നന്മയുടെ ആള്‍ രൂപങ്ങളായ എത്രയോ അധ്യാപകരുണ്ട്. വിദ്യാര്‍ത്ഥികളെ സ്വന്തം മക്കളെപ്പോലെ കരുതുകയും ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്ന് അവരെ സ്‌നേഹിക്കുകയും ചെയ്തിരുന്നവര്‍. ഫീസ് അടയ്ക്കാന്‍ നിവൃത്തിയില്ലാത്ത കുട്ടികള്‍ക്ക് ഇല്ലായ്മയില്‍ നിന്ന് ഫീസ് നല്‍കി, വസ്ത്രം നല്‍കി, ആഹാരം നല്‍കി, ആശ്വാസവും ആത്മവിശ്വാസവും സാന്ത്വനവും നല്‍കി സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പര്യായമായി മാറിയ അധ്യാപകര്‍. വെളിച്ചമായ് വന്ന് തലമുറകളെ നന്മയിലേയ്ക്കും ശരിയിലേയ്ക്കും നയിച്ച കെടാവിളക്കുകള്‍.

ഒരു കുട്ടിയില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ, സര്‍ഗ്ഗ വാസനകളെ കണ്ടെത്തി അതിനെ പ്രോല്‍സാഹിപ്പിക്കുകയും പ്രോജ്ജ്വലിപ്പിക്കുകയും നന്‍മയും സ്‌നേഹവും കരുണയും മനുഷ്യത്വവുമുള്ള പൂര്‍ണ്ണ മനുഷ്യനാക്കി രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന കര്‍മ്മമാണ് അദ്ധ്യാപകര്‍ ചെയ്യേണ്ടത്. ഞാന്‍ കണ്ട അധ്യാപകരൊക്കെയും അങ്ങനെ ആയിരുന്നല്ലോ. അക്ഷര പൂട്ടുകള്‍ തുറന്ന്, അറിവിന്റെ പ്രകാശം പകര്‍ന്ന്, അതിരില്ലാത്ത സ്‌നേഹവും വാത്സല്യവും പ്രോത്സാഹനവും പിന്തുണയും തന്ന്, ഉള്ളില്‍ ആത്മവിശ്വാസം നിറച്ച്, എന്നെ ഞാനാക്കിയ എല്ലാ ഗുരുനാഥന്‍മാരെയും നിറഞ്ഞ നന്ദിയോടെ ഓര്‍ത്തുകൊണ്ട് സര്‍വ്വ അധ്യാപകരെയും ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചുകൊണ്ട്, എല്ലാ അധ്യാപകര്‍ക്കും അധ്യാപക സമൂഹത്തിന് മുഴുവന്‍ ഈ പൂര്‍വ്വവിദ്യാര്‍ത്ഥി നിറഞ്ഞ സ്‌നേഹത്തോടെ ഭക്തിപൂര്‍വ്വം വിനയപുരസ്സരം ഗുരുവന്ദനം അര്‍പ്പിച്ചുകൊള്ളുന്നു.

(2021-ൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Content Highlights: Actor Premkumar About His Teachers - Teachers day 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented