.
കോഴിക്കോട്: തനതുകലകൾക്കൊപ്പം മലയാളം പലദേശങ്ങളിൽനിന്ന് സ്വീകരിച്ച കലാരൂപങ്ങളുടെയും ഉത്സവമാണ് സംസ്ഥാന സ്കൂൾ കലോത്സവം. ഇവയൊക്കെ ഒന്നിച്ചുകാണാനും ആസ്വദിക്കാനുമുള്ള ഏറ്റവുംവലിയ വേദിയായി കലോത്സവം മാറിയെങ്കിലും ആദിവാസികളും അവരുടെ കലാരൂപങ്ങളും ഇപ്പോഴും പുറത്തുതന്നെ.
60 കലോത്സവങ്ങൾ കഴിഞ്ഞിട്ടും പരമ്പരാഗത ആദിവാസികലകളിൽ ഒന്നുപോലും മേളയുടെ ഭാഗമായിട്ടില്ല. വലിയൊരു വിഭാഗം ആദിവാസിക്കുട്ടികൾ ഈ ഉത്സവക്കാഴ്ചകൾക്ക് പുറത്തുതന്നെ നിൽക്കുകയാണിന്നും. 61-ാമത് സ്കൂൾ കലോത്സവത്തിൽ 239 മത്സര ഇനങ്ങളുണ്ട്. സംസ്കൃതോത്സവവും അറബി സാഹിത്യോത്സവവും ഇതോടൊപ്പം നടക്കുന്നു. ഗോത്രജനതയും അവരുടെ കലകളുംമാത്രം പുറത്ത്.
2015-ൽ കോഴിക്കോട് കലോത്സവം നടന്നപ്പോഴാണ് വിഷയം ആദ്യമായി സജീവമായി ചർച്ചചെയ്യപ്പെട്ടത്. ഇതു സംബന്ധിച്ച മാതൃഭൂമി നൽകിയ വാർത്തയാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. കലോത്സവത്തിൽ ആദിവാസി കലാരൂപങ്ങൾ ഉൾപ്പെട്ടില്ലെന്ന കുറവ് പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി.കെ. അബ്ദുറബ്ബ് ഉറപ്പു നൽകുകയുംചെയ്തു. കലോത്സവത്തിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പ്രഖ്യാപനം. അന്ന് 232 ഇനങ്ങളായിരുന്നു കലോത്സവത്തിനുണ്ടായിരുന്നത്. ഏഴുവർഷംകൊണ്ട് ഏഴിനങ്ങൾകൂടി വന്നു. എന്നാൽ, മന്ത്രിയുടെ വാക്ക് വാക്കുമാത്രമായിനിന്നു.
തനത് കലാരൂപങ്ങളായ ഗദ്ദിക, നാടൻപാട്ട്, വട്ടംകളി, മുതുവൻനൃത്തം തുടങ്ങിയവയിൽ നല്ലമത്സരം സർഗോത്സവത്തിൽ നടക്കാറുണ്ട്. ഇത്തവണ കോഴിക്കോട്ട് നടക്കുന്ന കലോത്സവത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ ചില ഇനങ്ങളിൽ മത്സരിക്കാനെത്തുന്നുണ്ട്. പൊതുവിഭാഗത്തിലെ കുട്ടികളോട് മത്സരിക്കുന്നതിൽനിന്ന് പല പരിമിതികളും അവരെ ഇപ്പോഴും തടയുന്നതായി അധ്യാപകർ പറയുന്നു. അറബിക്, സംസ്കൃതോത്സവങ്ങളുടെ രൂപത്തിൽ സർഗോത്സവവും സ്കൂൾ കലോത്സവത്തിന്റെ ഭാഗമാക്കുന്ന കാര്യം ആലോചിക്കണമെന്നും അവർ അഭിപ്രായപ്പെടുന്നു.
ആദിവാസി ഗോത്രവിഭാഗങ്ങൾക്ക് പ്രാതിനിധ്യമില്ലെന്നത് പരിഹരിക്കപ്പെടേണ്ട പ്രശ്നമാണെന്ന് എഴുത്തുകാരനും ഗോത്ര വിദ്യാർഥികൾക്കായുള്ള കനവ് ബദൽ വിദ്യാലയത്തിന്റെ സ്ഥാപകനുമായ കെ.ജെ. ബേബി പറഞ്ഞു.
Content Highlights: State School Youth Festival, Sargotsavam, youth festival kerala, kalolsavam, kalolsavom
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..