വിനോദ് കോവൂർ | ഫോട്ടോ: എൻ.എം. പ്രദീപ് | മാതൃഭൂമി
ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ കലാകാരനാണ് വിനോദ് കോവൂർ. ഒരിടവേളയ്ക്ക് ശേഷം സംസ്ഥാന സ്കൂൾ യുവജനോത്സവം സ്വന്തം നാടായ കോഴിക്കോട്ടേക്ക് വരുന്നതിന്റെ സന്തോഷത്തിലാണ് താരം. മുമ്പ് നിരവധി തവണ കലോത്സവങ്ങളിൽ പങ്കെടുത്തതിന്റെ ഓർമകളാണ് ഈയവസരത്തിൽ വിനോദ് കോവൂരിന്റെ മനസിലേക്ക് ഇരമ്പിയാർത്തുവരുന്നത്.
വളരെ മുമ്പാണ് താൻ കലോത്സവത്തിൽ പങ്കെടുത്തതെന്ന് വിനോദ് കോവൂർ മാതൃഭൂമി ഡോട്ട് കോമിനോടുപറഞ്ഞു. ഗ്രൂപ്പ് ഐറ്റത്തിനായിരുന്നു പങ്കെടുത്തിരുന്നത്. നാടകം, സംഘഗാനം പോലുള്ളവയ്ക്ക്. സിംഗിൾ ഐറ്റത്തിനൊന്നും പങ്കെടുക്കാനുള്ള ഭാഗ്യം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. "പിന്നെ ഈയടുത്ത് നടന്ന എല്ലാ കലോത്സവങ്ങളിലും നിത്യസന്ദർശകനാണ് ഞാൻ. എത്ര തിരക്കാണെങ്കിലും കലോത്സവം കാണാൻ ഞാൻ വരും. മിമിക്രി, മോണോ ആക്ട്, നാടകം എന്നിവ എന്തായാലും കാണും. ഇത്തവണയും അതിനായുള്ള കാത്തിരിപ്പിലാണ്." അദ്ദേഹം പറഞ്ഞു.
മത്സരത്തിനെത്തുന്ന കുട്ടികളോടും വിനോദ് കോവൂരിന് ചിലത് പറയാനുണ്ട്. "കുട്ടികളോട് എനിക്ക് പറയാനുള്ളത് പണ്ട് കുഞ്ഞുണ്ണി മാഷ് പറഞ്ഞത് തന്നെയാണ്. കലോത്സവമെന്നാൽ ഉത്സവമാണ്. കലാമത്സരമല്ല. മത്സരമാക്കി മാറ്റുമ്പോൾ വേദനയും ഉത്സവമാക്കി മാറ്റുമ്പോൾ ആനന്ദം ആണെന്നുമാണ് കുഞ്ഞുണ്ണി മാഷ് പറഞ്ഞിട്ടുള്ളത്. സമ്മാനം കിട്ടുക എന്ന ഒറ്റ ലക്ഷ്യത്തിൽ വന്ന് ആരും മത്സരിക്കരുത്. നന്നായി ചെയ്യുക. അത്രയേ പറയാനുള്ളൂ." വിനോദ് കോവൂർ കൂട്ടിച്ചേർത്തു.
കലാമത്സരങ്ങളിൽ പങ്കെടുക്കാനായി കോഴിക്കോട്ടെത്തുന്ന കുട്ടികൾക്കായി ഒരു സ്വാഗതഗാനവും വിനോദ് കോവൂർ തയ്യാറാക്കിയിട്ടുണ്ട്. കോഴിക്കോടൻ ഭാഷയിൽ കോഴിക്കോടിനേക്കുറിച്ച് പറയുന്ന ഗാനം ആലപിച്ചിരിക്കുന്നതും ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. കലോത്സവമേളം എന്ന പേരിൽ ഇറക്കിയിരിക്കുന്ന ഗാനം എഴുതിയത് പ്രകാശ് മാരാരും സംഗീതം തേജ് മെർവിനും ആണ്. അജിത് ശിവാസ് എഡിറ്റിങ്ങും അനീഷ് മുതുമുറ്റത്ത് ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. സാദിക് നെല്ലിയോട്ട് ആണ് ഗാനത്തിന്റെ ആശയവും സംവിധാനവും.
ഈ മാസം മൂന്നു മുതൽ ഏഴുവരെയാണ് സംസ്ഥാന സ്കൂൾ യുവജനോത്സവം കോഴിക്കോട്ട് നടക്കുന്നത്.
Content Highlights: vinod kovoor interview, kerala state school youth festival 2023, kerala state youth festival 2023
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..