Photo Courtesy: https://www.facebook.com/veenageorgeofficial, Mathrubhumi
നിറക്കൂട്ടുകളുടെ കലോത്സവവേദിയില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുമായെത്തി ഒന്നാംസ്ഥാനം കരസ്ഥമാക്കിയ അന്നത്തെ വീണാ കുര്യാക്കോസ് എന്ന പത്താംക്ലാസുകാരി ഇന്നെത്തിനില്‍ക്കുന്നത് ആരോഗ്യമന്ത്രിയുടെ പദവിയില്‍.
1991-ല്‍ കാസര്‍കോട്ട് നടന്ന 31-ാമത് കലോത്സവത്തില്‍, പത്തംതിട്ട മൈലപ്ര എം.ബി.ഇ.എം.എച്ച്.എസിലെ ഒന്‍പതാം ക്ലാസുകാരിയായ വീണ മോണോആക്ടില്‍ പങ്കെടുത്തെങ്കിലും രണ്ടാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
1992-ല്‍ തിരൂരില്‍ നടന്ന 32-ാമത് കലോത്സവത്തില്‍ വീണ മോണോആക്ടില്‍ തന്നെ മത്സരിച്ചു. കൂടുതല്‍ ആത്മവിശ്വാസത്തോടെ. ഫലമോ ഒന്നാംസ്ഥാനം. കൗരവസഭയില്‍ അകപ്പെട്ടുപോയ പാഞ്ചാലിയുടെ ഭാവപ്രകടനങ്ങളാണ് കാഴ്ചവെച്ചത്.
23 വര്‍ഷങ്ങള്‍ക്കിപ്പുറം തിരക്കിനിടയിലും വീണ കോഴിക്കോട്ടെത്തി. പുത്തന്‍കാലത്തെ കലോത്സവനഗരിയിലെ വിസ്മയങ്ങള്‍ക്കിടയില്‍ മനസ്സെപ്പോഴോ ഭൂതകാലത്തിലേക്ക് മടങ്ങി. ആ ഓര്‍മകള്‍ മന്ത്രിയുടെ സാമൂഹിക മാധ്യമത്തിലും എഴുതി. 'ജീവിതത്തിലെ ഏറ്റവുംവലിയ അനുഭവങ്ങളിലൊന്നാണ് സ്കൂള്‍ കലോത്സവം. ഏഷ്യയിലെ ഏറ്റവുംവലിയ മാമാങ്കം. വ്യക്തി എന്നനിലയില്‍ ഓരോരുത്തര്‍ക്കും തുടര്‍ന്നുള്ള ജീവിതത്തില്‍ പ്രചോദനവും ആത്മവിശ്വാസവും പകരുന്നതാണ് കലോത്സവങ്ങള്‍' -കോഴിക്കോട്ടെ കലോത്സവവേദിയില്‍നിന്ന് മടങ്ങവേ മന്ത്രി മാതൃഭൂമിയോട് പറഞ്ഞു.
1992 ഫെബ്രുവരി ആറിലെ മാതൃഭൂമി പത്രത്തില്‍ വീണയെപ്പറ്റി വന്ന വാര്‍ത്ത
''മൈലപ്ര മാമുണ്ട ബഥനി ഇംഗ്ലീഷ് ഹൈസ്കൂള്‍ വിദ്യാര്‍ഥിനി വീണാ കുര്യാക്കോസിനെ 32-ാം സ്കൂള്‍ യുവജനോത്സവത്തിന്റെ മികവുള്ള കണ്ടുപിടുത്തങ്ങളിലൊന്നായി വിശേഷിപ്പിക്കണം. കൗരവസഭയില്‍ പാഞ്ചാലിയെ വസ്ത്രാക്ഷേപംചെയ്യുന്ന രംഗം രസകരമായി അവതരിപ്പിച്ച് വീണ മടങ്ങുമ്പോള്‍, പ്രേക്ഷകര്‍ അവര്‍ക്ക് മനസ്സില്‍ ഒന്നാംസമ്മാനം നല്കിക്കഴിഞ്ഞിരുന്നു. ദ്രൗപതിയുടെ നിസ്സഹായതയും ക്ഷോഭവും ദുശ്ശാസനന്റെ ധാര്‍ഷ്ട്യവും കര്‍ണന്റെ ക്രൂരമായ പരിഹാസവും ഭീഷ്മരുടെ ദയനീയമായ നിസ്സഹായതയും വീണ വാക്കുകളിലും ഭാവങ്ങളിലും ചലനങ്ങളിലും അനായാസം സാമര്‍ഥ്യപൂര്‍വം പ്രതിഫലിപ്പിച്ചു. കഴിഞ്ഞവര്‍ഷത്തെ രണ്ടാംസമ്മാനക്കാരിയാണ് വീണ'.
Content Highlights: veena george kerala school kalolsavam memories
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..