ഹരീന്ദ്രൻ പി.കെ. മിഠായി കടയിൽ | ഫോട്ടോ: ആകാശ് എസ്. മനോജ്/മാതൃഭൂമി
അതിരാണിപ്പാടത്ത് പോയി കാഴ്ചകള്‍ കണ്ട് നടക്കുന്നവര്‍, ഒറ്റപ്പാലം സ്വദേശി ഹരീന്ദ്രന്‍ പി.കെ.യുടെ മിഠായി കടയിലെത്തുമ്പോള്‍ ഒരു നിമിഷം ഒന്ന് നിന്നുപോകാന്‍ സാധ്യതയുണ്ട്. ഒരുകാലത്ത് ആളുകള്‍ കൈയിലെടുത്തിരുന്ന, ആളുകളെ കൈയിലെടുത്തിരുന്ന മിഠായികളാണ് ഈ കടയിലുള്ളതെല്ലാം. ശരിക്കും ഒരു 'നൊസ്റ്റാല്ജിക് മിഠായിക്കട'!
'ഈ മിഠായികള്‍ കഴിച്ചവര്‍ക്കറിയാം, ആര്‍ക്കും ഇതിനോടുള്ള ഇഷ്ടം തീര്‍ന്നിട്ടുണ്ടാവില്ല, ഒരിക്കലും അത് മാറിപ്പോവുകയുമില്ല. അത്രയും ഓര്‍മകള്‍ ഇവയ്ക്ക് പങ്കുവെക്കാനുണ്ടാകും. പഴയ ആളുകളൊക്കെ കൂടുതല്‍ വരുന്ന സ്ഥലമല്ലേ കലോത്സവം. അപ്പോള്‍ ഇവിടേക്ക് ഇങ്ങനെ വരാം എന്ന് വിചാരിച്ചു', ഹരീന്ദ്രന്‍ പറഞ്ഞു.
മിഠായി കടയുടെ അടുത്ത് ഒരു ഹാന്‍ഡ് മെയ്ഡ് ബാഗ് കടകൂടി ഹരീന്ദ്രന്‍ നടത്തുന്നുണ്ടെങ്കിലും ആളുകളുടെ കണ്ണുടക്കുന്നത് അവരുടെ പ്രിയപ്പെട്ട മിഠായികളിലേയ്ക്ക് തന്നെയാണ്. പുളി മിഠായി, നാരങ്ങ മിഠായി, തേന്‍ നിലാവ് മിഠായി, കടല മിഠായി തുടങ്ങി അതില്‍ പലതും ഈ കടയിലുണ്ട്. ഒട്ടുമിക്കതിന്റേയും കൃത്യമായ പേരൊന്നും ആര്‍ക്കും അറിയില്ലെങ്കിലും ഇഷ്ടമുള്ള പേര് വെച്ച് നാം വിളിക്കുന്ന 'ഇഷ്ടായി'കളാണ് വിസ്മൃതിയിലേക്ക് നീങ്ങുന്ന പലതും.
പ്രായമായ ആളുകളാണ് കൂടുതലും മിഠായി വാങ്ങാന്‍ എത്തുന്നതെന്ന് പറയുന്നു കടയുടമ. 'വൈകുന്നേരമാണ് കൂടുതല്‍ കച്ചവടമുള്ള സമയം. മുതിര്‍ന്നവര്‍ കുട്ടികളെയുംകൊണ്ടുവന്ന് ഇതെല്ലാം വാങ്ങികൊടുക്കാറുണ്ട്. പുതിയ ആളുകള്‍ കുറവാണ്', ഹരീന്ദ്രന്‍ പറഞ്ഞു. നാളെ കലോത്സവത്തിന് തിരശീല വീഴുന്നതോടെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഈ മിഠായിക്കടയും പൂട്ടി ഹരീന്ദ്രന്‍ ഒറ്റപ്പാലത്തേക്ക് യാത്രയാകും.
Content Highlights: sweet shops in calicut, State Youth Festival 2023
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..