സുരഭി ലക്ഷ്മി | ഫോട്ടോ: ആഘോഷ് വൈഷ്ണവം | മാതൃഭൂമി
അച്ഛന് മരിച്ചിട്ട് രണ്ടുമാസം. സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ അവസരം വരുന്നു. പക്ഷേ വീട്ടില്‍ നിന്ന് കാര്യമായ പിന്തുണയില്ല. ഒടുവില്‍ അധ്യാപകരുടെ പിന്തുണയോടെ വീട്ടിലറിയിക്കാതെ ഒരു പെണ്‍കുട്ടി പെരിന്തല്‍മണ്ണയിലേക്ക് വണ്ടി കയറുന്നു. പക്കമേളത്തിന്റെ സഹായമില്ലാതെ ഓട്ടന്തുള്ളലില് മത്സരിച്ച് ഒന്നാംസ്ഥാനത്തിനെ കവച്ചുവെയ്ക്കുന്ന മൂന്നാംസ്ഥാനം സ്വന്തമാക്കുന്നു. പിന്നെ തുടര്‍ച്ചയായി സമ്മാനങ്ങളുടെ ഘോഷയാത്ര. പ്രകടനം കണ്ട് ഇഷ്ടപ്പെട്ട മലയാളത്തിലെ സീനിയര്‍ സംവിധായകന്റെ വക സിനിമയിലേക്ക് ഓഫര്‍. ആ വഴി ചെന്നവസാനിച്ചത് ദേശീയ പുരസ്കാരത്തിലേക്ക്. അന്നത്തെ ആ പെണ്‍കുട്ടിയാണ് മലയാളികളുടെ പ്രിയനടി സുരഭി ലക്ഷ്മി.
കഴിവ് തെളിയിക്കാന്‍ അന്നുണ്ടായിരുന്ന ഒരേയൊരു പ്ലാറ്റ്ഫോം
യൂത്ത് ഫെസ്റ്റിവലില്‍ പങ്കെടുത്തിട്ടാണ് ഞാന്‍ കലാരംഗത്തേക്കും സിനിമയിലേക്കുമെല്ലാം വരുന്നത്. കഴിവു തെളിയിക്കാന്‍ ഇപ്പോള്‍ ഒരുപാട് പ്ലാറ്റ്ഫോമുകള് ഉണ്ടെങ്കില്‍ക്കൂടി പണ്ട് അങ്ങനെയൊന്നും ഇല്ലല്ലോ. യൂത്ത് ഫെസ്റ്റിവലാണ് കലയോടുള്ള ഞങ്ങളുടെ ഇഷ്ടവും കലാവാസന പ്രകടിപ്പിക്കാനുള്ളതുമായ വഴി. ആ സമത്താണ് ടീച്ചര്‍മാരും നമ്മളോട് വല്ലാതെ അടുക്കുന്നത്. അവര്‍ക്ക് നമ്മളെ ഒരു ട്രിപ്പിനൊക്കെ കൊണ്ടുപോകുന്ന പോലെയാണ്. പിന്നെ നമ്മള്‍ക്ക് സമ്മാനം കിട്ടുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതും അവരാണ്.
പെരിന്തല്‍മണ്ണയിലെ സംസ്ഥാന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി കലോത്സവം
സ്കൂള്‍ കലോത്സവത്തിനേക്കാളും പെട്ടന്ന് ഓര്‍മയില്‍ വരുന്നത് സംസ്ഥാന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി കലോത്സവത്തേക്കുറിച്ചാണ്. മരിച്ചിട്ടല്ലാതെ ഒരു ഫോട്ടോ പത്രത്തില്‍ വരണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഓട്ടംതുള്ളലിന് മത്സരിച്ചപ്പോള്‍ പക്കമേളം ഇല്ലാത്തതിനാല്‍ മൂന്നാം സ്ഥാനത്തേക്ക് പോയ അനുഭവമുണ്ട്. 2004- 2005 ആണെന്ന് തോന്നുന്നു. അച്ഛന് മരിച്ച് രണ്ട് മാസം കഴിഞ്ഞപ്പോഴായിരുന്നു പെരിന്തല്‍മണ്ണയില്‍ നടന്ന കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയത്. അങ്ങനെയൊരു സാഹചര്യമായതിനാല്‍ വീട്ടില്‍ നിന്നും കാര്യമായ പിന്തുണയും ഉണ്ടായിരുന്നില്ല. പിന്നെ സബ്ജില്ലയും ജില്ലയും കടന്ന് സംസ്ഥാന തലത്തിലേക്കെത്തുമ്പോള്‍ എന്തായാലും ഒന്നുരണ്ട് ലക്ഷം രൂപ ചിലവാകും. ഓട്ടന്‍തുള്ളലിന് ഞാന്‍ പോകുന്നില്ലെന്ന് സ്കൂളില്‍ പറഞ്ഞതായിരുന്നു. കാരണം സ്കൂളിനും പി.ടി.എക്കും ഒരു പരിധിയുണ്ടല്ലോ. ഒരവസരം കിട്ടിയിട്ട് ഒഴിവാക്കേണ്ട എന്നാണ് അധ്യാപകര്‍ പറഞ്ഞത്. രണ്ടാമത്തെ ചേച്ചിയാണ് പ്രോത്സാഹനം തന്നത്. പെരിന്തല്‍മണ്ണ വരെ പോയാല്‍ മതിയല്ലോ. സമ്മാനമൊന്നും നോക്കണ്ട, പോയി പങ്കെടുത്ത് വരാമെന്നാണ് ചേച്ചി പറഞ്ഞത്. പിന്നെ പത്രത്തില്‍ കലോത്സവം പേജില്‍ ഒരു ചിത്രം വരികയെന്നെല്ലാം പറഞ്ഞാല്‍, അങ്ങനെയൊരവസരം പിന്നീടില്ലല്ലോ.
രാമന്‍കുട്ടിയാശാന്റെ കൈസഹായം
ഓട്ടന്‍ തുള്ളലില്‍ രാമന്കുട്ടിയാശാനായിരുന്നു ഗുരു. അന്ന് ആശാന്റെ കയ്യിലുള്ള ഡ്രസ്സാണ് ഉപയോഗിച്ചത്. ആശാന് തന്നെ കൂടെ ഒരാളെ കൂട്ടിവന്ന് മേക്കപ്പ് ചെയ്ത് തരികയും പാടുകയും ഒക്കെ ചെയ്തു. പക്ഷേ പക്കമേളത്തിന്റെ ആളുകളെ വിളിക്കാനൊന്നും പറ്റിയില്ല. ഞാന്‍ നന്നായി ചെയ്യുമെന്നും സമ്മാനം കിട്ടാന്‍ സാധ്യതയുണ്ടെന്നും ഒരുപക്ഷേ എന്റെ ഗുരുക്കന്മാര് മുന്‍കൂട്ടി കണ്ടിരിക്കും. ചെറുവണ്ണൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എന്നെ പഠിപ്പിച്ച അധ്യാപകര്‍ എന്നോടുള്ള സ്നേഹംകൊണ്ട് കലോത്സവത്തിന് പോകുന്ന കാര്യം വീട്ടുകാരോട് പറയണ്ട, ചേച്ചിയോട് മാത്രം പറഞ്ഞാല്‍ മതി എന്നാണ് പറഞ്ഞത്.
ഉര്‍വശീ ശാപം ഉപകാരമായപ്പോള്‍
സി.ഡിയൊക്കെ പ്രചാരത്തില്‍ വരുന്നേ ഉണ്ടായിരുന്നുള്ളൂ. ലൈവ് പ്രകടനത്തിനാണ് കൂടുതല്‍ പരിഗണന കിട്ടുക. അങ്ങനെയാണ് പക്കമേളം ഇല്ലാതെ മത്സരിച്ചത്. അന്ന് എന്റെ കഥയറിഞ്ഞപ്പോള്‍ പത്രക്കാരെല്ലാം അത് റിപ്പോര്‍ട്ട് ചെയ്തു. ദാരിദ്രത്തിന്റെ പടുകുഴിയില്‍ നിന്ന് വന്ന കലാകാരി എന്നെല്ലാമായിരുന്നു അവര്‍ അന്ന് വിശേഷിപ്പിച്ചത്. ഈ ദയനീയാവസ്ഥ പക്ഷേ ഉര്‍വശീ ശാപം ഉപകാരം എന്ന രീതിയിലേക്ക് വന്നു. ഈ വാര്‍ത്തകള്‍ സംവിധായകന് ജയരാജ് സാര്‍ കാണുകയും അദ്ദേഹത്തിന്റെ ഭാര്യയെ പിറ്റേന്ന് കലോത്സവം കാണാന്‍ പറഞ്ഞുവിടുകയും ചെയ്തു. ആ ദിവസവും അതിനടുത്ത ദിവസങ്ങളിലും മോണോ ആക്ടിലും നാടകത്തിലും ഭരതനാട്യത്തിലും കുച്ചിപ്പുടിക്കുമെല്ലാം ഒരുപാട് സമ്മാനങ്ങള്‍ കിട്ടുകയും ചെയ്തു. അതോടെ ആദ്യത്തെ ദിവസം അങ്ങനെ ചെയ്യേണ്ടായിരുന്നു എന്നെല്ലാം വിചാരിച്ചു. പിന്നെ രണ്ട് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ ജയരാജ് സാറിന്റെ ഫോണ്‍ വന്നു. സുരഭിക്ക് പുതിയ സിനിമയില്‍ ഒരു റോള്‍ തരാന്‍ വേണ്ടിയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. കലോത്സവത്തിലെ എന്റെ പ്രകടനം കാണാന്‍ ഭാര്യയെ പറഞ്ഞുവിട്ട കാര്യവും അദ്ദേഹം പറഞ്ഞു.
കുറച്ച് റിച്ചാവുന്നത് ഇപ്പോഴാണ്
ബൈ ദ പീപ്പിള്‍ ആയിരുന്നു ജയരാജ് സാര്‍ അന്നെനിക്ക് തന്ന ചിത്രം. വിദ്യാഭ്യാസ ലോണ്‍ കിട്ടാതെ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ച രജനി എസ് ആനന്ദിനെ അനുസ്മരിപ്പിക്കുന്ന വേഷമായിരുന്നു അത്. അന്നുമുതല്‍ ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ വീണ കഥാപാത്രങ്ങള്‍ ചെയ്തുചെയ്ത് ഇപ്പോഴാണ് അതില്‍ നിന്ന് കുറച്ച് മോചിതയായത്. കുറച്ച് റിച്ചാവുന്നത് ഇപ്പോഴാണ്.
കലോത്സവത്തില്‍ മത്സരിക്കാനെത്തുന്നവരോട്...
കുട്ടികള്‍ പങ്കെടുക്കുകയും മത്സരിക്കുകയുമൊക്കെ ചെയ്തോട്ടെ. പക്ഷേ രക്ഷിതാക്കള്‍ കൂടെ മത്സരിക്കുമ്പോഴാണ് പ്രശ്നങ്ങള്‍ കൂടുതലാവുന്നത്.
Content Highlights: state school kalolsavam 2023, actress surabhi lakshmi about her kalolsavam days
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..