
രൂപശ്രീ ഐ.വി.
കോല്‍ക്കളി മത്സരത്തിന് വന്ന രണ്ട് കുട്ടികളെ കാണാനില്ല. കാസര്‍ഗോഡ് നിന്ന് കലോത്സവത്തിനെത്തിയ ഒരു സ്കൂളിലെ അധ്യാപകര്‍ കുട്ടികളെ അന്വേഷിച്ച് പരക്കം പായുകയാണ്. മത്സരം കഴിഞ്ഞ് ഇറങ്ങിയിട്ട് അധികനേരം ആയില്ല. ഇവര്‍ ഇതെങ്ങോട്ട് പോയി! ടീച്ചര്മാര് വലഞ്ഞു.
ഇതേ സമയം മറ്റൊരിടത്ത്...
"ഇതെന്താ ഈ കോല്‍ക്കളി ടീമില്‍ രണ്ട് പേര് അധികമാണല്ലോ!"അതിന് ഇവര്‍ ഞങ്ങളുടെ സ്കൂളില്‍ അല്ല ചേട്ടാ. കോല്‍ക്കളി സംഘത്തിലെ കുട്ടികള്‍ പറഞ്ഞു. ഇതെന്ത് മറിമായം! റിപ്പോര്‍ട്ടര്‍ക്ക് എത്ര ആലോചിച്ചിട്ടും കാര്യം മനസിലായില്ല. ആദ്യം റിപ്പോര്‍ട്ട് കൊടുക്കാനുള്ള തിരക്കില്‍ പിള്ളേരെ പിടിച്ച് വണ്ടിയില്‍ കയറ്റിയപ്പോ ആരാ എന്താണെന്നൊന്നും അന്വേഷിക്കാന്‍ പറ്റിയില്ല. മറ്റാരെങ്കിലും എക്സ്ക്ലൂസീവ് തട്ടിപ്പറിക്കും മുന്‍പേ വാര്‍ത്ത കൊടുക്കണം. അതിന് വേണ്ടി കോല്‍ക്കളി സംഘത്തെയും പൊക്കി പയ്യാമ്പലം ബീച്ച്ലേക്ക് വിട്ടതാണ്. പക്ഷേ കൂട്ടത്തില്‍ കൈയില്‍ തടഞ്ഞ രണ്ടെണ്ണത്തെ കൂടെ പിടിച്ച് വണ്ടിയില്‍ കയറ്റിയത് പൊല്ലാപ്പായി. ഒടുവില്‍ പയ്യാമ്പലത്ത് നിര്‍ത്തി പിള്ളേരെ കോല്‍ക്കളി കളിപ്പിച്ച് കലക്കന്‍ ഒരു ഹെഡില്‍ വാര്‍ത്തയും അടിച്ചിട്ട ശേഷം അധികം വന്ന രണ്ട് കുട്ടികളെ മടക്കി കൊടുത്തപ്പോഴാണ് റിപ്പോര്‍ട്ടര്‍ക്ക് ശ്വാസം നേരെ വീണത്. അതിശയോക്തി പറഞ്ഞതല്ല, ഇതല്ല, ഇതിനപ്പുറം നടക്കാൻ സാധ്യതയുണ്ട് ഒരു കലോത്സവത്തിന്റെ പിന്നണിയിൽ. ആദ്യ സംസ്ഥാന സ്കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങ്ങിനായി 2017ല്‍ സ്വന്തം നാടായ കണ്ണൂര്‍ ചെന്നപ്പോ കണ്ട കാഴ്ചകൾ ഏറെക്കുറെ ഇതായിരുന്നു.
വര്‍ഷം 5 കഴിഞ്ഞു, സംസ്ഥാന സ്കൂള്‍ കലോത്സവം വീണ്ടുമെത്തി. ഇക്കുറി കോഴിക്കോട് ആണ് തട്ടകം. മാതൃഭൂമി ഡോട്ട് കോമിന് വേണ്ടി റിപ്പോര്‍ട്ടിങ് സംഘത്തില്‍ ഞാനും ഉണ്ടായിരുന്നു.അക്ഷരാര്‍ത്ഥത്തില്‍ 'പൊടി' പാറുന്ന മത്സരങ്ങളാണല്ലോ കലോത്സവത്തിന്. അതുകൊണ്ട് മാസ്കും തൊപ്പിയും ഫുള്‍ കൈ ഉടുപ്പുമായി ഇറങ്ങി. ആദ്യ ദിനം വേദി 6 നാരകംപൂരത്ത് എത്തി. മോണോ ആക്ട് ആണ് ഐറ്റം. മോണോ ആക്ടിനോട് പണ്ടേ വലിയ കമ്പമാണ്. പണ്ട് മാതൃഭൂമിയുടെ നര്‍മ്മ ഭൂമിയില്‍ വന്നിരുന്ന കൃഷ്ണ പൂജപ്പുരയുടെ തമാശ കഥകള്‍ വരെ സ്വന്തം സ്ക്രിപ്റ്റില്‍ സ്കൂള്‍ കലോത്സവ വേദികളില്‍ എത്തിച്ചിട്ടുണ്ടേ. പക്ഷെ, സബ് ജില്ലയിലേക്ക് പോലും ചാടാന്‍ ആകാതെ അതെല്ലാം അതിദാരുണമായി വേദിയില്‍ കാല് ഇടറിയത് ചരിത്രം. ഓര്‍മകളില്‍ ഊയലാടിക്കൊണ്ട് സദസ്സില്‍ ഒരു കോണില്‍ ഇടം പിടിച്ചു. ആദ്യ കുട്ടി അരങ്ങില്‍ എത്തിയത് മാത്രം ഓര്‍മയുണ്ട്. ആദ്യ ആക്രോശത്തില്‍ തന്നെ ചെവി ഒരു വഴിക്കായി. പിന്നീട് അങ്ങോട്ട് രൗദ്ര ഭാവങ്ങള്‍ വേദിയില്‍ ആടി തിമിര്‍ത്തു തുടങ്ങി. അതോടെ സദസ്സില്‍ നിന്ന് എഴുന്നേറ്റ് വേദിക്കു പിന്നിലേക്ക് ഇരിപ്പിടം മാറ്റി. ഇറങ്ങി വരുന്ന കുട്ടികളെ ഓരോരുത്തരെയും വിളിച്ച് നിര്‍ത്തി വിശേഷങ്ങള്‍ തിരക്കി, കൂടെ ഉണ്ടായിരുന്ന മാധ്യമ സുഹൃത്തിനെ ഉച്ചയൂണിന് പോയപ്പോള്‍ ഷിഫ്റ്റ് ഏല്പിച്ചു. ആദ്യ ദിനം കാര്യമായി പൊടി പാറാതെ കടന്ന് പോയി.
പക്ഷേ രണ്ടാം ദിനം ഒന്നാം വേദിയില്‍ ആയിരുന്നു സത്യത്തില്‍ യഥാര്‍ത്ഥ പോരാട്ടം. മത്സരാര്‍ത്ഥികള്‍ തമ്മില്‍, മാധ്യമങ്ങള്‍ തമ്മില്‍, പോലീസും മാധ്യമ പ്രവര്‍ത്തകരും തമ്മില്‍, തൊപ്പി കച്ചവടക്കാര്‍ മുതല്‍ പരസ്യക്കാര് തമ്മില്‍ വരെ! ഉച്ചവരെ വലിയ തട്ടുകേട് ഇല്ലാതെ കടന്ന് പോയി. പക്ഷേ ഉച്ച തിരിഞ്ഞ് വേദി ഒപ്പനയ്ക്ക് വഴി മാറിയപ്പോള്‍ വിക്രം മൈതാനി കടലായി. ഒപ്പനപാട്ടിന്റെ ഇശലുകളില്‍ കലോത്സവം വെയില് ചൂടിനെ പിന്നിലാക്കി.ഉള്ളിലെ പഴയ കലോത്സവക്കാരിയെയും കൊണ്ട് വേദികള്‍ കയറി ഇറങ്ങി. ആ പഴയ കൗമാരക്കാരിയായി. ഒരിക്കല്‍ പോലും സംസ്ഥാന കലോത്സവത്തിന് പോകാന്‍ പറ്റാത്തതിരുന്നതിന്റെ വിങ്ങലുകള്‍ ഇടക്ക് എത്തിനോക്കി.
പിന്നീടുള്ള ദിവസങ്ങളില്‍ മികച്ച റിപ്പോര്‍ട്ടുകള്‍ തേടിയുള്ള യാത്രയില്‍ വെയിലും പൊടിയും വിശപ്പും തിരക്കുമെല്ലാം സ്വന്തക്കാരായി. ലാപ് ടോപ്പ് തുറന്നു വയ്ക്കാതെ ഒരു വരി ടൈപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടിയിരുന്ന ഞാന്‍ ഓടിയും ചാടിയും ഒരു കൈയില്‍ ചായ ഗ്ലാസുമായി വരെ സ്റ്റോറികള്‍ ടൈപ്പ് ചെയ്തുകൊണ്ടേ ഇരുന്നു. റിപ്പോര്‍ട്ടിങ് തിരക്കിനിടെ എംസിസിയില്‍ എത്തി പഴയിടത്തിന്റെ അവസനാന വെജിറ്റേറിയന്‍ സദ്യ കഴിക്കാന്‍ പറ്റാതിരുന്നത് ഒഴിച്ചാല്‍ കലക്കോട് കലക്കന്‍ ആയിരുന്നു ഇത്തവണത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം.

മേഘ ആന്‍ ജോസഫ്
ആദ്യ കലോത്സവം. ആദ്യ റിപ്പോര്‍ട്ടിങ്.പ്രത്യേകിച്ച് ഒരു ധാരണയുമില്ലാതെ വരുന്നിടത്തുവെച്ചു കാണാം എന്ന് മനസ്സില്‍ വിചാരിച്ചാണ് ആദ്യദിവസം പണിക്കിറങ്ങിയത്. എവിടെത്തിരിഞ്ഞാല് സ്റ്റോറി കിട്ടും എന്നു മാത്രമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. കുറച്ച നല്ല സ്റ്റോറികള്‍ ചെയ്യാനായി. ചിലത് മിസ്സായി. എങ്കിലും ആദ്യ കലോത്സവം എന്ന നിലയില്‍ ചെയ്യാനായതോര്ത്ത് സന്തോഷം.
മൂന്നാം ദിവസം മാര്‍ഗംകളി വേദിയിലായിരുന്നു ഡ്യൂട്ടി. അന്നു രാത്രി വന്ന് ഉറങ്ങുന്നേന്റെ ഇടയില്‍ എപ്പോഴോ എഴുന്നേറ്റപ്പോള്‍ തേയ് തേയ് മാര്‍ത്തോമന്‍ ഒക്കെ ചെവിയില്‍ അപ്പോഴും കേള്‍ക്കാമായിരുന്നു. കുറേ കുട്ടികളെ കണ്ടു, രക്ഷിതാക്കളെ കണ്ടു, ടീച്ചേഴ്സിനെ കണ്ടു. എത്രത്തോളം ആവേശത്തോടെയാണ് അവരെല്ലാവരും കലോത്സവത്തിന് എത്തുന്നത് എന്ന് മനസ്സിലായി. ഡ്യൂട്ടിയില്‍ കൂടുതല്‍ സമയവും ബാക്ക്സ്റ്റേജിലായിരുന്നു. ടെന്‍ഷന്‍, ചിരി, കരച്ചില്, പ്രാര്‍ത്ഥന, ചിലങ്കയുടെ ഒച്ച, മേക്കപ്പിട്ട് അതിമനോഹരമാക്കിയ കുറേ മുഖങ്ങള്‍ അങ്ങനെ അവിടെ കണ്ടതും അനുഭവിച്ചതും വളരെ വ്യത്യസ്തമായിരുന്നു.
അതിരാണിപ്പാടത്ത സംഘനൃത്തം കാണാന്‍ വന്ന ആളുകളെ കണ്ട കിളി പോയത് മറ്റൊരു അനുഭവമായിരുന്നു. ഇവര്‍ക്കൊക്കെ വീട്ടില്‍ ഇരുന്നൂടെ എന്ന് തോന്നിപ്പോയെങ്കിലും കലോത്സവങ്ങളോട് ആളുകള്‍ക്കുള്ള താല്‍പ്പര്യം ഞെട്ടിച്ചുകളഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കയ്യേറ്റം, വാക്കുതര്‍ക്കം എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ. സ്വന്തമായി അത് അനുഭവിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും സാധിച്ചത് ഒരു വലിയ അംഗീകാരമായി കാണുന്നു. കലോത്സവത്തിലെ മറക്കാനാവാത്ത ഒരു അനുഭവം അതാണ്.

സുജിത സുഹാസിനി
കലോത്സവ വേദികളിലേക്ക് വാര്‍ത്തകള്‍ തേടിയിറങ്ങുമ്പോളെന്നും മനസ്സില്‍ പഴയ സ്കൂള്‍ കാലമോര്മ്മ വരും. കണ്ണീരും ചിരിയും നിറഞ്ഞ, ആകാംക്ഷയും ആശങ്കയും തളം കെട്ടിയ മനുഷ്യര്‍ക്ക് എല്ലാക്കാലത്തും ഒരേ മുഖമാണ്. കടം വാങ്ങിയും വീടും പണയപ്പെടുത്തിയും മക്കളെ കലയുടെ കൈയിലേല്‍പ്പിച്ച മാതാപിതാക്കളെ കണ്ടു. ഫീസില്ലാതെ പഠിപ്പിച്ച ഗുരുക്കന്മാരും.., തങ്ങളുടെ കുട്ടികള്‍ വേദിയിലിടറി വീഴുമ്പോള്‍ നെഞ്ചുപൊട്ടിയ അധ്യാപകരെയും കണ്ടു. ചോര പൊടിഞ്ഞ കൈളില്‍ താളം കൊട്ടിയ , എല്ലുപൊട്ടുന്ന വേദനയടക്കി പാട്ടുപാടിയ , തെറ്റിയ പാട്ടിലും ചുവട് തെറ്റിക്കാത്ത കുട്ടികളുടെ കഥകള്‍ കേട്ടു. അങ്ങനെ ഒരോ വേദിയിലും അറിയാതെ പോകുന്ന ഒരായിരം കഥകള്‍ ഇനിയുമുണ്ടാകും. കൂടാതെ യു ട്യൂബില്‍ കഥാ പഠനം നടത്തിയ കുട്ടികളും രോഗങ്ങളെ നിശ്ചയദാര്‍ഢ്യത്തോടെ അതിജീവിച്ചവരുടേതുമായ കുറച്ച് വാര്‍ത്തകള്‍ ചെയ്യാനായി. വേദിയിലും സദസിലും കണ്ടതും സംസാരിച്ചതുമായ ഒരോ മനുഷ്യനും ഒരോ അനുഭവമായിരുന്നു.

സരിന് എസ്.രാജന്
വലിയൊരു മാധ്യമ സ്ഥാപനത്തില്‍ എന്റെ ആദ്യത്തെ ഫീല്‍ഡ് റിപ്പോര്‍ട്ടിങ്. തെല്ല് ആശങ്കയോടെയും ഭയപ്പാടോടെയുമാണ് ആദ്യ ദിനമായ ജനുവരി മൂന്ന് കലയുടെ തട്ടകമായ മ്മ്ടെ കോഴിക്കോട് വന്നെത്തുന്നത്. പഠിക്കുന്ന കാലം മുതല്‍ കലയോടും കലക്കാരന്മാരോടും ഉള്ള അടങ്ങാത്ത അഭിനിവേശമായിരുന്നു ആകെ ഉണ്ടായിരുന്ന കൈമുതല്‍. ഇതും സകലദൈവങ്ങളെയും മനസില്‍ വിചാരിച്ച് ഒരു പിടിയങ്ങ് പിടിച്ചു. പിള്ളേരെ എല്ലാം ഒരേ പൊളി. വൈരാഗ്യബുദ്ധിയെ പാടെ ഉപേക്ഷിച്ചു പലരും മത്സരങ്ങളെ സൗഹൃദമല്സരമായി കണ്ടത് ഞെട്ടിച്ചു. കലയുടെ വിളനിലമായ കേരളം ശരിക്കും അനുഭവിച്ചറിഞ്ഞു. രണ്ടാംദിനം മുതല്‍ ഇത് തീരാതിരുന്നെങ്കില്‍ എന്ന് ആശിച്ചു, ഇപ്പോഴും ആഗ്രഹിക്കുന്നു. അത്രയ്ക്ക് ഗംഭീരമായിരുന്നു ഓരോ തരുടെയും പ്രകടനം. ജനുവരി ഏഴ് ശരിക്കും കലോത്സവം അവസാനിക്കുന്ന ദിനം മാത്രമായിരുന്നില്ല മനസിലെ ആരവങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും താത്കാലിക വിരാമം കൂടിയായിരുന്നു. കാത്തിരിക്കുന്നു അടുത്ത കലോത്സവത്തിനായി

വൃന്ദ മോഹന്‍
2022-2023 അധ്യയന വര്‍ഷത്തിലെ സംസ്ഥാന സ്കൂള്‍ കലോത്സവം കോഴിക്കോട്. റിപ്പോര്‍ട്ടിങ്ങിന് ഞാനും. നാട്ടില്‍ കലോത്സവം കാണുമ്പോ ഞാനും ഓര്‍ക്കും എപ്പോഴെങ്കിലും ഈ കലോത്സവത്തിന്റെ ഭാഗം ആകാന്‍ സാധിക്കുമോ എന്ന് മാതൃഭൂമിയില്‍ വന്നപ്പോള്‍ ആ ആഗ്രഹം സാധിച്ചു. 14 ജില്ലകളിലും ഉള്ള കുട്ടികള്‍...അവരുടെ കഴിവ് മാറ്റുരയ്ക്കാന്‍ ഉള്ള വേദി... ഒരു പ്രോഗ്രാം ഭംഗി ആയി നടക്കാന്‍ മുന്നണിയിലും പിന്നണിയിലും എന്തൊക്കെ വേണം എന്നുളളത് നേരിട്ട് മനസ്സിലാക്കുകയായിരുന്നു. കലയും കലാകാരന്മാരെയും അടുത്തറിയാന്‍ പറ്റി. അഞ്ച് ദിവസം ശരിക്കും കലക്കോട് കലക്ക് തന്നെ
.jpg?$p=a734a16&&q=0.8)
അനന്യ ലക്ഷ്മി
മാധ്യമ പ്രവര്‍ത്തനത്തില്‍ മുന്പരിചയമൊന്നുമില്ലാത്തത് കൊണ്ട് തന്നെ കലോത്സവ റിപ്പോര്‍ട്ടിങ്ങ് ടീമിലുണ്ട് എന്ന് അറിഞ്ഞപ്പോള്‍ അങ്കലാപ്പ് കുറച്ചേറെയുണ്ടായിരുന്നു. ഇതിപ്പോ എന്താ ചെയ്യാന്നോര്ത്ത് ഉറക്കം പോയി. പിന്നെ വരുന്നിടത്തു വെച്ചു കാണാം എന്നോര്‍ത്ത് നേരെ പണിക്കിറങ്ങി. ആദ്യ ദിനം മുതല്‍ തന്നെ മണ്ടത്തരങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു. ഒന്നാം ദിവസം കഥകളി വേദിയായിരുന്നു. കഥകളിയല്ലേ ഒരു വീഡിയോ സ്റ്റോറിയ്ക്ക് സ്കോപ്പുണ്ടല്ലോ എന്നൊക്കെ കരുതി നേരെ വേദിയിലെത്തി. കാഴ്ചക്കാരില്ലാതാകുന്ന കഥകളിയെ കുറിച്ചും കലാകാരന്മാര് നേരിടുന്ന അവഗണനയെ കുറിച്ചുമൊക്കെ അവിടെ കണ്ട ചുട്ടി കുത്തിക്കൊണ്ടിരുന്ന ഒരു ചേട്ടനെ പിടിച്ചു നിര്‍ത്തിയങ്ങു ചോദിച്ചു. പാവം ചേട്ടന് കഥകളിയുടെ അപചയത്തെ പറ്റി അരമണിക്കൂറാണ് നിര്‍ത്താതെ സംസാരിച്ചത്. അങ്ങനെ ചേട്ടന് താങ്ക്സ് ഒക്കെ പറഞ്ഞു തിരിഞ്ഞു നടക്കാനൊരുങ്ങുമ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. റെക്കോര്‍ഡ് ബട്ടണ്‍ അമര്‍ത്തിയില്ല. കരയണോ ചിരിക്കണോ എന്നറിയാതെ നില്ക്കുമ്പോള് പുറകില്‍ നിന്ന് ചേട്ടന്റെ വിളി, സ്റ്റോറി വരുമ്പോള്‍ ലിങ്ക് തരണേ മോളേയെന്ന്. പിന്നീടുള്ള ദിവസങ്ങളിലും അബദ്ധങ്ങള്‍ക്കൊന്നും യാതൊരു കുറവുമില്ലായിരുന്നു. തല്ലു കിട്ടാതെ ഊരിപ്പോന്ന സന്ദര്‍ഭങ്ങള്‍ ചില്ലറയൊന്നുമല്ല. പിന്നെ കന്നി റിപ്പോര്ട്ടിങ്ങല്ലേ ഇതൊക്കെ സ്വാഭാവികമാണെന്ന് സ്വയം അങ്ങ് സമാധാനിച്ചു. പക്ഷേ ഈ അഞ്ചു ദിവസങ്ങള്‍ നല്കിയ അനുഭവം പറഞ്ഞു പ്രകടിപ്പിക്കാനാവില്ല. ഇതു വരെ കാണാത്ത മനുഷ്യര്‍, അവര്‍ കടന്നു വന്ന വഴികള്‍, ഇതൊക്കെ പഠിപ്പിച്ചത് ഇതു വരെ പരിചയിക്കാത്ത ചില പാഠങ്ങളായിരുന്നു. പിന്നെ മീഡിയ ടാഗിട്ട ' ഇങ്ങള് മാതൃഭൂമിയാ' എന്ന് ചോദിച്ചു കേറി വന്ന ചില നല്ല സൗഹൃദങ്ങളുണ്ട്, അവരും കലോത്സവം നല്കിയ ഇമ്മിണി തിളക്കമേറിയ സന്തോഷങ്ങളാണ്. ചായയ്ക്കൊപ്പം വാര്‍ത്തകളും നുറുങ്ങു വര്‍ത്തമാനങ്ങളും പങ്കുവെക്കാന്‍ അടുത്ത കലോത്സവത്തിനായുള്ള കാത്തിരിപ്പിലാണ്. അപ്പോ നമുക്ക് അടുത്ത കൊല്ലം കലക്കാന്ന്.
.jpg?$p=a80322e&&q=0.8)
ജോബിന ജോസഫ്
ആദ്യത്തെ കലോത്സവ റിപ്പോര്‍ട്ടിങ് വ്യത്യസ്തമായ ഒരനുഭവമായിരുന്നു. ഒരു പരിപാടിയുടെ മൊത്തത്തിലുള്ള കവറേജ് നടത്താനായി ഏതുഘട്ടം മുതല്‍ പ്ലാനിങ് നടത്തണം, എന്തൊക്കെ ശ്രദ്ധിക്കണമെന്ന് തീരുമാനിക്കുന്നത് തൊട്ടുളള കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. ഡെസ്കിലെ മൊണോട്ടോണസ് വര്ക്കില്നിന്നും ഇടയ്ക്ക് ഇതുപോലെ കവറേജിനായി ഫീല്‍ഡുകളില്‍ പോകുന്നത് പുതുമയും ഉന്മേഷവും നല്‍കുമെന്ന് തോന്നുന്നു.
Content Highlights: School Kalolsavam Reporter's diary
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..