അശ്വതി ശ്രീകാന്ത്
കലാമത്സരങ്ങള്‍ കൊണ്ട് ഭരതനാട്യം പോലുള്ള ശാസ്ത്രീയകലകളുടെ വളര്‍ച്ചയ്ക്ക് എത്രമാത്രം സഹായമുണ്ട് എന്ന് കൃത്യമായി പറയാന്‍ എനിക്ക് അറിയില്ല. 10 കുട്ടികള്‍ മത്സരിക്കുന്നുണ്ടെങ്കില്‍ അതിലൊരു അഞ്ചോ ആറോ കുട്ടികളായിരിക്കും അടിസ്ഥാനപരമായിട്ട് കൃത്യമായി പഠിച്ചതിനുശേഷം ചെയ്യുന്നുണ്ടാവുക. പിന്നെ അതല്ലാതെ ആറുമാസത്തിനുള്ളില്‍ ഇതിനുവേണ്ടുന്ന അടവുകളൊക്കെ മാത്രം പഠിച്ചിട്ട് പിന്നെ ഐറ്റം പഠിച്ച് കയറുന്ന ഒരു പ്രവണത ഇപ്പോഴും ഉണ്ട്. അപ്പോ മത്സരം വലിയ സഹായം ചെയ്യുന്നില്ല എന്നതാണ് എന്റെ അഭിപ്രായം.
ഗ്രേഡിനും ഗ്രേസ് മാര്‍ക്കിനും സ്കൂള്‍ തലം തൊട്ട് സ്റ്റേറ്റ് എത്തുന്നതുവരെ ഒന്നാംസ്ഥാനം, രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം എന്നുണ്ട്. ഒന്നാം സ്ഥാനത്തിനുവേണ്ടിയുള്ള മത്സരം ഉണ്ട്. അതിനുവേണ്ടിയുള്ള ഉപാധിയാണോ എന്ന് ചോദിച്ചാല്‍, കുട്ടികള്‍ അങ്ങനെ തന്നെയാണ് ഇതിനെ കാണുന്നത്. അല്ലാതെ വെറുമൊരു പങ്കെടുക്കല്‍ എന്ന നിലയ്ക്ക് എത്ര കുട്ടികള്‍ പങ്കെടുക്കുന്നു. ഇതിനെ ഒരു വേദിയായി കാണുന്നവര്‍ വളരെ ചുരുക്കമാണ്. ശാസ്ത്രീയ കലകളോടുള്ള സമീപനത്തോട് എത്ര മാറ്റം വന്നിട്ടുണ്ട് എന്ന് ചോദിച്ചാല്‍ ചെറിയ തോതില്‍ മാറ്റങ്ങള്‍ ഉണ്ട്. ഞാനിപ്പോ മൂന്നുനാല് വര്‍ഷമായി മത്സരരംഗത്ത് നിന്ന് മാറിനില്‍ക്കുകയാണ്. സത്യംപറഞ്ഞാല്‍ ഈ കൊല്ലം അധികംപേരെയൊന്നും പഠിപ്പിച്ചിട്ടേയില്ല. അനാരോഗ്യകരമായ മത്സരം ഉണ്ടല്ലോ- കുട്ടികളെ വല്ലാതെ മാനസികമായി തളര്‍ത്തുന്ന രീതിയിലുള്ള ചില പ്രവണതകള്‍. അതില്‍നിന്നൊക്കെ വിട്ടുനില്‍ക്കുക എന്നൊരു ഉദ്ദേശ്യമാണ്. ഞാന്‍ ശ്രമിക്കുന്നത് കുട്ടികള്‍ക്ക് അതല്ലാത്ത വേദി എങ്ങനെ സൃഷ്ടിച്ചുകൊടുക്കാന്‍ പറ്റും എന്നാണ്. 6 കൊല്ലമൊക്ക അടിസ്ഥാനപരമായി പഠിച്ചുകഴിഞ്ഞവരെ എനിക്ക് ചെയ്യാന്‍ പറ്റുന്ന ഗ്രൂപ്പ് കൊറിയാഗ്രാഫിയില് ഉള്‍പ്പെടുത്തുകയും അങ്ങനെ അവര്‍ നല്ല ആര്‍ട്ടിസ്റ്റായി വളരണം എന്നുള്ള ഉദ്യേശത്തോടുകൂടി പഠിപ്പിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഞങ്ങളുടെ സ്ഥാപനത്തില്‍ അതിനാണ് മുന്‍തൂക്കം. അല്ലാതെ രണ്ടുകൊല്ലത്തിനുള്ള അരങ്ങേറ്റം ചെയ്യാം, ഉടനെ മത്സരം ആ രീതി ഇല്ല. ശാസ്ത്രീയത ഏറ്റവും വൃത്തിയായി നിലനിര്‍ത്തിക്കൊണ്ട് തന്നെ പഠിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.
വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാറ്റം വരുത്തണമെന്നുള്ളത് വളരെ വളരെ ആവശ്യമായിട്ടുള്ള സംഗതിയാണ്. സംസ്ഥാന വിദ്യാഭ്യാസനയമായാലും ദേശീയ വിദ്യാഭ്യാസ നയമായാലും ആര്‍ട്സിന് പ്രാധാന്യം കൊടുത്തേ തീരൂ. ഇപ്പോ അത് ചെയ്തില്ലെങ്കില്‍ വരും തലമുറയ്ക്ക് ഇതിനോടുള്ള കണക്ഷനൊക്കെ വിട്ടുപോവും. അതായത് നമ്മുടെ വേരുകളൊക്കെ വിട്ടുപോവുന്ന രീതിയിലാണ് കാര്യങ്ങള്‍ പൊയ്ക്കൊണ്ടിരിക്കുന്നത്. 2018 ല്‍ വെള്ളപ്പൊക്കമൊക്കെ ഉണ്ടായ സമയത്ത് തന്നെ എനിക്ക് ഓര്‍മ്മയുണ്ട്, കലാപാഠം എന്ന് പറഞ്ഞ് കേരള സംഗീത നാടക അക്കാദമിയും വിദ്യാഭ്യാസ വകുപ്പും കൂടി ചേര്‍ന്ന് ഒരു പദ്ധതി ചെയ്തിരുന്നു. 8 ജില്ലയിലോളം ഞാന്‍ പോയി ക്ലാസ് എടുത്തിരുന്നു. കുട്ടികള്‍ക്ക് ഓരോ ശൈലിയെക്കുറിച്ചുള്ള അവേര്‍നെസ് ക്ലാസായിരുന്നു. ഞാന്‍ ഭരതനാട്യത്തെക്കുറിച്ചുള്ള ക്ലാസാണ് എടുത്തത്. 8 ജില്ലയിലും മുട്ടറ്റം വെള്ളമുണ്ടായിട്ടുപോലും അമ്പതും നൂറും കുട്ടികള്‍ വന്നിരുന്നു.
ചിലരൊക്കെ പറഞ്ഞത് ഞങ്ങള്‍ ഇത്രയും കാലം പഠിച്ചത് തെറ്റാണെന്ന് ഞങ്ങള്‍ക്ക് ഇപ്പോ മനസ്സിലാവുന്നു, ചിലര്‍ പറഞ്ഞു, ഇനിയും നന്നായി ഇത് പഠിക്കണം എന്ന ആഗ്രഹം വരുന്നു. ആ ഒരു അവബോധം ഉണ്ടാക്കാന്‍ കരിക്കുലത്തില്‍ ഇത് ഉള്‍പ്പെടുത്തിയാല്‍ കുട്ടികള്‍ കുറച്ചുകൂടി ഗൗരവം കാണിക്കും. വെറുതെ ഉള്‍പ്പെടുത്തിയാല്‍ പോരാ, മറ്റുള്ള വിഷയങ്ങള്‍ക്ക് പരീക്ഷ വെക്കുന്ന പോലെ അതിന് കൃത്യമായ ഒരു സിലബസ് ഉണ്ടാക്കുക, വര്‍ഷാവസാനം ചെറിയ തോതില്‍ ഒരു പരീക്ഷ നടത്തുക, ഒരു സര്‍ട്ടിഫിക്കറ്റ് കൊടുക്കുക ഇതൊക്കെ വേണം, അപ്പോ പഠനത്തിന്റെ ഭാഗമായി.
വിദേശത്തൊക്കെ നമ്മള് കാണുന്നതാണ്. എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റിസ് പങ്കെടുത്താല്‍ കുട്ടികള്‍ക്ക് ഗ്രേസ് പോയന്റ് കിട്ടും. അത് ഭാവിയിലവരുടെ കോളേജ് വിദ്യാഭ്യാസത്തിനും മറ്റും ഈ ക്രെഡിറ്റ് പോയന്റ് നോക്കിയാണവരുടെ അഡ്മിഷന്. ആ രീതി ഇവിടെ കൊണ്ടുവന്നാല്‍ നല്ലതാണ്. നല്ല രീതിയില്‍ കുട്ടികളെ ചെറുപ്പം മുതല്‍ ആര്‍ട്സിലേക്ക് അവരെ കൊണ്ടുവരാനാകണം. അപ്പോ ഒരു പരിധി വരെ ഇപ്പോഴത്തെ മയക്കുമരുന്ന് പോലുള്ള പ്രവണതകളില്‍ നിന്നും രക്ഷിക്കാം. അവരുടെ എനര്‍ജി നല്ല രീതിയില്‍ വഴിതിരിച്ചുവിടാം. തീര്‍ച്ചയായും സര്‍ക്കാര്‍ ഇതിനെക്കുറിച്ച് വളരെ ഗൗരവത്തോടെ പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യണം. അല്ലെങ്കില്‍ നമ്മുടെ കുട്ടികള്‍ക്ക് നമ്മുടെ കലയും സംസ്കാരവും അന്യംനിന്ന് പോവുന്ന അവസ്ഥ വരും.
Content Highlights: School Kalolsavam 2023 Aswathi Sreekanth writes about Bharatanatyam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..